Latest News

ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾആഗസ്റ്റ് നാല് വരെ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ:-

16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്,

07377/378 വിജയപുര-മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകൾ റദ്ദാക്കി.

യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന

16575/576, 16515/516, 16539/ 540 നമ്പറുകളിലുള്ള സ്​പെഷ്യൽ ട്രെയിനുകളും സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടും.

യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.

രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതി ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വീട്ടുകാര്‍ വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇതിനുശേഷം യുവാവ് ബന്ധമൊഴിയാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അനഘയും ആനന്ദും ആറുമാസംമുമ്പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം ചെയ്തത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് അനഘയെ നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. അനഘയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കുടുംബം ആനന്ദിന്റെ പേരില്‍ പരാതി നല്‍കി. ഇതിനുശേഷമാണ് രജിസ്റ്റര്‍ വിവാഹം നടന്ന വിവരം അനഘയുടെ വീട്ടുകാര്‍ അറിയുന്നത്.

ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാര്‍ പറഞ്ഞു.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലം മെഡല്‍ സ്വന്തമാക്കി. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന താരം ഒപ്പമുണ്ടായിരുന്ന കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് മനുവിന്റെ മെഡല്‍ നേട്ടം.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഭാക്കര്‍ ഫൈനല്‍ ് ഉറപ്പിച്ചത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം. 2004 ലെ ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. സുമ ഷിരൂരാണ് രമിതയുടെ പരിശീലക.

എന്നാല്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി.

ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

തിരുവനന്തപുരത്ത് പട്ടാപ്പകലിൽ വീട്ടിൽ കയറി ഗൃഹനാഥയെ വെടിവെയ്ച്ചു. കൈയ്ക്കു പരുക്കേറ്റ പടിഞ്ഞാറേക്കോട്ട പോസ്റ്റ് ഓഫിസ് ലെയിനിലെ താമസക്കാരിയും എൻ.എച്ച്.എം ഉദ്യോഗസ്ഥയുമായ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സത്രീയാണെന്നും മൂന്നു തവണ ഇവര്‍ വെടിവെച്ചെന്നും ഷിനിയുടെ ഭർതൃ പിതാവ് പറഞ്ഞു.

പിസ്റ്റളാണോ എയർ ഗണ്ണാണോയെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ വ്യക്തമാക്കി. രാവിലെ എട്ടരയോടെയാണ് തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരുവുകളിലൊന്നായ പോസ്റ്റ്ഓഫിസ് ലെയിനിൽ അക്രമി എത്തിയത്. കൊറിയർ നൽകാനുണ്ടെന്ന വ്യാജേന പങ്കജ് എന്നു പേരുള്ള വീട്ടിലെത്തി ബൽ അമർത്തി. ഷിനിയുടെ ഭർതൃപിതാവ് പുറത്തേക്ക് വന്നെങ്കിലും ഷിനിയെ തന്നെ വേണമെന്നു പറഞ്ഞു. ഷിനി വന്നതിനു പിന്നാലെ വെടിയുതിർക്കുകയായിരുന്നു.

അക്രമണ സമയത്ത് ഷിനിയും, മകനും, ഭർതൃപിതാവും, മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഷിനിയുടെ ഭർത്താവ് മാലിയിൽ ഉദ്യോഗസ്ഥനാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി വന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപ കാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളജില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടം മറിക്കുന്ന തരത്തിലുള്ളതാണ്.

ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജ് ക്യാമ്പസില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്.

നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തി കോളജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ട് വിദ്യാര്‍ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷണ വിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചതായി കമല സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

‘യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഇന്ന് ഒപ്പുവെച്ചു. ഓരോ വോട്ടും നേടാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും’ – ട്വീറ്റില്‍ കമല ഹാരിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മിഷേല്‍ ഒബാമയും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന്റെ വിജയമുറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഭൂരിപക്ഷം പേരുടെയും അംഗീകാരവും കമല ഹാരിസിന് ലഭിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ അപ്രതീക്ഷിത പിന്‍മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാര്‍ത്ഥിയായത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബൈഡന്റ് പിന്‍മാറ്റം. എതിര്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലും ബൈഡന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ബൈഡനെ നിര്‍ബന്ധിതനാക്കുകയായിരുന്നു.

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ. ഞായറാഴ്ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. കഴിഞ്ഞ 12 ദിവസമായി ശ്രമകരമായ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നദിയുടെ ആഴത്തിൽ സംഘം പരിശോധിച്ചിരുന്നു. ആഴത്തിൽ ചെളിയും പാറയും കലർന്ന അവസ്ഥയിലാണ്. നദിയിൽ നല്ല ഒഴുക്കുമുണ്ട്. വലിയ ബുദ്ധിമുട്ടാണ് തിരച്ചിൽ ദൗത്യത്തിനെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കിൽ ദൗത്യം ഏറെ ദുഷ്കരമാകും.

നദിയുടെ ആഴങ്ങളിൽ മുഴുവനും മണ്ണും ചെളിയുമാണ്. തകർന്ന മരങ്ങൾ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചിൽ നടത്തുന്നവർ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഈശ്വർ മാൽപെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാ​ഗമാകുമോ എന്ന് ചർച്ചചെയ്ത് തീരുമാനിക്കും. നദിയുടെ ആഴവും ഒഴുക്കുമൊന്നും കാര്യമാക്കാതെ ദൗത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഈശ്വർ മാൽപെ, എസ്.പി., ജില്ലാ കളക്ടർ എന്നിവർ ശനിയാഴ്ച വൈകീട്ട് യോ​ഗം ചേരുമെന്ന് കൃഷ്ണ സെയിൽ അറിയിച്ചു. തുടർന്നുള്ള തീരുമാനങ്ങൾ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഒളിംപിക്‌സിനു തുടക്കമായി. ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തുന്നത്. സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായിട്ടാണ് കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്.

ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ ടേബിള്‍ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവുമാണ് നയിക്കുന്നത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

പാരിസ് നഗരത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 45,000 പൊലീസ് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരുമാണ് ഒളിംപിക്‌സിനു സുരക്ഷയൊരുക്കുന്നത്.

യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവിന്റെ പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമനാണ്‌ (38) പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക്‌ വരുംവഴി വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.

വെള്ളിയാഴ്ച രാവിലെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളത്ത് ഡ്രൈവറായി ജോലിനോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.

താൻ താമസിക്കുന്നത് രാജാക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ആണെന്നും അതിനാൽ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് സുമേഷ് പോലീസിൽ അപേക്ഷ നൽകി.

അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സുമേഷിന്റെ കഴുത്തിലും കൈകളിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവുകൾ സാരമുള്ളതല്ല. മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. സുമേഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെക്കുറിച്ച് പഠിച്ചാൽ അതിന് എപ്പോഴും ഒരു ലക്ഷ്യവും ദിശാബോധവും ഉണ്ടെന്ന് വളരെയെളുപ്പത്തിൽ കാണുവാൻ കഴിയും. നാമെല്ലാവരും ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. പണമുണ്ടാക്കുവാനും പ്രശസ്തി ആർജ്ജിക്കുവാനും മറ്റും നാം ആഗ്രഹിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം അഥവാ ആഗ്രഹം എവിടെ നിന്നും വരുന്നു? വെറുതെ ഇരിക്കുമ്പോൾ മനുഷ്യൻ ആഗ്രഹങ്ങൾ നെയ്തുകൂട്ടുന്നു. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം? ഇത് നല്ലതോ ചീത്തയോ? ആഗ്രഹങ്ങൾ മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുമോ?

പരിമിതി മനുഷ്യജീവിതത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പൂർണ്ണതയിൽ എത്തുവാൻ വേണ്ടി അവൻ സദാ ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആരും തന്നെ പൂർണ്ണതയിൽ എത്തുന്നുമില്ല. അവൻ അപൂർണ്ണനായി ജനിക്കുന്നു, അപൂർണ്ണനായി ജീവിക്കുന്നു, അപൂർണ്ണനായി തന്നെ മരിക്കുകയും ചെയ്യുന്നു. പൂർണ്ണത എന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതും, പണമുണ്ടാക്കുന്നതും, അറിവ് സമ്പാദിക്കുന്നതും പൂർണ്ണതയെ ലക്ഷ്യം വച്ചുകൊണ്ടാണ്. ‘ആഗ്രഹം’ അറിഞ്ഞുകൊണ്ടാണെങ്കിലും അറിയാതെയാണെങ്കിലും പൂർണ്ണതയെയാണ് ഉന്നം വക്കുന്നത്. ഇപ്രകാരം, വിവാഹം കഴിച്ചാൽ താൻ പൂർണ്ണനാകുമെന്ന് അവിവാഹിതനും, പണമുണ്ടാക്കിയാൽ താൻ പൂർണ്ണനാകുമെന്ന് ദരിദ്രനും കരുതുന്നു. അപ്പോഴും പൂർണ്ണതയിൽ എത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുന്നുണ്ടെങ്കിൽ അത് നമുക്ക് എവിടെയോ പിഴവുകൾ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഭൗതിക വസ്തുക്കളിൽ നാം പൂർണ്ണത കണ്ടെത്തുവാൻ ശ്രമിക്കുന്നു. അത് പുറമേ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾക്ക് മനുഷ്യനെ പൂർണ്ണനാക്കുവാൻ കഴിയുമോ? ലോകം മുഴുവൻ നിങ്ങളെ ആരാധിച്ചാൽ അതുകൊണ്ട് മാത്രം നിങ്ങൾ പൂർണ്ണനാകുമോ? പൂർണ്ണത ആന്തരിക ലോകത്താണ് കിടക്കുന്നത്! അപൂർണ്ണതയും അവിടെ തന്നെ! നാം ചിലതിനെ മാത്രം സ്നേഹിക്കുന്നു, മറ്റു ചിലവയെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യനെ ബാധിച്ചിരിക്കുന്ന അപൂർണ്ണത. ഈ അപൂർണ്ണതയെ ആന്തരികമായി തിരുത്തുന്നതിനു പകരം നാമതിനെ ബാഹ്യമായി തിരുത്തുവാൻ പരിശ്രമിക്കുന്നു. ഉദാഹരണത്തിന് ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ സന്തുഷ്ടനായ മറ്റൊരുവനെ കണ്ടാൽ അയാളെപോലെയായാൽ എനിക്കും സന്തോഷിക്കാമെന്ന് കരുതുന്നു. ഒരുപക്ഷേ അയാൾ പണക്കാരനോ പ്രശസ്തനോ ആയിരിക്കാം. അതുകൊണ്ട് തന്നെ പണവും പ്രശസ്തിയും എന്നെയും സന്തോഷിപ്പിക്കും എന്ന് ഞാൻ കരുതുന്നു. പിന്നീട് അങ്ങോട്ട് ആ ദിശയിലായിരിക്കും എന്റെ പരിശ്രമങ്ങൾ മുഴുവൻ. ഇപ്രകാരം ആന്തരികമായി സംഭവിക്കേണ്ടുന്ന പൂർണ്ണത ബാഹ്യലോകത്തെ ലക്ഷ്യം വച്ച് നീങ്ങുന്നു. നോക്കൂ..എന്തോരു മഠയത്തരമാണിത്?

