Latest News

ബിജെപിയുടെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ല. ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഗംഭീറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി അതിഷിയും ആണ് ഇവിടെ മത്സരിക്കുന്നത്.

തുടക്കം മുതലേ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഗംഭീറിന്റെ യാത്ര. അനുമതി ഇല്ലാതെ റാലി നടത്തിയതിന്റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജംഗ്പുരയില്‍ നടത്തിയ റാലി തിരഞ്ഞെടുപ്പ് പെരുമാട്ട ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണവും വിവാദമായിരുന്നു. ഗംഭീറിനെതിരെ ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ അതിഷി ക്രിമിനല്‍ പരാതിയും നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗംഭീര്‍ അറിയിച്ചത് തനിക്ക് രജീന്ദര്‍ നഗറില്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്യാന്‍ സാധിക്കുക എന്നാണ്. എന്നാല്‍ കരോള്‍ ബാഗിലും ഗംഭീറിന് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ആരോപണം. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാതിരിക്കാന്‍ ഗംഭീര്‍ മനപ്പൂര്‍വ്വം ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും അതിഷി പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് രണ്ട് വോട്ടര്‍ ഐഡിയില്ലെന്നും ഒരെണ്ണം മാത്രമേ ഉള്ളൂ എന്നുമായിരുന്നു വിഷത്തില്‍ ഗംഭീറിന്റെ പ്രതികരണം. തന്റെ വോട്ട് രജേന്ദ്ര നഗറിലാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ എറ്റവും സമ്പന്നന്‍ കൂടിയാണ് ഗൗതം ഗംഭീര്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 147 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 349 സ്ഥാനാര്‍ഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.

12.40 കോടിയാണ് 2017-2018 വര്‍ഷത്തിലെ വരുമാനമായി ഗംഭീര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷ ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകള്‍ പ്രകാരം വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ഭാരാകമ്പ റോഡ് മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളേജില്‍ യുജി കോഴ്‌സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഒരു ബൈക്കുള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം. ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷണിങ് കോട്ടും, 2013 മുതല്‍ റാജസ്ഥാന്‍ റോയല്‍സിന്റെ ചുമതലക്കാരനുമായ പാഡി അപ്റ്റണ്‍ ‘ദി ബെയര്‍ ഫൂട്ട് കോച്ച്’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ മലയാളി താരം ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.

വാതുവെപ്പിനെ തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് ‘മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ പുറത്താക്കുകയും വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു,’ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് അധിക്ഷേപകരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് പുറത്താക്കപ്പെട്ടത്.

എന്നാല്‍ ശ്രീശാന്ത് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അപ്റ്റണ്‍ നുണ പറയുകയാണ് എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.‘അയാള്‍ ഒരു നുണയനാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല,’ വാട്‌സ്ആപ്പ് മെസ്സേജിലൂടെ ശ്രീശാന്ത് പ്രതികരിച്ചു.

‘ശ്രീശാന്ത് വളരെ വൈകാരികമായൊരു വ്യക്തിയാണെന്നും തീര്‍ത്തും നിരാശനായയിരുന്നു എന്നും ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും പറയില്ല നിങ്ങള്‍ക്ക് വൈകാരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്. എന്നാല്‍ നിങ്ങള്‍ കളിക്കേണ്ട എന്നു പറഞ്ഞതിന്റെ പേരിലുള്ള പൊട്ടിത്തെറി അസാധാരണമാണ്. കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണുകളിലും ഓരോ മത്സരത്തിലും നിങ്ങള്‍ കളിക്കില്ലെന്ന് ഞങ്ങള്‍ 13 കളിക്കാരോടും പറയാറുണ്ട്. ഈ 13ല്‍ നാലുപേര്‍ക്കും നിരാശരാകാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ശ്രീശാന്ത് ചെയ്തതു പോലെ പരസ്യമായി പൊട്ടിത്തെറിക്കാന്‍ മതിയായതല്ല. അതിനൊപ്പം മറ്റെന്തോ ഉണ്ടെന്നുള്ള സൂചനയാണ് ഇത്,’ അപ്റ്റണ്‍ പറയുന്നു.

