Latest News

പത്തനംതിട്ട മുക്കൂട്ടുതറയിലെ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി.

ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ജെസ്‌നയെ ലോഡ്ജില്‍ കണ്ടതായി ഇവര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

മുണ്ടക്കയത്തുള്ള ലോഡ്ജില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാല്‍ ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രംഗത്ത് വന്നിരുന്നു. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു. 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായത്.

പ്രവാസ ജീവിതത്തിൽ പുതിയ തലമുറയിലേക്ക് മാതൃഭാഷ പകർന്നു കൊടുക്കുവാൻ കേരളം സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2020 ൽ സ്ഥാപിതമായ മയിൽ‌പ്പീലി മലയാളം സ്‌കൂളിന്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ അടുത്ത ആഴ്ച വരെ മാത്രം. സെപ്തംബർ 8 ഞായാറാഴ്ച പഠനോത്സാവത്തോട് കൂടെ പുതിയ വർഷത്തിന്റെ ക്ലാസ്സുകൾ ആരംഭിക്കും.

എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരു മണിക്കൂർ ദൈർഖ്യമുള്ള ക്ളാസുകളിൽ മലയാളത്തിനൊപ്പം നമ്മുടെ നാടിനെപറ്റിയുള്ള അവബോധവും കുട്ടികൾക്ക് ലഭിക്കുന്നു. ഭാഷാ പ്രാവീണ്യം അധിഷ്ഠിതമാക്കി മൂന്നു തലങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. യുകെയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന ക്ളാസുകൾ വിദേശത്ത് വളരുന്ന കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കിയ പാഠ്യപദ്ധതി പിന്തുടരുന്നു. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി തുടങ്ങിയ പാഠ്യപദ്ധതികളും വര്ഷാന്ത്യ പരീക്ഷയും നടത്തിവരുന്നു. ഒരു മാസം £1 മാത്രം എന്ന കണക്കിൽ വര്ഷം £12 മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നത്.

താല്പര്യമുള്ളവർ മയിൽപ്പീലി സ്‌കൂൾ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക – https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class

റോമി കുര്യാക്കോസ്

ബോൾട്ടൻ: ബോൾട്ടൻ സെന്റ് ആൻസ് മിഷന്റെ ആഭിമുഖ്യത്തിൽ ബോൾട്ടൻ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികന് യാത്രയയപ്പ് നൽകി. ചടങ്ങിൽ പുതുതായി ഇടവക വികാരിയായി ചുമതലയേൽക്കുന്ന വൈദികനുള്ള സ്വീകരണ വേദിയുമായി. വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു ചടങ്ങുകൾ.

 

ബോൾട്ടൻ ഇടവകയിൽ നിന്നും പോർട്ട്സ്മൗത്ത് ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന വൈദികൻ ഫാ. ജോണിനുള്ള യാത്രയയപ്പും ഇടവകയിൽ പുതുതായി ചാർത്തെടുക്കുന്ന വൈദികൻ ഫാ. സ്റ്റാന്റോ വഴീപറമ്പിലിനെ സ്വാഗതം ചെയ്തുകൊണ്ട് കൈകക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ, ഇടവക സമൂഹം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പൊതുയോഗ ശേഷം സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

ചടങ്ങിൽ ജോമി സേവ്യർ, സാബു ജോസഫ്, ഷെല്ലി എബ്രഹാം, ലൂസാമ ഷാജി എന്നിവർ സംസാരിച്ചു.

റോമി കുര്യാക്കോസ്

ലണ്ടന്‍: ഹ്രസ്വ സന്ദർശനത്തിനായി യു കെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ പെരുമാൾ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി. ഒഐസിസി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് വിശ്വനാഥൻ പെരുമാളിന് പൂചെണ്ട് നൽകി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ്‌ ആയി നിയമിതയായ ഷൈനു ക്ലെയർ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണൽ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങൾ നേർന്നു.

ഒഐസിസി യു കെ വർക്കിംഗ്‌ പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, സുജു ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ കെ മോഹൻദാസ്, സി നടരാജൻ, എക്സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവർ പെരുമാൾ വിശ്വാനാഥനെ ത്രിവർണ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു.

സ്വകാര്യ സന്ദർശനത്തിനായാണ് പെരുമാൾ വിശ്വനാഥൻ യു കെയിൽ എത്തിയതെങ്കിലും, ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒ ഐ സി സി നേതാക്കന്മാരായും പ്രവർത്തകരുമായും അല്പനേരം ആശയവിനിമയം നടത്തിയതിനു ശേഷമാണ് അദ്ദേഹം തിരിച്ചത്.

കാല്‍പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിൻ്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം.

ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചുനൽകുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാന തുക. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.

ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്‍റ് സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.

