Latest News

ബംഗ്ളാദേശിലെ ധാക്കയിൽ കൊല്ലപ്പെട്ട മദ്രസ വിദ്യാർഥിനി നസ്രത്ത് ജഹാന്റെ പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന്റെ തെളിവുകൾ പുറത്ത്. സോനാഗസി പൊലീസ്റ്റ് സ്റ്റേഷനിലെ ഓഫിസർക്കും മുതിർന്ന പൊലീസുകാർക്കുമെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റുഹുൽ അമിൻ പറഞ്ഞു. സംഭവത്തെ അതീവഗുരുതരമായാണ് കാണുന്നത്. മദ്രസ മാനേജിങ് കമ്മിറ്റി പ്രാരംഭഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാലംഗ അന്വേഷണ സംഘം മദ്രസയു ം നസ്രത്തിന്റെ വീടും സന്ദർശിച്ചു.

ഏപ്രിൽ 10–ന് മരണത്തിനു കീഴടങ്ങുമ്പോൾ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാൻ റാഫി എന്ന പത്തൊൻപതുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകൾക്കുളളിൽ കൃത്യത്തിൽ ഉൾപ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേൽ കൊലക്കുറ്റമടക്കമുളള വകുപ്പുകൾ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കൾക്കു ഉറപ്പു നൽകി.

കൊല്ലപ്പെടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല.

Image result for dhaka-Nusrat-Jahan-police-negligence

80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി. ‘എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും’ – മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ തന്റെ ഘാതകരെ നിയമത്തിനു മുന്നിൽ തുറന്നു കാട്ടിയ കൊച്ചു പെൺകുട്ടിക്കു മുൻപിൽ തല കുനിക്കുകയാണ് ബംഗ്ലദേശ്.

താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കി. ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചർച്ചകൾ ഉണ്ടായി.

നസ്രത്ത് ജഹാൻ റാഫി ബംഗ്ലദേശിന്റെ ‘നിർഭയ’യായി മാറുകയാണ്. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടുന്നത്. മാർച്ച് 27–നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളർത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയിൽനിന്നു 160 കിലോമീറ്റർ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയായിരുന്നു നസ്രത്ത്.

ഫെനിയിലുളള മദ്രസയിൽ പഠിച്ചിരുന്ന നസ്രത്തിനെ മാർച്ച് 27–ാം തീയതി പ്രധാന അധ്യാപകൻ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തിൽ സ്പർശിച്ചപ്പോൾ ശക്തമായി എതിർത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങി ഓടി.

യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നു വരുന്ന മറ്റു പെൺകുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല. മാതാപിതാക്കൾക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരിഹാസപൂർവമാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടത്

പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവം വൻ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിർശബ്ദങ്ങൾ ഉയരാൻ തുടങ്ങി.

ഏപ്രിൽ 6ന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിർന്ന വിദ്യാർഥികൾ ടെറസിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാർഥികൾ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു.

വഴങ്ങാതെ വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവൻ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ ഒരോരുത്തരായി പിടിയിലായി. എപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി

ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേർന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു

പ്രതികൾ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റാതെ വിശ്രമമില്ലെന്നും ഒരു പെൺകുട്ടിയും ഇനി ആക്രമിക്കപ്പെടരുതെന്നും നസ്രത്തിനായി തെരുവിലിറങ്ങിയവർ ഓർമപ്പെടുത്തുന്നു

കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പരസ്യ ഏറ്റുമുട്ടല്‍. അനുമതിയില്ലാതെ സ്വകാര്യ ക്വാറിയിലെ വെള്ളം വില്‍ക്കുന്നതിനെച്ചൊല്ലിയാണ് കോഴിക്കോട് ഓമശേരിയിലെ സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.

ഓമശേരി മലയമ്മയിലാണ് സംഭവം. വെള്ളം വില്‍ക്കാനുള്ള അനുമതി നിഷേധിച്ച ക്വാറിയില്‍ നിന്ന് ലോറിയില്‍ വെള്ളം കടത്താനായിരുന്നു ഉടമ‌ അബ്ദുറഹ്മാന്‍റെ ശ്രമം. ഇത് സഹോദരനായ ആലി തടഞ്ഞു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ പ്രദേശത്തെ ഏക കുടിവെള്ള ഉറവിടമായ ക്വാറിയില്‍ നിന്ന് വെള്ളം കൊണ്ടുപോകാനാകില്ലെന്നാണ് ആലിയുടെ വാദം. ഇക്കാര്യം ഉന്നയിച്ച് ആലി നേരത്തെ പലതവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് പൊലിസിനെ സമീപിച്ചത്. കുന്ദമംഗലം പൊലിസെത്തി വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അബ്ദുല്‍ റഹ്മാന്‍ അനുസരിക്കുന്നില്ലെന്നാണ് സഹോദരന്‍ ആലിയുടെ പരാതി.

