റോമി കുര്യാക്കോസ്
യു കെ: കൊച്ചി – യു കെ ഡയറക്റ്റ് വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒ ഐ സി സി (യു കെ)യും യു ഡി എഫ് എം പിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. പല കോണുകളിൽ നിന്നുമുള്ള സമ്മർദ്ദം മൂലം കൊച്ചി – യു കെ വിമാന ഡയറക്റ്റ് സർവീസുകൾ നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി. വിമാന സർവീസുകൾ തടസ്സം കൂടാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭമാക്കുന്നതിനുമായുള്ള പാക്കേജ് നിർദേശങ്ങൾ സിയാൽ എംഡി എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് തലവൻ എസ് ബാലാജിക്ക് കൈമാറി. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കോവിഡ് തുടക്ക കാലത്ത് ആരംഭിച്ച കൊച്ചി – യു കെ എയർ ഇന്ത്യ ഡയറക്റ്റ് വിമാന സർവീസുകൾ മാർച്ച് 28ന് ശേഷം നിർത്തലാക്കുന്നു എന്ന അറിയിപ്പ് ഞെട്ടലോടെയായിരുന്നു യു കെയിലെ മലയാളി സമൂഹത്തിന്റിടയിൽ പടർന്നത്. വാർത്ത പരന്ന ഉടനെ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പ്രതിവാരം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം എയർ ഇന്ത്യ സിഇഒ & എംഡി വിൽസൻ ക്യാമ്പൽ, യു കെയിൽ ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ്, ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എം പി യാസ്മിൻ ഖുറേഷി എന്നിവർക്ക് ഒ ഐ സി സി (യു കെ) നൽകി. ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, ജനപ്രതിനിധികളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടുള്ള എം പിമാരായ രാഹുൽ ഗാന്ധി, കെ സുധാകരൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും ഒ ഐ സി സി (യു കെ) കൈമാറിയിരുന്നു. നാഷണൽ കമ്മിറ്റിക്ക് വേണ്ടി ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുസിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉറപ്പു നൽകികൊണ്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി, ഒ ഐ സി സി (യു കെ) ക്ക് മറുപടി കത്തും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്കും നൽകിയിരുന്നു. ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ വ്യോമ സർവീസ് ബർമിങ്ഹാം / മാഞ്ചസ്റ്റർ എയർപോർട്ടുകൾ വരെ നീട്ടണമെന്ന ഓ ഐ സി സി (യു കെ)യുടെ ആവശ്യവും കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറിയിരുന്നു. യു ഡി എഫ് എം പിമാരായ ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. എം പിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, എം കെ രാഘവൻ, ആന്റോ ആന്റണി എന്നിവരും പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു.
നേരത്തെ, എയർ ഇന്ത്യ വിമാന സർവീസുകളുടെ തുടർച്ചയായ റദ്ദാക്കലുകളും തന്മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കട്ടി ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി നൽകിയ നിവേദനവും അധികൃതരുടെ പരിഗണനയിലാണ്.
കുട്ടികൾ, പ്രായമായവർ, രോഗാവസ്ഥയിൽ ഉള്ളവർ, സ്കൂൾ തുറക്കുന്ന സമയത്ത് യാത്രചെയ്യുന്നവർ എന്നിങ്ങനെ വളരെയേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിൽ എയർ ഇന്ത്യ അധികൃതർ നടത്തിയ പുനർവിചിന്തണം യു കെയിലെ മലയാളി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) യുടെയും യു ഡി എഫ് എംപിമാരുടെയും സമയബന്ധിതമായ ഇടപെടലുകൾ പ്രവാസി ലോകത്ത് വലിയ അംഗീകാരത്തിനും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി ഇടപെടുകയും പിന്തുണ അറിയിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ആഷ്ഫോർഡ് എം പി സോജൻ ജോസഫ്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, എം പിമാരായ കെ സുധാകരൻ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എം കെ രാഘവൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പി യാസ്മിൻ ഖുറേഷി എന്നിവരോട് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ പേരിൽ ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നന്ദി അറിയിച്ചു.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി. 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ് യുദ്ധവിമാനം സി 17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവും.
അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ.
അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്.
ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും പറയപ്പെടുന്നു.
വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം.
മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.
ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.
ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.
മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും മാട്രിസ് പ്രവചിക്കുന്നു.
ജെവിസിയുടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപി മുന്നേറ്റമെന്നാണ് വ്യക്തമാക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആം ആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.
പീപ്പിള്‍സ് സര്‍വേയില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരെയും പ്രവചിക്കുന്ന സര്‍വേ ഫലം കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പറയുന്നു.
ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.
‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’–ട്രംപ് പറഞ്ഞു.
പലസ്തീൻ പൗരന്മാർ ഗാസയിൽനിന്ന് ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാരെ ഗാസയിൽനിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.
അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനോജ് കെ ജയന്റെ പ്രൈവറ്റ് പ്ലേറ്റിനു ബദലായി ഒറിജിനൽ പ്രൈവറ്റ് നമ്പർ പ്ലേറ്റ് കരസ്ഥമാക്കി യുകെ മലയാളി. ബർമിംഗ്ഹാമിൽ സ്ഥിരതാമസമാക്കിയ കോൺഫിഡൻസ് ഗ്രൂപ്പിൻറെ ഡയറക്ടർ തൃശ്ശൂർ കണിമംഗലം സ്വദേശി മാർട്ടിൻ കെ ജോസിന്റെ രണ്ടു കാറിന്റെയും നമ്പർ പ്ലേറ്റ് തൃശ്ശൂർ എന്നാണ് . റേഞ്ച് റോവർ ഓവർഫിഞ്ചിന്റേത് തൃശ്ശൂർ എന്നും (TRIISUR) എന്നും ടെസ്‌ലയുടെത് ( TRISURR) എന്നുമാണ് നമ്പർ. നാടിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന മാർട്ടിൻ തൃശ്ശൂരിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഈ നമ്പർ എടുത്തത് എന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും തൃശ്ശൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും ഇപ്പോൾ ഇത് ഷെയർ ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ പല പ്രമുഖരും ഈ നമ്പറിനു വേണ്ടി ഓഫർ ചെയ്തിട്ടുണ്ടെങ്കിലും മാർട്ടിൻ കൊടുക്കാൻ തയ്യാറല്ല.


വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജർമ്മൻ സ്വദേശി മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം.
റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കില്‍നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്.മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രായേലിൽ ജോലിചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജെസി അലക്സാണ്ടർ ആണ് മരണമടഞ്ഞത്. 55 വയസ്സായിരുന്നു പ്രായം. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ജെസി അലക്സാണ്ടറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.
ഉത്സവത്തിന് കച്ചവടത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.
യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോ മീറ്ററോളം ഓടി.
അവിടെ നിന്നിരുന്ന ആനന്ദിനെ കുത്തി വീഴ്ത്തി. അവിടെ നിന്നും നാലര കിലോ മീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെ നേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.