ധാക്ക: 25 വര്‍ഷം മുമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയെ ആക്രമിച്ച കേസില്‍ ബിഎന്‍പി സഖ്യകക്ഷിയിലെ ഒമ്പത് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റക്കാരായ മറ്റ് 25 പേര്‍ക്ക് തടവും വിധിച്ചു. 1994ല്‍ ഷൈഖ് ഹസീന പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.

1994 സെപ്തംബര്‍ 23ന് രാജ്യവ്യാപകമായി ഒരു ക്യാംപെയിന്‍ നടത്താനായി ട്രെയിനില്‍ പാബ്നാ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ഹസീന സഞ്ചരിച്ച ബോഗിക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ ഖാലിദ സിയ പ്രധാനമന്ത്രി ആയ കാലത്തായിരുന്നു ആക്രമണം.

പാബ്ന കോടതിയാണ് ഒമ്പത് പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. ട്രെയിന്‍ ആക്രമിച്ച 25 പേരെ തടവിനും വിധിച്ചു. മറ്റ് 13 പേരെ 10 വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് അന്ന് 135 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ബിഎന്‍പിയുടെ ഭരണത്തിന്‍ കീഴില്‍ അന്വേഷണം സ്തംഭിച്ചു.
എന്നാല്‍ അവാമി ലീഗ് ഭരണത്തില്‍ വന്നതോടെ 52 കുറ്റക്കാര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതി വിധിയില്‍ ആഹ്ലാദം രേഖപ്പെടുത്തി അവാമി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.