മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെയ്ദുൽ ഖാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.
മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരെ സ്വകാര്യശുപത്രികളിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.
ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.
ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 37), കീറണ്‍ പൊള്ളാര്‍ഡ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയതാണ് മുംബൈയുടെ വിജയം വൈകിപ്പിച്ചത്.
നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.
പാര്‍ത്ഥിവ് പട്ടേല്‍ (20 പന്തില്‍ 28), വിരാട് കോലി (8), മാര്‍കസ് സ്‌റ്റോയിനിസ് (0), അക്ഷ്ദീപ് നാഥ് (2), പവന്‍ നേഗി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 120 സീറ്റ് മാത്രമേ ലഭിക്കൂ എന്നു പറഞ്ഞ് താന്‍ എഴുതിയെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എൽ.െക.അഡ്വാനിക്ക് അയച്ചു എന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിലുള്ള കത്ത്സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ ആം ആദ്മിക്ക് നാല് സീറ്റ് നൽകാമെന്ന് രാഹുൽ വ്യക്തമാക്കി. സഖ്യസാധ്യത വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാൾ ആണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്്. കോണ്‍ഗ്രസ് –എഎപി സഖ്യമെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്നും രാഹുല്‍ പറഞ്ഞു.
നേരത്തെ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെച്ചൊല്ലി കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. തുടർന്ന് അന്തിമ തീരുമാനം രാഹുലിന് വിടുകയായിരുന്നു. ഡൽഹിയിൽ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. എന്നാൽ സഖ്യം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചത്.
സഖ്യസാധതയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ നടത്തിയ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് രാഹുൽ അനുകൂല തീരുമാനമെടുത്തത്. അനുകൂല തീരുമാനം എടുത്ത ശേഷവും പല വിഷയങ്ങളില്‍ തട്ടി നീക്കം പൊളിയുകയായിരുന്നു. ഡല്‍ഹിയില്‍ മാത്രം സഖ്യം പോരെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട് എന്നാണ് സൂചന.
ജയലളിതയില്ലാതെ ഒരു തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ആശങ്കയിലാണ് തമിഴകത്ത് അണ്ണാ ഡിഎംകെ. കരുണാനിധിയുടെ വിടവാങ്ങലിന് ശേഷം ഡിഎംകെ പാളയത്തിലും സ്ഥിതി തുല്യമാണ്. ഇതിനൊപ്പം കമൽഹാസന്റെ മക്കൾ നീതി മയ്യം ഉയർത്തുന്ന വെല്ലുവിളികളും ഏറെ. ഇത്തരത്തിൽ കലങ്ങി മറിയുന്ന തമിഴകത്തിലേക്ക് പുതിയ ആശങ്ക ഉയർത്തുകയാണ് വിജയ്. ഇളയദളപതി വിജയ്യുടെ ഭാഗത്ത് നിന്ന് പുതിയ രാഷ്ട്രീയനീക്കം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് തലവേദനയാകുന്ന തരത്തിലാണ് തമിഴകത്ത് വിജയ്യുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഇൗ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പിന്തുണ നൽകണമെന്ന് വിജയ് ആരാധകർക്ക് രഹസ്യസന്ദേശം നൽകിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം തന്നെ വലിയ ആരാധക കൂട്ടമുള്ള താരത്തിന്റെ നീക്കം അണ്ണാ ഡിഎംകെയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷൻ തമിഴകത്ത് സജീവമാണ്. ഇതിനെ രാഷ്ട്രീയ കക്ഷിയാക്കി താരം മാറ്റുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങൾക്കെതിരെ അണ്ണാ ഡിഎംകെയും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം താരം ഭയക്കാതെ തന്നെയാണ് മുന്നോട്ടുപോയത്. ഇതിന് പിന്നാലെ സർക്കാർ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന് താരം നടത്തിയ പ്രസംഗം പുതിയ രാഷ്ട്രീയമാനങ്ങൾ ഉള്ളതായിരുന്നു. വിജയ് ആരാധകരും അണ്ണാ ഡിഎംകെ പ്രവർത്തകരും പല സ്ഥത്തും ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ അവസരത്തിലാണ് താരത്തിന്റെ രഹസ്യപിന്തുണ ഡിഎംകെ സഖ്യത്തിന് ലഭിക്കുന്നതെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ‘ദുരൂഹ’പെട്ടി സംബന്ധിച്ച് മൗനം വെടിഞ്ഞ് ബിജെപി. നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന ദൂരൂഹപ്പെട്ടിയില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ആരോപണം. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം.
സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.
പെട്ടി കയറ്റിയ വാഹനം മോദിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്‍റ് കെ.എസ് നവീന്‍ പറഞ്ഞു.
