തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാഷിംഗ്ടൺ: സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കെല്ലി കാറ്റ്ലൻ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2016ലും 2016ലും ലോക ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കിയ കാറ്റ്ലിൻ 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുകയും ചെയ്തു. സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു കാറ്റ്ലൻ. യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാർട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസീസിന് ഉജ്വല വിജയം. 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (117) അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ (91) അവസാന നിമിഷം ആഞ്ഞടിച്ച ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ഓസീസ് യുവതാരം ആഷ്ടണ്‍ ടര്‍ണറാണ് മത്സരം പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 42 പന്തുകള്‍ നേരിട്ട ടര്‍ണര്‍ ആറു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 82 റണ്‍സോടെ പുറത്താകാതെ നിന്നു.
മൊഹാലിയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോഡും ഓസീസ് സ്വന്തമാക്കി. 2007-ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പിന്തുടര്‍ന്ന് ജയിച്ച 322 റണ്‍സായിരുന്നു ഇവിടത്തെ ഉയര്‍ന്ന റണ്‍ചേസ്. 2013-ല്‍ ഓസീസ് ഇവിടെ 304 റണ്‍സ് പിന്തുടര്‍ന്നും ജയിച്ചിട്ടുണ്ട്.
മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നെറിഞ്ഞ അവസാന 23 പന്തില്‍ 62 റണ്‍സാണ് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഓസീസ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ ഓസീസിന് വിജയം എളുപ്പമായി. ടര്‍ണറിന്റെ രണ്ടു ക്യാച്ചുകളാണ് അവസാന നിമിഷം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഋഷഭ് പന്ത് ഒരു സ്റ്റംമ്പിങ് അവസരവും നഷ്ടപ്പെടുത്തി.
ഇന്ത്യക്കായി വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67 റണ്‍സ് വഴങ്ങി. യൂസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-2 ന് ഓപ്പമെത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാം ഏകദിനം പരമ്പര വിജയികളെ നിശ്ചയിക്കും.
തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 12 റണ്‍സിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ഷോണ്‍ മാര്‍ഷ് (6) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഉസ്മാന്‍ ഖ്വാജ – പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 192 റണ്‍സ് ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തു. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മാര്‍ഷിനെ ജസ്പ്രീത് ബുംറയും പുറത്താക്കി. ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഭുവനേശ്വര്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഫിഞ്ചിനെ പുറത്താക്കുന്നത്.
105 പന്തില്‍ നിന്ന് മൂന്നു സിക്‌സും എട്ടു ബൗണ്ടറികളും സഹിതം 117 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 99 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളടക്കമാണ് ഖ്വാജ 91 റണ്‍സെടുത്തത്. പിന്നീടെത്തിയ മാക്‌സ് വെല്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 23 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. അലക്‌സ് കാരിയാണ് (21) പുറത്തായ മറ്റൊരു താരം.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും സെഞ്ചുറിക്ക് അഞ്ചു റണ്‍സകലെ പുറത്തായ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും.
115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്. ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് – ധവാന്‍ സഖ്യം 150-ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്സണിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകള്‍ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 95 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ഏഴു റണ്‍സെടുത്ത് പുറത്തായി.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുല്‍ 26 റണ്‍സെടുത്ത് പുറത്തായി. തകര്‍ത്തടിച്ച ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്തായി. അവസാന നിമിഷം തകര്‍ത്തടിച്ച വിജയ് ശങ്കറാണ് (15 പന്തില്‍ 26 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇന്നിങ്‌സിന്റെ അവസാന പന്ത് സ്‌ക്‌സര്‍ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.
നേരത്തെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18-ാം ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ – രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ – സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.
ഏകദിനത്തില്‍ ഇത് 15-ാം തവണയാണ് ധവാനും രോഹിതും ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, 16 തവണ 100 റണ്‍സ് പിന്നിട്ട ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ എന്നിവരാണ് ധവാന്‍-രോഹിത് ജോഡിക്ക് മുന്നിലുള്ളത്.
ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത താരങ്ങളില്‍ കമ്മിന്‍സ് അഞ്ചാം സ്ഥാനത്തെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാഡ്സണും നന്നായി തല്ലു വാങ്ങി. ഒമ്പത് ഓവറില്‍ 85 റണ്‍സാണ് താരം വഴങ്ങിയത്.
