Latest News

സതാംപ്ടണിലെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ നേടിയ സെഞ്ചുറി കരുതായി. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.

144 പന്തില്‍ നിന്നും 122 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ രോഹിത്തിന്റെ 23–ാം സെഞ്ചുറിയാണിത്. ശിഖർ ധവാൻ (12 പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34 പന്തിൽ 18), ലോകേഷ് രാഹുൽ (42 പന്തിൽ 26) , ധോണി (46 പന്തിൽ 34) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാദ രണ്ടും പെഹ്‌ലൂക്‌വായോയും ക്രിസ് മോറിസും ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. 34 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

പത്തനംതിട്ട∙ കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവർ പരുക്കുകൾ കൂടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മൂഴിയാറിനു പോയ ബസിനു നേരെ രാത്രി 10 മണിയോടെ ആങ്ങമൂഴി- ഗവി റൂട്ടിൽ ചോരകക്കി ഭാഗത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആനയും കുട്ടിയും കൂടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടൻ ഡ്രൈവർ പി.മനോജ് ബസ് റോഡിൽ നിർത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. ഗ്ലാസ് തകർത്ത ശേഷം ഡ്രൈവർക്കു നേർക്ക് ആന തിരിഞ്ഞു.ഡ്രൈവിങ് സീറ്റിൽ നിന്നു മാറിയതുകൊണ്ട് രക്ഷപ്പെട്ടു. വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. സംഭവം അറിഞ്ഞ് വനപാലകർ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനു മുൻപും ഇവിടെ ബസിനു നേർക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ആങ്ങമൂഴി കിളിയെറിഞ്ഞാൽ കല്ല് ചെക്ക് പോസ്റ്റ് മുതൽ മൂഴിയാർ വരെയുള്ള ഭാഗം പൂർണ്ണമായും വനമാണ്. മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാളിനാണ് ഒന്നാം റാങ്ക്. 720 ല്‍ 701 മാർക്കുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ 700 മാർക്കു നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 696 മാർക്കു നേടിയ സ്വാസ്തിക് ബൻസാലിനാണ് മൂന്നാം റാങ്ക്. വെബ്സൈറ്റ്: ntaneet.nic.in, mcc.nic.in. അഖിലേന്ത്യാ ക്വോട്ടയിലെയും കേരളത്തിലെയും മെഡിക്കൽ പ്രവേശന നടപടികളും ഇതിന്റെ തുടർച്ചയായുണ്ടാകും. എയിംസ്, ജിപ്മെർ എന്നിവയൊഴികെ ഇന്ത്യയിലെ എല്ലാ മെഡിക്കൽ / ഡെന്റൽ കോളജുകളിലെയും എംബിബിഎസ് / ബിഡിഎസ് പ്രവേശനം നീറ്റ് റാങ്ക് ആധാരമാക്കിയാണ്.

 

അഖിലേന്ത്യാ ക്വോട്ടാ

കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ www.mcc.nic.in എന്ന വെബ്‌സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്‌മെന്റ് നടത്തും. നേരിട്ട് ഏതെങ്കിലും കേന്ദ്രത്തിൽ പോകേണ്ട.15% അഖിലേന്ത്യാ ക്വോട്ടയിൽ കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ, ഇഎസ്ഐ കോളജുകൾ എന്നിവയും ഉൾപ്പെടും.

ഫീസ് കുറവ് എവിടെ?

ഡൽഹി സർവകലാശാലയുടെ കീഴിലെ മൗലാന ആസാദ്, ലേഡി ഹാർഡിൻജ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ് എന്നീ മെഡിക്കൽ കോളജുകളിൽ നിസ്സാര ഫീസോടെ എംബിബിഎസിനു പഠിക്കാം. ലേഡി ഹാർഡിൻജിലെ വാർഷിക ഫീസ് 1,355 രൂപ മാത്രം. 10,000 രൂപയിൽ കുറഞ്ഞ വാർഷിക ട്യൂഷൻ ഫീസിൽ എംബിബിഎസിനു പഠിക്കാവുന്ന മുപ്പതോളം മെഡിക്കൽ കോളജുകളിലേക്ക് അഖിലേന്ത്യാ ക്വോട്ട വഴി പ്രവേശനം നേടാനാവും. പക്ഷേ, അതനുസരിച്ച് ഉയർന്ന നീറ്റ് റാങ്ക് ഉണ്ടായിരിക്കണ‌ം.

ഫീസ് ഉൾപ്പെടെ കോളജുകളെ സംബന്ധിച്ച വിവരങ്ങൾക്ക് https://mcc.nic.in/UGCounselling എന്ന വെബ്സൈറ്റിലെ Participating Institutions ലിങ്ക്‌ സന്ദർശിക്കാം.

