മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലും വീണ്ടും ജനവിധി തേടും. അതേസമയം, അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കൻ യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാലും സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും ആർ.പി.എൻ സിങ് കുശിനഗറിലും ജിതിൻ പ്രസാദ ദൗരാഹ്രയിലും വീണ്ടും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും വഡോധരയിൽ പ്രശാന്ത് പട്ടേലുമാണ് മൽസരിക്കുക.
അതേസമയം, ഉത്തർപ്രദേശിലെ സമാജ് വാദി ബിഎസ്പി സഖ്യത്തിലേയ്ക്ക് കോൺഗ്രസിനും ഇടം ലഭിച്ചേക്കും. കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചു. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചാലും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി യുപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ മനോരമ ന്യൂസിനോട് പറഞ്ഞു.
യു പിയിലെ 80 ലോക്സഭാ സീറ്റിൽ 38 ൽ ബിഎസ്പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. കോൺഗ്രസിനെ പടിക്കു പുറത്തു നിർത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.
സഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസിന് 15 സീറ്റ് നൽകാൻ എസ്പിയും ബിഎസ്പിയും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. എസ് പി 7 സീറ്റുകളും ബിഎസ്പി 6 സീറ്റുകളും വിട്ടുനൽകും. കൂടാതെ അമേഠിയും റായ്ബറേലിയും. സഖ്യം വേണമെന്നാണ് അഖിലേഷിനും രാഹുൽ ഗാന്ധിക്കും. എന്നാൽ കാര്യമായ വിട്ടുവീഴ്ച്ച വേണ്ടെന്ന് മായാവതി കടുപ്പിക്കുന്നു. കോൺഗ്രസ് കൂടി എസ് പി – ബി എസ് പി സഖ്യത്തിന്റെ ഭാഗമായാലും കാറ്റ് മാറി വീശില്ലെന്ന് ബിജെപി.
പുതിയ ഫോർമുല അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവുകയാണെങ്കിൽ സഖ്യ പ്രഖ്യാപനം ഉടനുണ്ടാകും. 10 സീറ്റു നൽകാമെന്ന വാഗ്ദാനം പ്രിയങ്ക ഗാന്ധി തള്ളിയിരുന്നു.
അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് മാഗസിൻ ശതകോടീശ്വരൻമാരുടെ പട്ടിക പുറത്തുവിട്ടതോടെ ഫെയ്സ്ബുക്ക് സ്ഥാപകനായ സുക്കർബർഗിനെയും മറികടന്ന മുന്നേറുകയാണ് അമേരിക്കൻ സ്വദേശിയായ കയ്‌ലി ജെന്നര്‍. ഫോബ്സ് പട്ടികയിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിനാണ് കയ്‌ലി ജെന്നര്‍ അർഹയായത്.
21-ാം വയസ്സിലാണ് ഇൗ റെക്കോർഡ് നേട്ടം. 23-ാം വയസിൽ ശതകോടീശ്വരനായ ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെ റെക്കോർഡാണ് കയ്‌ലി മറികടന്നത്. . 900 മില്യൻ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള മേയ്ക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കയ്‌ലി കോസ്മറ്റിക്സിന്‍റെ ഉടമയാണ് ഇൗ യുവതി. 2015 -ലാണ് കയ്‌ലി കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്. സ്വന്തം പ്രയത്‌നത്താല്‍ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നാണ് ഫോബ്സ് കയ്‌ലിയെ വിശേഷിപ്പിക്കുന്നത്.
അമിതവേഗതയിലെത്തിയ വാഹനമിടിച്ചത് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി യുവാവിൻറെ കാറോട്ടം. ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരൻ വണ്ടി പായിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
23 കാരൻ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹൻറെ കാർ വിർഭൻ സിങ്ങ് എന്നയാളുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതു ചോദിക്കാനെത്തിയതാണ് വിർഭൻ സിങ്ങ്. കാറിൻറെ ബോണറ്റിൽ പിടിച്ച വിർഭനുമായി രോഹൻ അമിതവേഗത്തിൽ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ രോഹൻ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP (@ANINewsUP) March 7, 2019
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് സമാനമായ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസത്തിനുള്ളില്‍ ജമ്മു കാശ്മീരില്‍ ആക്രമണം നടത്തനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികര്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിക്കാനാണ് ജെയ്‌ഷെ പദ്ധതിയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. പുല്‍വാമ മോഡലില്‍ തന്നെയാകും ആക്രമണമെന്നാണ് സൂചന. കൂടാതെ വലിയ സുമോ, എസ്.യു.വി വാഹനങ്ങള്‍ ഉപയോഗിച്ചാവും ചാവേര്‍ ആക്രമണം നടത്തുകയെന്നും മുന്നറിയിപ്പുണ്ട്.
ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് സൂചന. സ്‌ഫോടനത്തില്‍ പങ്കുള്ളതായി കരുതുന്ന ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കാറിൽ ഒളിപ്പിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. 32 കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതിൽ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തിൽ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.
പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാര്ദെ മരിച്ചുകിടന്നത്. ഹർഷവർധന്‍ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.
കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി മുൻ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.
മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നു പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദ് ഡൈലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ‘ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.
ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലെന്നതു അന്തിമ നിഗമനങ്ങളിൽ എത്തുന്നതിനു പൊലീസിനു തടസ്സമാണ്. ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഹോട്ടൽ ലോബിയിൽ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹർഷവർധന്റെയും പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു.
ദീർഘനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. ആ ഊഷ്മളത ഇരുവരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫെയ്സ്ബുക്ക് അക്കൗണ്ട് കളഞ്ഞത് ഇപ്പോൾ ഓർക്കുമ്പോൾ അസ്വാഭാവികമായി തോന്നുന്നു– സഹപ്രവർത്തകൻ പറഞ്ഞു.
കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്ഡൊണാൾഡ്സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനുറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.
‘നന്നായി അറിയാവുന്ന പുരുഷന്റെ’ ഒപ്പമാണ് അന്നു ഹോട്ടലിൽ പ്രീതി താമസിച്ചിരുന്നതെന്നു പൊലീസ് വക്താവ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചു.
സമയമായിട്ടും പ്രീതി വരാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പ്രീതിയെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ ഫെയ്സ്ബുക് പേജ് തയാറാക്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹർഷവർധൻ വലിയൊരു സൂട്ട്കെയ്സ് കാറിലേക്കു മാറ്റുന്നതും സിസിടിവിയിലുണ്ട്. മാധ്യമവാർത്തകൾ പ്രകാരം, ഈ പെട്ടിയിലുണ്ടായിരുന്നത് പ്രീതിയുടെ മൃതദേഹമാണെന്നാണു സൂചന.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണു സിഡ്നിയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുനിന്നാണു കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹർഷവർധനെ ചോദ്യം ചെയ്തിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് പറഞ്ഞു. അടുത്തദിവസമായ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു കാറപകടത്തിൽ ഹർഷവർധൻ മരിച്ചത്.
പ്രീതിയുടെ മരണത്തിൽ മറ്റുള്ളവർക്കാർക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിലപാട്. എങ്കിലും പ്രീതിയുടെ അവസാന നിമിഷങ്ങളും സംഭവത്തിന്റെ തുടർ കണ്ണികളും ചേർത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതേപ്പറ്റി എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സഹോദരിയെ വിവാഹമോചനം ചെയ്തന്റെ പേരില്‍ 43 വയസുകാരനെ കുത്തിക്കൊന്ന പ്രതിയെ അജ്മാന്‍ പൊലീസ് നാടകീയമായി പിടികൂടി. 36കാരനായ പാകിസ്ഥാന്‍ പൗരന്‍ കൊലപാതകം നടത്താനായി മാത്രമായാണ് യുഎഇയില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. നാട്ടിലേക്ക് രക്ഷപെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
സഹോദരിയെ വിവാഹം കഴിച്ചയാള്‍ കാരണമൊന്നും കൂടാതെ വിവാഹമോചനം ചെയ്തുവെന്നാരോപിച്ചായിരുന്നു കൊലപാതകം. നേരത്തെ യുഎഇയിലുണ്ടായിരുന്ന പ്രതി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. മുന്‍ സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് ഒരാഴ്ച മുന്‍പ് ഇയാള്‍ സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തുകയായിരുന്നു. ഒരാഴ്ച നിരീക്ഷിച്ച ശേഷം താമസ സ്ഥലത്ത് കയറി പല തവണ ശരീരത്തില്‍ പലയിടത്തായി കുത്തുകയായിരുന്നു. ശേഷം സ്ഥലത്ത് നിന്ന് രക്ഷുപെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
പൊലീസ് ഉടന്‍ തന്നെ ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് തന്നെ കുത്തിയ വ്യക്തിയുടെ പേര് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ അത് ആരാണെന്നോ മറ്റ് വിവരങ്ങളോ പറയുന്നതിന് മുന്‍പ് ഇയാള്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പേര് മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളെയും ഒപ്പം താമസിച്ചവരെയും ചോദ്യം ചെയ്തതില്‍ നിന്ന് മുന്‍ഭാര്യയുടെ സഹോദരന്റെ പേര് ഇതാണെന്ന് മനസിലാക്കി. ഇയാള്‍ അടുത്തിടെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയിട്ടുണ്ടെന്ന് കൂടി മനസിലാക്കിയതോടെ കൃത്യം നടത്തിയത് ഇയാള്‍ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങി. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇയാള്‍ക്കായുള്ള അറസ്റ്റ് വാറണ്ട് കൈമാറി. ഈ സമയം ദുബായ് വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയായിരുന്നു പ്രതി. വാറണ്ട് ലഭിച്ചതോടെ വിമാനത്താവള അധികൃതര്‍ ഇയാളെ തിരിച്ചറിയുകയും പൊലീസ് പിടികൂടുകയുമായിരുന്നു. കൊലപാതകം നടത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തന്റെ സഹോദരിയെ ഒരു കാരണവുമില്ലാതെ ഇയാള്‍ വിവാഹമോചനം ചെയ്തുവെന്നും സഹോദരി അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യാനായാണ് കൊലപാതകം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. സഹോദരിയോ നാട്ടിലെ മറ്റ് ബന്ധുക്കളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അജ്മാന്‍ പൊലീസ് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ കേസ് കൈമാറി.
നീമുച്ച്: ആൺകുട്ടികൾ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെൺഭ്രൂണഹത്യ വർദ്ധിക്കുമ്പോൾ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശിൽ. എന്നാൽ ഈ ആഘോഷങ്ങൾക്ക് പിന്നിൽ വിചിത്രമായ ഒരു കാരണമുണ്ട്.
ബൻചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങൾ പെൺകുട്ടികളുടെ ജീവിതം നരകപൂരിതമാക്കുകയാണ് ചെയ്യുന്നത്. കാരണം, ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്.
മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച് ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായി ലൈംഗികവൃത്തി ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ് ഇവർക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടത്തെ പുരുഷന്മാരുടെ ജീവിതം.ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.
ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയിൽ സജീവമാണ്. ചെറുപ്രായത്തിൽ തന്നെ ഈ സമുദായത്തിലെ പെൺകുട്ടികളെ വൻതുകയ്ക്ക് വിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.