‘മറ്റെന്തോ’ എന്ന് പറഞ്ഞുകൊണ്ടാണ് അപ്റ്റണ്‍ മുന്നോട്ട് പോകുന്നത്. ‘മുംബൈയിലെ കളിയില്‍ നിന്നും ഞങ്ങള്‍ ശ്രീശാന്തിനെ പുറത്താക്കി. പിന്നീട് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. ചന്ദിലയേയും പുറത്താക്കി. ഇവര്‍ക്ക് വാതുവെപ്പ് ക്രമീകരണങ്ങള്‍ക്കായി മൂന്നാമതൊരു ആളെക്കൂടി വേണമായിരുന്നു. അതായിരുന്നു അങ്കിത് ചവാന്‍.’

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്. മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അറസ്റ്റിന് ശേഷം മൂവരേയും ബിസിസി ആജീവനാന്തം വിലക്കിയിരുന്നു.

ഈ വര്‍ഷമാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. താരത്തിനെതിരെ മറ്റെന്തെങ്കിലും ശിക്ഷാരീതി സ്വീകരിക്കുന്നതിനെ പറ്റി തീരുമാനിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ ദ്രാവിഡിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
‘ഇത് വളരെ സങ്കടകരമാണ്. പാഡി അപ്റ്റണെ കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. 30 സെക്കന്റിന്റെ പ്രശസ്തിയാണ് അദ്ദേഹത്തിന് വേണ്ടതെങ്കില്‍ ആകാം. എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കൂടെ കളിച്ചിട്ടുള്ള ഓരോ വ്യക്തിയേയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ആകും എന്നാണ്. ഈ ദിവസം വരെ എനിക്ക് അദ്ദേഹത്തോട് വളരെ ആദരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ നിരാശ തോന്നുന്നു. അദ്ദേഹം കുറഞ്ഞ പക്ഷം സ്വയം ബഹുമാനിക്കാനും മറ്റുള്ളവരുടെ സ്വന്തോഷത്തിന് അവനവനെ തന്നെ വില്‍ക്കാതിരിക്കാനും ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ശ്രീശാന്ത് പറഞ്ഞു.

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്ന് കരയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.

നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കൾ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയും ഭുവനേശ്വരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വരികയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 11 ജില്ലകളിൽ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. വോട്ടെടുപ്പു പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഒഡീഷയിൽ വൻ നാശനഷ്ടങ്ങൾ
കനത്ത മഴയിലും കാറ്റിലും ഒഡീഷയിൽ കനത്ത നാശനഷ്ടം. നിലവിൽ മണിക്കൂറിൽ 170 മുതൽ 180 വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. അപകടകരമായ ചുഴലിക്കാറ്റിനെ നേരിടാൻ അതീവ ജാഗ്രതയോടെയാണ് ഒഡീഷ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒഡീഷ തീരം കടന്ന് കരയിലേക്ക് ആഞ്ഞടിക്കുകയാണ് ഫോനി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ കാറ്റ് പൂർണ്ണമായും കരയിലെത്തും.

പുരിയിലും അയൽപ്രദേശങ്ങളിലും കാറ്റടിക്കുന്നത് 175 കി.മീ വേഗതയിൽ
ഒഡീഷയിലെ പുരിയിലും അയൽ പ്രദേശങ്ങളിലും മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലോണ് ഫോനി ആഞ്ഞടിക്കുന്നത്. ഇത് 200 കിലോ മീറ്റർ വരെ വേഗതയിലേക്ക് ഉയരാം.

 

ബംഗാളിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ തീവ്രത കുറയും
ഫോനി ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകൾക്കകം ബംഗാളിലേക്ക് പ്രവേശിക്കും. ബംഗാളിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ തീവ്രത കുറയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒഡീഷയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലെ തീരമേഖലകളിൽ അതിതീവ്ര മഴയും കാറ്റും ഉണ്ട്. കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. ഒഡീഷയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൊല്‍ക്കത്ത വിമാനത്താവളം അടച്ചു
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ഇന്നും നാളെയും കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫോൺ നമ്പറുകൾ
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോണ്‍ നമ്പര്‍ – 1938

The Railways has also listed numbers (1800-3457401, 1800-3457402) for the public.

Region-specific numbers are as follows: Bhubaneswar(0674-2303060, 2301525, 2301625), Khurda Road (0674-2490010, 2492511, 2492611), Sambalpur (0663- 2532230, 2533037, 2532302), Visakhapatnam– (0891- 2746255, 1072), Puri- 06752-225922, Bhadrak- 06784-230827, Cuttack- 0671-2201865, Berhampur- 0680-2229632.