കേരളത്തിലും പ്രവേശനം

അഖിലേന്ത്യാ ക്വോട്ട വഴി കേരളത്തിലെ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15% സീറ്റുകളിലേക്കും പ്രവേശനം നേടാം. കേന്ദ്ര മാനദണ്ഡപ്രകാരമാകും സംവരണം (പട്ടികജാതി 15%, പട്ടികവർഗം 7.5%, ഒബിസി 27%, ഭിന്നശേഷി 5% എന്നിങ്ങനെ). ഭിന്നശേഷിക്കാർ ചെന്നൈ പാർക്ക് ടൗണിലെ മദ്രാസ് മെഡിക്കൽ കോളജിലോ, നീറ്റ് പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ള ഡൽഹി / മുംബൈ / കൊൽക്കത്ത മെഡിക്കൽ കേന്ദ്രങ്ങളിലൊന്നിലോ നിന്നുതന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റിടങ്ങളിലെ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.

നടപടിക്രമം പഠിക്കുക

എംബിബിഎസ് / ബിഡിഎസ് പ്രവേശന അർഹതയ്ക്ക് നീറ്റിൽ 50 പെർസെന്റൈൽ സ്കോർ വേണം. പട്ടിക, ഒബിസി വിഭാഗക്കാർക്ക് 40, ഭിന്നശേഷിക്ക് 45 ക്രമത്തിലും. സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണം ചേർക്കുന്നപക്ഷം സീറ്റുകളുടെ എണ്ണം വർധിക്കും. അർഹതയ്ക്ക് ഈ വിഭാഗക്കാർ നേടേണ്ടത് 50 പെർസെന്റൈൽ. അഖിലേന്ത്യാ ക്വോട്ടയിലെ പ്രവേശനത്തിന് www.mcc.nic.in എന്ന വെബ്‌സൈറ്റിൽ വരുന്ന നടപടിക്രമം കൃത്യമായി പഠിച്ചുവേണം റജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തുന്നത്. തീയതിക്രമവും പ്രധാനം. വലിയ സാമ്പത്തിക നഷ്ടത്തിലേക്കു പോലും നയിച്ചേക്കാവുന്ന നിബന്ധനകളുണ്ടാകാം.

എനിക്കു കിട്ടുമോ?

ആർക്കും ക‍ൃത്യമായി ഉത്തരം പറയാനാകാത്ത ഈ ചോദ്യം കുട്ടികൾ നിരന്തരം ചോദിക്കുന്നു. കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരിൽ അവസാന റാങ്കുകാരെ മനസ്സിൽ വച്ചു നടത്താവുന്ന ഏകദേശ പ്രവചനമനുസരിച്ച് താഴെ സൂചിപ്പിക്കുന്ന റാങ്കുകാർക്കു വരെ അഖിലേന്ത്യാ ക്വോട്ട‌യിൽ രാജ്യത്തെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം കിട്ടിയേക്കാം.

എംബിബിഎസ്: ജനറൽ ക്വോ‌ട്ട – 10,000 റാങ്ക് വരെ. ഒബിസി – 10,500; പട്ടികജാതി – 65,000; പട്ടികവർഗം – 78,000; ജനറൽ–ഭിന്നശേഷി – 4,00,000; പിന്നാക്ക-ഭിന്നശേഷി – 3,40,000; പട്ടികജാതി-ഭിന്നശേഷി – 7,20,000; പട്ടികവർഗ-ഭിന്നശേഷി – 6,00,000

ബിഡിഎസ്: ജനറൽ ക്വോ‌ട്ട – 17,000 റാങ്ക് വരെ. ഒബിസി – 16,000; പട്ടികജാതി – 79,000; പട്ടികവർഗം – 1,00,000; ജനറൽ-ഭിന്നശേഷി – 4,75,000; ഒബിസി-ഭിന്നശേഷി – 4,71,000

2018ൽ കേരളത്തിലെ കോളജുകളിൽ പ്രവേശനം കിട്ടിയ അഖിലേന്ത്യാ ക്വോട്ട‌ ജനറൽ സീറ്റ് അവസാന റാങ്കുകൾ:

എംബിബിഎസ്: കോഴിക്കോട് 676; തിരുവനന്തപുരം 1,744; കോട്ടയം 2,963; തൃശൂർ 3,499; ആലപ്പുഴ 3,972; എറണാകുളം 5,134; മഞ്ചേരി 5,160; പാരിപ്പള്ളി 5,285; പാലക്കാട് 5,841

ബിഡിഎസ്: കോഴിക്കോട് 12,965; ആലപ്പുഴ 15,102; തൃശൂർ 15,173; തിരുവനന്തപുരം 15,340; കോട്ടയം 15,573.