വാക്കുതര്‍ക്കം വളരെ പെട്ടന്നാണ് കയ്യാങ്കളിയിലേയ്ക്ക് നീണ്ടത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുല്‍ റഹ്മാനെ ആലിയും കൂട്ടരും മര്‍ദിച്ചു. തിരിച്ചും. വാഹനം തടയുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പുറത്ത് നിന്ന് ഒരു സംഘത്തെയും കൂട്ടിയാണ് അബ്ദുറഹ്മാന്‍ എത്തിയത്.

പ്രശ്നത്തില്‍ ഇവര്‍ ഇടപെട്ടതോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി. ഇതിനൊപ്പം രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി സംഘര്‍ഷത്തിലേയ്ക്ക് പാഞ്ഞടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏറെനേരം ഇരുകൂട്ടരും നേര്‍ക്കുനേര്‍ പോരാടി. അതിനിടെ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു.

നാല് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 14ന് രാവിലെ പതിനൊന്നിന്. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കേറ്റ രണ്ടു കുടുംബവും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

പിന്നാലെ കുന്ദമംഗംലം പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ ഇടപെട്ട കണ്ടാലറിയാവുന്ന അയല്‍വാസികള്‍ക്കെതിരെയും പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് നടന്‍ വിജയ് സേതുപതി. രാഷ്ട്രീയക്കാരും ജനങ്ങളും സെലിബ്രിറ്റികളുമെല്ലാം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ടുതന്നെ നല്ല ആവേശവുമുണ്ട്.

രണ്ടാം ഘട്ട പോളിങ്ങ് പൂര്‍ത്തിയായപ്പോള്‍ അഭിപ്രായവുമായി വിജയ് സേതുപതിയെത്തി. വലിയൊരു സദസ്സിനോട് വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും നിങ്ങളുടെ വോട്ടുകള്‍ ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് കൊടുക്കരുതെന്നും വിജയ് സേതുപതി പറഞ്ഞു.

സ്‌നേഹമുള്ളവരെ, നിങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം വേണം നില്‍ക്കാന്‍. അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്.

ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍, എന്നാണ് വിജയ് സേതുപതി പറയുന്നത്.

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജു മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ എതിർത്തും അനുകൂലിച്ചും ഒട്ടേറെ കമന്റുകളും സജീവമാണ്. ബിജു മേനോനെ വിമര്‍ശിച്ചുള്ള ചില പോസ്റ്റുകളും കമന്റുകളും പങ്കുവച്ചാണ് താരത്തിന്റെ ഫയ്സ്ബുക്ക് പോസ്റ്റ്.
‘മിസ്റ്റർ ബിജുമേനോൻ, ഉള്ള വില കളയാതെടോ.. ചാണകം ചാരിയാൽ ചാണകം തന്നേ മണക്കൂ..’ ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ച് ഗോകുൽ കുറിച്ചു. ‘ഇങ്ങനെ ഒരേപോലത്തെ കമന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!’ ഗോകുൽ നിലപാട് വ്യക്തമാക്കി. അച്ഛന് വോട്ടുതേടി ഗോകുലും അമ്മയും തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ഇന്നലെ ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്. ബിജു മേനോന്‍ ബിജെപിയെ തുണച്ചതിലുള്ള രോഷമാണ് പ്രതികരണങ്ങളില്‍ നിറയുന്നത്.

സംസ്ഥാനത്ത് ഇന്നലെ ശക്തമായ ഇടിയും മഴയുമാണ് പലയിടത്തും ഉണ്ടായത്. പലയിടത്തും വെള്ളപൊക്കം ഉണ്ടായി. ഇനിയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യത. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ച് മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ അന്തരിച്ച എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിന്‍റെത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.

ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. ഡിഫന്‍സ് കോളനിയിലെ രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി അംഗങ്ങളെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്യും.

