Latest News

കാറപകടത്തില്‍ തെലുങ്ക് സീരിയില്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. സീരിയലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ഡ്രൈവര്‍ വണ്ടി തെറ്റിച്ചപ്പോള്‍ റോഡ് സൈഡിലുണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഭാര്‍ഗവി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനുഷ റെഡ്ഡി മരിച്ചത്. ഷൂട്ടിങ്ങിനായി തിങ്കളാഴ്ചയാണ് രണ്ടുപേരും തെലുങ്കാനയിലെ വിക്രാബാദിലെത്തിയത്. കാര്‍ ഡ്രൈവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരിക്കുകളുണ്ട്.

ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ കോടതിയിൽ. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ പണം പിൻവലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..

കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു. ഈ അപേക്ഷയിൽ രണ്ടാഴ്ചക്കകം തീർപ്പിന് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹർജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 95 മണ്ഡലങ്ങള്‍  പോളിങ്ങ് ബൂത്തിലേക്ക്. 11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 44 സിറ്റിങ് എം.പിമാര്‍ ഉള്‍പ്പെടെ 1,625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. സ്ഥാനാര്‍ഥികളില്‍ 427 പേര്‍ കോടീശ്വരന്മാരാണ്.

കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യു.പിയിലെ എട്ടും അസം, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് വീതവും ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 96 മണ്ഡലങ്ങളാണ് നാളെ ബൂത്തിലേക്ക് പോവുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ജനതാദള്‍ എസിന്റെ ശക്തികേന്ദ്രങ്ങളിലും ബെംഗളൂരു നഗരമേഖലയിലുമാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്.

പുതുച്ചേരിയുള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ സീറ്റുകളിലും നാളെ വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നിരവധി പേര്‍ അറസ്റ്റില്‍. ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് ഇരുന്നൂറ് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

നിശബ്ദ പ്രചാരണ ദിവസമായിട്ടും സംഭവബഹുലമായിരുന്നു തമിഴ്നാട്. ആദായനികുതി റെയ്ഡില്‍ ആണ്ടിപ്പെട്ടി നിയോജക മണ്ഡലത്തിലുള്ള ടിടിവി.ദിനകരന്‍റെ പാര്‍ട്ടി ഓഫിസില്‍ നിന്നും ഒന്നരക്കോടിരൂപയാണ് പിടിച്ചെടുത്തത്. ആണ്ടിപ്പെട്ടിയിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ സാത്തൂരിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥി എസ്.ജി.സുബ്രഹ്മണ്യന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വീടിന് പരിസരത്ത് നിന്നുമായി നാല്‍പത്തിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.

വരള്‍ച്ചയും കാര്‍ഷിക പ്രശ്നങ്ങളും രൂക്ഷമായ മഹാരാഷ്ട്രയിലെ മറാഠ്വാധ, വിദര്‍ഭ, സോലാപുര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ബി.ജെ.പി തൂത്തുവാരിയ പശ്ചിമ യു.പിയിലെ എട്ടു സീറ്റുകളില്‍ ഇത്തവണ മഹാസഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്‍ക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ഗേവഗൗഡ മല്‍സരിക്കുന്ന തുമകൂരുവും ഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയും നടി സുമലതയും നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡ്യയും നടന്‍ പ്രകാശ് രാജ് ഇറങ്ങുന്ന ബെംഗളൂരു സെന്‍ട്രലും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മല്‍സരിക്കുന്ന നാന്ദേഡും പ്രീതം മുണ്ഡെയുടെ ബീഡും നടി ഹേമമാലിനിയുടെ മുഥരയും രാജ് ബബ്ബര്‍ ജനവിധി തേടുന്ന ഫത്തേപുര്‍ സിക്രിയുമാണ് സ്റ്റാര്‍ മണ്ഡലങ്ങള്‍.