 

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഇനി മുതല്‍ ബറേ തൊപ്പികളായിരിക്കും പോലീസ് ഉദ്യോഗസ്ഥര്‍ ലഭ്യമാക്കുകയെന്ന് ഡി.ജി.പി അറിയിച്ചു. ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ഉന്നത തസ്തികയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബറേ തൊപ്പികള്‍ ധരിക്കാനുള്ള അവകാശമുള്ളു.

നിലവില്‍ ഉപയോഗിക്കുന്ന തൊപ്പി അസൗകര്യമുള്ളതാണെന്ന് പോലീസുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം പോലീസ് സംഘടനകള്‍ ഡി.ജി.പിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാനായി എത്തുന്ന പോലീസുകാര്‍ക്ക് നിലവിലെ തൊപ്പി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൂടേറിയ കാലാവസ്ഥയ്ക്ക് പി-തൊപ്പി അനുയോജ്യമല്ലെന്നും സംഘടനകള്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്നാണ് ബറേ തൊപ്പികളിലേക്ക് മാറാമെന്ന് ധാരണയായിരിക്കുന്നത്.

നിലവില്‍ ഡി.വൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ബറേ തൊപ്പികള്‍ ഉപയോഗിക്കുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാനാകും. പുതിയ മാറ്റം ഉടന്‍ നിലവില്‍ വരുമെന്നാണ് പോലീസ് സംഘടനകള്‍ നല്‍കുന്ന സൂചന.

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചു. തങ്ങളുടെ പേറ്റന്റ് ലംഘിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നായിരുന്നു കമ്പനിയുടെ പരാതി. പെപ്‌സികോയ്ക്ക് പേറ്റന്റ് അവകാശമുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെ തുടര്‍ന്നായിരുന്നു കമ്പനി കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയത്. ലെയ്‌സിന്റെ നിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ഈ ഉരുളക്കിഴങ്ങ്.

നാല് കര്‍ഷകര്‍ക്കെതിരെ ലോസ്യൂട്ട് സമര്‍പ്പിക്കുകയും മറ്റ് അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു പെപ്‌സിക്കോ. ”സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറായിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരായ നടപടികളും പിന്‍വലിക്കും” എന്ന് പെപ്‌സികോയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പൊട്ടറ്റോ ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മോയിസ്റ്റര്‍ കണ്ടന്റ് കുറവുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളാണ് വികസിപ്പിച്ചെടുത്തതെന്നും 2016 ല്‍ അതിന്റെ പേറ്റന്റ് നേടിയതായും കമ്പനി പറയുന്നു. ഏപ്രിലിലാണ് പെപ്‌സികോ കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കര്‍ഷകരില്‍ നിന്നും 10 മില്യണ്‍ രൂപയുടെ നഷ്ടപരിഹാരവും കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും പെപ്‌സികോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പെപ്‌സികോ തങ്ങളുടെ ഇന്ത്യയിലെ ആദ്യ പൊട്ടറ്റോ ചിപ്‌സ് പ്ലാന്റ് നിര്‍മ്മിക്കുന്നത് 1989 ലാണ്. കമ്പനി നല്‍കുന്ന എഫ്‌സി 5 ഉരുളക്കിഴങ്ങ് വിത്ത് നട്ട് വളര്‍ത്തി വിളവെടുത്ത ശേഷം നിശ്ചിത തുകയ്ക്ക് കര്‍ഷകര്‍ കമ്പനിക്ക് തന്നെ നല്‍കുന്നതാണ് രീതി.

കമ്പനി കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചതോടെ പെപ്‌സികോയ്‌ക്കെതിരെ വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. ബോയ്‌ക്കോട്ട് ലെയ്‌സ്, ബോയ്‌ക്കോട്ട് പെപ്‌സിക്കോ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ക്യാമ്പയിന്‍. ഫെയ്‌സ്ബുക്കിലും ട്വിറ്ററലുമെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച, കേസ് ഒത്തുതീര്‍പ്പാക്കാം എന്ന് കാണിച്ചുകൊണ്ട് പെപ്‌സികോ കര്‍ഷകരെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പോഴും ഉരുളകിഴങ്ങു വിത്തുകള്‍ തങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നും വിളകള്‍ തങ്ങള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും കമ്പനി വ്യവസ്ഥ വെച്ചിരുന്നു.

