വിവാഹ ദിനത്തിൽ വരൻ മദ്യപിച്ചെത്തിയതിനാൽ വിവാഹമേ വേണ്ടെന്നു വച്ച് ബീഹാർ സ്വദേശിനി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. വരൻ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയതിനു പിന്നാലെ വധുവായ കുമാരി എന്ന പെൺകുട്ടി പന്തലിൽ നിന്നിറങ്ങിപ്പോയി.
താലിചാർത്താനെത്തിയ വരന് പന്തലിൽ നിൽക്കാൻപോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകൾ വിവാഹം വേണ്ടെന്നുവച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ത്രിഭുവൻ ഷാ പറഞ്ഞു. കുമാരിയെ സമ്മർദം ചെലുത്തി പന്തലിൽ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഉറച്ച നിലപാടിയിരുന്നു കുട്ടി.
അതേസമയം, കുമാരി പന്തലിൽ നിന്ന് മടങ്ങിയെങ്കിലും വരനെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ ഏൽപിച്ചതിനു ശേഷമാണ് ബന്ധുക്കൾ പോകാൻ അനുവദിച്ചത്.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി.
കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍നിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉപേന്ദര്‍ കാര്‍ നിര്‍ത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റി. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിനു മുമ്പു തന്നെ പിന്നില്‍നിന്നു തീപടരുകയായിരുന്നു.
പെട്ടെന്നു തന്നെ മുന്‍സീറ്റില്‍ ഇരുന്ന മൂന്നുവയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് ഉപേന്ദര്‍ പുറത്തുചാടി. എന്നാല്‍ അഞ്ജനയ്ക്കു ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. അവരും രണ്ടു കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി അഗ്നിക്കിരയായി. ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും പുറത്തെടുക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തില്‍ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഉപേന്ദര്‍ അലറിവിളിച്ചെങ്കിലും ഒരാള്‍ പോലും വാഹനം നിര്‍ത്താന്‍ തയാറായില്ല. പിന്നീടെത്തിയ ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അഞ്ജനയും മക്കളും അഗ്നിക്കിരയായിരുന്നു.
ഗാസിയാബാദിലെ ലോണിയില്‍ താമസിക്കുന്ന കുടുംബം കല്‍ക്കാജി ക്ഷേത്രത്തിലേക്കു പോയതാണ്. തിരിച്ചുവരുമ്പോള്‍ അക്ഷര്‍ധാം ക്ഷേത്രം കാണണമെന്നു കുട്ടികള്‍ വാശിപിടിച്ചു. പെട്ടെന്ന് കാര്‍ തിരിച്ച് അവിടേയ്ക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉപേന്ദര്‍ പറഞ്ഞു. കണ്‍മുന്നില്‍ ഭാര്യയും കുഞ്ഞുങ്ങളും വെന്തെരിയുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നതിന്റെ ഞെട്ടലില്‍നിന്ന് ഉപേന്ദര്‍ മുക്തനായിട്ടില്ല.
കന്നഡ സൂപ്പർതാരം യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷന് നൽകിയെന്ന് കന്നഡ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളുരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്യാങ്സ്റ്റര്‍ സംഘത്തില്‍ നിന്നും വിവരം ലഭിച്ചത്. നാല് ഗുണ്ടകളെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് ഒരു കന്നഡ താരത്തെ കൊല്ലാന്‍ തയ്യാറെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചത്. ചേരി ഭാരത് എന്ന് വിളിപ്പെരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും വിവരം ലഭിച്ചു.
ക്വട്ടേഷൻ സംഘങ്ങൾ തേടുന്ന താരം യാഷ് ആണെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെ ആരാധകർ ആശങ്കയിലായി. നിരവധി സന്ദേശങ്ങളും ഫോൺ കോളുകളുമാണ് യാഷിനെ തേടിയെത്തിയത്. വാർത്തകൾ നിഷേധിച്ച് യാഷ് തന്നെ രംഗത്തെത്തി. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‍ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു.
വാർത്താസമ്മേളനം വിളിച്ചാണ് തനിക്ക് വധഭീഷണിയുണ്ടെന്ന പ്രചരണത്തോടെ യാഷ് പ്രതികരിച്ചത്. വാർത്തകൾ പ്രചരിച്ചതോടെ ഞാൻ അഡീഷണൽ കമ്മീഷ്ണർ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവർ എനിക്കു ഉറപ്പു നൽകി. ഞാൻ അറവുകാരനല്ല കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്– യാഷ് പറഞ്ഞു.
ഈ പ്രചരണം കാരണം എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതീവ ദുഖത്തിലാണ്. എന്നെ തൊടാൻ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സർക്കാരുണ്ട് പോലീസുണ്ട് ജനങ്ങളുണ്ട് എന്നെ അത്ര പെട്ടെന്ന് കൊല്ലാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല– യാഷ് പറഞ്ഞു. കന്നഡ സിനിമയിലുളള പ്രമുഖൻ ക്വട്ടേഷൻ നൽകിയെന്നായിരുന്നു പ്രചരണം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ കന്നഡ സിനിമയെ തന്നെയാണ് നാം അപമാനിക്കുന്നതെന്ന് ഓർക്കണമെന്നും താരം പറഞ്ഞു. കന്നഡ സിനിമയിൽ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാൽ ആരും ഇത്രയും തരംതാഴുകയില്ല– യാഷ് കൂട്ടിച്ചേർത്തു.
