Latest News

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

റോമി കുര്യാക്കോസ്

യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ / റീജിയൻ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.

വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്‌, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമ്മസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യർത്ഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോണും സജീവ സാന്നിധ്യമായിരുന്നു.

വയനാട്ടില്‍ വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. സിപിഎം പ്രവര്‍ത്തകര്‍ പോലും കൃത്യമായി വോട്ട് ചെയ്തില്ലെന്നാണ് സിപിഐയുടെ ആരോപണം.

മണ്ഡല രൂപീകരണത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് നേടാനായത്. 2014 ല്‍ നേടിയ ഏറ്റവും കൂടുതല്‍ വോട്ടിനേക്കാള്‍ 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പുലര്‍ത്തിയ നിസംഗതയാണ് കനത്ത തിരിച്ചടിക്ക് കാരണമായതെന്നാണ് സിപിഐ വിലയിരുത്തല്‍.

പ്രചാരണ വേളയില്‍ സിപിഎം പ്രവര്‍ത്തകരുടെ മുഴുവന്‍ ശ്രദ്ധയും പാര്‍ട്ടി സമ്മേനങ്ങളിലായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. ഇത് പരാജയത്തിന്റെ ആഘാതം കൂട്ടി. ഭവന സന്ദര്‍ശനങ്ങള്‍ നടുത്തുന്നതിലും കുടുംബയോഗങ്ങള്‍ വിളിക്കുന്നതിലും അലംഭാവം കാട്ടി.

സിപിഐക്ക് സ്വാധീനം കുറവുള്ള മേഖലകളില്‍ അഭ്യര്‍ത്ഥന വിതരണം പോലും താളം തെറ്റിയിരുന്നു. ബത്തേരിയിലെ 97 ബൂത്തുകളിലും മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പ്പറ്റയില്‍ 35 ബൂത്തുകളിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ.ആര്‍ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തില്‍ പോലും സത്യന്‍ മൊകേരിക്ക് ലീഡ് നേടാനായില്ല.

എന്നാല്‍ സിപിഐ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎം സജീവമായിരുന്നു എന്നാണ് അദേഹത്തിന്റെ പക്ഷം. മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുത്തെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിലാണ് മുതിര്‍ന്ന നേതാവായ സത്യന്‍ മൊകേരിയെ രംഗത്ത് ഇറക്കിയത്. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എല്‍ഡിഎഫിന് വേണ്ടി ഏറ്റവും കൂടുതലും ഏറ്റവും കുറഞ്ഞ വോട്ടും നേടിയ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ്.

മഹാഭൂരിപക്ഷത്തില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടിയ മഹായൂതി സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കിടണമെന്നാണ് ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ ആവശ്യം. ആദ്യ ടേം തങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ 288 അംഗ നിയമസഭയില്‍ സ്വന്തമായി കേവല ഭൂരിപക്ഷത്തോടടുത്ത 132 സീറ്റുള്ള ബിജെപി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്.

സഖ്യത്തില്‍ 57 സീറ്റുള്ള ഷിന്‍ഡേ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം ചോദിക്കാന്‍ അവകാശമില്ലെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിനുള്ളത്. മാത്രമല്ല എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയും ഫഡ്നാവിസിനുണ്ട്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കുവെക്കണമെന്ന് ഏക്നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

മഹാരാഷ്ട്ര എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനെയും ശിവസേന എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡേയെയും അതത് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബിജെപി നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചത്.

ഫഡ്‌നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയെ പിളര്‍ത്തി വന്ന ഷിന്‍ഡേയെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ നിലപാട്.

മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്‌നവിസിന്റെ പേരു മാത്രമേ നിര്‍ദേശിക്കാനുള്ളൂവെന്ന് ബവന്‍കുലെ വ്യക്തമാക്കി.

നിയമസഭയിലെ കക്ഷിനില:

ബിജെപി-132, ശിവസേന-57, എന്‍സിപി- 41, ശിവസേന (യുബിടി)- 20, കോണ്‍ഗ്രസ്-16, എന്‍സിപി (എസ്.പി) 10, സമാജ് വാദി പാര്‍ട്ടി-2, ജന്‍ സുരാജ്യ ശക്തി-2, രാഷ്ട്രീയ യുവ സ്വാഭിമാനി പാര്‍ട്ടി -1, രാഷ്ട്രീയ സമാജ് പക്ഷ -1, എഐഎംഐഎം-1, സിപിഎം-1, പിഡബ്ല്യുപി-1, സ്വതന്ത്രര്‍-2.

ജിമ്മി ജോസഫ്

സ്കോട്ട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ട് ലാൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്ട് ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ലീവിംഗ് സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30 ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ അരങ്ങേറുന്നു.

സ്കോട്ട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപം കൊണ്ട യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് അവാർഡ് നൈറ്റിനോടൊപ്പം നടത്തപ്പെടുന്നത്.
യുസ്മ നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം നടക്കപ്പെടുന്ന അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.

സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ,മികച്ച ജഡ്ജിംങ് പാനൽ ഇതെല്ലാം യുസ്മ കലാമേളയ്ക്കും അവാർഡ് നിശയ്ക്കും കൊഴുപ്പേകും. സ്കോട്ട് ലാൻഡ് മലയാളി കുടിയേറ്റ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ പൂർത്തിയായി കഴിഞ്ഞു.

സ്കോട്ട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരഭത്തിന് സ്കോട്ട് ലാൻഡിലെ എല്ലാ വ്യക്തികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. യുസ്മ കലാമേളയിൽ സ്കോട്ട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി വിവിധ പ്രായ പരിധിയിലുള്ളവർക്കായി വ്യക്തിഗത , ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ :

സോളോ സോംഗ്, സിംഗിൾ ഡാൻസ്, ഉപകരണ സംഗീതം (കീബോർഡ് ) ( ഗിത്താർ ), മലയാളം പദ്യം ചൊല്ലൽ, പ്രസംഗം (മലയാളം) (ഇംഗ്ലീഷ്), മിമിക്രി, മോണോ ആക്ട്, പെയ്ൻ്റിംഗ്, ഡ്രോയിംങ്, ഫാൻസി ഡ്രസ്സ്, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, സ്കിറ്റ്

നവംബർ 30 ന് ശനിയാഴ്ച ഉച്ചയ്ക്ക് 11 മുതൽ ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയുടെയും അവാർഡ് നിശയുടെയും വിജയത്തിനായി അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

 

കാർഡിഫ്: ഒരു കുടിയേറ്റ ജനതയെ തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരകളിൽ എന്നും പ്രാർത്ഥനാ ചൈതന്യം പകർന്ന് നൽകി പാരമ്പര്യ ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിന് പ്രചോദനമായി വെയിൽസ് സെന്റ് ആൻ്റണീസ് പ്രപ്പോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കമായി. വിശ്വാസ അധിഷ്ഠിത സമൂഹമായി രൂപാന്തരപ്പെടുത്തുന്നതിൽ കൂടാരയോഗങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന തിരിച്ചറിവാണ് വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കം കുറിക്കുന്നത് .

നവംബർ 24 ഞായറാഴ്ച ക്രിസ്തുരാജ തിരുനാൾ കുർബാനയ്ക്ക് ശേഷം മിഷൻ കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ ഔപചാരികമായി തിരിതെളിച്ചുകൊണ്ടു പുതിയ കൂടാരയോഗങ്ങളുടെ തുടക്കം കുറിച്ചു. തുടർന്ന് വിവിധ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് സമൂഹത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവതീ യുവാക്കൾക്ക് സഭാ വിശ്വാസ പ്രഘോഷണ പ്രതീകമായി തിരികൾ തെളിച്ച് പകർന്നു നൽകി കൊണ്ട് തുടർ പരിപാടികൾക്കും സ്ഥിരമായ കുടുംബ കൂട്ടായ്മകൾക്കും മാതൃകാപരമായ പ്രാരംഭം കുറിച്ചു.

വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍.

ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൃശൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദികനെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും പണം തട്ടിയത്. കേരളത്തിലും പുറത്തും വൈദികനാണെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്.

ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇത് കൂടാതെ നാഗ്പൂരിലും കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ പത്തനംതിട്ട കൂടല്‍ സ്വദേശിയാണ്.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ജേക്കബ് തോമസ് കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ ആഡംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്.

പലര്‍ക്കും 60 മുതല്‍ 80 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ബിഷപ്പാണന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

കൃത്യത്തിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ട്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നിര്‍മാതാവും നടനുമായ ആലപ്പി അഷറഫ്. രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്നാണ് അഷറഫിന്റെ വെളിപ്പെടുത്തല്‍.

ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തു വീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍.

താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി.

പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്കും കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശേരി മനയുടെ ‘തമ്പ്രാനായി’ രഞ്ജിത്ത് മാറിയെന്നും അഷറഫ് കുറ്റപ്പെടുത്തി.

ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ താന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.

അദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി കൊടുത്തു. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തു വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവില്‍ ഉണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി.

പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദേഹം അത് ഗൗനിച്ചില്ല. തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാനസികമായി തകര്‍ന്നു പോയി. പിന്നീടുള്ള അദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം.

അടിയോടൊപ്പം അദേഹത്തിന്റെ ഹൃദയവും തകര്‍ന്നു പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദേഹം. എന്നാല്‍ പിന്നീട് അതൊന്നും കണ്ടിട്ടില്ല. അടിയുടെ ആഘാതത്തില്‍ നിന്ന് നിന്ന് മോചിതനാവാന്‍ അദേഹത്തിന് ഏറെ നാളെടുത്തു.

പീഡനക്കേസ് വന്നതോടെ പലരും രഞ്ജിത്തിനെ കൈവിട്ടു. അദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിക്ഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മികരായി.

മെത്രാന്‍മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.

വെറും പറച്ചില്‍ മാത്രമായിരുന്നില്ല, വയനാട്ടുകാരുടെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി. 4,10,923 വോട്ടുകളുടെ റെക്കോഡ് വിജയമാണ് ആദ്യ മത്സരത്തില്‍ പ്രിയങ്ക നേടിയത്. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. 6,22,338 വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും. രാഹുലിനൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറും.

പ്രചാരണവേളയില്‍ മലയാളം സംസാരിച്ചത് പ്രിയങ്ക അത്ഭുതപ്പെടുത്തിയിരുന്നു. മലയാള ഭാഷ നന്നായി ഉപയോഗിക്കാനുളള പഠനവും പ്രിയങ്ക തുടങ്ങിക്കഴിഞ്ഞു.

ഫലം പുറത്തുവന്നതിനു പിന്നാലെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ആ തോന്നല്‍ നിങ്ങളിലുണ്ടാക്കുന്ന വിധമാകും എന്റെ പ്രവര്‍ത്തനം. നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാര്‍ലമെന്റില്‍ ഞാന്‍ വയനാടിന്റെ ശബ്ദമാകും. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

RECENT POSTS
Copyright © . All rights reserved