പാലക്കാട്∙ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയിൽ എട്ടു പേർ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ഓങ്ങല്ലൂർ സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഉമർ ഫാറൂഖ്, നെന്മാറ സ്വദേശികളായ സുധീർ, നിഖിൽ, ശിവൻ, വൈശാഖ് എന്നിവരാണു മരിച്ചത്. ആംബുലൻസ് ഡ്രൈവറായിരുന്നു സുധീർ. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ആംബുലൻസിലുണ്ടായിരുന്നവരാണ് മരിച്ച എട്ടു പേരും.
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. തോൽവിക്കു തൊടുന്യായം കണ്ടെത്താൻ നോക്കരുത്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. അന്നൊക്കെ മത, സമുദായ, വർഗീയ ശക്തികളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതു ജനമനസ്സുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം വർഗീയശക്തികൾക്കും യഥാസ്ഥിതികർക്കും മുകളിലായതുകൊണ്ടാണ്.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് പറഞ്ഞു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയുടെ ഗ്ലൗസിലെ ആര്‍മിയുടെ അടയാളം വന്‍ വിവാദമായ സാഹചര്യത്തില്‍ സമാനമായ മറ്റൊരു വിവാദവും കൊഴുക്കുകയാണ്. ചിര വൈരികളായ പാക്കിസ്ഥാനിലാണ് പുതിയ വിവാദം. ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ 16 ന് ഏറ്റുമുട്ടുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആഗ്രഹം പാക് ടീം അറിയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു.
”താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് പാക് പ്രധാനമന്ത്രി ബോധ്യപ്പെടുത്തി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ടീം അടുത്ത് ചെയ്തത് പോലെയൊന്നുണ്ടാകില്ല” പാക് ക്രിക്കറ്റ് ബോര്‍ഡിലെ അധികൃതരിലൊരാള്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ആര്‍മി തൊപ്പിയണിഞ്ഞായിരുന്നു കളിച്ചത്. ഇതിന് സമാനമായ രീതിയില്‍ മറുപടി നല്‍കാനായിരുന്നു സര്‍ഫ്രാസും സംഘവും ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും വിവാദം ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്.
സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായെത്തിയയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
”ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ പണി. അല്ലാതെ ആരൊക്കെ ഗ്ലൗസില്‍ എന്തൊക്കെ ലോഗോ ഒട്ടിക്കുന്നുവെന്ന് നോക്കലല്ല”ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം എടുത്തുമാറ്റാന്‍ ഐസിസി ബിസിസിഐയോടെ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.
”ഐസിസി നോക്കേണ്ട കാര്യം എല്ലാ മത്സരങ്ങളിലും 300-400 ടോട്ടല്‍ ഉണ്ടാകരുതെന്നാണ്. ഐസിസിയുടെ പണി ബാറ്റ്‌സ്മാന്മാരെ മാത്രം സഹായിക്കുന്ന പിച്ചുകള്‍ക്ക് പകരം ബോളര്‍മാരേയും സഹായിക്കുന്ന പിച്ചുകളുണ്ടാക്കണം. ലോഗോയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്” ഗംഭീര്‍ പറഞ്ഞു.
ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീലില്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസിയുടെ മറുപടി.
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സംഗീതജ്ഞനും മനോജ് നായരെ കൊച്ചിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് 2010 മുതല്‍ കൊച്ചിയില്‍ താമസിച്ച് വരികയായിരുന്നു. വീട്ടുടമയായ ഡെര്‍സണ്‍ ആന്റണിയാണ് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുളളതായാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരുക്കുകളോ പാടുകളോ കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുളളു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കൊച്ചി മുസിരീസ് ബിനാലെയുടെ തുടക്കം മുതല്‍ ഇതില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇന്ത്യയിലെ ഇതര സംഗീതത്തിന്റെ ചരിത്രം തേടുന്ന ‘ബിറ്റ്‍വീന്‍ ദ റോക്ക് ആന്റ് എ പാഡ് പ്ലെയിസ്’ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ പുസത്കം പുറത്തിറക്കാനായിരുന്നു പദ്ധതി. മുമ്പ് സംഗീതത്തിലും കലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഗുരുവായൂര്‍: നാടന്‍ വേഷത്തിലെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദി മലയാളം കൂടി പറഞ്ഞതോടെ മലയാളികള്‍ക്ക് ആവേശമായി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതുയോഗത്തിലാണ് മോദി മലയാളം പറഞ്ഞത്.
കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലെത്തിയ നരേന്ദ്ര മോദി ധരിച്ചിരുന്നത് മുണ്ട് ആയിരുന്നു. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അദ്ദേഹം വേഷ്ടി ധരിക്കുകയും ചെയ്തു. മുണ്ടെടുത്ത നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ആദ്യമായല്ല മോദി മുണ്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുന്‍പും മുണ്ട് ചുറ്റിയുള്ള ലുക്കില്‍ മോദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍ട്ട് ബ്ലെയറില്‍ മുണ്ടും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോദി ഈ ചിത്രം പങ്കുവച്ചത്. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാമത്തെ വാർഷികത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇതിന് മുമ്പ് മുണ്ട് പരീക്ഷിച്ചത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മുണ്ട് ധരിച്ചപ്പോഴും മോദിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.
മുണ്ട് ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്ര മോദി പൊതുപരിപാടിയിലേക്ക് എത്തിയപ്പോൾ മലയാളം പറഞ്ഞതും ഏറെ അതിശയിപ്പിച്ചു. “പ്രിയപ്പെട്ട സഹോദരി, സഹോദരൻമാരെ…”എന്ന അഭിസംബോധനയാണ് മോദി പൊതുയോഗത്തിനിടയിൽ നടത്തിയത്. തുടർന്ന് “എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ” എന്നും മോദി പറഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് മോദിയുടെ മലയാളത്തെ സദസിലുള്ളവർ സ്വീകരിച്ചത്.
Speaking in Guruvayur. Watch. https://t.co/evfCpP7Tht
— Narendra Modi (@narendramodi) June 8, 2019
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.
വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.
പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ദുബായില്‍ ബസപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച്ച വെകുന്നേരം ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നി മൂല്‍ചന്ദനിയുടെ മൃതദേഹം സംസ്കരിച്ചത്. അപകടത്തിസ്‍ മരിച്ച 17 പേരില്‍ 12 ഇന്ത്യക്കാരില്‍ ഒരാളായിരുന്നു റോഷ്നി. ശനിയാഴ്ച്ച വൈകിട്ട് 7.45ഓടെ ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
മോഡലും സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരും ഉളള റോഷ്നി മസ്കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രയിലാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച്ച റോഷ്നിയുടെ മാതാപിതാക്കളും ബന്ധുക്കളും രാജസ്ഥാനില്‍ നിന്നും ദുബായിലെത്തി. ദുബായിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന റോഷ്നി തന്റെ ചിത്രങ്ങള്‍ മരണത്തിന് തൊട്ടു മുമ്പ് സഹോദരന് അയച്ച് കൊടുത്തിരുന്നു.
ബന്ധുവായ വിക്രം ഠാക്കൂറും റോഷ്നിക്കൊപ്പം ബസില്‍ ഉണ്ടായിരുന്നു. ഇദ്ദേഹവും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിന്റെ ഇടത് ഭാഗത്താണ് ഇരുവരും ഇരുന്നിട്ടുണ്ടായിരുന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്തത്രയും പരുക്ക് റോഷ്നിക്ക് ഉണ്ടായിരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ‘രണ്ട് പേരെയാണ് ആ കുടുംബത്തിന് നഷ്ടമായത്. രണ്ട് പേരും ബസിലെ ഇടത് വശത്തെ സീറ്റുകളിലേക്ക് മാറി ഇരുന്നതായാണ് സുഹൃത്ത് പറഞ്ഞത്. സുഹൃത്ത് വലത് വശത്തായിരുന്നു ഇരുന്നത്. ഇടതുവശം പൂര്‍ണമായും തകര്‍ന്നിരുന്നു. റോഷ്നിയെ തിരിച്ചറിയാന്‍ കഴിയാത്തത്രയും പരുക്ക് ഉണ്ടായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ക്കിടെ മാതാപിതാക്കളുടെ കരച്ചില്‍ കണ്ട് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല,’ സാമൂഹ്യപ്രവര്‍ത്തകര് വ്യക്തമാക്കി.
നിരവധി ഫാഷന്‍ ഷോകളിലും ബ്യൂട്ടി മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. നിരവധി പേരാണ് അനുശോചനം അറിയിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍(47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍(40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി(25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.
ഒമാനിലെ മസ്‌കറ്റില്‍ നിന്നും വ്യാഴാഴ്ച ദുബായിലേക്ക് വന്ന ബസാണ് യു.എ.ഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ദുബായില്‍ ബസപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിൽ സംസ്കരിക്കും. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.