മുംബൈ: സൂപ്പർ ഓവറില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനെ തകർത്ത് മുംബെെ ഇന്ത്യന്‍സ്. സൂപ്പർ ഓവറില്‍ ഹെെദരാബാദ് നേടിയ 8 റണ്‍സ് മുംബെെ മൂന്ന് പന്തില്‍ നേടുകയായിരുന്നു. ഈ സീസണിലെ രണ്ടാമത്തെ സൂപ്പർ ഓവർ മത്സരമാണിന്ന് മുംബെെയില്‍ അരങ്ങേറിയത്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആവേശം തീര്‍ത്തത് മനീഷ് പാണ്ഡെയാണ്. ജയിച്ചെന്ന് ഉറപ്പിച്ച കളി മുംബൈയില്‍ നിന്നും പിടിച്ചു വാങ്ങിയ മനീഷ് പാണ്ഡെ സമ്മാനിച്ചത് ഐപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിലൊന്നാണ്. അവസാന പന്തില്‍ ഹൈദരാബാദിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയെ സിക്‌സ് പറത്തിയാണ് മനീഷ് പാണ്ഡെ ഹൈദരാബാദിന് ജീവവായു പകര്‍ന്നത്. ഇതോടെ സ്‌കോര്‍ 162-162 എന്ന നിലയില്‍ ടൈ ആവുകയായിരുന്നു.

ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ മനീഷ് പാണ്ഡെ പുറത്തായി. പിന്നീട് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മികച്ചൊരു സ്‌കോറിലെത്തിക്കാന്‍ നബിയ്ക്കും ഗുപ്റ്റിലിനും സാധിച്ചില്ല. രണ്ട് ബാറ്റ്‌സമാന്മാരെ നാല് പന്തില്‍ തന്നെ നഷ്ടമായതോടെ ഹൈദരാബാദ് 8 റണ്‍സുമായി സൂപ്പര്‍ ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കായി ഇറങ്ങിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു. റാഷിദ് ഖാന്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് പറത്തി ഹാർദ്ദിക് ജയം ഉറപ്പിക്കുകയായിരുന്നു.

ഹൈദരാബാദിനായി ഓപ്പണര്‍ വൃഥ്വിമാന്‍ സാഹ 15 പന്തില്‍ 25 റണ്‍സും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 11 പന്തില്‍ 15 റണ്‍സും നേടി പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ ഒരുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ വന്നവര്‍ അധികനേരം ക്രീസില്‍ തുടരാതെ മടങ്ങിയപ്പോള്‍ പാണ്ഡെയ്ക്ക് ഒത്ത പങ്കാളിയെ ലഭിക്കുന്നത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബിയിലാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. വിജയ് ശങ്കര്‍ 12 റണ്‍സ് നേടി മടങ്ങി.

നിശ്ചിത 20 ഓവറില്‍ വിജയിയെ കണ്ടെത്താനാകാതെ പോയ മത്സരത്തില്‍ 47 പന്തില്‍ 71 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. ഇതില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും. പാണ്ഡെയ്ക്ക് മികച്ച പിന്തുണ നല്‍കിയ നബി 20 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ രണ്ട് ഫോറും അത്ര തന്നെ സിക്‌സുമുള്‍പ്പെടും.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും ക്രുണാല്‍ പാണ്ഡ്യയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. ഓപ്പണര്‍ ക്വിന്റണ്‍ ഡോകോക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഡികോക്ക് ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു. 58 പന്തുകളില്‍ നിന്നും 69 റണ്‍സാണ് ഡികോക്ക് നേടിയത്. ആറ് ഫോറും രണ്ട് സിക്സുമാണ് ഡികോക്ക് അടിച്ചെടുത്തത്.

നായകന്‍ രോഹിത് ശര്‍മ്മയും ഡികോക്കും ചേര്‍ന്ന് നല്ല തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്.രോഹിത് 24 റണ്‍സെടുത്ത് പുറത്തായി. ഇതില്‍ അഞ്ച് ഫോറും ഉള്‍പ്പെടും. സൂര്യകുമാര്‍ യാദവ് ഒരു സിക്സും മൂന്ന് ഫോറും ചേര്‍ത്ത് 23 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കഴിഞ്ഞ കളിയിലെ താരമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് 18 റണ്‍സുമാത്രമാണ് നേടിയത്. 10 പന്തുകളില്‍ നിന്നും ഒരു സിക്സും ഒരു ഫോറുമടക്കമാണ് പാണ്ഡ്യയുടെ സ്‌കോര്‍.

