വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അലക്‌സ് എന്നിവരാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തിൽ വീടിന്റെ ചുമരിൽ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.
ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതാണ്ട് ഉറപ്പിച്ച താരമായിരുന്നു അമ്പാട്ടി റായിഡു. ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനം റായിഡുവിന് തിരിച്ചടിയായി. ഐപിഎല്ലില്‍ ചെന്നൈക്കായി തിളങ്ങാനും റായഡുവിനായില്ല.
ഇതോടെ ലോക കപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡു പുറത്തായി. പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലെത്തി.
ഏകദിന ടീമില്‍ സമീപകാലത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള റായിഡുവിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വരുമ്പോള്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ട്വിറ്ററില്‍. ലോക കപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നാണ് പകുതി തമാശയായും പരിഹാസമായും റായിഡുവിന്റെ ട്വീറ്റ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കു ശേഷം റായിഡു നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ മോശം ഫോം റായിഡുവിന് തിരിച്ചടിയായി.
മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ ലോകകപ്പില്‍ പന്തെറിയാന്‍ പേടിയാണെന്ന് പറഞ്ഞതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ജസ്പ്രീത് ബൂമ്രയാണ് നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് മലിംഗ പറഞ്ഞു.
ബൂമ്രയുടെ മികവിനെക്കുറിച്ച് നമുക്കെല്ലാം ആറിയാം. മുംബൈ ഇന്ത്യന്‍സിലും ലോക ക്രിക്കറ്റിലും ബൂമ്രയാണ് ഒന്നാം നമ്പര്‍ ബൗളര്‍-മലിംഗ പറഞ്ഞു. ഐപിഎല്ലില്‍ എട്ടു കളികളില്‍ നിന്ന് എട്ടു വിക്കറ്റാണ് ബൂമ്രയുടെ ഇതുവരെയുള്ള നേട്ടം.
മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാകും ബൂമ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
“@Jaspritbumrah93 is the number one bowler in #MI and world cricket.” – Lasith Malinga #OneFamily #CricketMeriJaan #MumbaiIndians #MIvRCB pic.twitter.com/K1tNZdo3vG
— Mumbai Indians (@mipaltan) April 16, 2019
ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു.
കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.
ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച ഹിന്ദുരാഷ്ട്ര സേവകനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചു. ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനാണ് കുട്ടിയെക്കുറിച്ച് വിഷം ചീറ്റുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇതിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്
“ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി”.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് വരുമ്പോള്‍ കേരളം ഒറ്റ മനസുമായി പ്രാര്‍ത്ഥനയിലായിരുന്നു. തെരുവുകളിലെ ജനങ്ങള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. അതോടെ ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി. യോഗി യാതൊരുവിധ അധിക്ഷേപ പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ബി.ജെ.പി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാക്ക് റെക്കോര്‍ഡ് കമ്മീഷന് പരിശോധിക്കാമെന്നും റുപടി നല്‍കാനുള്ള അവകാശം നിഷേധിക്കരുതെന്നും ബി.ജെ.പി വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് യോഗി ആദിത്യനാഥിന് മേല്‍ മൂന്ന് ദിവസത്തെ വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന പച്ച വൈറസാണെന്നും അത് മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയണമെന്നും യോഗി പറഞ്ഞിരുന്നു. സമാന പരാമര്‍ശങ്ങള്‍ മുന്‍പും യോഗി നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. രണ്ടാംഘട്ട പോളിംഗിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിലക്ക് യു.പിയില്‍ ബി.ജെ.പി പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കും.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുന്നത് ഇതാദ്യമായിട്ടാണ്. ഏപ്രില്‍ 18, 19 തീയതികളില്‍ ഉത്തര്‍പ്രദേശിന് പുറത്താണ് യോഗിയുടെ പ്രചാരണ പരിപാടികള്‍. ബി.ജെ.പി പാളയത്തില്‍ പ്രചാരണ രംഗത്തുള്ള ദേശീയ നേതാക്കളില്‍ പ്രമുഖനാണ് യോഗി. വിലക്ക് വന്നതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും. വിലക്ക് നേരിടുന്ന ദിവസങ്ങളില്‍ ബി.ജെ.പി യോഗിയെ പ്രധാന ആകര്‍ഷണമായി പ്രഖ്യാപിച്ചിരുന്ന പ്രചാരണങ്ങള്‍ മാറ്റിവെക്കേണ്ടി വരും.
വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. വർധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പമാണ് പ്രചാരണം. ചിത്രത്തിൽ അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നിൽക്കുന്നത് കാണാം.
ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ”ബിജെപിക്ക് പിന്തുണയുമായി വിങ് കമാൻഡർ അഭിനന്ദൻജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോൾ മികച്ച പ്രധാനമന്ത്രിമാർ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദൻ ബിജെപിക്ക് വോട്ട് ചെയ്തെന്ന് അറിയിക്കൂ.”
ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്. അഭിനന്ദൻ വർധമാൻ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളിൽ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തിൽ കാണുന്നയാൾക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം.
ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് പരിശോധന. വെല്ലൂർ ലോക്സഭ മണ്ഡത്തിലെ തിരഞ്ഞെപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ്, മൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡ് നടന്നത്. അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിഎംകെ ആരോപിച്ചു.
അനധികൃതമായി സൂക്ഷിച്ച പതിനൊന്നര കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് തൂത്തുക്കുടിയിൽ റെയ്ഡ് നടന്നത്. പത്തുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വെല്ലൂര്‍ മാതൃകയില്‍ പരിശോധന നടത്തി, തൂത്തുക്കുടിയിലെ തെരഞ്ഞെടുപ്പു കൂടി റദ്ദാക്കാനായിരുന്നു ശ്രമമെന്ന് ഡിഎംകെ ആരോപിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയും കനിമൊഴിയുടെ എതിർ സ്ഥാനാർഥിയുമായ തമിഴസൈ സൌന്ദര്‍രാജന്റെ വീട്ടില്‍ കോടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഒരു പരിശോധനയും നടന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിൻ ആരോപിച്ചു. ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലിസിന് ആകാശത്തേയ്ക്ക് വെടിവെക്കേണ്ടിവന്നു. ഡിഎംകെ നേതാക്കളുടെയും അനുഭാവികളുടെയും വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത്, വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ അന്തരിച്ചു. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് 4.41 ന് ഡിഫന്‍സ് കോളനിയില്‍ നിന്ന് മാക്‌സ് ഹോസ്പിറ്റലിലേക്ക് ഫോണ്‍ കോള്‍ വന്നു എന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എടുക്കും മുന്‍പ് മരണം സംഭവിച്ചു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 35 വയസ്സായിരുന്നു. ഹൃദായാഘാതമാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ ഡി തിവാരി, തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ൽ ഡൽഹി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തിവാരി പിതൃത്വം നിഷേധിക്കുകയും ചെയ്തു. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ തിവാരി തന്നെയാണ് രോഹിത്തിന്റെ പിതാവ് എന്ന് തെളിഞ്ഞു. പിന്നീട് തിവാരി രോഹിതിനെ മകനായി സ്വീകരിക്കുകയും ചെയ്തു. 2018 ലാണ് തിവാരി അന്തരിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പുറത്തായപ്പോള്‍ മെസി മാജിക്കില്‍ ബാഴ്‌സ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബാഴ്‌സിലോണ തകര്‍ത്തത്. നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ലെയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി കളിയിലെ താരമായി. ഇരു പാദങ്ങളിലായി 4-0 ത്തിന്റെ വിജയമാണ് ബാഴ്‌സ നേടിയത്. ആദ്യപാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സ ജയിച്ചത്.
മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കുടിഞ്ഞ്യോയുടെ വകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിക്കാനായില്ല. മത്സരത്തിന്റെ 16, 20 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന് ബാഴ്‌സ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കി ആധിപത്യം ഉറപ്പിച്ചു. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് കുടിഞ്ഞ്യോയിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.
മെസിയുടെ ടീം സെമിയില്‍ പ്രവേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് തിരിച്ചടിയായി. റോണോയുടെ യുവന്റസ് ലീഗില്‍ നിന്ന് പുറത്തായി. ഡച്ച് ശക്തികളായ അയാക്‌സിനോട് പരാജയം വഴങ്ങിയാണ് യുവന്റസ് ലീഗില്‍ നിന്ന് പുറത്തായത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് അയാക്‌സ് സെമിയില്‍ കടന്നു.
ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് പരാജയം സമ്മതിക്കുകയായിരുന്നു. രണ്ട് പാദങ്ങളിലുമായി 3-2 ന് വിജയിച്ചാണ് അയാക്‌സ് സെമി പ്രവേശനം നടത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 28-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി യുവന്റസ് കളം നിറഞ്ഞെങ്കിലും 34, 67 മിനിറ്റുകളില്‍ അയാക്‌സ് തിരിച്ചടിച്ചു. 34-ാം മിനിറ്റില്‍ വാന്‍ ഡി ബീക്കും 67 -ാം മിനിറ്റില്‍ മാത്തിയിസ് ഡി ലിറ്റുമാണ് അയാക്‌സിനായി ഗോള്‍ നേടിയത്.