Latest News

ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് വാചാലനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ഇന്നലെ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് മത്സരം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കിയത്. ബാഴ്‌സലോണയുടെ അതിഥിയായിട്ടാണ് ദ്രാവിഡ് മത്സരത്തിനെത്തിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ബാഴ്‌സലോണ ജേഴ്‌സിയും ദ്രാവിഡ് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന അഭിമുഖത്തില്‍ ദ്രാവിഡ് മെസിയെ കുറിച്ചും സംസാരിച്ചു. ദ്രാവിഡ് തുടര്‍ന്നു… പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അര്‍ജന്റൈന്‍ താരം. അദ്ദേഹത്തേക്കാള്‍ മികച്ച മറ്റൊരു ഫുട്‌ബോള്‍ താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മെസി കളിക്കുന്നത് നേരില്‍ കാണുകയെന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ക്യാംപ് നൂവില്‍ ഇരുന്ന് ബാഴ്‌സലോണയുടെ മത്സരം കാണുകയെന്ന് ആഗ്രഹിച്ച ഒരു കാര്യമാണെന്നും ദ്രാവിഡ്.

സ്‌റ്റേഡിയത്തിലെ അന്തരീക്ഷം അമ്പരപ്പിക്കുന്നതാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ മെസിയും സുവാരസും മറ്റു താരങ്ങളെല്ലാം തത്സമയം കളിക്കുന്നത് കാണുകയെന്നത് നേട്ടം തന്നെയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. സുവാരസും മെസിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കിർസ്റ്റ്‍ജെൻ നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

മെക്സിക്കൻ അതിർത്തിയിലെ മതിൽ സന്ദർശിച്ച ട്രംപ് കുടിയേറ്റ വിഷയത്തിൽ നിലപാട് കർശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാൽ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്‍റെ നിലപാട്. നീൽസെന്‍റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ മെക്സിക്കൻ വിഷയത്തിലെ ട്രംപിന്‍റെ കടുംപിടുത്തം തന്നെയാണെന്നാണ് സൂചന. നീൽസെന്‍റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്‍റ് ബോർഡർ പ്രൊട്ടക്ഷൻ കമ്മീഷണറായ കെവിൻ മഗ്അലീനന് താൽക്കാലിക ചുമതല നൽകിയതായും ട്രംപ് വ്യക്തമാക്കി.

പാലാ- തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പളളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍(31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെളളിലാപ്പളളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ ജോര്‍ജ്(27), കടനാട് മലേപ്പറമ്പില്‍ എന്‍ പി ഉല്ലാസ് (38), അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28) എന്നിവരാണ് മരിച്ചത്.

അന്തീനാട് മലയില്‍ പ്രഭാത് (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമോദും വിഷ്ണുരാജും ജോബിന്‍സും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം.
തൊടുപുഴ ഭാഗത്ത് ിന്നും പാലായിലേക്ക് വരുന്നതിനിടെ മൈല്‍ക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത കടയിലേക്കും അതിനോട് ചേര്‍ന്നുളള വീട്ടിലേക്കും പാഞ്ഞുകയറി. തുടര്‍ന്ന് മരത്തിലിടിച്ച് ഉയര്‍ന്നുപൊങ്ങി തലകുത്തി മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം കത്തുകയും ചെയ്തു.

വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ കാറിനുളളില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മെക്സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂർവമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. അത്രത്തോളം സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ് ഇൗ വിഡിയോയും ചിത്രങ്ങളും.

നല്ല തൂവെള്ള നിറത്തിലുള്ള തിമിംഗലമാണ് വിഡിയോയിൽ പതിഞ്ഞത്. മെക്സിക്കോയില്‍ കണ്ടെത്തിയ ഈ തിമിംഗലം ഗ്രെ വെയില്‍ എന്ന ഇനത്തില്‍ പെട്ടതാണെന്ന് ശാസ്ത്രലോകം പറയുന്നു. . ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്കും വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്‍റുകള്‍ അഥവാ മെലാനിന്‍റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.

മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. 2008ൽ കുഞ്ഞായിരുന്നപ്പോൾ ഇതേ തിമിംഗലം ഗവേഷകരുടെ ശ്രദ്ധ നേടിയിരുന്നു.ഗാലന്‍ ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നതാണ് ഈ വെള്ള തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

സുരേഷ്ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥി ആയി എത്തിയതോടെ ശക്തമായ മൽസരത്തിലേക്ക് തൃശൂരും കടക്കുകയാണ്. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ ഒരു പ്രസംഗം വൈറലായിരുന്നു. മോദി അണ്ണാക്കിലേക്ക് 15 ലക്ഷം രൂപ തള്ളിത്തരുമെന്ന് കരുതിയോ എന്നായിരുന്നു പ്രസംഗം. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയത്.