ബംഗാളില്‍ കോണ്‍ഗ്രസ്–സി.പി.എം ധാരണ യാഥാര്‍ഥ്യമാകാതിരുന്ന റായ്ഗഞ്ചിലും വോട്ടെടുപ്പ് നടക്കും. ഇവിടെ സി.പി.എമ്മിന്റെ മുഹമ്മദ് സലീമും കോണ്‍ഗ്രിന്റെ ദീപാദാസ് മുന്‍ഷിയും കടുത്ത പോരാട്ടമാണ് നടത്തുന്നത്തു

തായ്‍ലൻഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 40 അടി നീളമുള്ള കണ്ടെയ്നർ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്റെ മേൽ കണ്ടെയ്നർ പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.

ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയുടെ വേഗം കൂടിയതാകാം അപകടകാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അധികൃതർ വിശദീകരിച്ചു. കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൊഹസിൻ.

തന്നെ കളളനെന്നു വിളിച്ച രാഹുൽ അപമാനിച്ചത് പിന്നാക്ക സമുദായത്തെ: മോദി
ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബൽ‌പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ല കലക്ടര്‍, ഡിഐജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ അസ്വാഭാവികതയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്ക്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്ലൈയിങ് സ്ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‌സ് വിമാനകമ്പനി സർവീസുകൾ പൂർണമായി നിർത്തുന്നു. ഇന്ന് അര്‍ധരാത്രിമുതൽ സർവീസുകൾ എല്ലാം നിർത്തിവയ്ക്കാനാണ് തീരുമാനം. നിലവിൽ അഞ്ച് വിമാനങ്ങൾ മാത്രമായിരുന്നു സർവീസ് നടത്തിവന്നിരുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ 400കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ ബാങ്കുകളുടെ കൺസോഷ്യം തയ്യാറായില്ല. ഇതോടെയാണ് അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് കമ്പനി മാറിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലായത്. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടന നേരത്തെ ആവശ്യപെട്ടിരുന്നു. ജീവനക്കാരുമായി നാളെ ചർച്ച നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

കമ്പനി സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർ ബോർഡ് അംഗത്വം അടുത്തിടെ രാജിവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയർവേയ്‌സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്മെന്റിന്റെ പ്രവർത്തന പരാജയവുമാണ് ജെറ്റിനെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

മാസങ്ങളായുള്ള ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പലയിടത്തും ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും.

ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മൂന്നാർ കുണ്ടള ഡാമിന്റെ ഷട്ടർ തുറന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ വേനൽ മഴ പെയ്തതിനെത്തുടർന്ന് കുണ്ടള ഡാമിൽ ജലനിരപ്പ് ഉയരുകയായിരുന്നു.അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.

1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.

കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.

രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നു.

കൊച്ചിയില്‍ ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2 വർഷം കൊണ്ട് 50 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ദി സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലില്ലായ്മ വർധിക്കാൻ തുടങ്ങിയത് 2016 നവംബറിനുശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത് 2016 നവംബർ 8ന് ആയിരുന്നു.

നോട്ട് നിരോധനമാണ് തൊഴിൽ കുറയാൻ നേരിട്ടുള്ള കാരണമെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും പഠനത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ നീക്കത്തിനു പിന്നാലെയാണ് തൊഴിൽ കുറഞ്ഞതെന്ന കണക്കുകൾ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019’ എന്ന പേരിലുള്ള റിപ്പോർട്ടിൽ സർവകലാശാല ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല 2015–ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമാണ് കൂടിയത്. 2018–ല്‍ ആറുശതമാനവും. വിദ്യാസമ്പന്നരാണ് തൊഴിലില്ലാതെ വലയുന്നത് എന്നതാണ് മറ്റൊരു വസ്തുത.

സ്ത്രീകളുടെ കാര്യത്തിൽ തൊഴിൽ നഷ്ടം വളരെ ഉയർന്ന തോതിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനം തൊഴിൽ കുറയാൻ കാരണമായോ ഇല്ലയോ എന്നതിനേക്കാൾ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടൻതന്നെ നയപരമായ ഇടപെടൽ ഉണ്ടാകേണ്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ തൊഴില്‍ കമ്പോളത്തിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വലിയ താറുമാറാണ് സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved