ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായാകും ഏതെങ്കിലും ഒരു ഹർത്താലിനോട് കേരള ജനത ഇത്ര വീറോടെ ചെറുത്തു നിൽക്കുന്നത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ കടകൾ തുറന്നു പ്രവർത്തിക്കാനുളള തീരുമാനമായിരുന്നു അതിൽ ഏറ്റവും പ്രധാനം. അധികൃതരും പൊതുജനങ്ങളും ഹർത്താലിനെതിരെ തെരുവിൽ ഇറങ്ങി. ഹർത്താൽ അനുകൂലികളെ ട്രോളി ട്രോളൻമാരും സമൂഹമാധ്യമങ്ങളും രംഗത്തു വന്നു.
എടപ്പാളില്‍ പടുകൂറ്റന്‍ ബൈക്ക് റാലിയുമായി വന്ന ഹർത്താൽ അനുകൂലികളെ ജനം ഓടിക്കുന്ന കാഴ്ച ധീരമായ ചെറുത്തുനില്‍പിന്‍റെ സാക്ഷ്യമായിരുന്നു.
ഹർത്താൽ അനുകൂലികളെ പൊതുജനങ്ങൾ തന്നെ നേരിടുന്ന രസകരമായ കുറെയധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പയ്യന്നൂരിൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ ജനങ്ങളുടെ രോഷപ്രകടനം. പടുകൂറ്റൻ റാലിയായി വന്നെങ്കിലും ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ പിന്തിരിഞ്ഞോടി.എടപ്പാളിൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക് റാലിക്കെത്തിയവർ നാട്ടുകാരുടെ പ്രകോപനത്തിൽ ജീവനും കൊണ്ട് ഓടി .കുടുംബശ്രീ പ്രവർത്തകരുടെ തൊഴിലുറപ്പ് പദ്ധതി തടസ്സപ്പെടുത്താൻ ചെന്ന ഹർത്താൽ അനുകൂലികളെ സ്ത്രീകളും നേരിട്ടു
കൊല്ലം നെടിയറയില്‍ കട അടയ്ക്കണമെന്ന ഭീഷണിയുമായെത്തിയ ഹർത്താൽ അനുകൂലികളെ പ്രതിരോധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. കട അടപ്പിക്കൽ ഇവിടെ നടക്കില്ല മോൻ ചെല്ല് വീട്ടിൽ പോ എന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ. ചെല്ല് പോവാന്‍ നോക്ക് വീട്ടില്‍ പോ. വീട്ടില്‍ പോയി അടപ്പിക്ക്. ഇവിടെ ആവശ്യമുള്ളവര്‍, താല്‍പര്യമുള്ളവര്‍ അടയ്ക്കും. അല്ലാത്തവര്‍ അടയ്ക്കില്ലെന്ന് നാട്ടുകാർ.
അതിൽ രസകരമായ നാല് വിഡിയോ കാണാം.
നടന്‍ സൗബിന്‍ സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്ന് ആണ് റിപ്പോർട്ട്.
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത് . സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്ത വന്ന കോണ്‍ഗ്രസ് എംപിമാരെ താക്കീത് ചെയ്ത് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി രംഗത്ത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷം ഇന്നലെ കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നാലെ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്ക് സോണിയാ ഗാന്ധി കടുത്ത താക്കീത് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിനെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോണിയാ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നടപടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതോടെയാണ് ശബരിമല വിഷയം പ്രദേശിക പ്രശ്‌നമായി കാണണമെന്ന് കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുകയും ചെയ്തു.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് ഓഡിനന്‍സ് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോക്കം പോയത്. സോണിയ ഗാന്ധിയുടെ താക്കീത് അവഗണിച്ചാല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താര സുന്ദരിയാണ് കത്രീന കൈഫ്. മമ്മൂട്ടിയുടെ നായികയായി എത്തിയ കത്രീനയുടെ പുതുവത്സരാഘോഷമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. അൽപം സാഹസികമായിരുന്നു താരത്തിന്റെ ആഘോഷം.
കൊടും തണുപ്പിൽ അതായത് പൂജ്യം ഡിഗ്രി താപനിലയ്ക്കും താഴെ ഇംഗ്ലീഷ് ചാനലിൽ നീന്തിയാണ് താരം പുതുവത്സരം ആഘോഷിച്ചത്. സഹോദരിമാർക്കാപ്പം ഇംഗ്ലീഷ് ചാനലിൽ നീന്തുന്ന വിഡിയോ കത്രീന തന്നെയാണ് പങ്കു വച്ചത്. പൂജ്യം ഡിഗ്രിയാണ് താപനിലയെന്നും ഇപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും താൻ കേട്ടില്ലെന്നും കത്രീന വിഡിയോയിൽ പറയുന്നു
കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനെതിരെ വ്യാപരികളുടെ ചെറുത്തു നില്‍പ്പ്. എറണാകുളത്തും കോഴിക്കോടും തൃശ്ശൂരും വ്യാപാരികള്‍ കടകള്‍ തുറന്നു. കൊച്ചിയില്‍ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള നേരിട്ടെത്തിയാണ് കടകള്‍ തുറപ്പിച്ചത്.
കൊച്ചി ബ്രോഡ് വേയിലെത്തിയാണ് കളക്ടര്‍ കടകള്‍ തുറപ്പിച്ചത്. വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കളക്ടര്‍ എത്തിയതും നടപടികള്‍ സ്വീകരിച്ചതും. ഹര്‍ത്താലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്ക് പൂർണ്ണ സംരക്ഷണം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
എറണാകുളം ബ്രോഡ് വേയില്‍ 50 ല്‍ അധികം കടകള്‍ തുറന്നിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള മര്‍ച്ചന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് ബ്രോഡ് വേയില്‍ മാര്‍ച്ച് നടത്തി. ബസ്, ഓട്ടോ സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ബ്രോഡ് വേയില്‍ തിരക്കില്ലെന്നും അതിനാല്‍ തന്നെ കച്ചവടം കുറവാണെന്നും കേരള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗവും ബ്രോഡ് വേയിലെ വ്യാപാരിയുമായ റഹീം പറഞ്ഞു.
”ഞങ്ങള്‍ സാധാരണക്കാരാണ്. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം നടത്തുന്നത്. അടിക്കടി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജീവിതം വഴിമുട്ടുകയാണ്. ഹര്‍ത്താല്‍ അനുകൂലികളെ ഭയക്കുന്നില്ല. ഭയന്ന് ജീവിക്കാന്‍ ആകില്ല. അതിനാല്‍ ഇനിയുള്ള എല്ലാ ഹര്‍ത്താലുകളിലും കടകള്‍ തുറക്കും” എറണാകുളം മാര്‍ക്കറ്റിലെ പഴം കച്ചവടക്കാരനായ ഇബ്രാഹിം പറഞ്ഞു.
അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലിനെ എതിര്‍ത്ത് കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കട ഉടമകളെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു.
പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും അക്രമം പടരുമ്പോഴും ശബരിമല ശാന്തം. ഹര്‍ത്താലായിട്ടും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കുറവൊന്നുമില്ല.
ഇന്നലെ പുലര്‍ച്ചയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പിന്നാലെ പലയിടങ്ങളിലും അക്രമം തുടങ്ങി. അപ്പോഴെല്ലാം ശബരിമലയും പരിസരവും ശാന്തമായിരുന്നു. രാത്രി ഹരിവരാസനം ചൊല്ലി നടഅടക്കുംവരെ സാധാരണപോലെയായിരുന്നു നാമജപം. പ്രതിഷേധം പോലും എവിടെയും ഉണ്ടായിരുന്നില്ല.
ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ന് രാവിലെ മുതല്‍ നല്ല തിരിക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടത്. ആറ് മണിയാകുമ്പോള്‍ തന്നെ കാല്‍ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഉച്ചയാകുമ്പോഴേക്ക് അരലക്ഷം കവിഞ്ഞു. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. സന്നിധാനത്തോ പരിസരത്തോ എവിടെയും ഒരു പ്രതിഷേധവുമില്ല.
പക്ഷേ എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറായി ശക്തമായ പൊലീസ് ബന്തവസ്സ് സന്നിധാനത്തും പരിസരത്തും എല്ലാ നിമിഷവും തയ്യാറാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം സാധാരണപോലെ ശബരിമലയിലെത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയാണിപ്പോള്‍.
തൃശ്ശൂര്‍: ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം. തൃശ്ശൂരില്‍ തൃശ്ശൂരില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളിയിലാണ് അക്രമം ഉണ്ടായത്.
എസ്ഡിപിഐ അനുഭാവികള്‍ നടത്തുന്ന ഹോട്ടല്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അത് അടപ്പിക്കാനായി പ്രതിഷേധക്കാര്‍ എത്തി. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
തിരുവനന്തപുരം: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്കു നേരെ വ്യാപക അക്രമം. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് മർദനമേറ്റത്. ഏഷ്യാനെറ്റിന്റേയും മനോരമയുടെയും കാമറാമാന്മാര്ക്ക് ക്രൂരമായി മര്‍ദനമേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും വനിതാ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഓസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ചരിത്രമെഴുതാൻ വെമ്പുന്ന ഇന്ത്യ സിഡ്നിയിൽ നടക്കുന്ന നാലാമത്തെയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ നിലയിൽ. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവും പേറി ഒരിക്കൽക്കൂടി സെഞ്ചുറിനേട്ടത്തിലേക്കു ബാറ്റുവീശിയ ‘നവ മതിൽ’ ചേതേശ്വർ പൂജാരയുടെ ഇന്നിങ്സിന്റെ കരുത്തിൽ ഇന്ത്യൻ സ്കോർ 230 കടന്നു. 73 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയ പൂജാര 100 റൺസോടെയും ഹനുമ വിഹാരി അഞ്ചു റണ്‍സോടെയും ക്രീസിൽ
തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച ഓപ്പണർ മായങ്ക് അഗർവാൾ (77), തിരിച്ചുവരവിനു ലഭിച്ച അവസരം പാഴാക്കി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ ലോകേഷ് രാഹുൽ (ഒൻപത്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (23), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓസീസിനായി ജോഷ് െഹയ്സൽവുഡ് രണ്ടും നേഥൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
പതിവുിനു വിപരീതമായി 12 അംഗ ടീമിനു പകരം 13 അംഗ ടീമിനെയാണ് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. വയറ്റിലെ പേശിക്കു പരുക്കേറ്റ സ്പിന്നർ രവിചന്ദ്ര അശ്വിനായിരുന്നു പതിമൂന്നാമൻ. പരമ്പരാഗതമായി സ്പിൻ ക്രിക്കറ്റർമാരുടെ ഇഷ്ടഭൂമിയായ സിഡ്നിയിൽ താരത്തെ കളിപ്പിക്കാൻ ഇന്ത്യ ആവതു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഫിറ്റ്നസ് തിരിച്ചെടുക്കാൻ സാധിക്കാതിരുന്ന അശ്വിനെ കളിപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അശ്വിനു പുറമെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഉമേഷ് യാദവിനെയും ഇന്ത്യ പുറത്തിരുത്തി
ഇതോടെ, ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് കളിക്കാൻ കുൽദീപ് യാദവിന് അവസരം ലഭിച്ചു. കുൽദീപിനു പുറമെ രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ രണ്ടു സ്പിന്നർമാരുമായിട്ടാണ് കളിക്കുന്നത്. ഇവർക്കു പുറമെ പാർട് ടൈം സ്പിന്നറായി ഹനുമ വിഹാരിയുമുണ്ട്. ജസ്പ്രീത് ബുമ്ര–മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസ് ബോളർമാർ. അടുത്ത കാലത്തായി ഒട്ടും ഫോമിലല്ലാത്ത ലോകേഷ് രാഹുലിന് വീണ്ടും ഓപ്പണറായി അവസരം ലഭിച്ചതാണ് മറ്റൊരു വിശേഷം
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. തന്റെ ‘രാഹു കാലം’ അവസാനിച്ചില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്കോർ ബോർഡിൽ 10 റൺസു മാത്രമുള്ളപ്പോൾ രാഹുൽ പുറത്തായി. ആറു പന്തിൽ രണ്ടു ബൗണ്ടറി സഹിതം അതിവേഗം സ്കോറിങ്ങിനു തുടക്കമിട്ട രാഹുൽ അതിലും വേഗത്തിൽ പുറത്തായി.
പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായിത്തീർന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ഒരുമിച്ച പൂജാര–അഗർവാൾ കൂട്ടുകെട്ട് ഇന്ത്യയെ അനായാസം നൂറു കടത്തി. മെൽബണിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലേതിനു സമാനമായി ബാറ്റുവീശിയ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അഗർവാൾ പുറത്തായി. അർഹിച്ച സെഞ്ചുറി ഇക്കുറിയും സ്വപ്നമാക്കി 112 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 77 റൺസോടെയായിരുന്നു അഗർവാളിന്റെ മടക്കം
ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യമായ പൂജാര–കോഹ്‍ലി കൂട്ടുകെട്ടിന്റേതായിരുന്നു അടുത്ത ഊഴം. മൂന്നാം വിക്കറ്റിൽ അതീവശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 54 റൺസ് കൂട്ടുകെട്ടിനൊടുവിൽ കോഹ്‍ലിയെ ഹെയ്സൽവുഡ് മടക്കി. 59 പന്തിൽ നാലു ബൗണ്ടറി സഹിതം 23 റൺസുമായി കോഹ്‍ലി കൂടാരം കയറി. നാലാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പവും പൂജാര മികച്ച കൂട്ടുകെട്ടു തീർത്തു. 48 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രഹാനെയെ സ്റ്റാർക്ക് പുറത്താക്കി. 55 പന്തിൽ ഒരു ബൗണ്ടറി സഹിതം 18 റൺസുമായാണ് രഹാനെ പുറത്തായത്.
ഒടുവിൽ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് പൂജാര അർഹിച്ച സെഞ്ചുറിയിലേക്കെത്തി. 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി പൂർത്തിയാക്കിയത്
ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തൃശൂരില്‍ കടകള്‍ തുറക്കാനെത്തിയവരെ കര്‍മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്‍ഷം നീണ്ടു. കണ്ണൂര്‍ തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബെറിഞ്ഞു.
പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്‍മസമിതിയുടെ മാര്‍ച്ച് എത്തിയപ്പോള്‍ കല്ലേറുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം– ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ അടക്കമുളളവര്‍ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലീസും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
പൊന്നാനിയിലും പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
കോഴിക്കോട് രാവിലെ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമo. ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിലെ രണ്ടുപേർ അടിച്ച് തകർത്തു.
കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി കെ.എസ്.ആര്‍.ടി.സിയുടെ 79 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.