Latest News

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് അവശരാക്കി ഇറക്കിവിട്ട സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെയാണ് വൈറ്റില സുരേഷ് കല്ലട ട്രാവല്‍ ഏജന്‍സി ജീവനക്കാരും ഡ്രൈവറും ചേര്‍ന്ന് തല്ലിചതച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. തകരാറ് ഉടന്‍ പരിഹരിക്കുമെന്ന് ജിവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. എന്നാല്‍ അപ്പോഴേക്കും രണ്ടര മണിക്കൂറിലധികം സമയം ബസ് വൈകിയിരുന്നു. അഷ്‌കറും സച്ചിനും അജയ് ഘോഷും ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചത്.

എന്നാല്‍ ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ വൈറ്റിലയിലെത്തിയപ്പോള്‍ ഇവരെ മര്‍ദ്ദിച്ച് അവശരാക്കി. സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും അക്രമത്തിന് കൂട്ടുനിന്നതോടെ മൂവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. യുവാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു.

ഭോപ്പാല്‍: മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ് ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കര്‍ക്കരെയെ അപമാനിച്ചത്.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രഗ്യയുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കര്‍ക്കരെ. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: വീരമൃത്യവരിച്ച മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയ്ക്കെതിരായി ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായി പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രഗ്യയുടെ പ്രസ്താവന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വി എല്‍ കാന്ത റാവു അറിയിച്ചു.

അതേസമയം പ്രസ്താവന വിവാദമായതോടെ ഖേദപ്രകടനവുമായി പ്രഗ്യാ സിംഗ് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ വ്യക്തിപരമായിട്ടാണ് പ്രതികരിച്ചതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും പ്രഗ്യാ പിന്നീട് വ്യക്തമാക്കി. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഇന്നലെ രാവിലെ പറഞ്ഞത്. തന്റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കാര്‍ക്കരെയെ പ്രഗ്യ അപമാനിച്ചത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

ആദ്യഘട്ടത്തില്‍ മുസ്ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അന്നത്തെ മൂംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു കര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ പ്രഗ്യാ സിംഗ് ഉള്‍പ്പെടെ നിരവധി വലത് തീവ്ര ദേശീയ സ്വഭാവക്കാര്‍ക്ക് പങ്കുള്ളതായി അദ്ദേഹം കണ്ടെത്തി. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചു.

ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി പൃഥ്വിരാജും. ബുധനാഴ്ച പാക്കപ്പ് ആയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും അതിഥിതാരമാണ് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ. ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.

എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. ജൂണ്‍ അവസാനം തീയേറ്ററുകളിലെത്തിയേക്കും.

കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്‌ എതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കും.

ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറും ഒളിക്യാമറ ഓപ്പറേഷൻ സിപിഎം ഗൂഢാലോചനയാണെന്ന എം കെ രാഘവന്‍റെ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.

ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ഒളിക്യാമറ വിവാദത്തിൽ സമയമാകുമ്പോൾ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.

ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോ‍ർട്ട് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം.

ബംഗ്ളാദേശിലെ ധാക്കയിൽ കൊല്ലപ്പെട്ട മദ്രസ വിദ്യാർഥിനി നസ്രത്ത് ജഹാന്റെ പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന്റെ തെളിവുകൾ പുറത്ത്. സോനാഗസി പൊലീസ്റ്റ് സ്റ്റേഷനിലെ ഓഫിസർക്കും മുതിർന്ന പൊലീസുകാർക്കുമെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റുഹുൽ അമിൻ പറഞ്ഞു. സംഭവത്തെ അതീവഗുരുതരമായാണ് കാണുന്നത്. മദ്രസ മാനേജിങ് കമ്മിറ്റി പ്രാരംഭഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാലംഗ അന്വേഷണ സംഘം മദ്രസയു ം നസ്രത്തിന്റെ വീടും സന്ദർശിച്ചു.

ഏപ്രിൽ 10–ന് മരണത്തിനു കീഴടങ്ങുമ്പോൾ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാൻ റാഫി എന്ന പത്തൊൻപതുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകൾക്കുളളിൽ കൃത്യത്തിൽ ഉൾപ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേൽ കൊലക്കുറ്റമടക്കമുളള വകുപ്പുകൾ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കൾക്കു ഉറപ്പു നൽകി.

കൊല്ലപ്പെടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല.

Image result for dhaka-Nusrat-Jahan-police-negligence

80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി. ‘എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും’ – മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ തന്റെ ഘാതകരെ നിയമത്തിനു മുന്നിൽ തുറന്നു കാട്ടിയ കൊച്ചു പെൺകുട്ടിക്കു മുൻപിൽ തല കുനിക്കുകയാണ് ബംഗ്ലദേശ്.

താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കി. ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചർച്ചകൾ ഉണ്ടായി.

നസ്രത്ത് ജഹാൻ റാഫി ബംഗ്ലദേശിന്റെ ‘നിർഭയ’യായി മാറുകയാണ്. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടുന്നത്. മാർച്ച് 27–നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളർത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയിൽനിന്നു 160 കിലോമീറ്റർ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയായിരുന്നു നസ്രത്ത്.

ഫെനിയിലുളള മദ്രസയിൽ പഠിച്ചിരുന്ന നസ്രത്തിനെ മാർച്ച് 27–ാം തീയതി പ്രധാന അധ്യാപകൻ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തിൽ സ്പർശിച്ചപ്പോൾ ശക്തമായി എതിർത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങി ഓടി.

യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നു വരുന്ന മറ്റു പെൺകുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല. മാതാപിതാക്കൾക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരിഹാസപൂർവമാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടത്

പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവം വൻ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിർശബ്ദങ്ങൾ ഉയരാൻ തുടങ്ങി.

ഏപ്രിൽ 6ന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിർന്ന വിദ്യാർഥികൾ ടെറസിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാർഥികൾ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു.

വഴങ്ങാതെ വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവൻ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ ഒരോരുത്തരായി പിടിയിലായി. എപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി

ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേർന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു

പ്രതികൾ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റാതെ വിശ്രമമില്ലെന്നും ഒരു പെൺകുട്ടിയും ഇനി ആക്രമിക്കപ്പെടരുതെന്നും നസ്രത്തിനായി തെരുവിലിറങ്ങിയവർ ഓർമപ്പെടുത്തുന്നു

കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പരസ്യ ഏറ്റുമുട്ടല്‍. അനുമതിയില്ലാതെ സ്വകാര്യ ക്വാറിയിലെ വെള്ളം വില്‍ക്കുന്നതിനെച്ചൊല്ലിയാണ് കോഴിക്കോട് ഓമശേരിയിലെ സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.

ഓമശേരി മലയമ്മയിലാണ് സംഭവം. വെള്ളം വില്‍ക്കാനുള്ള അനുമതി നിഷേധിച്ച ക്വാറിയില്‍ നിന്ന് ലോറിയില്‍ വെള്ളം കടത്താനായിരുന്നു ഉടമ‌ അബ്ദുറഹ്മാന്‍റെ ശ്രമം. ഇത് സഹോദരനായ ആലി തടഞ്ഞു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ പ്രദേശത്തെ ഏക കുടിവെള്ള ഉറവിടമായ ക്വാറിയില്‍ നിന്ന് വെള്ളം കൊണ്ടുപോകാനാകില്ലെന്നാണ് ആലിയുടെ വാദം. ഇക്കാര്യം ഉന്നയിച്ച് ആലി നേരത്തെ പലതവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് പൊലിസിനെ സമീപിച്ചത്. കുന്ദമംഗലം പൊലിസെത്തി വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അബ്ദുല്‍ റഹ്മാന്‍ അനുസരിക്കുന്നില്ലെന്നാണ് സഹോദരന്‍ ആലിയുടെ പരാതി.

വാക്കുതര്‍ക്കം വളരെ പെട്ടന്നാണ് കയ്യാങ്കളിയിലേയ്ക്ക് നീണ്ടത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുല്‍ റഹ്മാനെ ആലിയും കൂട്ടരും മര്‍ദിച്ചു. തിരിച്ചും. വാഹനം തടയുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പുറത്ത് നിന്ന് ഒരു സംഘത്തെയും കൂട്ടിയാണ് അബ്ദുറഹ്മാന്‍ എത്തിയത്.

പ്രശ്നത്തില്‍ ഇവര്‍ ഇടപെട്ടതോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി. ഇതിനൊപ്പം രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി സംഘര്‍ഷത്തിലേയ്ക്ക് പാഞ്ഞടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏറെനേരം ഇരുകൂട്ടരും നേര്‍ക്കുനേര്‍ പോരാടി. അതിനിടെ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു.

നാല് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 14ന് രാവിലെ പതിനൊന്നിന്. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കേറ്റ രണ്ടു കുടുംബവും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

പിന്നാലെ കുന്ദമംഗംലം പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ ഇടപെട്ട കണ്ടാലറിയാവുന്ന അയല്‍വാസികള്‍ക്കെതിരെയും പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് നടന്‍ വിജയ് സേതുപതി. രാഷ്ട്രീയക്കാരും ജനങ്ങളും സെലിബ്രിറ്റികളുമെല്ലാം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ടുതന്നെ നല്ല ആവേശവുമുണ്ട്.

രണ്ടാം ഘട്ട പോളിങ്ങ് പൂര്‍ത്തിയായപ്പോള്‍ അഭിപ്രായവുമായി വിജയ് സേതുപതിയെത്തി. വലിയൊരു സദസ്സിനോട് വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും നിങ്ങളുടെ വോട്ടുകള്‍ ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് കൊടുക്കരുതെന്നും വിജയ് സേതുപതി പറഞ്ഞു.

സ്‌നേഹമുള്ളവരെ, നിങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം വേണം നില്‍ക്കാന്‍. അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്.

ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍, എന്നാണ് വിജയ് സേതുപതി പറയുന്നത്.

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജു മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ എതിർത്തും അനുകൂലിച്ചും ഒട്ടേറെ കമന്റുകളും സജീവമാണ്. ബിജു മേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുവച്ചാണ് താരത്തിന്റെ ഫയ്സ്ബുക്ക് പോസ്റ്റ്.
‘മിസ്റ്റർ ബിജുമേനോൻ, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാൽ ചാണകം തന്നേ മണക്കൂ..’ ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ച് ഗോകുൽ കുറിച്ചു. ‘ഇങ്ങനെ ഒരേപോലത്തെ കമന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!’ ഗോകുൽ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ഇന്നലെ ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്. ബിജു മേനോന്‍ ബിജെപിയെ തുണച്ചതിലുള്ള രോഷമാണ് പ്രതികരണങ്ങളില്‍ നിറയുന്നത്.

സംസ്ഥാനത്ത് ഇന്നലെ ശക്തമായ ഇടിയും മഴയുമാണ് പലയിടത്തും ഉണ്ടായത്. പലയിടത്തും വെള്ളപൊക്കം ഉണ്ടായി. ഇനിയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യത. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ച് മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

RECENT POSTS
Copyright © . All rights reserved