Latest News

ആറ്റിങ്ങൽ: പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി ഹോളോബ്രിക്‌സ് കമ്പനിയുടെ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം പോലീസിന് ലഭിച്ചു. പശ്ചിമബംഗാൾ ജൽപായ്ഗുരി ജില്ല സ്വദേശിയായ ബിമൽ(33)ആണ് ഞായറാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ജൽപായ്ഗുരി സ്വദേശി അമലിനെ(25) സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ ചിത്രമാണ് ചൊവ്വാഴ്ച രാത്രി പോലീസ് പുറത്തുവിട്ടത്.

ആറ്റിങ്ങൽ പൂവമ്പാറ-മേലാറ്റിങ്ങൽ റോഡിന് സമീപം പ്രവർത്തിക്കുന്ന എ.എം.ഹോളോബ്രിക്‌സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബിമൽ. മൂന്നാഴ്ച മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. പശ്ചിമബംഗാളിൽ നിന്നെത്തി ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാഹുൽ എന്നയാളാണ് ബിമലിനെ ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ചത്. ബിമലാണ് രണ്ടാഴ്ച മുമ്പ് അമലിനെ ഇവിടെ ജോലിക്ക് കൊണ്ടുവരുന്നത്.

സ്ഥാപനം നടത്തുന്ന മോഹൻകുമാർ ഇവരുടെ ഒരു വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. കാണാതായയാളുടെ ഫോൺനമ്പർപോലും ഉടമയുടെ കൈയിലുണ്ടായിരുന്നില്ല. ഇത് പോലീസിനെ ഏറെ വലച്ചു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം നാടറിയുന്നത്. ബർമുഡയും ടീഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ബിമലിന്റെ മൃതദേഹം. കഴുത്തിന്റെ വലതുവശത്ത് വൃത്താകൃതിയിൽ തുളഞ്ഞുകയറിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം തോർത്തുകൊണ്ട് മറച്ച നിലയിലായിരുന്നു.

മുറിയിൽനിന്ന്‌ മദ്യം വാങ്ങിയ ബില്ല് മാത്രമാണ് തിങ്കളാഴ്ച പോലീസിന് ലഭിച്ചത്. വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച സ്ഥാപന ഉടമ ഇവരുടെ കൂലി കണക്കാക്കി മൂവായിരം രൂപ നല്കിയിരുന്നു. ഈ പണവും ബിമലിന്റെ മൊബൈൽഫോണുമുൾപ്പെടെ സകലതും കാണാതായിട്ടുണ്ട്.

ബിമലിന്റെ മൊബൈൽ കഴക്കൂട്ടത്ത് വച്ച് സ്വിച്ച്‌ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മൊബൈലിലേക്ക്‌ വന്നതും പോയതുമായ വിളികളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് അമലിന്റേതെന്ന് കരുതുന്ന ഒരു നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പർ പ്രവർത്തനരഹിതമാണ്. മറ്റൊരാളിന്റെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് എടുത്തിട്ടുള്ളതാണ് ഈ നമ്പർ.

പൂവമ്പാറയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തും മുമ്പ് ബിമലും അമലും കരമനയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്ക് നിന്നതായി കണ്ടെത്തിയ പോലീസ് അവിടെ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അമലിന്റെ ചിത്രം ലഭിച്ചത്. ഈ കമ്പനിയിലും ജോലിക്കുനിന്നവരെക്കുറിച്ച് ഒരു രേഖയും സൂക്ഷിച്ചിരുന്നില്ല.

ഇരുവരും രണ്ടാഴ്ചമാത്രമാണ് കരമനയിൽ ജോലിക്ക് നിന്നത്. അവിടെ ഒപ്പം ജോലിചെയ്തിരുന്നവരുടെയും ഇരുവരുടെയും ഫോണിലേക്ക്‌ വിളിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രം ലഭ്യമായത്. അമലിനെ കരമനയിൽ ജോലിക്ക് ചേർത്ത ബംഗാൾ സ്വദേശി നാട്ടിലേക്ക്‌ മടങ്ങിപ്പോയി. അയാളുടെ ഫോണും പ്രവർത്തനരഹിതമാണ്.

