Latest News

കൊച്ചിയിൽ വൻ ലഹരിവേട്ട.22.75 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ 10 പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ ജമീല മൻസിൽ സാദിഖ് ഷാ (22), ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ ,(22 ) കാലംപുരം വീട്ടിൽ കെ.എം രാഹുൽ (22 ),കീഴ്പ്പടം വീട്ടിൽ കെ.ആകാശ് (22),തൃശൂർ സ്വദേശികളായ നടുവിൽപുരക്കൽ വീട്ടിൽ അതുൽ കൃഷ്ണ( 23) പുതുവീട്ടിൽ മുഹമ്മദ് റംഷീഖ് (23),മറത്ത്കുന്നുന്ന് വീട്ടിൽ നിഖിൽ എം.എസ് (24 ), ഉള്ളടത്തിൽ വീട്ടിൽ നിതിൻ യു.എം (24),തയേറി വീട്ടിൽ റൈഗൽ (19) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ടി വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്‌മെൻറിൽ നിന്നും .

ഇന്നലെ പുലർച്ചെ ഒരുമണിയോടെ ഇൻഫോപാർക്ക് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന 13.52 ഗ്രാം എം.ഡി.എം പിടികുടിയത്.സുഹൈൽ ടി.എൻ,നിതിൻ യു.എം എന്നിവർ മുമ്പും കേസിൽ പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു, ഇൻഫോപാർക്ക് എസ്.ഐ സജീവ്,ബദർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് കളമശ്ശേരി പോട്ടച്ചാൽ റോഡിൽ നടത്തിയ പരിശോധനയിൽ 9.23 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴ കല്ലുപാറയിൽ വീട്ടിൽ സുഹൈർ (24)നെ ഡാൻസാഫ് പിടികൂടി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്. കേസിനെ താൻ ഭയക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു.

‘ഞാൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല’, അജു അലക്സ് പറഞ്ഞു.

അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയത്.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടേയും പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. ദുരന്തമുണ്ടായതുമുതല്‍ താന്‍ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. അതിജീവിതരില്‍നിന്ന് അവര്‍ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടപ്പിച്ചതെന്ന് ഉരുള്‍പൊട്ടലിനെ അദ്ദേഹം വിശേഷിപ്പിച്ചു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവം നടന്നയുടനെ വയനാട്ടിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു.

നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. വയനാട്ടിലേത് സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തത്തെ തടയാനാകില്ലെന്നും എന്നാല്‍, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ അടക്കമുള്ള ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയും തീര്‍ന്നില്ല 25 വയസുവരെ കുട്ടി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ വ്യക്തമാക്കി.

ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് 6 മുതല്‍ 8 വരെയാണ് പരിശോധന നടത്തിയത്. മൂന്നു ദിവസം കൊണ്ട് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ച 18 വയസ്സിനു താഴെയുള്ള 18 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

നിയമലംഘനം നടത്തിയതിനു 243 വാഹനങ്ങളും പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് 2046 പേര്‍ക്കെതിരെയും 3 പേര്‍ ബൈക്കില്‍ യാത്ര ചെയ്തതിന് 259 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കും. വാഹനം ഓടിച്ച കുട്ടികളുടെ സാമൂഹികാവസ്ഥാ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളായ വാക്കാട്ടിൽ വീട്ടിൽ ജംഷാദ് (41) ചോലയിൽ വീട്ടിൽ കുഞ്ഞഹമ്മദ് മകൻ അബ്ദുള്ള (42) എന്നിവരാണ് ചിറ്റൂർ ഹോസ്പിറ്റൽ ജംഷനിൽ വെച്ച് പിടിയിലായത്.

പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന ഹുണ്ടായി ക്രെറ്റ കാറിൻ്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പണം കടത്തി കൊണ്ടുവന്ന കാറും, പണവും പോലീസ് പിടിച്ചെടുത്തു.