തൃശൂർ തളിക്കുളം സ്വദേശി കൈതക്കൽ അറക്കൽ വീട്ടിൽ ജമാലുദ്ദീന്റെ മൃതദേഹം എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്കാണ് കൊണ്ടു വന്നത്. ഉമറിന്റെ ഇളയ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു.
തൃശൂർ സ്വദേശി കിരണിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ദുബായിൽനിന്ന് കൊണ്ടുപോയി. ഉമ്മർ, നബീൽ, കിരൺ എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചു. രാത്രിയോടെ ദുബായിൽനിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ കാർത്തികേയൻ, തിരുവനന്തപുരം സ്വദേശി ദീപ കുമാർ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂർ മൊറാഴ സ്വദേശി പുതിയപുരയിൽ രാജന്റെ മൃതദേഹം ഞായറാഴ്ച പകൽ നാട്ടിലെത്തിക്കും.
ടിക് ടോക് വീഡിയോകളിലൂടെ താരമായി മാറിയ യുവാവ് മോഷണക്കേസില്‍ അറസ്‌റ്റിലായി. അഭിമന്യു ഗുപ്‌ത എന്ന കുര്‍ല സ്വദേശിയാണ് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പിടിയിലായത്. ടിക് ടോകില്‍ ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് അഭിമന്യു.
ജൂഹു സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്‌താണ് പ്രതി അഭിമന്യു ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇരുപത് പവനോളം സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് അഭിമന്യു പിടിയിലായത്.
നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഭിമന്യുവിനെ പിടികൂടാനായത്. മോഷണവസ്‌തുക്കള്‍ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ അഭിമന്യു കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണവും ഫോണും ഒരു സുഹൃത്തിന് നല്‍കിയതായാണ് അഭിമന്യു മൊഴി നല്‌കിയിരിക്കുന്നത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്നും പൊലീസ് അറിയിച്ചു
ബിജെപി പ്രവർത്തകനും സിനിമാനടനുമായ കൊല്ലം തുളസിയുടെ കയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. ആറുലക്ഷം രൂപയാണ് തുളസിയുടെ പക്കൽ നിന്നും ഇയാൾ കബളിപ്പിച്ചെടുത്തത്. കേസിൽ തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല വിഷയത്തിലടക്കം ബിജെപി നിലപാടുകൾക്കൊപ്പം നിന്ന താരമാണ് കൊല്ലം തുളസി. അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ പണം തട്ടിയ കേസിൽ ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സൂചനയുണ്ട്.
കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പ്രശോഭ് ചെക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് താരം പൊലീസിൽ പരാതി നൽകിയത്. ശബരിമല വിഷയത്തിൽ സമരത്തില്‍ തുളസി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമാവുകയും പൊലീസി കേസെടുക്കുകയും ചെയ്തിരുന്നു.
പാറശാലയിലെ സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയേത്തുടര്‍ന്ന് സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷയ്ക്ക് ആശുപത്രിയുമായി ഒൗദ്യോഗിക സ്കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് കുറിച്ചു നല്കി. ആദ്യ സ്കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം.
അഞ്ചാം മാസത്തില്‍ അസ്വസ്ഥതകള്‍ തോന്നിയതിനേത്തുടര്‍ന്ന്് മറ്റൊരിടത്ത് പരിശോധന നടത്തുകയും ഇരട്ടക്കുട്ടികളാണെന്ന് ബോധ്യപ്പെടുകയും ഒരു കുട്ടി അബോര്‍ഷനായതായി മനസിലാക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരം എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിഷയുടെ കുടുംബം പൊലീസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡി എം ഒയ്ക്കും പരാതി നല്കി.
സ്കാനിങ് സൗകര്യമില്ലാത്ത പാറശാല ആശുപത്രിയിലെ രോഗികള്‍ക്ക്് കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിന്നീസ് ലാബുമായി കരാറുണ്ടായിരുന്നു. പരാതിയേത്തുടര്‍ന്ന് ഈ കരാര്‍ റദ്ദാക്കിയതായി പാറശാല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഗര്‍ഭാശയത്തില്‍ കുട്ടികളുടെ കിടപ്പിലെ വ്യതിയാനം മൂലമാണ് ഇരട്ടക്കുട്ടികളെന്ന് മനസിലാകാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.