ബിമലിനെ കമ്പനിയിൽ ജോലിക്ക് ചേർത്ത രാഹുലിനെ പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ബിമലിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി എസ്.ഐ. എം.ജി.ശ്യാം പറഞ്ഞു. ഇവർ ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ബിമലിന്റെ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിലി ഗ്രൂപ്പ് പോര് ശക്തമാകുന്നു. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. നിലവില്‍ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനം വന്നതോടെ പത്തനംതിട്ട സീറ്റ് കൈവിടാതിരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് കെ. സുരേന്ദ്രന്‍. സുരേന്ദ്രനെയാണ് ആര്‍.എസ്.എസിനും താല്‍പ്പര്യം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ മാറ്റിനിര്‍ത്തുക എളുപ്പത്തില്‍ സാധ്യമാകാതെ വന്നതോടെയാണ് ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്.

പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്റെ മണ്ഡലമാണ് പത്തനംതിട്ടയെന്നും മറ്റൊരിടത്തും മത്സരിക്കില്ലെന്ന നിലപാടിലാണ് കണ്ണന്താനം. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ദില്ലി:വയനാട് സീറ്റിൽത്തട്ടി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ത്രിശങ്കുവിലായിട്ട് ദിവസം നാലായി. ബാക്കിയെല്ലാ സീറ്റുകളിലും ഏകദേശ ധാരണ ആയിട്ടും വയനാട് സീറ്റിനെച്ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിൽ തുടരുന്നത്. വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍. സംസ്ഥാന നേതാക്കൾക്കിടയിലും സ്ക്രീനിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും അതിന് ശേഷം എഐസിസി പ്രതിനിധികളുടെ മധ്യസ്ഥതയിലും പലവട്ടം ചർച്ച നടന്നിട്ടും വയനാട് അഴിക്കുംതോറും മുറുകുകയാണ്.

സീറ്റ് തർക്കം പരിഹരിക്കാനുള്ള ചർച്ചയിൽ പല ഫോർമുലകൾ വന്നു, പല പേരുകളുയർന്നു. ഇടയ്ക്ക് ഉമ്മൻചാണ്ടി പരിഭവിച്ച് മടങ്ങി. പിന്നെയും തിരികെയെത്തി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് പകുതി കാര്യവും പകുതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ നേരത്ത് ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.

വയനാട്ടിൽ നിന്ന് രാഹുൽ മത്സരിച്ചാൽ കേരളത്തിൽ മാത്രമല്ല, കർണ്ണാടകയിലും അതിന്‍റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കൾ തമാശരൂപേണ പറഞ്ഞു. കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതുകൂടി മനസിൽ വച്ചായിരുന്നു കേരള നേതാക്കൾ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്‍റെ മനസറിയാൻ ഒന്നു ശ്രമിച്ചത്.

തമാശയാണെന്ന് മനസിലായെങ്കിലും രാഹുലിന്‍റെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞു. പക്ഷേ ഉത്തർപ്രദേശിൽ മത്സരിക്കുന്നതിലാണ് തന്‍റെ ശ്രദ്ധ മുഴുവനെന്നും അമേഠിയിൽ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചുപിരിഞ്ഞു. അതിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടായതുമില്ല.

ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ തിങ്കളാഴ്ചയാണ് അനിൽ അംബാനി കെട്ടിവച്ചത്. എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ റിലയൻസിന് സുപ്രീം കോടതി നല്കിയ സമയപരിധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് ഇത്രയും തുക അനില്‍ അംബാനി നല്‍കിയത്.

എന്നാല്‍ തന്‍റെ കയ്യില്‍ തുകയില്ലെന്ന് പറഞ്ഞ അംബാനി എവിടുന്ന് ഇത്രയും തുക തയ്യാറാക്കി എന്നതിന്‍റെ ഉത്തരമാണ് അനില്‍ അംബാനിയുടെ പത്രകുറിപ്പ്. അനില്‍ അംബാനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ കമ്പനി വക്താവ് ആണ് ഈ വാര്‍ത്ത കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സമയോചിതമായ പിന്തുണയ്ക്ക് നന്ദി എന്നാണ് വാര്‍ത്തകുറിപ്പില്‍ പ്രധാനമായും പറയുന്നത്. ഇതിലൂടെ തന്നെ അനില്‍ അംബാനിയെ പണം കൊടുത്ത് സഹായിച്ചത് സഹോദരനും ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയാണെന്ന് വ്യക്തം.

എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ് നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്നും കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും ഭാവിയിലും. നിങ്ങള്‍ നിങ്ങളുടെ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു – അനിലിന്‍റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

നേരത്തെ എറിക്സന്‍റെ കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.

46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച കോൺഗ്രസ് അനിൽ അംബാനിക്കെതിരായ ഈ കേസും ആയുധമാക്കിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പ് അടുത്ത് നില്‍ക്കെ കളിക്കാര്‍ എത്രത്തോളം ഐപിഎല്ലില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.

സൂപ്പര്‍ താരങ്ങള്‍ ഒരു ടീമില്‍ അണിനിരക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. എന്നാല്‍, ഇക്കുറി ഐപിഎല്ലില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കോഹ്ലിയുടെ ക്യാപ്റ്റന്‍സി പരീക്ഷ

ഐപിഎല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വമ്പന്‍ പ്രതീക്ഷയുമായെത്തുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ പോന്ന ഒരു കിരീടം പോലും നേടിയിട്ടില്ല. ഇക്കുറി കൂടി ടീം ദയനീയ പ്രകടനം നടത്തിയാല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നു തുടങ്ങും. മികച്ച കളിക്കാരന്‍ ആണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലിയില്‍ കോഹ്ലിയെ ധോണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ഇ്ന്ത്യന്‍ ക്യാപ്റ്റനായ കോഹ്ലി നെഗറ്റീവ് സോണിലാണ്. ഇക്കുറിയാകും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിക്ക് യഥാര്‍ത്ഥ പരീക്ഷ.

ഇന്ത്യന്‍ പേസര്‍മാരുടെ വര്‍ക്ക്‌ലോഡ്

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍ യഥാക്രമം മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി എന്നീ ടീമുകളുടെ സുപ്രധാന താരങ്ങളാണ്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഐപിഎല്ലില്‍ ഇവര്‍ക്ക് വിശ്രമം നല്‍കി ലോകകപ്പിന് ഫ്രഷ് ആയി ഇറങ്ങണമെന്നാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നതെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. ഈ താരങ്ങളെ ലോകകപ്പിനുള്ള ഫിറ്റ് നിലനിര്‍ത്തുന്നതിനായി ഫ്രാഞ്ചൈസികളുടെ പരിശീലകരും ഫിസിയോസും കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഇവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിപ്പിച്ചാല്‍ മതിയെന്നും ഇന്ത്യന്‍ ആരാധകര്‍ കരുതുന്നു. എങ്കില്‍ മാത്രമേ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇവരുടെ ആവനാഴിയില്‍ എന്തെങ്കിലുമുണ്ടാകൂ.

സംശയങ്ങള്‍ക്ക് രഹാനെ മറുപടി നല്‍കുമോ

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍, അജിന്‍ക്യ രഹാനെ എന്ന താരത്തിന് കഴിഞ്ഞ കുറെയായി ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിൡവന്നിട്ടില്ല എന്നത് പല കോണുകളിലും വിമര്‍ശനങ്ങളുയരാന്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.

ഫിംഗര്‍ സ്പിന്നര്‍മാരുടെ പ്രധാന്യം

യുസ്വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഫിംഗര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും ഭാവിയാണ് മറ്റൊന്ന്. ജഡേജയ്ക്ക് പിന്നെയും അവസരങ്ങളുണ്ടെങ്കിലും അശ്വിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഐപിഎല്ലിലുള്ള പ്രകടനം ഒരു പക്ഷേ കാര്യങ്ങള്‍ മാറ്റി മറിച്ചേക്കാം.

വിജയ് ശങ്കറും നാലാം നമ്പറും

ഇന്ത്യന്‍ ടീമിന്റെ ലോകപ്പ് പ്ലാനുകളില്‍ വിജയ് ശങ്കര്‍ എന്ന ഓള്‍ റൗണ്ടറുമുണ്ട്. ടോപ്പ് ഓര്‍ഡറില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും.

പുത്തന്‍ താരോദയങ്ങള്‍

8.4 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ തമിഴ്‌നാടിന്റെ ‘നിഗൂഢ’ സ്പിന്നര്‍ സി വരുണ്‍, ആര്‍സിബി അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കിയ ശിവം ദുബെ, 5.8 കോടിക്ക് പഞ്ചാബ് ടീമിലെടുത്ത പ്രഭ്ഷിംറന്‍ സിങ്, ആര്‍സിബിയുടെ 3.6 കോടിയുടെ താരം ആകാശ്ദീപ് നാഥ് തുടങ്ങിയവരാണ് പുതു പ്രതീക്ഷകള്‍.

സ്മിത്തിന്റെയും വാര്‍ണറിന്റെയും തിരിച്ചുവരവ്

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും തിരിച്ചുവരവാണ് ഐപിഎല്ലില്‍ കാത്തിരിക്കുന്ന മറ്റൊന്ന്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും മികവ് തെളിയിച്ച് താരങ്ങള്‍ തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഹാര്‍ദിക്കിന്റെ പരിക്ക്

പരിക്കും വിലക്കും വലയ്ക്കുന്ന പാണ്ഡ്യയുടെ കാര്യത്തില്‍ ഐപിഎല്ലോടെ ഒരു തീരുമാനമാകും. പരിക്കില്‍ നിന്നും മോചിതനായി ഐപിഎല്ലിനിറങ്ങുമെന്ന വാര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരുന്നതാണെങ്കിലും താരത്തിന്റെ പ്രകടനമാകും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുക.

വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവ് മോദി ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരവ് മോദിയെ എക്‌സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പ് വച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം നിരവ് മോദി ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങും. കോടതി ഉത്തരവിട്ടാല്‍ നിരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ ഉത്തരവില്‍ യുകെ ഗവണ്‍മെന്റ് ഒപ്പ് വയ്ക്കും. 2018 ജനുവരിയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും അറസ്റ്റും ഒഴിവാക്കാനായി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും മുങ്ങിയത്.

മെഹുല്‍ ചോക്‌സി ആദ്യം യുഎസിലെത്തുകയും ഇവിടെ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടക്കുകയും ചെയ്തു. നിരവ് മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ഫോട്ടോകള്‍ യുകെയിലെ ദ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടിരുന്നു. സോഹോയില്‍ ഒരു വജ്രവ്യാപാര സംരംഭം നിരവ് മോദി തുടങ്ങിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിനിമ ആസ്വാദകർ എല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്’. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ഒന്നിക്കുന്നുവെന്നതാണ് ഇതിനു കാരണം. ടറന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് ലഭിക്കുന്നത്.

ഒരു മിസ്റ്ററി ക്രൈം ചിത്രമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്’. സിനിമയിലേക്ക് ചേക്കാറാൻ ശ്രമിക്കുന്ന ടെലിവിഷൻ താരമായ റിക്ക് ഡല്‍ടണ്‍‌ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ചിത്രം തിയേറ്ററിൽ എത്തും.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രമോദ് സാമന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി നേതൃത്വം പരിഗണിച്ചത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള നീക്കത്തില്‍ ഇടഞ്ഞു നിന്ന സഖ്യകക്ഷികളെ അനുനയിപ്പിച്ചായിരുന്നു പ്രമോദിന്റെ സത്യപ്രതിജ്ഞ. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ കൂടാതെ ബിജെപിയുടെ കൂടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കി.

ഗോവ സര്‍ക്കാരിനെ സംബന്ധിച്ച 4 കാര്യങ്ങള്‍

1. പ്രമോദ് സാവന്ത് തന്റെ 12 അംഗ മന്ത്രിസഭയില്‍ മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവ നിയമസഭയുടെ സ്പീക്കറായിരുന്നു പ്രമോദ്.

2. ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണുന്നതിനായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിക്കൊപ്പം പോകുന്നതിനിടയില്‍ പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ വളരെ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിരിക്കുന്നത്. സാധിക്കുന്നതിന്റെ പരമാവധി അത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഇന്ന് ഞാന്‍ എന്താണെന്നതിനുള്ള കാരണം മനോഹര്‍ പരീക്കറാണ്.

3. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായിയും മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിയുടെ (എംജിപി) സുധിന്‍ ധ്വാളിക്കറും പുതിയ ഡപ്യൂട്ടി ചീഫ് മിനിസ്റ്ററായി ചുമതലയേറ്റു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും അവകാശവാദം ഉന്നയിച്ചിരുന്നു.

4. രണ്ട് എംജിപി മെമ്പര്‍മാരെ എത്തിക്കാന്‍ സാധിച്ചത്തോടെ അസംബ്ലിയില്‍ ബിജെപിയ്ക്ക് 20 അംഗങ്ങളായി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു.

പരീഖറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചും ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.

കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഇന്ത്യയിലേയും വിദേശത്തേയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീഖര്‍. പരീഖര്‍ക്ക് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. പരീഖര്‍ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നമില്ല. രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് മനോഹര്‍ പരീക്കര്‍ മരണമടഞ്ഞത്.

ഇ‍‌ഡൈ ചുഴലിക്കാറ്റിൽ മൊസാംബിക്കിൽ മാത്രം 1000 പേർ മരിച്ചിരിക്കാനിടയുണ്ടെന്ന് പ്രസിഡന്റ്റ് ഫിലിപ്പ് ന്യൂസി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റുമായി നിരവധി പേർ മരിച്ചിട്ടുണ്ടെന്നും നദികളിലൂടെ ഒഴുകി വരുന്ന ശവശരീരങ്ങളുടെ കണക്ക് വെച്ച് 1000 പേർ മരിച്ചതായി രേഖപ്പെടുത്തേണ്ടി വരുമെന്നും ഇദ്ദേഹം ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത അനുദിനം വർധിച്ച് വരുന്നതുകൊണ്ട് തുടർന്നും ആയിരക്കണക്കിനാളുകൾ മരിച്ചേക്കാം എന്ന് ഭയക്കുന്നതായും ന്യൂസി അറിയിച്ചു.

രാജ്യം നേരിട്ട ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തമാണിതെന്നാണ് പരിസ്ഥിതി മന്ത്രി സെൽസോ കൊറൈയ പറയുന്നത്. 215 പേരുടെ മരണം അധികൃതർ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നും ഗവർമെന്റ് ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊസാംബിക്കിലെ പല സ്ഥലങ്ങളിലെയും വിവരവിനിമയ ശൃംഖലകളെല്ലാം തകരാറിലായതിനാൽ ആകെ മൊത്തം എത്ര പേർ മരിച്ചുവെന്നോ എത്ര വീടുകൾ നഷ്ടപ്പെട്ടെന്നോ എത്രപേരെ കാണാതായെന്നോ തിട്ടപ്പെടുത്താനായിട്ടില്ല.

പുങ്ങ്വേ നദി ഒഴുകി കടലിലേക്ക് ചേരുന്ന സ്ഥലമായ ബിറയും പരിസര പ്രദേശങ്ങളും ഏതാണ്ട് പൂർണ്ണമായും തന്നെ വെള്ളത്തിനടിയിലായി. ഈ പ്രദേശത്തെ വിവരവിനിമയ ശൃംഖല പൂർണ്ണമായും തകരാറിലായതിനാൽ അത്യാവശ്യ ഘട്ടത്തിൽ സഹായം തേടാൻ പോലുമാകാതെ പല വീടുകളും വെള്ളത്തിൽ മുങ്ങുകയാണ്. സംഭരണക്ഷമതയേക്കാൾ കൂടുതൽ വെള്ളം പതിച്ചതിനാൽ പ്രദേശത്ത് ഒരു ഡാം പൊട്ടിയതോടുകൂടി ബെയ്റ നഗരത്തിലെ അവസാനത്തെ റോഡും വെള്ളത്തിനടിയിലായി.

“ഏതുവിധേനയും ആളുകളുടെ ജീവന്‍ രക്ഷിക്കുക, ബാക്കിയെല്ലാ കാര്യങ്ങളും പിന്നെ” എന്നാണ് പരിസ്ഥിതി മന്ത്രി പറയുന്നത്. മൊസാംബിക്കിൽ ആദ്യം വീശിയടിച്ച ചുഴലിക്കാറ്റ് സിംബാവെയിലേക്കും പരന്നിട്ടുണ്ട്. സിംബാവെയിലും നൂറുകണക്കിനാളുകൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ നടന്‍റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി അറയ്ക്കൽ ഹരീഷ് , പഴയതോപ്പിൽ അനൂപ് എന്നിവർക്ക് പരിക്കേറ്റു.നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്

RECENT POSTS
Copyright © . All rights reserved