യൂട്യൂബിൽ പ്രസവ വിഡിയോ കണ്ട് ഡോക്ടർമാരുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാൻ ശ്രമിച്ച യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബിലന്ദ്പൂരിലാണ് സംഭവം.
അവിവാഹിതയായ യുവതിയാണ് മരിച്ചത്.
മത്സരപ്പരീക്ഷക്കു തയ്യാറെുക്കുന്നതിനായി ബിലന്ദ്പൂരിൽ മുറി വാടകക്കെടുത്താണ് യുവതി താമസിച്ചിരുന്നത്.റൂമിൽ നിന്നും പുറത്തേക്ക് രക്തമൊഴുകുന്നതു കണ്ട് അടുത്ത മുറികളിലുണ്ടായിരുന്നവരാണ് ആദ്യം ഓടിയെത്തിയത്.
വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയും കുഞ്ഞിനെയുമാണ് കണ്ടത്. സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ ഭാഗത്തു നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും യുവതിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കേരള കോണ്‍ഗ്രസിലെ കലാപം കോട്ടയത്ത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് നേതൃത്വം. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന് വ്യക്തമാക്കി. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസ് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ബെന്നി തുറന്നുപറഞ്ഞു.
മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. ജോസഫ് മല്‍സരിക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലെ പൊതുവികാരമെന്നും ഇതിന് വിരുദ്ധമായ തീരുമാനമുണ്ടായത് എങ്ങനെയെന്നറിയില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട സമയത്ത് ഇടപെടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യു.ഡി.എഫ് ഇടപെടേണ്ട ഘട്ടം അറിയാം. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരള കോൺഗ്രസിലെ ആഭ്യന്തരപ്രശ്നമാണ്. കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.അതേസമയം പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം. ജോര്‍ജും കണ്ണൂർ ജില്ലാ സെക്രട്ടറിയായ റോജസ് സെബാസ്റ്റ്യനുമാണ് സ്ഥാനങ്ങള്‍ രാജിവച്ചത്.
തിരുവല്ല: യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാര്‍ഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിന് റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന വീട്ടുകാര്‍ നിരസിച്ചതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി: സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ചിലര്‍ വെള്ളം കുടിക്കുമെന്ന് നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ മുന്നറിയിപ്പ്. അഡാറ് ലവിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് നടിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. സംഭവം ആരാധകര്‍ ഏറ്റുപിടിച്ചതോടെ പ്രിയ പോസ്റ്റ് പിന്‍വലിച്ചു.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആസമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു.
ഒരു അഡാര്‍ ലവ് പുറത്തിറങ്ങിയതിന് ശേഷം പ്രിയയുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി സംവിധായകന് ഒമര്‍ ലുലുവും ചിത്രത്തിലെ നായിക നൂറിന് ഷെരീഫും സൂചനകള്‍ നല്‍കിയിരുന്നു. പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഒരു അഭിമുഖത്തില്‍ നൂറിന് പറഞ്ഞത്. പ്രിയ ഒരുപാട് മാറിയെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. സംഭവം എന്തായാലും ഒരിക്കല്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളിലൂടെ സർക്കാർ രൂപീകരിക്കാനാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നടത്തിയ സർവ്വേ.
ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പാകാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നൂറിലധികം സീറ്റുകൾ കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഐഎഎൻഎസ് സര്‍വ്വേ പറയുന്നു. വാർത്താ ഏജൻസിക്കു വേണ്ടി ഈ സർവ്വേ നടത്തിയത് സിവോട്ടർ ആണ്. ‘പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്താൻ നരേന്ദ്രമോദി നയിക്കുന്ന സർക്കാർ ധീരമായ തീരുമാനമെടുത്ത സമയത്താണ് സർവ്വേ നടത്തിയതെ’ന്ന് ഐഎഎൻഎസ് പറയുന്നു. രാജ്യത്തെമ്പാടും ദേശീയതയുടെ ഒരു പുതിയ തരംഗം ഈ വ്യോമാക്രമണത്തിലൂടെ മോദിക്ക് സൃഷ്ടിക്കാനായെന്നും ഐഎഎൻഎസ് റിപ്പോർട്ട് അവകാശപ്പെട്ടു. ഈ തരംഗം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ തറപറ്റിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
എൻഡിഎ സഖ്യം ആകെ 264 സീറ്റുകൾ നേടുമെന്നാണ് ഐഎഎൻഎസ് പ്രതീക്ഷിക്കുന്നത്. യുപിഎക്ക് 241 സീറ്റുകളിൽ വിജയിക്കാനാകും. മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് 138 സീറ്റുകളും നേടാനാകും. ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പായില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നും, യുപിഎ 139 സീറ്റും മറ്റു പാർട്ടികൾ 97 സീറ്റും നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികൾക്ക് 44 സീറ്റുകളും നേടാനാകും. തെരഞ്ഞെടുപ്പിനു ശേഷം ചില പ്രാദേശിക കക്ഷികളുമായി സഖ്യം ചേരാനാകുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. വൈഎസ്ആർ കോൺഗ്രസ്സ്, മിസോ നാഷണൽ ഫ്രോണ്ട്, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളിലാണ് ബിജെപിക്ക് പ്രതീക്ഷ. നിലവിലുള്ള കക്ഷികളെയും ചേർത്ത് 301 സീറ്റുകൾ ബിജെപിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യുപിഎക്ക് തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ്, എഐയുഡിഎഫ്, യുപിയിൽ കോൺഗ്രസ്സ് ചേരാൻ വിസമ്മതിച്ച പ്രതിപക്ഷ സഖ്യം, തൃണമൂൽ കോൺഗ്രസ്സ് എന്നിവരുമായി സഖ്യത്തിലേർപ്പെടാൻ കഴിഞ്ഞാലും ആകെ 226 സീറ്റുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. യുപിയിൽ മഹാസഖ്യം സാധ്യമായാലും 29 സീറ്റുകൾ ബിജെപിക്കുണ്ടാകുമെന്നും ഐഎഎൻഎസ് സർവ്വേ പറയുന്നു. 2014 തെരഞ്ഞെടുപ്പിൽ നേടിയ 72 സീറ്റുകളെന്ന മാർജിനിലേക്ക് എത്താൻ കഴിയില്ലെന്നുമാത്രം.
ബിജെപിക്ക് നേട്ടമുണ്ടാകാനിടയുള്ള സംസ്ഥാനങ്ങൾ
ബിഹാറിൽ 22ൽ നിന്ന് 36 സീറ്റിലേക്ക് ബിജെപി വളരുമെന്ന് ഐഎഎൻഎസ് സർവ്വേ പറയുന്നു. ഗുജറാത്തിൽ രണ്ട് സീറ്റ് നഷ്ടപ്പെടുമെങ്കിലും 24 സീറ്റിൽ ആധിപത്യം നേടും. കർണാടകത്തിൽ ഒരു സീറ്റ് നഷ്ടം വന്ന് 16 സീറ്റ് നേടും. മധ്യപ്രദേശിൽ 26 സീറ്റിൽ നിന്ന് 24 സീറ്റിലേക്കെത്തും. മഹാരാഷ്ട്രയിൽ 13 സീറ്റ് കൂടുതൽ നേടി 36 സീറ്റിലേക്കെത്തും. ഒഡിഷയിൽ വെറും ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞവട്ടം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണയത് 12 സീറ്റായി വർധിക്കും. രാജസ്ഥാനിൽ നാല് സീറ്റ് നഷ്ടം വന്ന് 20 സീറ്റ് നേടും.
കോൺഗ്രസ്സ് നേട്ടമുണ്ടാക്കുക ഇവിടങ്ങളിൽ
അസമിലെ മുഴുവൻ സീറ്റുകളും നേടാൻ കോൺഗ്രസ്സിന് സാധിക്കും. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 7 സീറ്റായി ഉയരും. ഛത്തീസ്ഗഢില്‍ 1 സീറ്റിൽ നിന്ന് 5 സീറ്റിലേക്ക് കോൺഗ്രസ്സ് വളരും. കേരളത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ട് സീറ്റ് കൂടുതൽ നേടും. 14 സീറ്റുകളാണ് യുഡിഎഫ് ഇത്തവണ നേടുക. കർണാടകത്തിൽ ആകെയുള്ള 9 സീറ്റും കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ പുതിയ സഖ്യങ്ങൾ ഉപയോഗപ്പെടുത്തി 4 സീറ്റുകൾ നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
വോട്ടുവിഹിതം: എൻഡിഎ – 31.1 ശതമാനം. യുപിഎ – 30.9 ശതമാനം. മറ്റു കക്ഷികൾ – 28 ശതമാനം.
ലോക് സഭ പ്രചരണത്തിന് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിക്കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. പ്ലാസ്റ്റിക് ഫ്ളക്സ് ബോഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് ഫ്ളക്സ് ബോര്‍ഡുകളും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുകള്‍ കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷന് കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.
എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരില്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രീ കണ്‍സള്‍ട്ടന്റുമുണ്ടായിരുന്നുവെന്നത് സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥകൂടിയായ ശിഖ ഗാര്‍ഗിയാണ് മരണപ്പെട്ട ഇന്ത്യക്കാരില്‍ ഒരാളെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചിരുന്നു. ശിഖ ഗാര്‍ഗിനെ കൂടാതെ വൈദ്യ പന്നഗേഷ് ഭാസ്ക്കര്‍, വൈദ്യ ഹന്സിന് അന്നഗേഷ്, നുക്കവരപു മനീഷ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നയ്റോബിയിലെ യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ (യുഎന്‍ഇപി സമ്മേളനം) പങ്കെടുക്കാനാണ് ശിഖ ഗാര്‍ഗി എത്യോപ്യന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ശിഖ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥയുമാണ്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റാണ് ശിഖ.
എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേയ്ക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 737 – ഇ ടി 302 വിമാനം തകര്‍ന്ന് 157 പേരാണ് മരിച്ചത്. എത്യോപ്യന്‍ സര്‍ക്കാരും മധ്യമങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റുവിലാണ് ഫ്ളൈറ്റ് ഇ.ടി.302 തകര്‍ന്നുവീണത്.
149 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 8.38ന് (പ്രാദേശിക സമയം) പുറപ്പെട്ട വിമാനവുമായി കണ്ട്രോള് ടവറിനുള്ള ബന്ധം 8.44ഓടെ നഷ്ടമാവുകയായിരുന്നു. ആഫ്രിക്കയിലെ തന്നെ ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്ന കമ്പനികളിലൊന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
My colleague Dr.Harshvardhan has confirmed that Ms.Shikha Garg is a Consultant with Ministry of Environment and Forests. She was travelling to attend UNEP meeting in Nairobi. I am trying to reach the families of other Indian nationals. PL RT and help. @IndiaInEthiopia /3
— Sushma Swaraj (@SushmaSwaraj) March 10, 2019
ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിൽ നില നിന്നിരുന്ന പൂർവ വൈരാഗ്യം. കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് ജിബിന്റെ മരണകാരണമായത്. പ്രദേശത്തെ വിവാഹിതയായ യുവതിയുമായി ജിബിന്‍ അടുപ്പമുണ്ടായിരുന്നു. ജിബിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണില്‍ നിന്ന് സന്ദേശം അയച്ച് ജിബിനെ വിളിച്ചു വരുത്തി. വീടിന്റെ പുറത്ത് സ്കൂട്ടര്‍ വച്ച് മതില് ചാടി കടന്ന് പുറക് വശത്തെ വാതിലിലൂടെ അകത്തെത്തിയ ജിബിനെ കാത്ത് നിന്നത് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അയല്ക്കാരുമായിരുന്നു. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ ജിബിന്‍ മരിച്ചെന്ന് സംഘം ഉറപ്പാക്കി. അതിന് ശേഷമാണ് പാലച്ചുവട്ടില്‍ ഉപേക്ഷിച്ചത്.
ഓലിക്കുഴി കുണ്ടുവേലി ഭാഗത്തുള്ള യുവതിയുമായി ജിബിന്‍ അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മര്‍ദനമേറ്റ് ജിബിന്‍ കൊല്ലപ്പെടുകയായിരുന്നു. ചക്കരപറമ്പിൽ തെക്കേ പറമ്പു വീട്ടില്‍ ജിബിന്‍ വര്‍ഗീസ് സംശയകരമായ സാഹചര്യത്തില്‍ രാത്രി 12 മണിയോട് കൂടി വാഴക്കാല അസീസിന്റെ വീട്ടിനടുത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് അസീസിന്റെ മകന് മാനാഫും മരുമകന് അനീസും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ജിബിന്റെ തല്ലി ചതയ്ക്കുകയായിരുന്നു. സ്റ്റെയര്‍കേയ്സ് ഗ്രില്ലില്‍ കയറു കൊണ്ട് കെട്ടിയിട്ട് കൈ കൊണ്ടും ആയുധം ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. ഗുരുതര മര്‍ദ്ദനത്തില്‍ മരണം സംഭവിച്ചു. അതിന് ശേഷം മൃതദേഹം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിയും രണ്ട് പേര് ജിബിന്റെ സ്കൂട്ടര്‍ ഓടിച്ചും പാലച്ചുവടിലെത്തിച്ചു.
