കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ടോള്‍പ്ലാസ ജീവനക്കാരനുമായി കാർ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ടോള്‍പ്ലാസയിലാണ് സംഭവം. നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാർ ഡ്രൈവർ യുവാവിനെയും കൊണ്ട് പാഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ടോൾപ്ലാസയിലെത്തിയ കാർ നിർത്താത്തിനെ തുടർന്ന് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇടച്ച ശേഷം കാർ മുന്നോട്ട് പാഞ്ഞു. ഇതോടെ ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
താൻ ആറ് കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ചുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കാർ ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടുവെന്നും തന്റെ കാര്‍ പൊലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞതായി ജീവനക്കാരൻ കൂട്ടിച്ചേർത്തു.
#WATCH Haryana: A car driver dragged a toll plaza employee on his car’s bonnet in Gurugram when asked to stop at toll plaza.Victim says,”Car driver dragged me for 5-6km on his car’s bonnet on a speed of about 100 km/hr. He said,’You’ll stop my car?Even police doesn’t stop my car’ pic.twitter.com/Wz9kMOs8uu
— ANI (@ANI) April 13, 2019
രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.
ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.
വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.
കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി.
തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.
ദുബായ്: രാജ്യത്ത് പലയിടത്തും പരക്കെ ശക്തമായ മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി അധികൃതർ. വെള്ളിയാഴ്ച മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും മഴ ശക്തി പ്രാപിക്കുകയായിരുന്നു. വടക്കൻ എമിറേറ്റ്സിലും ദുബായിലുമാണ് കൂടുതൽ മഴ ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് അടുത്ത 48 മണിക്കൂറിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അബുദാബി, അൽ ദഫ്ര, അബുദാബി-അൽ ഐൻ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു.
#المركز_الوطني_للأرصاد#أمطار_الخير #جبل_جيس #رأس_الخيمة #خليفة_ذياب #هواة_الطقس #أصدقاء_المركز_الوطني_للأرصاد pic.twitter.com/QKn9e2SuCE
— المركز الوطني للأرصاد (@NCMS_media) April 13, 2019
വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ പുത്രന്‍റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.
ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണ് ക്രൈസ്തവ ദേവാലയങ്ങളില്‍. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.ഓരോ വര്‍ഷത്തെ കുരുത്തോലയും ക്രൈസ്തവ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കും. വലിയ നോമ്പിന് തുടക്കും കുറിക്കുന്ന വിഭൂതി ബുധനാഴ്ച (കുരിശുവരപ്പെരുന്നാള്‍) ഈ കുരുത്തോലകള്‍ കത്തിച്ചുള്ള ചാരം കൊണ്ടാണ് വൈദികന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശുവരച്ച് നല്‍കുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകള്‍ വിഭൂതി ബുധന് മുന്‍പായി ദേവാലയങ്ങളിലെത്തിക്കാന്‍ വൈദികര്‍ ആവശ്യപ്പെടും. തീര്‍ന്നില്ല, ഈ കുരുത്തോല മുറിച്ച് ചെറിയ കഷ്ണങ്ങള്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്‍റെ (ഇന്‍ട്രിയപ്പം) നടുക്ക് കുരിശാകൃതിയിലും അപ്പത്തോടൊപ്പം കാച്ചുന്ന പാലിലും ഇടും.
കുരുത്തോലയ്ക്ക് പകരം റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. നിശ്ചിത തീയതിയിലല്ല ഓശാന ഞായര്‍ ആചരിക്കുന്നത്. ഈസ്റ്റര്‍ കണക്കാക്കി അതിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. അതുകൊണ്ട് മാറ്റപ്പെരുന്നാള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഓശാന ഞായര്‍.
മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കാറുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇലകള്‍ കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്. പാരിസിലാകട്ടെ പാം ചെടിയുടെ ഇലകള്‍ വീശി പാട്ട് പാടുകയാണ് പതിവ്.
ലാസറിന്‍റെ ശനിയാഴ്ച എന്ന് വിളിക്കുന്ന, കേരളത്തില്‍ ‘കൊഴുക്കട്ട ശനിയാഴ്ച’യെന്ന് അറിയപ്പെടുന്ന ശനിയാഴ്ചയുടെ പിറ്റേന്നാണ് ഓശാന ഞായര്‍.ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. കൊഴുക്കട്ട പെരുന്നാളിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്‍റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്‍പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്‍റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽനിന്നു കടത്തിയ പെട്ടിയെ സംബന്ധിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസ മ്മതിച്ചു. ശനിയാഴ്ച പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വൻ വിവാദമായെങ്കിലും സർക്കാരും സുരക്ഷാ വിഭാഗവും ഇതു സംബന്ധിച്ചു മൗനത്തിലാണ്. വെള്ളിയാഴ്ച കർണാടകത്തിലെ ചിത്രദുർഗയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയാണു വിവാദമായത്.