കിറോണ്‍ പെള്ളാര്‍ഡിനും തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡ് നേടിയത്. ഹൈദരാബാദ് ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം സീസണിലെ ആദ്യ മത്സരം കളിച്ച മലയാളി താരം ബേസില്‍ തമ്പിയ്ക്ക് തിളങ്ങാനായില്ല. വിക്കറ്റൊന്നും നേടാകാതെ 40 റണ്‍സാണ് തമ്പി വിട്ടു കൊടുത്തത്.

അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച്‌ അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം പുളിഞ്ചാണി വാകവേലില്‍ പ്രസാദ് (48), മകള്‍ അനു പ്രസാദ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50 ന് എലിയറക്കല്‍ ജങ്ഷനിലാണ് അപകടം നടന്നത്.

കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തു വന്ന സ്വകാര്യബസാണ് അപകടത്തിന് കാരണം . അനു സംഭവസ്ഥലത്തും പ്രസാദ് ആശുപത്രി കൊണ്ടു പോകുന്ന വഴിയെയാണ് മരണമടഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് പ്രസാദ് കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്.

കൊച്ചിയിലെ ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗിച്ച നായകന്‍ അറസ്റ്റില്‍. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ജമീലാന്റെ പൂവന്‍കോഴി എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന്‍ (25) ആണ് എക്‌സൈസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ക്യാമറാമാന്‍ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയും പിടിയിലായിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി ഫോര്‍ട്ട് നഗറിലുളള സണ്‍ഷൈന്‍ എന്ന ഹോംസ്‌റ്റേയില്‍ കഴിഞ്ഞ രണ്ട് മാസമായി താമസിച്ചുവരികയായിരുന്നു ഇരുവരും. അഭിനയത്തിന്റെ ക്ഷീണം തീരാന്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പ്രതി സമ്മതിച്ചു.
അടുത്തിടയിൽ ഹിറ്റ് ആയ പുകവലി ചിത്രത്തിലും മിഥുൻ നായകനൊപ്പമുള്ള പുകവലിക്കാരെന്റെ വേഷത്തിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു

സിനിമാ ഷൂട്ടിംഗ് സൈറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശശികുമാറിന്റെ നേതൃ്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ടോണി കൃഷ്ണ, സിവില്‍ എക്‌സൈസ് ഓഫസര്‍മാരായ ജയറാം, സെയ്ദ്, റിയാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത എന്നിവര്‍ പങ്കെടുത്തു.

 

ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെ ഒഡീഷ തീരത്തെത്തും. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് എത്തുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്തുനിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കുമാണ് ഫോനി നീങ്ങുക.

90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡിഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.

ഒഡിഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും.

ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

തമിഴ്നാട് സേലത്ത് ഗുണ്ടാനേതാവിനെ പൊലീസ് വെടിവച്ച് കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കതിരവേലാണ് കൊല്ലപ്പെട്ടത്. സേലത്ത് കവര്‍ച്ചയും കൊലപാതകങ്ങളും കൂടിവരുന്നെന്ന പരാതിയെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയുള്ള പൊലീസ് നീക്കം ശക്തമാക്കി.

അടുത്തകാലത്തായി സേലത്ത് കൊലപാതകം, പിടിച്ചുപറി, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആളുകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഏറി വരികയാണ്. പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ എസ്.ഐ മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പൊലീസ് പരിശോധനയില്‍ മുപ്പത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായാണ് കൊലകേസുകളിലടക്കം പ്രതിയായ കതിരവേലിനായി അന്വഷണം ഊര്‍ജിതമാക്കിയത്. ഇയാള്‍ക്കെതിരെ മറ്റ് നിരവധി കേസുകളും നിലനില്‍ക്കുന്നുണ്ട്. കതിരവേലും കൂട്ടാളികളും കാരപ്പട്ടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവിരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവരെ വളഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കതിരവേലും കൂട്ടാളികളും അക്രമിച്ചെന്നും ജീവന്‍ രക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചതെന്നും പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് ഗുണ്ടകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ എസ്.ഐ സുബ്രഹ്മണി ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ ചികിത്സയിലാണ്.

RECENT POSTS
Copyright © . All rights reserved