മുണ്ടക്കയം കരിനിലത്തു അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനീല പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (70) മകൻ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മുക്കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മധുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തുന്നു. ഇന്ത്യയുടെ യുവ പ്രതീക്ഷ ഋഷഭ് പന്തിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രം കുറിച്ച് വിരാട് കോലിയും സംഘവും പരമ്പര നേടിയപ്പോള്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് പന്ത് ആരാധകരുടെ പ്രിയ യുവതാരമായി മാറിയത്.
ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തിന് പിന്നീടുള്ള മത്സരത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യുവതാരത്തിന് അര്‍ഹതയുണ്ടെന്ന പക്ഷക്കാരാണ് ക്രിക്കറ്റ് ആരാധകരില്‍ ഏറിയപങ്കും. ധോണിയുടെ പകരക്കാരനായി പോലും പന്തിനെ വാഴ്ത്തുന്നവരും കുറവല്ല. മികച്ച ഭാവിയുള്ള യുവതാരത്തിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
റിഷഭ് പന്തിനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയത് വിചിത്രമായ കാരണങ്ങള്‍. പന്ത് ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായതിനാലാണ് ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കുന്നു.
മധ്യനിര ബാറ്റ്സ്മാന്‍ അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ദിനേശ് കാര്‍ത്തിക്കിനെതിരായാണ് പ്രതിഷേധം. പന്തിന്‍റെയും റായുഡുവിന്‍റെയും സാധ്യതകളെ തട്ടിത്തെറിപ്പിച്ചത് കാര്‍ത്തികാണെന്ന് പലരും ട്വിറ്ററിലൂടെ വിമര്‍ശിച്ചിട്ടുണ്ട്.
വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.
കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.
സൗദിയിൽ കേരളത്തിന്റെ തനത് വസ്ത്രമായ മുണ്ടെടുത്ത് പുറത്തിറങ്ങുന്നത് നിയമ ലംഘനമാണെന്ന വ്യാജ പ്രചാരണം സജീവം. സൗദി അറേബ്യയിൽ പാലിക്കേണ്ട പൊതുമര്യാദകളും ലംഘിച്ചാലുള്ള ശിക്ഷയും സംബന്ധിച്ച നിയമത്തിന് കഴിഞ്ഞ ദിവസം ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇത് സംബന്ധിച്ച് അറബി ചാനലുകളിൽ വന്ന വാർത്തയുടെ ക്ലിപ്പ് തെറ്റായി പരിഭാഷപ്പെടുത്തിയാണ് പ്രചാരണം. സൗദിയിൽ മുണ്ടെടുത്ത് പുറത്തിറങ്ങന്നതിന് നിലവിൽ ഒരു വിലക്കും ഇല്ല.
അതേസമയം രാജ്യത്ത് നിഷ്കർഷിക്കുന്ന തരത്തിൽ മാന്യമായി വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയും തടവും അനുഭവിക്കേണ്ടി വരും. സന്ദർശക വിസയിൽ കേരളത്തിൽ നിന്നെത്തുന്ന പ്രായം കൂടിയവർ തനത് വസ്ത്രമായ മുണ്ടാണ് ഉപയോഗിക്കുന്നത്. വ്യാജ വാർത്ത പരന്നതോടെ സത്യാവസ്ഥ അറിയാതെ പലരും വീടിന് പുറത്തിറങ്ങാതെയായി. അടി വസ്ത്രങ്ങൾ ഉൾപ്പടെയുള്ള വസ്ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നതാണ് നിലവിൽ വിലക്കിയിട്ടുള്ളത്.
പൊതു സ്ഥലങ്ങളിൽ അനുമതിയില്ലാതെ രഹസ്യ ക്യാമറകൾ ഉപയോഗിക്കൽ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം എഴുതി വെച്ച സീറ്റിൽ ഇരിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ,ലൈസൻസില്ലാതെ പരസ്യ പോസ്റ്റ്റുകൾ പതിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ,നിരോധിത മേഖലകളിൽ പുകവലിക്കൽ, അതിന്റെ വേസ്റ്റ് പൊതു ഇടങ്ങളിൽ വലിച്ചെറിയാൻ, തുടങ്ങി പതിനേഴ് പൊതു മര്യാദകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചു മാസം തടവും പതിനായിരം റിയാൽ പിഴയും ഈടാക്കണമെന്നുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
വ്യാജ വാർത്ത പ്രചരിപ്പിക്കൽ സൗദിയിൽ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വ്യാജവാർത്തകൾ കിട്ടിയ ഉടനെ വാട്സ്ആപ്പ്,ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് മലയാളികൾ മാറി നിൽക്കണമെന്നും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ നിയമക്കുരുക്കിൽ അകപ്പെടുമെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.