സംസ്ഥാന മെഡിക്കൽnപ്രവേശനം
അഖിലേന്ത്യാ ക്വോട്ടയിലെ 15% കഴിച്ചുള്ള എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്കും ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, ‍യൂനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി ബാച്‍ലർ ബിരുദ സീറ്റുകളിലേക്കും കുട്ടികളെ തിരഞ്ഞെടുക്കുന്നതും നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ്. ഇതിനായി നീറ്റ് ദേശീയ റാങ്കിൽപ്പെട്ടവരിൽ കേരളത്തിലെ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത്, സംസ്ഥാന റാങ്ക് ലിസ്റ്റുണ്ടാക്കും. ഇവിടുത്തെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തും. ഇതു സംബന്ധിച്ച വിശദമായ അറിയിപ്പു വൈകാതെ വരും.

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനി ഡിസൈനറുമായ സഞ്ജയ് നാഥിന് ഒരു കോടി ദിർഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചു. ഒന്നു മുതൽ 10 വരെയുള്ള സമ്മാനങ്ങളിൽ ഭൂരിഭാഗവും മലയാളികൾക്കായതിനാൽ കോടികൾ ഇന്ത്യയിലേക്ക് ഒഴുകും. പത്ത് സമ്മാനങ്ങളില്‍ ഒൻപതും ഇന്ത്യക്കാർക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി.

ബിനു ഗോപിനാഥ് (1,00,000 ദിർഹം) ആഷിഖ് പുള്ളിശ്ശേരി (90,000), അനസ് ജമാൽ (80,000), സാഖിബ് നാസർ മുഹമ്മദ് നാസർ (70,000), സുഭാഷ് നായപാക്കിൽ തിക്കൽവീട് (50,000), അബ്ദുൽ അസീസ് വലിയപറമ്പത്ത് (30,000), സുനിൽകുമാർ (20,000), അബ്ദുൽ മുത്തലിബ് ചുള്ളിയോടൻ കോമാച്ചി (10,000), ഒഫൂർ കൂട്ടുങ്ങൽ മാമു (10,000) എന്നിവരാണ് മറ്റു വിജയികൾ. ലാൻഡ് റോവർ വാഹനം ലഭിച്ചത് ബംഗ്ലദേശുകാരനായ ഷിപക് ബാരുവയ്ക്കാണ്.

പേടിയല്ല നീലകണ്ഠാ, എനിക്ക് സന്തോഷമാ, നീയിറങ്ങണം, പഴയ കണക്കുകളൊക്കെ തീർക്കേണ്ടെ’ എന്ന ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി, കേരള പോലീസ് ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു.ദേവാസുരത്തിലെ ഡയലോഗിന്റെ അകമ്പടി ചേർത്താണ് പൊലീസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വൻ ബ്ലോക്കിനിടെ അമിതവേഗത്തിൽ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് കൊടുത്ത പണിയാണ് വിഡിയോയിലുള്ളത്. മണിക്കൂറുകളായുള്ള ബ്ലോക്കിൽ നിരന്നു കിടന്നിരുന്ന വാഹനങ്ങളെയെല്ലാം കബളിപ്പിച്ച് വലിയ മിടുക്കനായി മുന്നോട്ട് പോകവുകയായിരുന്നു സ്വകാര്യ ബസ് ഡ്രൈവർ. ഒടുവിൽ മറ്റെല്ലാ വണ്ടികളെയും പിന്നിലാക്കി ഡ്രൈവർ പൊലീസിന് മുന്നിലെത്തി. അപ്പോഴാണ് സ്മാർട്ടാ പൊലീസിന് മുന്നിൽ ഒാവർ സ്മാർട്ടായ ഡ്രൈവറുടെ മാനം പോയത്. ഡ്രൈവറെക്കൊണ്ട് വന്നതിലും വേഗത്തിൽ ബസ് പിന്നോട്ടെടുപ്പിച്ചാണ് പൊലീസ് മാസ് കാണിച്ചത്. റിവേഴ്സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വിഡിയോ വൈറലാവുകയാണ്. ദേശീയപാത 47ൽ തൃശൂർ – പാലക്കാട് റൂട്ടില്‍ കുതിരാനു സമീപമാണ് സംഭവം. ബ്ലോക്കിൽ കിടന്നിരുന്ന വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. വിഡിയോ കാണാം.

ഉച്ചകഴിഞ്ഞുള്ള സമയത്ത് സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നുചെന്ന് സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കൊടുംകുറ്റവാളി പൊലീസിന്റെ പിടിയില്‍. 42കാരന്‍ ആയ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ ആണ് പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ നിന്നും പോലീസിന്റെ പിടിയിലായത്‌. പുതുല്‍ മാജി എന്ന സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ ഖമറുസ്‌മാന്‍ പിടിയിലായത്‌. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ ഇയാളെ പിടികൂടിയത്‌.2013 മുതല്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ അറിയിച്ചു.