കൊച്ചി കാക്കനാടിന് അടുത്ത് പാലച്ചുവടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തായ യുവതിയെ കാണാൻ രാത്രിയെത്തിയ യുവാവ് ജിബിൻ വർഗീസിനെയാണ് ഒരുസംഘം ആളുകൾ തടഞ്ഞുവച്ച് മർദ്ദിച്ചത്.
മൂന്നു മണിക്കൂറിലേറെ നീണ്ട മർദനത്തിനൊടുവിൽ ജിബിൻ മരിച്ചപ്പോൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. യുവതിയുടെ ഭർത്താവും പിതാവും അടക്കമുള്ളവർ കൊലക്കേസിൽ പ്രതികളായി.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. അറസ്റ്റിലായ ഏഴുപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴക്കാല സ്വദേശി അസീസിന്റെ നേതൃത്വത്തില്‍ ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസിനെ വീടിന്റെ ഏണിപ്പടിയില്‍ കെട്ടിയിട്ട് രണ്ട് മണിക്കൂറിലേറെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയശേഷം വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിബിനെ പ്രതികള്‍ തന്ത്രപൂര്‍വം വാഴക്കാലയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു.
ജിബിന് (34) ക്രൂര മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്.
വാഴക്കാല കുണ്ടുവേലിയിലെ മർദനം നടന്ന വീട് പൊലീസ് വിശദമായി പരിശോധിച്ചു. വീട്ടിലെ സ്ത്രീകൾ സംഭവം വിശദീകരിച്ചതിന്റെ ശബ്ദരേഖ പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ജിബിനെ കെട്ടിയിട്ടു മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുണ്ടുവേലിയിലെ വീട്ടിലേക്ക് അർധരാത്രി ജിബിൻ പോകുന്നതു കണ്ട് അവിടെ നിന്നിരുന്നവർ ജിബിനെ പിന്തുടർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ ചിലരും മർദനത്തിൽ പങ്കാളികളായി. ഇവരും കേസിൽ പ്രതികളാകും. ഏതാനും പേർ ഒളിവിലാണ്.
മർദനം നടന്ന വീട്ടിലുള്ളവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിലുണ്ട്. വാഴക്കാലയിൽ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് രണ്ടു പ്രതികൾ ഇന്നലെ രാവിലെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. മറ്റൊരു പ്രതി ഉച്ചയ്ക്കും ഹാജരായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 6 പേരെക്കൂടി പൊലീസ് തിരയുന്നുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോടു പറയുന്നത്. ഇന്നോ നാളെയോ ഇവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന സൂചനയുമുണ്ട്. ശനിയാഴ്ച പുലർച്ചെ നാലിനാണ് ജിബിനെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിനു സമീപം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. റോഡപകടമെന്ന് ആദ്യം കരുതിയെങ്കിലും കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ജിബിന്റെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരമാണ് അന്വേഷണം എളുപ്പമാകാൻ പൊലീസിനു സഹായകരമായത്. വീട്ടുകാരും മറ്റു ചിലരും ചേർന്നു മർദിച്ചവശനാക്കിയ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവട് പാലത്തിനു സമീപം വഴിയരികിൽ തള്ളിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സ്കൂട്ടറും ഇവിടെ കൊണ്ടുവന്നു മറിച്ചിട്ടു. ജിബിനെ റോഡിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയും ഒട്ടേറെ പേരെ പൊലീസ് ചോദ്യം ചെയ്തു.
പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഏതാണ്ട് കെട്ടടിങ്ങിയതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്രമസാധ്യതകള്‍ ഇല്ലാത്തതിനാല്‍ തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടെന്ന് നിലപാടിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഇത്തവണ 300 പോലീസുകാര്‍ മാത്രമാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കുക.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുറവ് സുരക്ഷാ ക്രമീകരണങ്ങളുമായി ശബരിമല തുറക്കുന്നത്. കഴിഞ്ഞ മാസം പൂജകള്‍ക്കായി നട തുറന്ന സമയത്ത് ഏതാണ്ട് 1500 പോലീസുകാരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. മണ്ഡലകാലത്ത് 3000ത്തിലധികം പോലീസുകാരും ഐ.ജി നേതൃത്വത്തിലുള്ള ഉന്നത സംഘവുമാണ് സുരക്ഷയൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കെ ശബരിമലയില്‍ അനിഷ്ട സംഭവങ്ങളൊന്നും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മുതിര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്സവ,മീനമാസ പൂജകള്‍ക്കായി പതിനൊന്ന് ദിവസത്തേക്കാണ് ശബരിമല തുറന്നിരിക്കുന്നത്. സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തതിനാല്‍ തന്നെ യുവതികളും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതികളെത്തിയാല്‍ തടയുമെന്ന നിലപാടിലാണ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍.
തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാഷിംഗ്ടൺ: സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കെല്ലി കാറ്റ്ലൻ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2016ലും 2016ലും ലോക ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കിയ കാറ്റ്ലിൻ 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുകയും ചെയ്തു. സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു കാറ്റ്ലൻ. യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാർട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസീസിന് ഉജ്വല വിജയം. 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (117) അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ (91) അവസാന നിമിഷം ആഞ്ഞടിച്ച ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ഓസീസ് യുവതാരം ആഷ്ടണ്‍ ടര്‍ണറാണ് മത്സരം പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 42 പന്തുകള്‍ നേരിട്ട ടര്‍ണര്‍ ആറു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 82 റണ്‍സോടെ പുറത്താകാതെ നിന്നു.
മൊഹാലിയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോഡും ഓസീസ് സ്വന്തമാക്കി. 2007-ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പിന്തുടര്‍ന്ന് ജയിച്ച 322 റണ്‍സായിരുന്നു ഇവിടത്തെ ഉയര്‍ന്ന റണ്‍ചേസ്. 2013-ല്‍ ഓസീസ് ഇവിടെ 304 റണ്‍സ് പിന്തുടര്‍ന്നും ജയിച്ചിട്ടുണ്ട്.
മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നെറിഞ്ഞ അവസാന 23 പന്തില്‍ 62 റണ്‍സാണ് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഓസീസ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ ഓസീസിന് വിജയം എളുപ്പമായി. ടര്‍ണറിന്റെ രണ്ടു ക്യാച്ചുകളാണ് അവസാന നിമിഷം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഋഷഭ് പന്ത് ഒരു സ്റ്റംമ്പിങ് അവസരവും നഷ്ടപ്പെടുത്തി.
ഇന്ത്യക്കായി വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67 റണ്‍സ് വഴങ്ങി. യൂസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-2 ന് ഓപ്പമെത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാം ഏകദിനം പരമ്പര വിജയികളെ നിശ്ചയിക്കും.
തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 12 റണ്‍സിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ഷോണ്‍ മാര്‍ഷ് (6) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഉസ്മാന്‍ ഖ്വാജ – പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 192 റണ്‍സ് ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തു. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മാര്‍ഷിനെ ജസ്പ്രീത് ബുംറയും പുറത്താക്കി. ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഭുവനേശ്വര്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഫിഞ്ചിനെ പുറത്താക്കുന്നത്.
105 പന്തില്‍ നിന്ന് മൂന്നു സിക്‌സും എട്ടു ബൗണ്ടറികളും സഹിതം 117 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 99 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളടക്കമാണ് ഖ്വാജ 91 റണ്‍സെടുത്തത്. പിന്നീടെത്തിയ മാക്‌സ് വെല്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 23 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. അലക്‌സ് കാരിയാണ് (21) പുറത്തായ മറ്റൊരു താരം.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും സെഞ്ചുറിക്ക് അഞ്ചു റണ്‍സകലെ പുറത്തായ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും.
115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്. ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് – ധവാന്‍ സഖ്യം 150-ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്സണിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകള്‍ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 95 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ഏഴു റണ്‍സെടുത്ത് പുറത്തായി.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുല്‍ 26 റണ്‍സെടുത്ത് പുറത്തായി. തകര്‍ത്തടിച്ച ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്തായി. അവസാന നിമിഷം തകര്‍ത്തടിച്ച വിജയ് ശങ്കറാണ് (15 പന്തില്‍ 26 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇന്നിങ്‌സിന്റെ അവസാന പന്ത് സ്‌ക്‌സര്‍ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.
നേരത്തെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18-ാം ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ – രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ – സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.
ഏകദിനത്തില്‍ ഇത് 15-ാം തവണയാണ് ധവാനും രോഹിതും ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, 16 തവണ 100 റണ്‍സ് പിന്നിട്ട ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ എന്നിവരാണ് ധവാന്‍-രോഹിത് ജോഡിക്ക് മുന്നിലുള്ളത്.
ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത താരങ്ങളില്‍ കമ്മിന്‍സ് അഞ്ചാം സ്ഥാനത്തെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാഡ്സണും നന്നായി തല്ലു വാങ്ങി. ഒമ്പത് ഓവറില്‍ 85 റണ്‍സാണ് താരം വഴങ്ങിയത്.
അഡിസ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ 8.44 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട റാന്നി ജണ്ടായിക്കലിൽ കോഴിഫാമിൽ രണ്ടുയുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളായ മുഴിക്കൽ പുതുപറമ്പിൽ ബൈജു, കാവും തലക്കൽ നിജിൽ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഇതുവഴി പോയ നിജിലിന്റെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.പൊലീസും തുടർന്ന് ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും ഫാമിന് സംരക്ഷണമൊരുക്കാൻ ഫാമിന് ചുറ്റും വൈദ്യുതി വേലി കെട്ടിയിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിജിലിന് സഹായി ആയാണ് ബിജു ഫാമിൽ പോയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.