എന്റെ പരിമിതി എന്റെ ഇഷ്ടാനിഷ്ടങ്ങൾ തന്നെ. ഞാൻ ഈ ജീവിതത്തിലും ഈ ലോകത്തിലും ഉള്ള സകലതിനേയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഞാൻ പൂർണ്ണനാണ്. അതിനാൽതന്നെ പൂർണ്ണനാകണമെങ്കിൽ ഞാൻ കൂടുതൽ കൂടുതൽ കാര്യങ്ങളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ആണ് വേണ്ടത്. അങ്ങനെ എന്റെ ആസ്വാദനവും ആനന്ദവും അനന്തമാകുകയും ഞാൻ ഈശ്വരനിൽ ലയിക്കുകയും ചെയ്യുന്നു. ആസ്വാദനം പുരോഗമിക്കുമ്പോൾ നാം വേദനകളെയും, രോഗങ്ങളെയും, ദുഃഖങ്ങളെയും, പരാജയങ്ങളെയും മരണത്തെപോലും ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്തു തുടങ്ങും. അപ്പോൾ നമ്മെ വേദനിപ്പിക്കുവാനോ തകർക്കുവാനോ യാതൊന്നിനും കഴിയുകയില്ല.

ഇപ്രകാരം അനന്തമായ ആസ്വാദനത്തിലേക്ക് വരുന്ന ഒരാൾക്ക് ലക്ഷ്യം വക്കുവാൻ യാതൊന്നുമില്ല. അയാൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ ഒരുപോലെ ആസ്വദിക്കുന്നു. അയാൾ യാതൊന്നിനെയും കൂസുകയില്ല. ഇതാണ് യഥാർത്ഥമായ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെയും പൂർണ്ണതയുടെയും അഭാവത്തിൽ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ജന്മം കൊള്ളുന്നു. ഇതേ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും അപൂർണ്ണത തുടരുവാനുള്ള കാരണമായി ഭവിക്കുന്നു. നാം പല ജന്മാന്തരങ്ങളിലൂടെ കർമ്മം ചെയ്തിട്ടുണ്ടാവാം. എന്നിട്ടും പൂർണ്ണരാവാത്തതെന്തുകൊണ്ട്? നാം പ്രശ്നത്തിന് പുറത്തു കടക്കുവാൻ ശ്രമിക്കുന്നു, എന്നാൽ അപ്രകാരമുള്ള ഓരോ പരിശ്രമവും നമ്മെ വീണ്ടും പ്രശ്നത്തിൽ തന്നെ കൊണ്ടുവന്ന് ചാടിക്കുന്നു. ഇതിനുള്ള കാരണം വ്യക്തമാണ് – നാമത് അശാസ്ത്രീയമായി ചെയ്യുന്നു. ബാഹ്യലോകത്തെ തിരുത്തിയാൽ എങ്ങനെയാണ് ആന്തരികമായ പൂർണ്ണത സംഭവിക്കുന്നത്? സുഖഭോഗങ്ങൾ നിങ്ങളുടെ സന്തോഷത്തെ ഒരൗൺസുപോലും വർദ്ധിപ്പിക്കില്ല. കാരണം അവിടെ നിങ്ങൾ ആസ്വദിച്ചിരുന്ന കാര്യങ്ങളെ തന്നെ വീണ്ടും ആസ്വദിക്കുവാൻ ശ്രമിക്കുന്നു. അതിലെന്തർത്ഥമിരിക്കുന്നു? അവിടെ പുരോഗതി മന്ദീഭവിക്കുന്നു. അതിനുപകരം പുതുമയുള്ള കാര്യങ്ങളെ ആസ്വദിക്കുവാൻ പഠിക്കുവിൻ. അപ്പോൾ നിങ്ങൾ വളർന്നു തുടങ്ങും. ഈ വിധത്തിൽ ബാഹ്യമായ ആഗ്രഹങ്ങളെ ദൂരെയെറിയുവിൻ. നിങ്ങൾ പ്രഹരിക്കേണ്ടിടത്ത് പ്രഹരിക്കുമ്പോൾ എല്ലാം നേരെയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved