ഗള്‍ഫ് മലയാളിയായ യുവാവാണ് വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ നഗരസഭയിലെ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര്‍ ടി (34)യാണ് ഗള്‍ഫിലെ റസല്‍ ഖൈമായുടെ താമസസ്ഥലത്തിനടുത്ത് സെയില്‍സ് വാഹനത്തിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രിയിലാണ് സംഭവം.
വ്യാഴാഴ്ച വിവരം ബന്ധുക്കളെ അറിയിച്ചു. രജീഷ് രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ സെയില്‍സ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. ജനുവരിയില്‍ നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത് സെയില്‍സ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണില്‍ വിളിക്കാറുള്ളത്. പുലര്‍ച്ചെമുറിയില്‍ ഇയാളെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്‍റെ വീട്ടില്‍ ഫോണ്‍ വിളിച്ച് 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടുവെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ചു രജീഷിന്‍റെ സഹോദരന്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രജീഷിന്‍റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.
മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മഹേഷിന്റെ പ്രതികാരത്തിലെ ‘ചാച്ചനായി’ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് കെഎല്‍ ആന്റണി (70). അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രേമികളും സിനിമാലോകവും.
ഹൃദയാഘാതമാണ് മരണകാരണം. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ മകനാണ്. ചാച്ചന്റെ മരണവും നാടകീയമായെന്ന് ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചത്.
ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
‘ഉച്ചയോടെ ചാച്ചന്‍ വിളിച്ചു; ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന്‍ പിടി തന്നില്ല.
അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്‌ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷന്‍ തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്‍. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’
[ot-video][/ot-video]
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോൾ നൽകി വായടപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയെക്കുറിച്ച് ഒരാൾ ഒരു സിനിമാഗ്രൂപ്പിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.
ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ട് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സ്ക്രീൻഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചയാൾക്ക് അതേ നാണയത്തിൽ തന്നെ ലാൽജോസ് മറുപടി നൽകി. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ” എന്നുപറഞ്ഞ് സ്ക്രീൻഷോട്ട് സഹിതം ലാൽജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബൻ–ലാൽജോസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു
കോഴിക്കോട്ടേക്ക് പോകേണ്ട 185 യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ പത്തു മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ് ഇതുവരെ യാത്രപുറപ്പെടാൻ കഴിയാതെ യാത്രക്കാർ വലയുന്നത്.
ബോഡിങ് പാസ്സ് നൽകിയ ശേഷം വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തിൽ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. വൻ തുക ടിക്കറ്റിനു നൽകിയ യാത്രക്കാർക്കാണ് ഈ ദുർഗതി.
ഷൂട്ടിങിനായി നാഗര്‍കോവിലിലെത്തിയ നടിയെ തടഞ്ഞുവച്ചു. ലോഡ്ജ് ജീവനക്കാരനാണ് വാടക മുഴുവന്‍ നല്‍കിയില്ല എന്നാരോപിച്ച് നടി മഞ്ജു സവേര്‍കറിനെ തടഞ്ഞുവച്ചത്. തന്റെ മുറിയിലെ ബെഡ്ഷീറ്റൊന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കില്ല എന്നൊക്കെ പറഞ്ഞ് നടി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ പക്ഷം. പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
മുംബൈ: ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചു തനിക്കു ഭയമാണെന്നു നടൻ നസറുദ്ദീൻ ഷാ. കുട്ടികളെ വളഞ്ഞു നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളതെന്നും ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നിരിക്കുകയാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചോർത്തു ഞാൻ ഭയപ്പെടുന്നു. രോഷാകുലരായ ആൾക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്നു ചോദിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്. എന്റെ കുട്ടികൾക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവർ മതം പഠിച്ചിട്ടില്ല. ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നുകൊണ്ടിരിക്കുകയാണ്. ആ പിശാചിനെ പിടിച്ചു വീണ്ടും കുപ്പിയിൽ അടയ്ക്കാൻ വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും- നസറുദ്ദീൻ ഷാ പറഞ്ഞു.
നിയമം കൈയിലെടുക്കുന്നവർക്ക് ഇന്ന് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും പോലീസുകാരന്റെ മരണത്തേക്കാൾ പശുവിനാണ് ഇന്ത്യയിൽ പ്രാധാന്യം ലഭിക്കുന്നതെന്നും ബുലന്ദ്ഷഹർ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 15 പേര്‍ മരിച്ചത്. നിരവധിപേര്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തലിങ്ങനെ..
കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന കൊല ഉണ്ടായത്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രസാദം കഴിച്ച 180 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും പ്രതികള്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പോലീസ് വെളിപ്പെടുത്തുന്നു.കീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൂട്ട കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു.
ക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.