മോദിയുടെ വിമാനത്തിൽനിന്ന് ഇറക്കിയ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് എയർ സ്ട്രിപ്പിന്റെ ഒരറ്റത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കയറ്റി. ഇതിനു ശേഷം വാഹനം അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോയി. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല ഈ ഇന്നോവ. ഒൗദ്യോഗിക വാഹനവ്യൂഹത്തിന് ഏറെ അകലെയായാണ് ഇതു പാർക്ക് ചെയ്തിരുന്നത്.
സ്വകാര്യ വാഹനമെന്നു തോന്നിപ്പിക്കുന്നതാണ് ഈ ഇന്നോവയെന്നു വീഡിയോ പുറത്തുവിട്ട കർണാടക കോണ്ഗ്രസ് ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. പെട്ടിയിൽ എന്താണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുപ്രചാരണത്തിനായി മോദി എത്തുന്നതിനു തൊട്ടുമുന്പുള്ള ദിവസങ്ങളിൽ കർണാടകത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബക്ഷേത്രത്തിൽവരെ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
Suspicious box was offloaded from the PM’s helicopter in Chitradurga, Karnataka today.
It was rushed to a waiting Innova, which then sped away
The question is,
Why was the box not part of security protocol?
Why wasn’t the Innova part of PM’s convoy? Whose car was it?
(1/n) pic.twitter.com/lJWVPC5neb
— Srivatsa (@srivatsayb) April 13, 2019
പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം രാജ്യമാകെ അലയടിക്കുമ്പോള്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞകാലയളവിലെ വാഗ്ദാനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കുമെന്നത്. മോദിയുടെ ഈ പ്രസംഗം ഡബ് മാഷിലൂടെ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്.
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റായ ഡബ്‌സ്മാഷിലൂടെ മോദിക്കെതിരായ വിമര്‍ശനമാണ് ലാലു ഉയര്‍ത്തിയത്. എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്‌സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആര്‍ ജെ ഡി നേതാവിന്റെ വീഡിയോയ്ക്ക് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗങ്ങള്‍ ലാലു ആയുധമാക്കിയിട്ടുണ്ട്. ലാലുവിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
मुफ़्त में ले लो 15 लाख, अच्छे दिन और जुमला। pic.twitter.com/2Pfhg2QemK
— Lalu Prasad Yadav (@laluprasadrjd) April 13, 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വിഡിയോയില്‍.
ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നു.
തിരുമാനിച്ചു കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? ഇങ്ങനെ കൂറെ ചോദ്യങ്ങൾ കമൽ ചോദിക്കുന്നു.
വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും ഒടുവിൽ കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
ഭിന്നിച്ചുനിന്ന ജെഎസ്എസ് പാർട്ടികൾ ഒന്നിച്ചു. ഗൗരിയമ്മയുടെ ജെ.എസ്.എസിൽ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ലയിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആലപ്പുഴയിൽ നടന്ന ലയനസമ്മേളനത്തിൽ ഗൗരിയമ്മ പങ്കെടുത്തില്ല.
ഗൗരിയമ്മയുമായി തെറ്റിപ്പിരിഞ്ഞ ശേഷം, ആദ്യം UDFലും പിന്നീട് NDA യിലും കയറിയിറങ്ങിയാണ് രാജൻ ബാബുവും സംഘവും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ഇനി രണ്ടു JSS ഇല്ല. ഗൗരിയമ്മയെ തന്നെ നേതാവായി അംഗീകരിച്ചു രാജൻ ബാബു പക്ഷം.
അഞ്ചു വർഷം മുൻപാണ് പാർട്ടി പിളർന്നത്. പാർട്ടീ രൂപീകരണത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലാണ് ഒന്നുചേരൽ. പാർട്ടി പിളർപ്പിന്റെ കാലത്ത് ഗൗരിയമ്മയ്ക്കെതിരെ നൽകിയ കേസുകളും ലയനത്തിനു മുന്നോടിയായി മറുപക്ഷം പിൻവലിച്ചിരുന്നു. ഗൗരിയമ്മ ഇപ്പോൾ പുലർത്തുന്ന, ഇടതുപക്ഷ അനുകൂല രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ഇരുപക്ഷങ്ങളും തീരുമാനിച്ചിരിക്കുന്നത്
സൗദി അറേബ്യയിൽ പലയിടത്തും ശക്തമായ മഴയും പൊടിക്കാറ്റും. വ്യാഴാഴ്ച രാത്രി മുതൽ പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മുതലാണ് മഴ പെയ്തു തുടങ്ങിയത്. രാത്രിയോടെ മഴ ശക്തി പ്രാപിച്ചു. പന്ത്രണ്ട് മണിയോടെ നഗരത്തിന്റെ പലഭാഗത്തും ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷമുണ്ടായി.
പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ച ബോർഡുകളിൽ ട്രാഫിക് വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. വാഹന അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചവറുകളും മാലിന്യങ്ങളും വഴിയോരങ്ങളിൽ അടിഞ്ഞുകൂടിയത് കാൽനട യാത്ര ദുസ്സഹമാക്കി. ഈ മാസം അവസാനത്തോടെ എത്താനിരിക്കുന്ന ചൂടിന്റെ വരവറിയിച്ചാണ് കാലവസ്ഥാ മാറ്റമെന്നാണ് വിവരം.