ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അരിസ്റ്റോ സുരേഷ്. ഇത്ര പ്രായമായിട്ടും അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സുരേഷിനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്നാഗ്രഹം മോഹന്‍ലാലിനടക്കം ഉണ്ടായിരുന്നു.
ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നടന് അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.
യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന് നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകന്. കൂടുതല്‍ എന്തുവേണം ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
‘ആദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന് കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ.പ്രകാശ്, അനീഷ് ജി.മേനോന്, ബാബുരാജ്, സാനിയ അയ്യപ്പന്, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.
സംവിധായകന് ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് സംജിത് മുഹമ്മദും നിർവഹിച്ചിരിക്കുന്നു.
From growing up watching his films..to supervising his dubbing for my debut directorial! Couldn’t have asked for more. Thank you #Laletta @Mohanlal 😊 pic.twitter.com/YbgON7hz1U
— Prithviraj Sukumaran (@PrithviOfficial) March 9, 2019
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സാധ്യതപട്ടികയ്ക്ക് രൂപം നല്കി. തിങ്കളാഴ്ചയാണ് അന്തിമപട്ടിക തയാറാക്കാന്‍ ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം.
ഇന്ദിരഭവനില്‍ രണ്ടരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സാധ്യതപട്ടികയ്ക്ക് രൂപമായത്. സിറ്റിങ് സീറ്റുകളില്‍ വയനാട് ഒഴിച്ചുളള മണ്ഡലങ്ങളിലെല്ലാം നിലവിലുള്ള എംപിമാരുടെ പേരുകളേ ഉള്ളൂ. ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത് കെ.വി തോമസിനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും പകരം ആളെ നിര്‍ത്തുന്ന കാര്യത്തിലും ദേശീയനേതൃത്വത്തിന്റേതായിരിക്കും അന്തിമവാക്ക്.
വയനാട് കെ.മുരളീധരന് പുറമെ എം.എം. ഹസന്, ഷാനിമോള്‍ ഉസ്മാന് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, ചാലക്കുടി ബെന്നി ബഹനാന്, തൃശൂര്‍ വി.എം സുധീരന്, ടി.എന്‍ പ്രതാപന്, ആലത്തൂര്‍ രമ്യഹരിദാസ്, സി.സി ശ്രീകുമാര്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്, ഇടുക്കി ഉമ്മന്‍ചാണ്ടി, ജോസഫ് വാഴയ്ക്കന്, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് സുബയ്യ റൈ, എ.പി അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ കെ.സുധാകരന് തുടങ്ങിയവര്‍ സാധ്യത പട്ടികയിലുണ്ട്.
മുന്‍ കെ.പി.സി സി പ്രസിഡന്റുമാരോടും വി.ഡി.സതീശനോടും അന്തിമഘട്ട ചര്‍ച്ച നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ക്രിനിങ് കമ്മിറ്റി യോഗത്തിനായി നാളെ വൈകിട്ട് നേതാക്കള്‍ ഡല്‍ഹിക്കുപോകും.
മുന്‍ദില്‍ മഹിൽ എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദർ സിങ് ബോലയുടെ ഭാര്യാണ് മുൻദിൽ മഹിൽ. തീർന്നില്ല ലണ്ടനെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിയായിരുന്ന മുൻദിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപേ പുറത്തിറങ്ങി സന്തോഷജീവിതം നയിക്കുന്നതിൽ ലണ്ടനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് പെൺകെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യൻ വംശജ മേയറുടെ ഭാര്യയാണെന്നറിഞ്ഞുള്ള അസ്വസ്ഥതയിലാണു റെഡ്ബ്രിജ് നിവാസികൾ.
ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്സിക്യൂട്ടീവുമായിരുന്ന ഇരുപത്തിയൊന്നുകാരൻ ഗഗൻദീപ് സിങിന്റെ കൊലപാതകവുമായിട്ടാണ് മുൻദിൽ വാർത്തകളിൽ ഇടം നേടിയത്. പഞ്ചാബിലെ ജലന്തർ സ്വദേശിയായ ഗഗൻ, ഇവിടെ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മുന്‍ദിലും ഗഗനും പ്രണയത്തിലായി.
മുൻദിലിന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഗൻ വഹിച്ചിരുന്നു. ഗഗനുമായുള്ള പ്രണയം പെട്ടെന്നൊരു ദിവസം മുൻദിൽ അവസാനിപ്പിച്ചു. ഒപ്പം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർത്തി. പ്രേമബന്ധം തകർന്നതോടെ മുൻദിലിനു ഗഗനോടു പകയായി. മുന്‍ കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നെ ആലോചന.അഞ്ചു വർഷത്തിലേറെ സൗഹൃദമുള്ള ഇലക്ട്രീഷ്യന് ട്രെയിനി ഹര്‍വിന്ദര്‍ ഷോക്കറും (20) മുൻദിലിനെ പ്രേമിച്ചിരുന്നു. ഗഗന്‍ദീപ് തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവർത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും തീരുമാനിച്ചു. വാടകക്കൊലയാളിയും സ്കൂൾ സുഹൃത്തുമായ ഡാരന്‍ പീറ്റേഴ്സിനെ (20) ഷോക്കർ സമീപിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.
