ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം യുദ്ധസമാനമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ കളിക്കണമോ എന്ന ചോദ്യത്തിനായിരുന്നു സെവാഗിന്‍റെ ഈ പ്രതികരണം.

‘രണ്ട് കാര്യങ്ങളാണ് ഇതിനകം ചര്‍ച്ച ചെയ്തത്. പാക്കിസ്ഥാനെതിരെ ഒരു യുദ്ധം വേണോ വേണ്ടയോ…രാജ്യത്തിന്‍റെ നന്‍മയ്ക്ക് ഉതകുന്ന എന്തും ചെയ്യുക എന്നതായിരുന്നു ചര്‍ച്ച ചെയ്ത രണ്ടാമത്തെ പോയിന്‍റ്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് യുദ്ധത്തേക്കാള്‍ ഒട്ടും ചെറിയ വിഷമയല്ല. ആ യുദ്ധത്തില്‍ നാം ജയിച്ചേ തീരു’ എന്നും ഗോവയില്‍ ഒരു പരിപാടിക്കിടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടേണ്ടത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് രാജ്യത്ത് ആവശ്യം ശക്തമാണ്.