ചെറുകിട വ്യാപാരിയാണ് ഖമറുസ്‌മാന്‍.നന്നായി വേഷം ധരിച്ച്‌ പ്രത്യക്ഷപ്പെടുന്ന ഇയാള്‍ ഇലക്‌ട്രിസിറ്റി മീറ്റര്‍ റീഡിങ്‌ നോക്കാനെന്ന വ്യാജേന സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നു ചെല്ലും.കയ്യില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ് വടിയോ ഉപയോഗിച്ച്‌ വീട്ടുകാരിയെ കൊലപ്പെടുത്തും. തുടര്‍ന്ന്‌ ലൈംഗികബന്ധത്തിലേര്‍പ്പെടും. വീട്ടില്‍ നിന്ന്‌ വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യമെന്നും പൊലീസ്‌ പറഞ്ഞു.

മധ്യവസ്യകരായ സ്‌ത്രീകളെയാണ്‌ ഇയാള്‍ ഉന്നം വയ്‌ക്കുക. കൊലപ്പെടുത്തിയ ചില സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്‌ ഖമറുസ്‌മാന്‍.

നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നിപ ബാധിച്ചപ്പോഴും ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചരണം ശക്തമായിരുന്നു. അന്ന് 25 പേര്‍്‌ക്കെതിരെയാണ് കേസെടുത്തത്. 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണയും സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ (56) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂറിനുള്ളിലാണ് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ല.

മുക്കാൽ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം തിരികെ യാത്ര തിരിച്ചു.

രാത്രി എട്ടരയ്ക്കാണ് യുഎഇ ഷാർജയിലേക്കുള്ള എയർ ഇന്ത്യ AI 967 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഏതാണ്ട് ഒമ്പതേകാലോടെ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഇന്ന്. സംതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മല്‍സരം നിര്‍ണായകമാണ്. പരുക്ക് ഭേദമാകാത്തിനാല്‍ ഡെയില്‍ സ്റ്റെയിന്‍ ലോകപ്പില്‍ നിന്ന് പിന്‍മാറി.

ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌‍‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മൂന്നാമനായി കോഹ്‍ലി എത്തും. നാലാമനായി കെ.എല്‍.രാഹുലായിരിക്കും ടീമിലെത്തുക. പിന്നീട് ധോണിയും പാണ്ഡ്യയും എത്തും. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഇലവനിലുണ്ടാകും. ബുംറയ്ക്കൊപ്പം ഭൂവനേശ്വര്‍ കുമാറോ മുഹമ്മദ് ഷമിയോ ഇലവനിലെത്തും.

ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ പരുക്ക് വില്ലനായി തുടരുകയാണ്. തോളിനേറ്റ പരുക്ക് ദേഭമാകാത്തതിനാല്‍ ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമല്‍സരത്തില്‍ പരുക്കേറ്റ ഹാഷിം ആംല ഇന്ത്യക്കെതിരെ കളിച്ചേക്കും. ബോളര്‍മാര്‍ ആരും ഫോം കണ്ടെത്താത്തതനാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. റബാഡയ്ക്കും ഫുലേക്കുവോയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യരണ്ട് മല്‍സരങ്ങള്‍ തോറ്റതിനാല്‍ സമ്മര്‍ദം ഡുപ്ലസിക്കും ടീമിനുമായിരിക്കും. തുടക്കത്തില്‍ പേസ് ബോളിങിന് അനൂകലമെങ്കിലും ഉയര്‍ന്ന സ്കോര്‍ നല്‍കുന്ന പിച്ചാണ് റോസ് ബൗളിലേത്.

 

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ ഭയാനകമായ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ബാധിച്ച് അഞ്ച് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടികയും തയാറാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ അവസ്ഥയിൽ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളിൽ അതീവശ്രദ്ധ വേണം. സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നാളെയും താൻ കൊച്ചിയിൽ തങ്ങി സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.

എറണാകുളത്ത് നിപ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ പനി കുറഞ്ഞു. പറവൂര്‍ സ്വദേശിക്കാണ് നിപ ബാധിച്ചത്. ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. തൊടുപുഴയിലും,തൃശൂരിലും ,എറണാകുളത്തും പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. നിപ ബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന മുന്നൂറ്റി പതിനൊന്ന് പേരുടെ പട്ടികയും തയാറാക്കി. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രണ്ട് കേസ് റജിസ്ററര്‍ ചെയ്തു.

RECENT POSTS
Copyright © . All rights reserved