രോഹിത്തിനെ അംഗീകരിക്കാന്‍ എന്‍ഡി തിവാരി തയ്യാറായിരുന്നില്ല. തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.

തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയിരുന്നു.ഇത് വലിയ വാർത്തയായിരുന്നു.തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.

തുടര്‍ന്ന് 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. പിതൃത്വം നിശ്ചയിക്കുന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്തു.

ദുഖവെള്ളി ദിനത്തിൽ കേരളത്തിന്റെ നൊമ്പരമായി ഏലൂരിലെ ഇതര സംസ്ഥാനക്കാരനായ കുരുന്നും. കുഞ്ഞുവേദനകൾക്കിനി മറുപടി കർശനമായ നിയമ നടപടികളിലൂടെയാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.ആർക്കും സഹിക്കാനാവില്ല മൂന്നര വർഷം മാത്രം നീണ്ട ജീവിതത്തിൽ അവനനുഭവിച്ച വേദന. ശരീരമാകെ മുറിപ്പാടുകൾ, കാലിൽ പൊള്ളലേറ്റുണ്ടായ വ്രണം.

ഒടുവിൽ അടിയേറ്റ് തലയ്ക്ക് ഗുരുതര പരുക്ക്. ഒരു ജൻമത്തേക്കുള്ള വേദന അവൻ ഇതിനോടകം അനുഭവിച്ചു. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. . ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിെയ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത് . സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മര്‍ദിച്ചെന്ന് അമ്മസമ്മതിച്ചത് .

അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. എന്തായാലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ   പറഞ്ഞു.

മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും. ഏഴുവയസുകാരന് മര്‍ദനമേറ്റതിന്‍റെ കാരണം എവിടെനിന്നോ അമ്മ അവരുടെ പ്രിയപ്പെട്ട അഛന് പകരം കൊണ്ടുവന്ന ക്രൂരതയുടെ ആള്‍രൂപത്തെ അഛനെന്ന് വിളിക്കാത്തതിന്‍റെ പേരില്‍.

ആലുവയിലെ മൂന്നുവയസുകാരനെ തല്ലാന്‍ അമ്മയുടെ കാരണം അവന്‍റെ കുസൃതിയായിരുന്നെത്രേ. ഉരുണ്ട തടികൊണ്ട് തലക്കടിയേല്‍ക്കുമ്പോള്‍ അവന്‍ ഉച്ചത്തില്‍ അമ്മേയെന്ന് വിളിക്കുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെത്രേ. ചട്ടുകം പഴുപ്പിച്ച് ബലമായി പിടിച്ച് അവന്‍റെ പിഞ്ചുശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുമ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ലെത്രേ. കൊടിയ പീഡനം ഏല്‍ക്കുമ്പോള്‍ അവന്‍ അലറിക്കരയുന്നത് മറ്റുവള്ളവര്‍ കേള്‍ക്കുന്നത് കുറവാണെന്ന് ആ സ്ത്രീ കരുതിക്കാണും.

ഏഴുവയസുകാരനെ തുടര്‍ച്ചയായി ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നത് കണ്ട് രസിക്കുകയായിരുന്നു അമ്മയെന്ന് പറയുന്ന ആ സ്ത്രീ. ഒരിക്കല്‍പോലും തന്‍റെ സ്വന്തം ചോരയെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല…കുരുന്ന് മരണത്തിന് കീഴടങ്ങിയപ്പോള്‍ ആസ്ത്രീയും പറഞ്ഞു താന്‍ ഒന്നും അറിഞ്ഞില്ലെത്രേ…. ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ മകനെ ആശുപത്രിയിലെത്തിച്ച പിതാവെന്ന് വെളിപ്പെടുത്തിയ യുവാവും പറയുന്നു താനൊന്നും അറിഞ്ഞിരുന്നില്ലെന്ന്.

തൊടുപുഴ കുമാരമംഗലത്ത് ആ ഏഴുവയസുകാരനെ കൊടിയ മര്‍ദനത്തിന് ഇരയാക്കിയ പിശാചിന്‍റെ പേര് അരുണ്‍ ആനന്ദ്. ആലുവയില്‍ മൂന്നുവയസുകാരനെ തുടര്‍ച്ചയായി മര്‍ദിച്ചിരുന്നത് ജന്‍മം നല്‍കിയ അമ്മ 28 കാരി ഹെന്നാ ഖാദുണ്‍. തൊടുപുഴയിലെ ഏഴുവയസുകാരന് മര്‍ദനമേറ്റിരുന്നത് വോക്കിങ് സ്റ്റിക്കുകൊണ്ടും അരുണ്‍ ആനന്ദിന്‍റെ കൈക്കരുത്തുകൊണ്ടും.