തന്ത്രപൂർവ്വം ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. മൻദിലിന്റെ ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ ഗഗനെ അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിൾ വയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കൻ ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാത്തിനും മൗനസമ്മതവുമായി മുൻദിൽ നിലകൊണ്ടു. പൊള്ളലേറ്റു തുടങ്ങുമ്പോൾ ഗഗനു ജീവൻ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്സിനു 12 വര്‍ഷത്തെ ജയില്‍വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്സ് മെഡിക്കല്‍ സ്കൂളിലെ വിദ്യാര്‍ഥിനി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവർ ജയിലിൽ തുടരവേ, 2014ൽ ശിക്ഷാ കാലാവധി പകുതിയായപ്പോൾ മുൻദിൽ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുൻദിൽ എത്തിയത് ലേബർ പാർട്ടിയുടെ യുവ നേതാവ് വരീന്ദർ സിങ് ബോലയുടെ അടുത്ത്വരീന്ദർ ബോലയുടെ പഴ്സനൽ ട്രെയിനറായി മുൻദിൽ ചുമതലയേറ്റു. ഇരുവരും അടുപ്പമായി. 2016 ൽ ഇരുവരും വിവാഹിതരായി. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതിൽ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ടു വർഷത്തിനിപ്പുറം, വരീന്ദർ കൗൺസിലറായി. ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദർ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെൺകെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയിൽ സമൂഹത്തിൽ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പരാതി. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു മുൻദിലിന്റെ വാദം. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുൻദിലിനു ആകെ കിട്ടിയതു മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണെന്നു സഹോദരി അമൻദീപ് കൗർ സിങ് കുറ്റപ്പെടുത്തുന്നു. ഒരിക്കൽപ്പോലും കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.
റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവടിലാണ് സംഭവം. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്കൂട്ടറും സമീപത്തുണ്ടായിരുന്നു.
സ്കൂട്ടറില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. എംഎല്‍എയും കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിക്ക് സ്കൂട്ടറെടുത്ത് പുറത്തേക്ക് പോയി. ആരെങ്കിലും ഫോണ്‍ ചെയ്തിട്ടാണോ ജിബിന്‍ പുറത്തേക്ക് പോയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരുന്നതിനായി സിറിയയിലേക്ക് പോകുകയും തുടർന്ന് നാട്ടിലേക്ക് മടങ്ങാന്‍ യു കെ അനുമതി നിഷേധിക്കുകയും ചെയ്ത 15 കാരി ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. ജർറാഹ് എന്ന് പേരിട്ട മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.
കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് കുഞ്ഞ് മരണമടഞ്ഞത്. സംഭവം യുകെ യ്ക്ക് എതിരേ ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സിറിയൻ ക്യാമ്പിലെ ശോചനീവസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ കുഞ്ഞ് തണുത്തു വിറയ്ക്കുകയും ശരീരമാകെ കരിനീല നിറം വ്യാപിക്കുകയും ചെയ്തിരുന്നു. ഷമീമയുടെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണപ്പെടുന്നത്. ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്നും ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്നും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും യുകെ ഭരണകൂടം പ്രവേശനം നിഷേധിക്കുകയായിരുന്നു.
2015 ല്‍ 15 വയസ്സുകാരിയായിരിക്കുമ്പോഴാണ് ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. കുഞ്ഞ് പിറന്നതോടെ തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും യുകെ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന് ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന് പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന് വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.
എതിര് സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് തരൂര്‍ തിരുവനന്തപുരത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറയുന്നു.
അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ പറഞ്ഞു.
കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും യുഡിഎഫിന്റെ നിയുക്ത സ്ഥാനർഥി പറഞ്ഞു.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ നിരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാവ് തകര്‍ക്കുന്ന നടപടിക്ക് റായ്ഗഡ് ജില്ലാ കളക്ടര്‍ നേതൃത്വം നല്കി.
ഭൂമി കയ്യേറിയാണ് അലിബാഗില്‍ നിരവ് മോദി ഈ ആഡംബര കെട്ടിടം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടം സ്വാഭാവിക രീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതോടെയാണ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്.
സ്ഫോടക വസ്തുക്കള്‍ ആദ്യം തൂണുകള്‍ തുളച്ച് അതില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തി തകര്‍ത്തു. മുപ്പത്തിമൂവായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം ഡയനാമിറ്റ് വെച്ചാണ് തകര്‍ത്തത്. ഈ കെട്ടിടം കൈവിട്ട് പോകാതിരിക്കാന്‍ നിരവ് കേസ് നടത്തിയിരുന്നു. പക്ഷേ കേസ് കോടതിയില്‍ പരാജയപ്പെട്ടു.
ലണ്ടൻ: ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിന് പാരീസിൽ കുത്തേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനു ടാക്സി ഡ്രൈവറുടെ കുത്തേറ്റതെന്നു സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ടാക്സിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവെയാണ് യുവാവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയമറിയുന്നത്. ഇത് അവർ ആഘോഷമാക്കി. ഇതിനെ ടാക്സി ഡ്രൈവർ എതിർത്തു.
തുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ വാഹനം നിർത്തി സംഘത്തോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കവെ ഡ്രൈവർ യുവാവിനെ കുത്തുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു റിപ്പോർട്ട്. ആക്രമണം നടത്തിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.