കേരളത്തിലേക്ക് ഹവാല പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. പ്രതികളുൾപ്പെടുന്ന ഹവാല സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കും. കേരളാ തമിഴ്നാട് അതിർത്തി വഴി നടക്കുന്ന അനധികൃത ഹവാലപ്പണം കടത്തും, ലഹരി കടത്തും തടയാൻ കർശന പരിശോധനയാണ് പാലക്കാട് ജില്ലയിൽ പോലീസ് നടത്തി വരുന്നത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് , പാലക്കാട് എ.എസ്.പി അശ്വതി ജിജി ഐപിഎസ് , ചിറ്റൂർ ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറ്റൂർ ഇൻസ്പെക്ടർ ജെ. മാത്യു, സബ്ബ് ഇൻസ്പെക്ടർ ഷിജു കെ , എ.എസ്. ഐ സതീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ജാഫർ സാദിഖ്, ശബരി , കസബ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, കൊഴിഞ്ഞാമ്പാറ സബ്ബ് ഇൻസ്പെക്ടർ പ്രമോദ്, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. റഹിം മുത്തു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, ജെബിൻ ഷാ , മുഹമ്മദ് ഷനോസ്, മൈഷാദ്, ഷെമീർ, സൂരജ് ബാബു, ദിലീപ്, ജയൻ, അബ്ദുള്ള, ഉമ്മർ ഫാറൂഖ്, റിയാസുദ്ധീൻ, ദേവദാസ് , വിപിൽ ദാസ്, രമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

റോമി കുര്യാക്കോസ്

മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.

മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

ഒഐസിസി (യു കെ) വർക്കിങ് പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ ശ്രീ. സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാവ് ശ്രീ. റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ശ്രീ. ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ‌ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. പുഷ്പരാജ് പറഞ്ഞു. ശ്രീ. ഷാജി ഐപ്പ്, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. ജിതിൻ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങൾ നൽകി.

ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി ഒരുക്കിയ ഗാനാർച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പടെ ഉണ്ടായ ഉരുൾ പൊട്ടലിലുകളിലും പ്രകൃതി ദുരന്തത്തിലും ജീവനൻ നഷ്ടപ്പെട്ടവർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിലകപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും ,അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . ഉരുൾ പൊട്ടലിൽ തകർന്ന പ്രദേശങ്ങളുടെ പുനർ നിർമ്മാണത്തിനും , പുനഃരധിവാസത്തിനും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു . . രൂപതയുടെ എല്ലാ ഇടവക / മിഷൻ/ പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിലും ഇതിനായി പ്രത്യേക ധന സമാഹരണം നടത്തണമെന്നും , ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർഥനകൾ നടത്തണമെന്നും മാർ സ്രാമ്പിക്കൽ പ്രത്യേക സർക്കുലറിലൂടെ രൂപതയിലെ മുഴുവൻ വിശ്വാസികളോടും അഭ്യർഥിച്ചു .

അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിലെ തീരുമാനം പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പെന്ന് ലോക കായിക തര്‍ക്ക പരിഹാര കോടതി. വെള്ളിയാഴ്ച കോടതി തന്നെ അറിയിച്ചതാണിത്. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതായിരുന്നു കാരണം.

അയോഗ്യതക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ശുഭസൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏഴാം തീയതി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. ഫൈനലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ആദ്യം അപ്പീല്‍ സമര്‍പ്പിച്ചത്. പക്ഷേ അപ്പീല്‍ പരിഗണിക്കുമ്പോഴേക്കും ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അപ്പീല്‍ തിരുത്തുകയായിരുന്നു. ഇതിലാണ് നിര്‍ണായക വിധിവരാനുള്ളത്.

വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്. വിനേഷിന് അനുകൂലമായ വിധിയുണ്ടാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്ക്കേണ്ടതായി വരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിൽ മലയാളി നേഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ലിസി സാജു (59) ആണ് മരണമടഞ്ഞത്. ലിസി റോസ്കോമൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു.

മയോയിലെ ന്യൂപോർട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ലിസിക്ക് ജീവൻ നഷ്ടമായത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും പരിക്കുകളുണ്ട്. ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. കില്‍ഡയറിലെ നേസിനടുത്തുള്ള കില്ലിൽ ആണ് ലിസിയും കുടുംബവും താമസിക്കുന്നത്. മകൾ: ദിവ്യ, മകൻ: എഡ്വിൻ, മരുമകൾ: രാഖി.

ലിസി സാജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.

‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.

Copyright © . All rights reserved