മൃതദേഹം റോഡുവക്കിൽ തള്ളാൻ ഉപയോഗിച്ച ആട്ടോറിക്ഷ കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചെ ജിബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു. ആദ്യം വാഹനാപകടമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പരിസരത്ത് അപകടം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഓലിക്കുഴിയിലെ യുവതിയുമായി ജിബിന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി
അസീസിന്റെ വീട്ടിൽ വച്ചായിരുന്നു പ്രതികൾ ജിബിനെ മർദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീർക്കാൻ മൃതദേഹത്തിന് സമീപം സ്കൂട്ടർ കൊണ്ട് പോയിടുകയായിരുന്നു. പ്രതികൾ എല്ലാവരും അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. കൊച്ചിയിലേത് ആൾക്കൂട്ട കൊലപാതകമാണെന്നും സദാചാര കൊലപാതകമെന്ന് പറയാനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രന് പറഞ്ഞു. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ജിബിന്‍ മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു.
ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണ്ണായകമായി. യുവതിയുടെ വിവാഹം പെരുമ്പാവൂരുകാരനുമായാണ് നടന്നത്. ഇയാള്‍ ഗള്‍ഫിലാണ്. ഇതിനിടെയാണ് ജിബിനുമായി അടുപ്പം തുടങ്ങിയത്. ഇത് കുടുംബ പ്രശ്നമായി മാറി. ഇതോടെ യുവതി വീട്ടിലേക്ക് മടങ്ങി.
ഇതിന്റെ പകയില്‍ ബന്ധുക്കളൊരുക്കിയതാണ് കൊലപാതകത്തിനുള്ള സാഹചര്യം. ഇതിലേക്ക് ജിബിന്‍ എത്തിപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് എതിര് വശത്താണ് വെണ്ണല സ്വദേശി ജിബിന്റെ മൃതദേഹം കണ്ടത്. മൃതശരീരത്തിന്റെ തൊട്ടടുത്തായി ജിബിന്റെ സ്കൂട്ടര്‍ മറിഞ്ഞു കിടപ്പുണ്ടായിരുന്നു. സാഹചര്യ തെളിവുകള്‍ അനുസരിച്ച് ജിബിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. നെറ്റിയില്‍ കണ്ട മുറിവു മൂലം തലയ്ക്കേറ്റ പരിക്കാവും മരണ കാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയില്‍ ആഴത്തില്‍ പരിക്കോ, ചതവോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായും പൊലീസ് കണ്ടെത്തി.
യറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവം നടന്ന വീട്ടില്‍ ജിബിന്‍ എത്തിയ സ്കൂട്ടര്‍ മറ്റൊരാള്‍ ഓടിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.ഇതെല്ലാം നിര്‍ണ്ണായകമായി. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ ഇന്നലെ പിടികൂടി.പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ആട്ടോയും കാറും ഉപയോഗിച്ച തായി കണ്ടെത്തി. കാറിൽ പ്രതികൾ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
എന്തിനും ഏതിനും ടിക് ടോക്കിന്റെ കാലമാണല്ലോ ഇന്ന്. പലവീഡിയോയോകളും അപകടകരമായി ചിത്രീകരിക്കുകയും അപകടം വരുത്തി വക്കുകയും ചെയ്തത് മൂലം തമിഴ്നാട് ഉൾപ്പെടെ പൽ സംസ്ഥാങ്ങളൂം ടിക് ടോക് വീഡിയോ നിരോധിക്കുന്നതിന്റെ പടിവാതിലി ആണ്. എന്നാൽ ഇവിടെ സമൂഹത്തിനൊരു മെസേജ് നല്കാന് ഒരു ടീം ടിക് ടോക് ചെയ്തിരിക്കുകയാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
അമ്മയോടും സഹോദരിയോടും മാത്രം മാന്യമായി പെരുമാറിയാല്‍ മതിയോ എന്ന ചോദ്യമാണ് ഈ വിഡിയോയിലൂടെ ഉന്നയിക്കുന്നത്. വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ ഒരു സംഘം സുഹൃത്തുക്കള്‍ മുഖം മൂടി, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ നിലത്തുകിടത്തി ബലം പ്രയോഗിച്ചു പിടിച്ചുവയ്ക്കുന്നു. സംഘത്തിന്റെ നേതാവ് ഇവര്‍ക്കടുത്തെത്തി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ഒരുങ്ങുന്നു.
