Latest News

വിജയവഴിയിൽ വെയിൽസും ഇംഗ്ലണ്ടും. കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഇംഗ്ലണ്ടിലെ ഹാർട്ട്ലി പൂളിൽ വച്ച് നടന്ന ത്രിരാഷ്ട്ര കബഡി ടൂർണമെൻ്റ് വിജയകരമായി സമാപിച്ചു. പുരുഷ വിഭാഗത്തിൽ വെയിൽസ് വിജയികളായി. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് വെയിൽസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസസ്ഥമാക്കിയപ്പോൾ വെയിൽസാണ് റണ്ണേഴ്സ് അപ്പായത്. ഹാർട്ട്ലിപൂൾ കൗണ്ടി കൗൺസിലർ ആയ ആരോൺ റോയിയുടെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

കായിക വിനോദത്തിൻ്റെയും വിവിധ കലാ സാംസ്കാരിക പരിപാടികളുടേയും സംഗമ വേദിയാകുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹാർട്ട്ലി പൂൾ നഗരം. ആരോൺ റോയിയുടെ വാക്കുകളിൽ ”കായിക വിനോദത്തിനുപരിയായി വിവിധ ദേശങ്ങളുടെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗ വേദിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത് അത് വിജയകരമായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

മത്സരിച്ച ടീമുകൾക്ക് പുറമേ സാംസ്കാരിക പരിപാടികളിലും സ്റ്റാളുകളിലും വിവിധ രാജ്യങ്ങൾ പങ്കെടുത്തത് അതിൻ്റെ തെളിവാണ്. ഇനിയും ഇത്തരം ഇവൻ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്”. യുകെയിൽ എമ്പാടും കബഡിയുടെ പ്രചാരം വർദ്ധിപ്പിക്കുകയും യുകെയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി കബഡിയെ മാറ്റുക എന്നതുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും വെയിൽസ് ടീമിൻ്റെ മാനേജർമാരായ ജോബി മാത്യുവും ജോണി തോമസ് വെട്ടിക്ക എന്നിവർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് മുൻ ദേശീയ താരവും നോട്ടിങ്ങാം റോയൽസ് കബഡി ക്ലബിൻ്റെ ഉടമയുമായ രാജു ജോർജ്ജാണ് വെയിൽസ് ടീമിൻ്റെ കോച്ച്. ചടങ്ങിൽ വിവിധ വിശിഷ്ടാഥിതികൾ പങ്കെടുത്തു. ഹാർട്ട്ലി പൂൾമേയർ കരോൾ തോംപ്സൺ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. വേൾഡ് കബഡി അസോസിയേഷൻ പ്രസിഡൻ്റ് അശോക് ദാസ് മുഴുവൻ സമയവും സജീവ സാന്നിധ്യമായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ താരം സാജു എബ്രഹാം ഉൾപ്പെട്ട പാനലാണ് കളി നിയന്ത്രിച്ചത്.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

റിപ്പോർട്ട്‌ ഇന്നലെ രാത്രി ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന് പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.

സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.

ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാന് ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ജയിൽ ചാടിയതിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം.

നിമിഷപ്രിയയുടെ കേസിനെക്കുറിച്ച്‌ ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണ ജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്.

അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനില്‍ നടന്നിരുന്നു.അതിന്‍റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.

വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടർചർച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളില്‍ പങ്കെടുത്തെന്നാണ് വിവരം.

എന്നാല്‍, ദയധനത്തിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്ര കുത്തിയെന്നും ഇവര്‍ കുറിച്ചു. വംശീയ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആളുകളെ നാടുകടത്തണമെന്നും യുവതി വ്യക്തമാക്കുന്നു.

പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി വൈറ്റ് താന്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയെന്നും ഒരു എം&എസ് സ്റ്റോര്‍ സന്ദര്‍ശിച്ചെന്നും എക്‌സിലെ ഒരു പോസ്റ്റില്‍ വെളിപ്പെടുത്തി. അവിടെ മൂന്ന് ജീവനക്കാര്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ കേട്ടു. ഏതാണ് ഭാഷയെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ജീവനക്കാര്‍ അവരെ അറിയിച്ചു. താന്‍ അവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി പറഞ്ഞു.

പിന്നാലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുവതിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതില്‍ എന്താണ് കുഴപ്പമെന്നും ജീവനക്കാര്‍ എന്ത് നിയമമാണ് ലംഘിച്ചതെന്നും ചിലര്‍ ചോദിച്ചു. ഇതില്‍ അധിക്ഷേപകരമായി എന്ത് കാര്യമാണുള്ളതെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ജീവനക്കാര്‍ക്ക് പരസ്പരം അവരുടെ ഭാഷ സംസാരിക്കാന്‍ അനുവാദമുണ്ടെന്നും എന്തിനാണ് അനാവശ്യമായി തെറ്റിദ്ധാരണകളുണ്ടാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാന്‍ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്‌കറെ തോയ്ബ ഭീകരവാദിയായ സുലൈമാന്‍ ഷാ മുമ്പ് പാക് സൈന്യത്തിലെ കമാന്‍ഡോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്.

‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മൂന്ന് ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടിക്ക് തുടക്കമിട്ടത്. സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സുലൈമാന്‍ ഷായെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

പാക് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ (എസ്എസ്ജി) സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുലൈമാന്‍ ഷാ ലഷ്‌കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറില്‍ സോനാമാര്‍ഗ് തുരങ്കനിര്‍മാണ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ബാരാമുള്ളയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന്‍ ഷായ്ക്ക് പങ്കുണ്ട്. പഹല്‍ഗാമുള്‍പ്പെടെ ജമ്മുകശ്മീരില്‍ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുലൈമാന്‍ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അരിച്ചുപെറുക്കിയിരുന്നു.

ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ താവളങ്ങളില്‍നിന്ന് എകെ 47 അടക്കമുള്ള തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. തീവ്രവാദികള്‍ കശ്മീരില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.

2016-ല്‍ WY SMS എന്ന് വിളിച്ചിരുന്ന ഒരു ചൈനീസ് റേഡിയോ കമ്യൂണിക്കേഷന്‍ ഉപകരണം ഉപയോഗിച്ചാണ് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇതിന് സമാനമായ ചൈനീസ് റേഡിയോയും ഇന്ന് വധിക്കപ്പെട്ടവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.

മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമിക്ഷ യുകെ അനുശോചനം രേഖപ്പെടുത്തി. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മറ്റിഅംഗം അഡ്വ. കെ അനിൽകുമാർ മുഖ്യാഥിതിയായി പങ്കെടുത്തു.

കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയായ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ജീവിതവും, ആധുനിക കേരള ചരിത്രത്തിന് വേർപെടുത്താനാകാത്തവിധം വി എസ് എന്ന പോരാളി നൽകിയ സമാനതകളില്ലാത്ത സംഭാവനകളും തൻ്റെ പ്രസംഗത്തിൽ അഡ്വ. അനിൽകുമാർ ഓർത്തെടുത്തു. യുകെയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.

സമിക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌ ശ്രീമതി രാജി ഷാജി അധ്യക്ഷയായ യോഗത്തിൽ യുവ കലാസാഹിത്യ യുകെയുടെ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ലജീവ് രാജൻ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റും ലോകകേരളസഭാ അംഗവുമായ സി. എ. ജോസഫ്, സി പി ഐ യുകെ സെക്രട്ടറി മുഹമ്മദ് നസിം, യുകെ ഓവർസീസ് കോൺഗ്രസ് കമ്മറ്റി വൈസ്പ്രസിഡൻ്റ് അപ്പ ഗഫൂർ, ലോകകേരളസഭാഗം ജയപ്രകാശ് സുകുമാരൻ, ലോകകേരളസഭാംഗം സുനിൽ മലയിൽ, സുഗതൻ തെക്കേപ്പുര, സമീക്ഷUk നാഷ്ണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ വി എസ് ന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമീക്ഷ യുകെ ആക്ടിങ്ങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

യൂ .കെ – ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. കർക്കിടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയർത്തിയ  ശ്ളോകാന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ  തീരത്ത്  എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.

ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ  പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 -30 മണി വരെ ഭക്തർ  നദിയിൽ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണം നടത്തിയത്. സംഘാടകർ കാലേകൂട്ടി  ഭക്തർക്ക്  വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.

രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകൾ  എന്നീ ചടങ്ങുകൾക്ക്  വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂർ മന ശ്രീ ഹരിനാരായണൻ തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.

ചത്തീസ്ഗഢില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ ബിജെപിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം.

രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ‘തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണെ’ന്നും മുഖപ്രസംഗം ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്‌റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പോലീസിന് കൈമാറുക… മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ എന്നും ദുരൂഹതയേറുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.

ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീതയതെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാകുന്നില്ല. ഛത്തീസ്ഗഢിലും ഒഡീഷയിലുമുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ചുറി അടക്കം നാലു സെഞ്ചുറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.

511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 1965ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 525 റണ്‍സ് നേടിയ ഇന്ത്യയുടെ ബുധി കുന്ദേരന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

ഇന്നലെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ 454 റണ്‍സുമായാണ് ജഡേജ നാലാം സ്ഥാനത്തെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമാണ് ജഡേജയുടെ പേരിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 291 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് ജയ്സ്വാൾ ഇപ്പോള്‍.

കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുപതിലേറെ പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.

1990 കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മര്‍ദ്ദം മൂലം 2002ല്‍ ഇവര്‍ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.

Copyright © . All rights reserved