ആലുവയില്‍ മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും.

രണ്ടുപേരുടേയും പിഞ്ചുശരീരങ്ങള്‍ ആശുപത്രിക്കിടക്കയിലേക്ക്എത്തുമ്പോള്‍ തിരിച്ചുനടത്താന്‍ കഴിയാത്ത വിധം പരുക്കുകളായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു.. കേരളജനത പ്രാര്‍ഥനയോടെ ഒപ്പം നിന്നു..എന്നിട്ടും ആ കുരുന്നുകള്‍ രണ്ടും പീഡനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രപറഞ്ഞു. അവരെ ക്രൂരമായി പീഡിപ്പിച്ചവര്‍ ,ബാല്യത്തിലേ അവരുടെ ജീവന്‍ പന്താടിയവര്‍ ,,അമ്മയെന്ന് വിളിപ്പേരുള്ളവര്‍ ..അവര്‍ നിയമനടപടികളില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഏഴുവയസുകാരനെ കൊടിയപീഡനത്തിന് ശേഷം മരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുനിന്ന ആ യുവതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസിന്‍റെ കൈകള്‍ക്ക് ഉന്നതര്‍ വിലങ്ങിട്ടു. ആ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്താല്‍ താന്‍ രക്ഷപെടുമെന്ന വക്കീലുപദേശം അനുസരിച്ച് നീങ്ങുകയാണ് ആ യുവതി. ആലുവയില്‍ മൂന്നുവയസുകാരനെ കൊന്ന ആ ഇരുപത്തിയെട്ടുകാരിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി അഭിഭാഷകര്‍ തയാറായി നില്‍ക്കുന്നുണ്ട്…യുവതിക്ക് മനോദൗര്‍ബല്യമെന്ന് വരുത്തിതീര്‍ക്കാനും എളുപ്പം സാധിക്കും..

പ്രതികള്‍ പതിവുപോലെ രക്ഷപെടുമെന്ന് ചുരുക്കം.. ആ ഏഴുവയസുകാരനും മൂന്നുവയസുകാരനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്ന് സമാധാനിക്കേണ്ടി വരും…ഇനിയും വേട്ടയാടപ്പെടും നമ്മുടെ കുരുന്നുകള്‍ ….പുറമെ നിന്നല്ല,,,, അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ…അപ്പോഴും നമുക്ക് കണ്ണീര്‍ വാര്‍ക്കാം ..നൊമ്പരപ്പെടാം…മാപ്പുപറയാം….

മലപ്പുറം കാളികാവ് പൂങ്ങോട് തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്ക് നേരെ ആക്രമണം. ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണന്ന് എൻ.ഡി.എ നേതൃത്വം ആരോപിച്ചു. അനൗൺമെൻറ് വാഹനങ്ങളുടെ ശബ്ദം വിവാഹവീട്ടിൽ പ്രയാസമുണ്ടാക്കിയെന്ന് ആരോപിച്ച വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിച്ചുവെന്നാണ് പരാതി.

പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസo സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

വാഗമൺ കുരിശുമലയിലേക്ക് ഭക്തിപൂർവ്വം ഒരു യാത്ര ഈരാറ്റുപേട്ട ടൗണിൽ നിന്നും 24 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. വിശ്വസികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല. പ്രകൃതി രമണീയതയാണ് ഈ മലനിരകളെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തേയിലത്തോട്ടങ്ങളും കാടുമെല്ലാം ചേര്‍ന്ന് അവാച്യമായ അനുഭൂതിയാണ് സഞ്ചാരികളിലുണ്ടാക്കുക.

കുരിശുമലയില്‍ നിന്നുനോക്കിയാല്‍ മുരുകന്‍ പാറയുടെ കാഴ്ചയും കാണാം. കുരിശുമലയുടെ മുകളിലേയ്ക്ക് പോകുന്ന വഴിയില്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പഴയൊരു കെട്ടിടം കാണാം. ഇതിന് പിന്നിലാണ് മനുഷ്യനിര്‍മ്മിതമായ ഒരു തടാകവുമുണ്ട്. പ്രമുഖ വാസ്തുശില്‍പിയായിരുന്ന ലാറി ബക്കര്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടവും തടാകവും.

കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം.  കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസം. ഈ ദിവസം വിശ്വാസികള്‍ കൂറ്റന്‍ മരക്കുരിശുമേന്തി ഈശോ മിശിഹയുടെ ക്രൂശിത ദിവസത്തിന്റെ വേദനസ്വയം ഏറ്റുവാങ്ങുന്നതായി സങ്കല്‍പ്പിച്ച് ദീര്‍ഘദൂരം കാല്‍നടയായി മലകയറാറുണ്ട്.

പട്ടിണിയില്‍ക്കഴിയുന്ന അനേകം പാവപ്പെട്ടയാളുകള്‍ക്കുള്ള ഭക്ഷണവും മറ്റും ദിവസേന ആശ്രമത്തില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. അന്തേവാസികളും സന്ദര്‍ശകരും ഭക്ഷണം പാഴാക്കുന്നത് ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആശ്രമത്തില്‍ വലിയൊരു പ്രാര്‍ത്ഥനാ ഹാളുണ്ട്. ഇവിടെ ആളുകള്‍ പ്രാര്‍ഥിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും കാണാം. ആശ്രമത്തോടുചേര്‍ന്നുള്ള ഫാമില്‍ ദിവസേന 1500 ലിറ്റല്‍ പാലാണ് ഉല്‍പാദിപ്പിയ്ക്കുന്നത്.

കുരിശുമലയില്‍ പന്ത്രണ്ടോളം ചെറുകുന്നുകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഉയരം കൂടിയ കുന്നാണ് റെസ്ുറക്ഷന്‍ ഗാരന്‍ഡന്‍. ആത്മീയകേന്ദ്രമെന്നകാര്യം മാറ്റിനിര്‍ത്തിയാലും കുരിശുമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്, ഇവിടുത്തെ പ്രകൃതിഭംഗിതന്നെയാണ് ഇതിന് കാരണം.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമാണ് വാഗമണ്ണിലെ കുരിശുമല. ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്. പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലാണ് കുരിശുമല ആശ്രമം ഉള്ളത്. മലയുടെ മുകളിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്ഥലം കൂടിയാണ്.

മുന്‍പ് പല തവണ ഇന്നേ ദിവസം ഇവിടെ പോയപ്പോഴും, പ്രായം കൂടും തോറും നമ്മുടെ ഉള്ളിലെ വിശ്വസവും കൂടി കൂടി വരും. വാഗമൺ പോകാറുള്ള എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ് പൊയന്റും ആയിരിക്കുമല്ലോ. എന്നാല്‍ വിശ്വസികൾക്ക് പോകാൻ പറ്റി കുരിശുമല വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം…
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്‌.

ഞങ്ങൾ സംഘം ബന്ധുക്ക വീട്ടിൽ നിന്നും രാവിലെ ഒൻപതു മണിയോടെ യാത്ര ആരംഭിച്ചു ഈരാറ്റുപേട്ട തീക്കോയി വാഗമൺ റൂട്ടിൽ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാത. അന്ന് പാറകൾ തുരന്നു പണിത റോഡിൽ നിന്നും ഭാഗികമായി ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ അതെ വീതിയിൽ വലിയ ഒരു വാഹനം വന്നാൽ പലയിടത്തും കഷ്ടി ഒരു വാഹനം കടന്നു പോകാനുള്ള വീഥി മാത്രം ഈരാറ്റുപേട്ടയിൽ നിന്നും വാഗ്മണിലേക്കുള്ള ഇന്നേ ദിവസത്തെ തിരക്കുള്ള യാത്രയിൽ പലയിടത്തും ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ഞങ്ങളുടേത് ഉൾപ്പെട വാഹനങ്ങൾ നിരയായി കിടന്നു

വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്‌താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ “കുരിശിന്റെ വഴിയിലെ” പ്രസിദ്ധങ്ങളായ
“14 സ്ഥലങ്ങള്‍” സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം.

ഞങ്ങൾ മറ്റു പല സംഘത്തിനൊപ്പം മലകയറ്റം ആരംഭിച്ചു കാനനപാതയിൽ കുരിശിന്റെ വഴി ചൊല്ലിയുള്ള യാത്ര.കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ആയിരക്കണക്കിന് നന്നാമത വിശ്വസികൾ മലകയറുകയും ഇറങ്ങുകയും ചെയുന്നു.കഴിഞ്ഞ ദിവസങ്ങൾ പെയ്ത ശക്തമായ മഴ മൂലം യാത്രയിൽ തണുത്ത കാറ്റും കോടയും നമ്മളെ തട്ടി തഴുകി പോകുന്നതിനാൽ മലകയറ്റം ആർക്കും ഒരു മടുപ്പും ഉണ്ടാകില്ല. കൈ കുഞ്ഞുങ്ങളുമായി മലകയറുന്നവർ,സന്ന്യാസി സന്യാസിനികൾ കുഞ്ഞുകുട്ടികൾ എല്ലാവരും ഭക്തി നിർഭലമായി കുരിശിന്റെ വഴി ചൊല്ലി മലമുകളിലേക്ക് നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക് കയറുകയാണോ എന്ന് തോന്നും.നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.

കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്തുമ്പോൾ അവിടെ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്‍. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും കൂറ്റൻ ഈശോയുടെ മൺ പ്രതിമയും … ആ കൊച്ചു മലമുകളിലെ ജന നിബിഡം. ആ മലമുകളില്‍ നില്‍ക്കുമ്പോള്‍
ഈ അനന്തതയില്‍ മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു…

തുടർന്ന് ഞങ്ങൾ വരിവരിയായി പള്ളിയിലേക്ക് പ്രവേശിച്ചു ഈശോയുടെ രൂപത്തിൽ ചുംബിച്ചു നേര്ച്ച ഇട്ടു മുട്ടിൽമേൽ നിന്ന് പ്രാത്ഥിച്ചു. പിന്നെ നീണ്ട ഒരു നിരയുടെ പിന്നിലേക്ക് അണി നിരന്നു നേര്ച്ച കഞ്ഞി കുടിക്കാൻ വര്ഷങ്ങളായി കുരിശുമല കയറുമ്പോളും ഇന്നേ ദിവസം എവിടുന്നു കുടിക്കുന്ന കഞ്ഞിയുടെ സ്വാദ് മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന്‌ ഓര്ത്തു പോകും. എന്റെ ഒപ്പം കയറിയ എന്റെ ഏഴുവയസ്സുകാരി മകളും അത് സാക്ഷ്യം വയ്ക്കുന്നു. കാരണം വീട്ടിൽ കഞ്ഞി കൊടുത്താൽ അവൾ കഴിക്കാറില്ല…

പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര്‍ കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..

കുരിശുമലയുടെ തുടക്കത്തിൽ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഇവിടം പരിപാലിക്കുന്നതും ഇവരാണ്. ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്‍കാറ്റില്‍ മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം എന്ന സ്വപ്നത്തിൽ ഞങ്ങൾ മലയിറങ്ങി……

 

 

തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. അസ്കര്‍ പൊന്നാനി എന്ന യുവാവാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുകയും പരസ്യമായി വീഡിയോ ഇട്ട് ലൂസിഫറിനെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തത്. സൌദിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ കേരള പൊലീസ് നിയമനടപടി സ്വീകരിച്ചതായി ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. നാട്ടിലെത്തിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയിൽ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ, “ലൂസിഫർ”നെ വമ്പൻ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെ വേദനയോടെ ആണ് ഞങ്ങൾ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. “ലൂസിഫർ” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോർഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങൾ സമ്മാനിക്കുന്ന ഈ വേളയിൽ, ഇതിനെ തകർക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകൾ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവർ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗൺലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു “കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

അസ്‌കർ പൊന്നാനി എന്ന് പേരുള്ള ഇയാൾ സൗദി അറേബ്യയിൽ നിന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററിൽ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവർക്കുമുണ്ട്. പക്ഷെ അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.

ഇതിനെ കണ്ടില്ലെന്ന് നടിക്കാൻ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളിൽ ഇത്തരം തെമ്മാടിത്തരങ്ങൾ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇയാൾ ജോലി ചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികൾ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാൾക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയിൽ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുന്നവരെ നേരിടാൻ മറ്റു പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ. ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.

സ്നേഹാദരങ്ങളോടെ, നിങ്ങളുടെ സ്വന്തം ആശീർവാദ് സിനിമാസ്

RECENT POSTS
Copyright © . All rights reserved