പെണ്‍കുട്ടിയുടെ മുഖത്തെ തുണി മാറ്റുന്നതോടെ ഇയാള്‍ ഞെട്ടിത്തരിക്കുന്നു. നിസ്സഹായയായി കിടക്കുന്ന, രക്ഷിക്കണേ എന്ന് അലറി വിളിക്കുന്ന പെണ്‍കുട്ടി അയാളുടെ സഹോദരിയാണ്. കൂട്ടുകാരുടെ പിടിയില്‍നിന്നു സഹോദരിയെ മോചിപ്പിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പോകുന്നതും സഹോദരനും സുഹൃത്തുക്കളും തലതാഴ്ത്തി നില്‍ക്കുന്നതുമാണ് രംഗം.
എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ എന്ന കുറിപ്പിനൊപ്പം @awezdarbar എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 23 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോയ്ക്കു ലഭിച്ചത്. സംഭാഷണങ്ങളില്ലാത്ത വീഡിയോയുടെ ദൈര്‍ഘ്യം 45 സെക്കന്റ് ആണ്.
സമൂഹത്തിലെ പുരുഷന്മാരില് വലിയൊരു വിഭാഗം ഇത്തരത്തിലുള്ളവരാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മുഖത്തെ തുണി മാറ്റിയില്ലായിരുന്നെങ്കില്‍ അയാള്‍ സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്തുമായിരുന്നു. എല്ലാ സ്ത്രീകളോടും ബഹുമാനത്തോടെ പെരുമാറാന്‍ തയാറായാല്‍ പുറം ലോകത്തു സ്ത്രീ സുരക്ഷിതയായിരിക്കും എന്നും വീഡിയോയ്ക്ക് കമന്റുകളുണ്ട്.
സിപിഎം സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിലും മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ഒൗദ്യോഗികപ്രഖ്യാപനം നടന്നിട്ടില്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവും അവസാനഘട്ടത്തിലാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പാലക്കാട് ആരെ സ്ഥാനാർഥിയാക്കണമെന്ന ചോദ്യം ഏറെ ആശങ്കയിലൂടെയും ചർച്ചകളിലൂടെയും കടന്നുപോവുകയാണ്. കോൺഗ്രസ് പ്രവർത്തകർക്കായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ശക്തി മൊബൈൽ ആപ്പ് വഴി നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഷാഫി പറമ്പിൽ എംഎൽഎയാണ്.
എം.ബി രാജേഷിനെ പോലെ കരുത്താനായ എതിരാളിയെ നേരിടാൻ പോന്നതാരെന്ന ചോദ്യത്തിലാണ് കോൺഗ്രസ്. എന്നാൽ മണ്ഡലത്തിലേക്ക് പരിഗണിക്കാൻ യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ടെന്നും നിലവിലെ എംഎൽഎയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫാഫി പറമ്പിലിന്റെ നിലപാട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാണ്. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നൽകി സമർപ്പിച്ചിട്ടുള്ളത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ സംഭവിക്കുന്നത് ഇതാണ്: കണ്ണൂരില്‍ കെ.സുധാകരന് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. കേരളത്തിലെ സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു.
മുതിർന്ന നേതാക്കൾ മത്സര രംഗത്ത് ഇറങ്ങണമെന്ന പൊതു വികാരാമുയർന്ന പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥാനാർത്ഥിത്വം ഡൽഹിയിൽ ചർച്ച ആയത്. നിർണായക തീരുമാനം കോൺഗ്രസ് അധ്യക്ഷന്‍ വിടാൻ സ്ക്രീനിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യം മൂലം വിട്ടു നിൽക്കാൻ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം കെ സുധാകരൻ അംഗീകരിക്കുകയായിരുന്നു എന്നാണ് സൂചന. വയനാട്ടിൽ ഷാനിമോൾ ഉസ്മാന്റെ പേരിനാണ് പ്രഥമ പരിഗണന. പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥി. ആലപ്പുഴയിൽ അടൂർ പ്രകാശിന്റെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും ആറ്റിങ്ങൽ വിട്ട് മത്സരിക്കാൻ അദ്ദേഹം തയ്യാറായേക്കില്ല. കാസർകോഡ് പി സി വിഷ്ണുനാഥിന്റെ പേരും പരിഗണനയിലുണ്ട്. എം.എൽ. എ മാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ പാർട്ടിക്കായിട്ടില്ല.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത്.