കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപയെന്ന് സൂചന. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് നിപയെന്ന സംശയം ഉയര്‍ത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. അതിനുശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷത്തിലാണ്. നിപ സംശയം തൊടുപുഴ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കാണ്. പറവൂര്‍ സ്വദേശിയാണ്. അതേസമയം, വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥി തൃശ്ശൂരിലെത്തിയിരുന്നതായും വിവരമുണ്ട്.

യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്. തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി പഠിച്ച കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ. മുന്‍കരുതല്‍ നടപടികള്‍ എടുത്തുവെന്നും ഡിഎംഒ വ്യക്തമാക്കി. കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഘ സംഘം കൊച്ചിയിലെത്തും.