അഡിസ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ 8.44 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട റാന്നി ജണ്ടായിക്കലിൽ കോഴിഫാമിൽ രണ്ടുയുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളായ മുഴിക്കൽ പുതുപറമ്പിൽ ബൈജു, കാവും തലക്കൽ നിജിൽ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഇതുവഴി പോയ നിജിലിന്റെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.പൊലീസും തുടർന്ന് ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും ഫാമിന് സംരക്ഷണമൊരുക്കാൻ ഫാമിന് ചുറ്റും വൈദ്യുതി വേലി കെട്ടിയിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിജിലിന് സഹായി ആയാണ് ബിജു ഫാമിൽ പോയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയ പോരാട്ടത്തിനാകും കേരളം ഇനി സാക്ഷിയാവുക. അക്കൂട്ടത്തിൽ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഇത്തവണയും ഫെയ്സ്ബുക്കിലൂടെയാണ് സിപിഎമ്മിനെതിെര ബൽറാമിന്റെ പരിഹാസം. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പി.ജയരാജനെ കുത്തിയാണ് ബൽറാമിന്റെ കുറിപ്പ്.
‘ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് ഇലക്ഷൻ കമ്മീഷൻ. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങൾ സ്പെഷൽ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.’ ബൽറാം കുറിച്ചു. പി.ജയരാജന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളേണ്ട എല്ലാം കുറിപ്പിൽ വ്യക്തമാണ്. പരിഹാസക്കുറിപ്പ് പിന്നാലെ കമന്റും ഷെയറുമായി കോൺഗ്രസ് പ്രവർത്തകരും മറുപടിയുമായി സിപിഎം പ്രവർത്തകരും സജീവമായി കഴിഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കും. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 90 കോടി . പതിനെട്ടും പത്തൊന്‍പതും വയസുള്ള വോട്ടര്‍മാര്‍ 1.5 കോടി പേരുണ്ട്. പത്തുലക്ഷം പോളിങ് ബൂത്തുകള്‍ ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കും. ഒരു ലോക്സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തില്‍ വീതം വോട്ടു രസീതുകള്‍ എണ്ണും. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും. സമൂഹമാധ്യമങ്ങളിലെ പരസ്യച്ചെലവ് തിരഞ്ഞെടുപ്പുചെലവായി കണക്കാക്കുമെന്നും പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
മോദി പ്രഭാവത്തെ തടുത്തു നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്കാവുമോ എന്നതിന്‍റെ പരീക്ഷണവേദി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പ്രസംഗത്തിലെ പ്രകടനത്തിനപ്പുറം വോട്ടുരാഷ്ട്രീയത്തില്‍ മോദിയെ മലര്‍ത്തിയടിക്കാന്‍ രാഹുലിനാവുമോ..? രണ്ടു പേര്‍ക്കും നിര്‍ണായകമാണ് പാര്‍ട്ടികളുടെ ഇത്തവണത്തെ പ്രകടനം.
അന്നത്തെ ആലിംഗനം ഒരു യുദ്ധപ്രഖ്യാപനമായിരുന്നു. നരേന്ദ്രമോദി എന്ന അതികായനെ നേരിടാന്‍ താന്‍ തയാന്‍ തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രി , മികച്ച പ്രാസംഗികന്‍ ,വികസന നായകനെന്ന പ്രതിച്ഛായ, ഹിന്ദുത്വത്തിന്‍റെ വക്താവ്. വീശിയടിച്ച മോദിതരംഗത്തെ നേരിടാന്‍ ഒരു നേതാവുപോലുമുണ്ടായിരുന്നില്ല 2014 ല്‍ കോണ്‍ഗ്രസിന്. കോട്ടകളൊന്നായി മോദി പിടിച്ചടക്കുന്നത് ആറുദശാബ്ദം രാജ്യം ഭരിച്ച പാര്‍ട്ടി നോക്കി നിന്നു. എഐസിസി ആസ്ഥാനത്തെ മാധ്യമങ്ങള്‍ പോലും കൈവിട്ടു.