‘മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. പോണ്ടിച്ചേരിൽ വാഹനം റജിസ്റ്റർ ചെയ്ത സംഭവത്തിന്റെ ചുവട് പിടിച്ചാണ് ബൽറാമിന്റെ പരിഹാസം. സുരേഷ്ഗോപിയുടെ ആഡംബരവാഹനത്തിന് കേരളത്തിൽ 15 ലക്ഷം രൂപ നികുതി അടക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയിൽ ഒന്നരലക്ഷം രൂപ മാത്രം നികുതി അടച്ച് സുരേഷ്ഗോപി വാഹനം റജിസ്റ്റർ ചെയ്തിരുന്നു. ഇൗ 15 ലക്ഷത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ പരിഹാസം.

കിഫ്ബി മസാല ബോണ്ടുകൾ പൊതു വിപണിയിലിറക്കുന്നത് ചടങ്ങായി നടത്തും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് പരിപാടി. ലോക ശ്രദ്ധ നേടുന്ന പൊതു ചടങ്ങൽ‌ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർ‌വ നേട്ടമാണ് സംസ്ഥാന സർക്കാറിന്റെ മസാല ബോണ്ട് കൈവരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്നതിയായി മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. മെയ് 17-നാണ് ചടങ്ങ്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‍സണൽ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാൽ‌ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടും.

കിഫ്ബി വിറ്റഴിച്ച മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും ധനമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി ചെയർമാന്റെയും വിശദീകരണവും ഉൾ‌പ്പെടെ നിലനിൽക്കുന്നതിനിടെയാണ് പുതിയ നേട്ടം. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായാണ് കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് പുറത്തിറക്കിയത്. കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു.

അതേസമയം, രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത്.

നിലവിൽ‌ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു. ഇ‍തിനെ മറികടത്തുകകൂടിയാണ് ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.

50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറ‌ഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

എടപ്പാളിൽ 10 വയസുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂര മർദനം. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ആക്രി സാധനം പെറുക്കുന്നതിനിടെയാണ് മര്‍ദനം. ആശുപത്രിക്ക് സമീപം ആക്രി സാധനങ്ങൾ പെറുക്കവെയാണ് കുട്ടിക്ക് മർദനേറ്റത്. പൊലീസ് മൊഴി രേഖപ്പെടുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് അറിയുന്നു.സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗം സി.രാഘവൻ അറസ്റ്റിലായി.

ഒരു കുരുന്നിന്റെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് മലപ്പുറത്ത് വീണ്ടും ബാലികയ്ക്ക് മർദനമേറ്റത്. എടപ്പാളിലെ ആശുപത്രിക്ക് സമീപം ആക്രിസാധനം പെറുക്കുന്നതിനിടെയായിരുന്നു ആക്രമണം. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ചാക്കിനുള്ളിൽ ഭാരമേറിയതെന്തോ വച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ബാലിക പറഞ്ഞു. ബാലികയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മർദനമേറ്റു.

വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവുമായ സി. രാഘവനാണ് കുരുന്നിനെ ആക്രമിച്ചത്. രാഘവനെ അറസ്റ്റ് ചെയ്ത പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിൽ സന്ദർശിച്ചു.

അതേസമയം പ്രതി എത്ര ഉന്നതാനായാലും നിയമ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിനു ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു.

ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുണ്‍ പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു.

മുത്തച്ഛന്റെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു. വേഴപ്ര വില്ലുവിരുത്തിയിൽ ആൻറണിയുടെയും ലീനയുടെയും മകൾ ടീന ആൻറണി (9)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേസ്കൂൾ വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോൾസ് പള്ളിയിൽ എത്തിയതായിരുന്നു ബാലിക.

കുനിഞ്ഞ് നിന്ന് കല്ലറയിൽ പൂക്കൾ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറ യിൽ ഒപ്പീസ് പ്രാർത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും ഉടുപ്പിൽ തീ പടരുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേർന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ എറണാകുളത്ത് ചികിത്സയിൽ ആയിരുന്നു .ഏപ്രിൽ 6 ന് ശനിയാഴ്ച 4 പകൽ 4 മണിയോടു കൂടി ആണ് ബാലിക മരണമടഞ്ഞത്.സംസ്ക്കാരം പിന്നീട്.

RECENT POSTS
Copyright © . All rights reserved