Latest News

എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി രോഹിത്തിന്റെ അമ്മ. അപൂര്‍വയ്ക്ക് വിവാഹത്തിന് മുമ്ബ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. രോഹിതിനെ വിവാഹം ചെയ്തത് കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനാണെന്നും അമ്മ ഇജ്വല ആരോപിക്കുന്നു. 2017ലാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഒരു വര്‍ഷത്തോളം പ്രണയ ബന്ധം തുടര്‍ന്ന ഇരുവരും 2018 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടില്‍ തന്നെ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.

ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച്‌ അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അപൂര്‍വ മൊഴി നല്‍കിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്.

കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷിനെ പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തു.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തന്റെ അറിവോടെയല്ല ജീവനക്കാരുടെ അക്രമമെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കി.അതേ സമയം സുരേഷിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് എ സി പി പറഞ്ഞു.

ആവശ്യമെങ്കില്‍ ബസ്സുടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ്സുടമയ്ക്ക് പങ്കുണ്ടോയെന്നതാണ് പരിശോധിച്ചത്. ഫോണ്‍ അടക്കമുളള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ബസ്സുടമയ്‌ക്കെതിരെ നിലവില്‍ തെളിവുകളില്ല. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.

അതിനിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടായേക്കില്ല. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയതോടെ പ്രശ്‌നം പരിഹാരത്തിന് ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ വിഎസ് സുനില്‍ കുമാര്‍ ഇടപെട്ടിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.

അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.

വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും കളക്ടര്‍ ടിവി അനുപമ നിലപാടെടുത്തിട്ടുണ്ട്. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് കളക്ടര്‍ അറിയിച്ചതോടെ യോഗത്തിനെത്തിയ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു.

സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാല്‍ ആനകളുടെ മേല്‍നോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ വഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ ആനപ്രേമികള്‍ക്ക് ഉറപ്പു നല്‍കി.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിെര രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. 47 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ വിജയശില്‍പി. ഈ ടൂർണമെന്റിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാംതോല്‍വിയാണിത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്റെ രണ്ടാം ജയവും.

ഇത് എന്തൊരു തിരിച്ചുവരവാണ് റോയല്‍സ്?.. ഈ ജയത്തിന് അവകാശി റിയാന്‍ പരാഗെന്ന കൗമാരക്കാരന്‍ മാത്രം. വെറും 31 പന്തില്‍ രണ്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയുമായി പരാഗ് കളംനിറഞ്ഞപ്പോള്‍ കളി രാജസ്ഥാന്റെ കൈയിലേക്ക് തിരിച്ചെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ്. എന്നാല്‍ പ്രസീത് കൃഷ്ണയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സറും പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ജയം സമ്മാനിച്ചു.

സഞ്ജുവും രാഹാനെയും രാജസ്ഥാന് നല്‍കിയത് ഭേദപ്പെട്ട തുടക്കം. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന അടിച്ചെടുത്തത്. രഹാനെ 34 റണ്‍സും സഞ്ജു 22 റണ്‍സുമെടുത്തു. എന്നാല്‍ പിന്നീട് വന്നവരെല്ലാം തിരിച്ചുപോകാന്‍ തിരക്ക് കൂട്ടിയതോടെ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ തകര്‍ന്നു. എന്നാല്‍ പരാഗിന് മാത്രം തോല്‍ക്കാന്‍ മനസില്ലായിരുന്നു. 31 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് റോയല്‍സിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ പുറത്താകാതെ 50 പന്തിൽ നിന്നും 97 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. ഐപിഎല്ലില്‍ കാര്‍ത്തിക്കിന്റെ ഉയര്‍ന്ന സ്കോറാണ് ഇത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിന് നൽകിയത്. 3 വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ നാശം വിതച്ചത്. ദിനേശ് കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. സി.പി.എം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം.

എന്‍.ഡി.എയുടെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിന്റെ സി. ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കി. എ.ഐ.സി.സി. പ്രതിനിധി നാനാ പട്ടോളി നേരിട്ടെത്തിയാണു തരൂരിനു വേണ്ടി ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത്. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്.

ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ശക്തമായിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുപോയവരെ തിരികെ വിളിച്ചിട്ടുണ്ട്.

എത്രയും പെട്ടെന്ന് കരയില്‍ എത്തിച്ചേരണമെന്ന മുന്നറിയിപ്പും നല്‍കി. അതേസമയം, കോവളത്തേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കടല്‍ ശാന്തമായാല്‍ മാത്രമേ ഇനി സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ഇന്ന് രാത്രി 11.30വരെ തീരത്ത് 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകാനും വെള്ളിയാഴ്ച്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ട്.

Related image
മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച്ച മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശനിയാഴ്ച്ച അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലട‌യുടെ മൊഴിയെടുക്കുയാണ്. ഹാജരാകാന്‍ തല്‍ക്കാലം നിവൃത്തിയില്ലെന്നാണ് രാവിലെ പൊലീസിനെ സുരേഷ് കല്ലട അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവിധ നിയമലംഘനങ്ങൾക്ക് കല്ലടക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി.

അതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.

അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.

പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി.

ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. ആക്രമണത്തില്‍ മരണം 359 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. അതേസമയം ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്‍റെ നിരീക്ഷണത്തിലാണ്.ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തെത്തുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു കാണാം.

കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പള്ളിക്കുള്ളിലേക്ക് നടന്നെത്തുന്നത്. ഈ സമയത്ത് ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ നിരവധി വിശ്വാസികള്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നതു കാണാം. പള്ളിക്കകത്ത് വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചിട്ടുണ്ട്.

ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടില്ല. വെട്ടിക്കൊന്ന സ്ഥലത്തു നിന്ന് വടിവാള്‍ കണ്ടെടുത്തു. ശംഭു, സിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘങ്ങള്‍ തമ്മില്‍ പരസ്പരം കുടിപ്പകയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിജോയിയുടെ അനുനായിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തത് ശംഭുവിന്‍റെ സംഘമാണെന്ന് സിജോയിയും തിരിച്ചറിഞ്ഞു. ക്രിമിനല്‍സംഘങ്ങളുടെ തേര്‍വാഴ്ച നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ത്തിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൊലയാളി സംഘത്തെ പിടികൂടാന്‍ സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കൊലയാളി സംഘം കേരളം വിട്ടെന്നാണ് സൂചന. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കണ്ടാണ് കണ്ണന്താനം ടെൻഷൻ കുറച്ചത്. ജീവിതത്തിൽ ഇതൊക്കിയാണ് സന്തോഷം. താൻ മോഹൻലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു.

എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വാർത്തയായിരുന്നു.

മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പറഞ്ഞതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.

മമ്മൂട്ടിയെ വിമര്‍ശിച്ച് അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയതോടെ സൈബർ ലോകത്തും സജീവചർച്ചയായിരിക്കുകയാണ്. എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.

മമ്മൂട്ടി എന്ന മഹാനടനോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമാണ്. പക്ഷേ തിരഞ്ഞെടുപ്പ് ദിവസം അദ്ദേഹം പറഞ്ഞ ഒരു വാക്കിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. ഇടതു വലത് മുന്നണികളുടെ സ്ഥാനാർഥികളെ ഒപ്പം നിർത്തി ഇവർ രണ്ടുപേരും നല്ല സ്ഥാനാർഥികളാണെന്ന് പറയുന്നത് ശരിയാണോ. ഞാൻ വെറും സ്വതന്ത്ര സ്ഥാനാർഥിയൊന്നുമല്ല. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയാണ്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ്. അത് അദ്ദേഹം ഒാർക്കണം. അതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്.

ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമറിയാൻ എന്റെ മകൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. മമ്മൂട്ടി അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ അദ്ദേഹവുമായി ബന്ധപ്പെടുകയും എന്റെ മകന് ഫോൺ കൊടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ഇൗ പ്രസ്താവനയിലെ പ്രശ്നം മകൻ അദ്ദേഹത്തോട് പറഞ്ഞു. മാറ്റിപ്പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് തയാറായില്ലെന്നും കണ്ണന്താനം പറയുന്നു.

ഞാൻ കോട്ടയം കലക്ടറായിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഭരത് അവാർഡ് കിട്ടുന്നത്. അന്ന് ചെമ്പിൽ കേരളത്തിലാദ്യമായി അദ്ദേഹത്തിന് അനുമോദനയോഗം സംഘടിപ്പിച്ചത് ഞാനായിരുന്നു. അത് അദ്ദേഹത്തിന് ഇപ്പോൾ ഒാർമയുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാൽ പിന്നീട് ഞങ്ങൾ തമ്മിൽ അത്ര സൗഹൃദമോ കൂടിക്കാഴ്ചയോ ഉണ്ടായിട്ടില്ല. മോഹൻലാലിനെ കാണാൻ പോയും ഒരു ഇഷ്ടത്തിന്റെ പുറത്താണ്. നല്ല വിനയമുള്ള മനുഷ്യനാണ്. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് തിരികെ വരുമ്പോൾ ഞങ്ങൾ ഒരു ഫ്ലൈറ്റിലാണ് വന്നത്. അന്ന് കുറേ നേരം അദ്ദേഹത്തോട് സംസാരിച്ചു. ആ സൗഹൃദത്തിലാണ് മോഹൻലാലിനെ കാണാൻ പോയത്.

പക്ഷേ മമ്മൂട്ടി പതിറ്റാണ്ടുകളായി മലയാളിയുടെ സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒട്ടേറെ പേരുണ്ട്. അങ്ങനെയൊരു താരം തിരഞ്ഞെടുപ്പ് ദിവസം മൂന്നുസ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലത്തിൽ രണ്ടുപേർ നല്ലതാണെന്ന് പറഞ്ഞാൽ അതിന്റെ അർഥം മൂന്നാമൻ മോശമാണെന്നല്ലേ. അതു ശരിയല്ലെന്നേ ഞാൻ പറഞ്ഞുള്ളൂ. കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അതിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മാത്രമല്ല ബിജെപിക്കാരുമുണ്ട്. അങ്ങനെയുള്ള ഒരാൾ തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് തെറ്റാണെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved