കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച എച്ച് വണ്‍ എന്‍‌ വണ്‍ രോഗിക്ക് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിൽ അത്യാഹിതവിഭാഗത്തിലെ ആശയവിനിമയത്തില്‍ പിഴവുണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്ന് കോട്ടയം മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍. രോഗി എത്തിയത് അത്യാഹിതവിഭാഗത്തിലെ പി.ആര്‍.ഒ ഡോക്ടര്‍മാരെ അറിയിച്ചില്ല.

രോഗിയുടെ ബന്ധുക്കള്‍ പി.ആര്‍.ഒയോട് വെന്റിലേറ്റര്‍ സൗകര്യമുളള ICU ബെഡാണ് അന്വേഷിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പി.ആര്‍.ഒ അന്വേഷിച്ച് മറുപടി നല്‍കി. ഇതിനിടെ രോഗിയെ മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോയെന്നും ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ഡോ.ടി.കെ.ജയകുമാര്‍  പറഞ്ഞു.

ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കയ്യൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.

നീണ്ട ആംബുലന്‍സ് യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.10ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും രോഗിയുടെ നില അതീവഗുരുതരമായി‌ . അടിയന്തരമായി വെന്റിലേറ്റര്‍ സഹായം വേണ്ട സ്ഥിതി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച അധികൃതര്‍ രോഗിയെ ആംബുലന്‍സില്‍ എത്തി പരിശോധിക്കാനോ അഡ്മിറ്റ് ചെയ്യാനോ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു

തുടര്‍ന്ന് മെഡിക്കല്‍ കോളജിന് സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും രോഗിയെ സ്വീകരിച്ചില്ല. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ട് വായിച്ച് മെഡിക്കല്‍ കോളജിലേക്ക് തന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിയെങ്കിലും ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ജേക്കബ് തോമസ് അന്ത്യശ്വാസം വലിച്ചു.

രോഗി മരിച്ചിട്ടും മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ക്രൂരമായ പെരുമാറ്റമുണ്ടായെന്നും ഒപ്പമുണ്ടായിരുന്ന മകള്‍ ആരോപിച്ചു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് ആരോപണം.

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് പ്രധിഷേധം ഉയർന്നതോടെ ആണ്    ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി മരണം സ്ഥിരീകരിക്കാന്‍ തയാറായത്. തുടര്‍ന്ന് അഞ്ചരയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗതെത്തി.