ലണ്ടൻ : ഡോ റോയ്സ് മല്ലശ്ശേരിക്ക് വൈ എം സി എ ലണ്ടൻ ഇന്ത്യൻ സ്റ്റുഡന്റസ് സെന്റർ അക്കാഡമിക് എക്സ്ലെൻസ് പുരസ്‌കാരം നൽകി. ഐ എസ് എച്ച് ഡയറക്ടർ എന്ന നിലയിലുള്ള പ്രവർത്തനവും മലയാളം ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച മോട്ടിവേഷൻ ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്.

ഡോ റോയ്സ് മല്ലശ്ശേരി രചിച്ച “ഹയർ ഫാർദർ ബെറ്റർഓൺ ദി വിങ്സ് ഓഫ് ക്രൈസിസ് ” എന്ന പുസ്തകം വൈ എം സി എ ദേശീയ പ്രസിഡന്റും ഐ എസ് എച്ച് ചെയർമാനുമായ ഡോ വിൻസെന്റ് ജോർജ് പ്രകാശനം ചെയ്തു. ലണ്ടൻ ഐ എസ് എച്ചിൽ നടന്ന സമ്മേളനത്തിൽ ഐ എസ് എച്ച് ജനറൽ സെക്രട്ടറി സാം റോബർട്ട്‌, ദേശീയ വൈസ് പ്രസിഡന്റ്‌ നോയൽ അമ്മേണ്ണ, റിട്ട ജസ്റ്റിസ്‌ ജെ ബികോശി എന്നിവർ പ്രസംഗിച്ചു. ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.

സ്വന്തം ലേഖകൻ 

എറണാകുളം :  കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ചടങ്ങില്‍ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേഷം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായതെന്നും സുഹൃത്തുകൂടിയായ ബേസില്‍ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തി നല്‍കിയതെന്നും ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. എം.എസ് ധോണിയില്‍ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയില്‍ മികച്ച പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാന്‍ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് ടീം കോര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണൻ

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.

ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറി‌ഞ്ഞ‌ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.

കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളുമുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം ഉടൻ തന്നെ കന്യാകുമാരിയിലേക്ക് പുറപ്പെടും.

മർദനമേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62) ആണ് മർദനമേറ്റ് തിങ്കളാഴ്ച മരിച്ചത്. നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനൻ നായർ (67), ചെല്ലാംകോട് വേണു മന്ദിരത്തിൽ വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

മുക്കോല ജങ്ഷനിൽ വച്ചായിരുന്നു അക്രമം. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തർക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ അരച്ചുമരിൽ വന്നു വീണ മോഹനൻ ആചാരിയുടെ കഴുത്തിന്റെയും തലയുടെയും പുറകു ഭാഗത്ത് ശക്തമായ ഇടികിട്ടി.

അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞു കിടന്ന ഇയാളെ വിവരമറിഞ്ഞ ഭാര്യയും മകൻ വിഷ്ണുവും ആശുപത്രിയിലെത്തിച്ചു.മർദിച്ചവരുടെ വിവരങ്ങൾ മോഹനൻ ആശാരി പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്സറി സ്കൂളിൽ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെൺകുട്ടികളെ സ്കൂൾ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെൺകുട്ടികളുടെ ടോയ്‌ലറ്റിനുള്ളിൽ വച്ച് രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്.

എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരിൽ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ – കല്യാൺ റെയിൽവേ പാതയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടയുന്നത്. റെയിൽവെ ട്രാക്കിനു കുറുകെ ഓടിയ പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

പ്രതി ശനിയാഴ്ച അറസ്റ്റിലായെങ്കിലും, പരാതി നൽകി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.

സംഭവത്തിൽ സ്കൂളിൻ്റെ പ്രതികരണവും മാതാപിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻ്റിൻ്റെ ഔദ്യോഗിക ക്ഷമാപണമോ ഇനി ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പോ ഇല്ലാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത്.തങ്ങളുടെ കുട്ടികളുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സ്കൂൾ പരാജയപ്പെട്ടുവെന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിൻ്റെ സുരക്ഷാ നടപടികളിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.പെൺകുട്ടികളുടെ ടോയ്‌ലറ്റുകളിൽ വനിതാ അറ്റൻഡർമാരില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല സ്കൂളിലെ സിസിടിവി ക്യാമറകളിൽ പലതും പ്രവർത്തനരഹിതമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. കേസ് അതിവേ​ഗ കോടതിയിലേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശം ഇന്ന് സമർപ്പിക്കാൻ താനെ പോലീസ് കമ്മീഷണറിന് നിർദേശം നൽകി.

സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും രംഗത്തെത്തി.ബദ്‌ലാപൂരിലെ സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തിൽ ഇതിനകം ഒരു എസ്ഐടി രൂപീകരിച്ചിട്ടുണ്ട്, സംഭവം നടന്ന സ്‌കൂളിനെതിരെയും നടപടി സ്വീകരിക്കും.കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved