പനജി: മനോഹർ പരീക്കറിന്റെ മരണ വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഗോവയിൽ തിരക്കിട്ട ചർച്ചകൾ. കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന അനിശ്ചിതത്വങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. അധികാരത്തിൽ തുടരാൻ ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസും നീക്കങ്ങൾ സജീവമാക്കുകയാണ്.
ഞായറാഴ്ച രാത്രിയോടെ ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി എംഎൽഎമാരുമായും സഖ്യകക്ഷി എംഎൽഎമാരുമായും ചർച്ച നടത്തി. മറുവശത്ത് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറിന്റെ വസതിയിലായിരുന്നു കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നത്. ഭരണം പിടിച്ചെടുക്കാനുള്ള ഭാവി നടപടികൾ തന്നെയായിരുന്നു അവിടെയും ചർച്ച.
ഗോവയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യത കോൺഗ്രസ് ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഇടക്കാല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇരുപാർട്ടികൾക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ നിയമസഭ സസ്പെൻഡ് ചെയ്യുമെന്നാണ് കരുതുന്നത്.
നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഒരു പാർട്ടിക്കുമില്ല. ആകെ 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. രണ്ട് കോൺഗ്രസ് എംഎൽഎമാർ നേരത്തെ രാജിവച്ചിരുന്നു. ഫ്രാൻസിസ് ഡിസൂസയുടെയും മനോഹർ പരീക്കറിന്റെയും മരണം കൂടിയായതോടെ എംഎൽഎമാരുടെ എണ്ണം 36 ആയി കുറഞ്ഞു.
നിലവിൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസാണ്. 14 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 12 എംഎൽഎമാരുണ്ട്. എന്നാൽ പാണ്ടുരാംഗ് മഡ്കായ്ക്കാർ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് ഭരണത്തിൽ തുടരാനുള്ള ഭൂരിപക്ഷം ഇല്ലായെന്ന് കോൺഗ്രസ് വാദമുയർത്തുന്നത്.
അന്‍പത് ജീവനെടുത്ത വെടിയൊച്ചകളുടെ മുഴക്കം ഇനിയും മാഞ്ഞിട്ടില്ല. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ബ്രൻഡൻ ടറന്റോ എന്ന അക്രമി തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു കുറിപ്പ് ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനുട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഈ പ്രസ്താവന ഇ–മെയിലിൽ അയച്ചിരുന്നു.
കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ഭീകരന്‍ ബ്രെന്‍ഡന്‍ ടറന്റോ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാള്‍ ഉന്നതരാണ് എന്ന് വിശ്വസിക്കുന്നവരിൽ പെട്ടവരാണ് ടറന്റോ. കടുത്ത മുസ്‍ലിം വിരുദ്ധതയും കറുത്തവർക്കും ഏഷ്യൻ വംശജർക്കുമെതിരെ വെറുപ്പും സൂക്ഷിക്കുന്നവരാണിവർ. ഇവരുടെ അടയാളമായ ചിഹ്നമാണ് ടറന്റോ കോടതിമുറിയിൽ കാണിച്ചത്.
”ഇത് ഗോത്രങ്ങളെ പുനസ്ഥാപിക്കലാണ്. ഇത് സംസ്‌കാരത്തെ പുനസ്ഥാപിക്കലാണ്. ഇത് വംശത്തെ പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ്”, ടറന്റോ തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍ പറയുന്നു.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിജെപി. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്ന് സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും. തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരും ടോം വടക്കന്‍ എറണാകുളത്തും സാധ്യത. പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല.
പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണ് കെ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. കെ സുരേന്ദ്രനും എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി രമേശിന്‍റെ നിലപാട്.
പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെയും ആര്‍എസ്എസിന്‍റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴ മല്‍സരിക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിന് വിട്ടുനല്‍കി പകരം എറണാകുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ടോം വടക്കന്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:
മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.
റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.
മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.
ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.
ന്യൂഡല്‍ഹി: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടോം വടക്കന്‍. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തിരക്കേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ടോം വടക്കന്റെ പ്രസ്താവന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഉപാധിയൊന്നുമില്ലാതെയാണ് ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃശൂരില്‍ സീറ്റ് നല്‍കിയാല്‍ വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസിനോട് വടക്കന്‍ ആവശ്യപ്പെട്ട സീറ്റും തൃശൂരിലേതായിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് തുറന്നു പറഞ്ഞതോടെയാണ് വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്നും സൂചനയുണ്ട്. നേരത്തെ കേരളത്തില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട സീറ്റിലേക്ക് ശ്രീധരനെ ദേശീയ നേതൃത്വം പരിഗണിച്ചാല്‍ സംസ്ഥാനത്ത് വലിയ ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.
പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഉത്തര്‍പ്രദേശില്‍ എസ്.പി–ബി.എസ്.പി സഖ്യത്തിനായി മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്. സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ മല്‍സരിക്കുന്ന ഏഴ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ബബ്ബര്‍ പറഞ്ഞു.
എസ്.പി നേതാവ് മുലായം സിങ് യാദവ് മല്‍സരിക്കുന്ന മയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ മണ്ഡലമായ കന്നൂജ് എന്നിവയ്ക്ക് പുറമെ മായാവതി , അജിത് സിങ്, ജയന്ത് ചൗധരി എന്നിവര്‍ മല്‍സരിക്കാനിരിക്കുന്ന മണ്ഡലങ്ങളും പട്ടികയില്‍ ഇടംനേടി. നേരത്തെ കോണ്‍ഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് എസ്.പി–ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചിരുന്നു.
ഫലത്തില്‍ ശക്തമായ ത്രികോണ മല്‍സരമാണ് ഈ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്ന് ഒഴിവാകുന്നത്. എന്‍.ഡി.എ വിട്ട് കോണ്‍ഗ്രസിനൊപ്പം കൂടിയ അപ്നാദളിനും കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നല്‍കി.
വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിൽ വഴിമുട്ടിയ നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിന് സീറ്റ് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തിൽ പരിഹാരം കാണാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും.
ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തിൽ ഇന്നലെ തർക്കപരിഹാരമായില്ല. വയനാടിന്റെ കാര്യത്തിൽ എ ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കി. വയനാട് ടി.സിദ്ദിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകൾ മുന്നോട്ട് വയ്ക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ പ്രതിസന്ധി ഒഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ചർച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.
തർക്കം നിലനിൽക്കുന്ന വയനാടിന്റെ കാര്യം തീരുമാനിച്ചാല് മറ്റിടങ്ങളില് കാര്യങ്ങള് എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ കാര്യത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല.
അതേസമയം, വടകരയിൽ ഉയർന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. യുഡിഎഫിന് ആർ എം പി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയിൽ മൽസരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ധം ഏറിയിട്ടുണ്ട്. എന്നാൽ മൽസരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചാണ് മുല്ലപ്പള്ളി.
വടകരയിൽ പി. ജയരാജൻ സിപിഎമ്മിനായി പോരിനിറങ്ങിയത് മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബൽറാം എത്തിയത്. തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും വലിയ മേളത്തോടെ മുന്നേറുകയാണ്. ഇക്കൂട്ടത്തിൽ സ്ഥാനാർഥിയുടെ പേരെഴുതുമ്പോൾ വരുന്ന തെറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സജീവമാണ്.
അക്കൂട്ടത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബൽറാമിന്റെ ചിത്രവും കുറിപ്പും.ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര് പതിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.
‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ’ എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചാരണത്തിനായി പതിച്ചത്. ഇൗ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ട് ട്രോളൻമാരും ഏറ്റെടുത്തു. ‘പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.
ആദ്യഘട്ട വോട്ടെടുപ്പിനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. പതിനെട്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊണ്ണൂറ്റിയൊന്ന് ലോക്സഭാ മണ്ഡലങ്ങളിലാണ് ഏപ്രില്‍ പതിനൊന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടമാണ് വോട്ടെടുപ്പ്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങള്‍ ഏപ്രില്‍ പതിനൊന്നിന് പോളിങ് ബൂത്തിലെത്തും. 2014ല്‍ ബി.ജെ.പിയാണ് എട്ടുമണ്ഡലങ്ങളിലും ജയിച്ചുകയറിയത്. എന്നാല്‍, കൈറാനയില്‍ 2018ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം സമാജ്‍വാദി പാര്‍ട്ടിക്കായിരുന്നു. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്രയിലെ ഇരുപത്തിയഞ്ചും തെലങ്കാനയിലെ പതിനേഴും അരുണാചലിലെയും മേഘാലയയിലെയും രണ്ടും ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ പതിനൊന്നിനാണ് വോട്ടെടുപ്പ്.
ആദ്യഘട്ടത്തിലെ മറ്റു സംസ്ഥാനങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഇങ്ങനെ. മഹാരാഷ്ട്ര…ഏഴ്, ബിഹാര്‍..നാല്, കശ്മീര്‍ രണ്ട്, ഉത്തരാഖണ്ഡ് അഞ്ച്. ജമ്മുകശ്മീരിലെയും പശ്ചിമബംഗാളിലെയും രണ്ടും, നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളും ബൂത്തിലെത്തും. കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാറിലെയും ലക്ഷദ്വീപിലെയും ഏക മണ്ഡലങ്ങളും ഏപ്രില്‍ പതിനൊന്നിന് വോട്ടുചെയ്യും.
നാമനിര്‍ദേശം സമര്‍പ്പിക്കാനുളള അവസാനതീയതി മാര്‍ച്ച് ഇരുപത്തിയഞ്ചാണ്. പിന്‍വലിക്കാനുളള തീയതി ഇരുപത്തിയെട്ടും. മേയ് ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായി നടക്കുന്ന ആന്ധ്ര, സിക്കിം, അരുണാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനും ഇതേ സമയക്രമം തന്നെയാണ്.
സമൂഹമാധ്യമങ്ങൾ അടക്കം ഓൺലൈൻ മേഖലകളിലെ ചതിവലകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടു പുതിയ പദ്ധതിയുമായി യു.എ.ഇ. അധ്യാപകരേയും രക്ഷിതാക്കളേയും കുട്ടികളേയും പങ്കാളികളാക്കിയുള്ള ചൈൽഡ് ഡിജിറ്റൽ പദ്ധതിക്കു തുടക്കം കുറിച്ചു.
ഇന്റർനെറ്റിലെ കെണികൾ കുട്ടികൾക്കു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ പുതിയ പദ്ധതിക്കു തുടക്കംകുറിച്ചത്. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുകയും വ്യാപക ബോധവൽകരണം തുടങ്ങുകയും ചെയ്യും.
ലൈംഗികമായും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്ന വെബ് സൈറ്റുകൾക്കു പുറമെ വ്യക്തികളും ചില ഗ്രൂപ്പുകളും കെണിയൊരുക്കുന്നുവെന്നും ഇത്തരം ചൂഷണങ്ങൾക്കു വിധേയരാകുന്നതിൽ എല്ലാ പ്രായക്കാരുമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രധാനമായും 5 മുതൽ 18 വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടു 4 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് വ്യക്തമാക്കുന്ന പോർട്ടൽ, അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണം തുടങ്ങിവയാണ് ലക്ഷ്യമിടുന്നത്. യുഎഇയിൽ ഒരാൾ എട്ടു മണിക്കൂർ ഒാൺലൈനിൽ ചെലവഴിക്കുന്നതായാണു കണക്ക്. ഇതിൽ മൂന്നു മണിക്കൂറും സമൂഹമാധ്യമങ്ങളിലാണ് ചെലവഴിക്കുന്നത്.