വിമര്‍ശന ശരങ്ങളെല്ലാം ലക്ഷ്യം വച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. പപ്പു,കഴിവുകെട്ടവന്‍ പരിഹാസങ്ങളേറെ ഏറ്റുവാങ്ങി നെഹ്റുകുടുംബത്തിലെ ഇളമുറക്കാരന്‍. പക്ഷേ അപ്രതീക്ഷിതമായിരുന്നു രാഹുലിന്‍റെ ഉയിര്‍ത്തെഴുനേല്‍പ്. പൊതുവേദിയിലും പാര്‍ലമെന്‍റിലും നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്നേറി അദ്ദേഹം. പാര്‍ട്ടി അധ്യക്ഷനായതിന്‍റെ ഒന്നാംവാര്‍ഷികത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് പതാകപാറി.
പഴയതുപോലെ അവഗണിച്ചും പരിഹസിച്ചും പോകാവുന്ന നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കും കൈവന്നു. അഴിമതിയും കുടുംബാധിപത്യവും ഉയര്‍ത്തിക്കാട്ടി പ്രതിരോധിച്ചു നരേന്ദ്രമോദി. മോദിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം ആയുധമാക്കി രാഹുല്‍.
റഫാല്‍ അഴിമതിയാരോപണവുമായി രംഗത്തെത്തിയതോടെ രാഹുല്‍ കൂടുതല്‍ അപകടകാരിയെണന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കുണ്ടായി.
രാഹുലിന്‍റെ കഴിവുകേടുമൂലമാണ് പ്രിയങ്കയെയും രംഗത്തിറക്കിയതെന്ന് പരിഹസിച്ചു മോദി. ചിലപ്പോഴെങ്കിലും പരിഹാസം പരിധിവിട്ടെന്ന വിമര്‍ശവും കേട്ടു. കൊണ്ടും കൊടുത്തും മുന്നേറുന്ന രാഹുല്‍ മോദി ബലപരീക്ഷണമെന്ന നിലയിലും ചരിത്രത്തില്‍ അടയാളപ്പെടുത്തും ഈ പൊതുതിരഞ്ഞെടുപ്പ്.
കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.
പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29
അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരും വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.
മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ചിത്ര. അമരത്തില്‍ മമ്മൂട്ടിയോടൊപ്പം ചിത്ര ചെയ്ത കഥാപാത്രം മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാളികളുടെ മനസിലേക്ക് ഇടം നേടിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്നാണ് ചിത്ര വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.
ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി
എന്നാല്‍ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു.
എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യുമെന്നും ചിത്ര തുറന്ന് പറയുന്നു. കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്നും ചിത്ര വ്യക്തമാക്കി.
‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു മുഴുവന്‍ അപേക്ഷിക്കുന്നു.മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് വികാരഭരിതനായി പറയുകയാണ് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റാണ് ഇത്. അവള്‍ തെറ്റാണ് ചെയ്തതെന്നു സമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓര്‍ക്കണമെന്ന് ഇപ്പോള്‍ ബംഗ്ലദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ വച്ചു മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മാപ്പക്ഷേയുമായി പിതാവ് രംഗത്തെത്തിയത്. ശ്വാസതടസവും ന്യുമോണിയയും മൂലമാണ് ‘ജെറ’ എന്നു പേരിട്ട ആണ്‍കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ഫെബ്രുവരി 17-നാണ് കുട്ടി ജനിച്ച വിവരം ഷമീമയുടെ മാതാപിതാക്കള്‍ അറിയിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിനായി ബ്രിട്ടനിലെത്തണമെന്ന ഷമീമയുടെ അപേക്ഷ ബ്രിട്ടിഷ് ഹോം ഓഫിസ് തള്ളിയിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു നടപടി.
മുന്‍പ് സിറിയയില്‍ വച്ചുണ്ടായ രണ്ടു കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചുപോയെന്നും അതുകൊണ്ടു കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമയുടെ ആവശ്യം. എന്നാല്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.
ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. നെതര്‍ലന്‍ഡ്‌സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പൗരത്വം റദ്ദാക്കിയ നടപടി ആശങ്കയുളവാക്കുന്നതാണെന്നും ജനശ്രദ്ധ ലഭിക്കാനാണ് ജാവേദിന്റെ പ്രവൃത്തിയെന്നും കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ലീ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതാവ് ഡയാന അബോട്ടും ജാവേദിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.