ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.
മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.
സണ്ണിമോൻ മത്തായി
വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി വാട്‌ഫോർഡ്. വാട്‌ഫോർഡിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ സ്നേഹ-കാരുണ്യ-കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുസ്മരണകൾ പങ്കു വെക്കുന്നതായി.
ഒഐസിസി വാറ്റ്ഫോർഡ് യുണിറ്റ് പ്രസിഡന്റും, യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അധ്യക്ഷം വഹിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ തിരി തെളിച്ച് ബൈബിൾ വായിച്ചു കൊണ്ട് ജോൺ തോമസ് നടത്തിയ ആമുഖ പ്രാർത്ഥന ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ നിത്യേന എത്തുന്ന ജനസമൂഹം മെഴുതിരികൾ കത്തിച്ചും, കരഞ്ഞും ഒരു പുണ്യാത്മാവിനോട് പ്രാർത്ഥനകൾ അർപ്പിക്കുവാൻ എത്തുന്ന അതേ ഓർമ്മ ഉണർത്തുന്നതായി.
ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ഉമ്മൻചാണ്ടി സാറിന്റെ നേതൃത്വ പാടവവും ,നിശ്ചയ ദാർഢ്യതയും എടുത്തു പറയുകയും ചെയ്തു. ഒഐസിസി നാഷണൽ പ്രസിഡന്റ് മോഹൻദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സാറുമായി കണ്ടു മുട്ടിയ വിവരങ്ങൾ പങ്കുവെക്കുകയും ,അദ്ദേഹത്തിന്റെ സ്നേഹാർദ്രമായ കരുതലിന്റെ അനുഭവം എടുത്തു പറയുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ ആദരവർപ്പിച്ചുകൊണ്ട് സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണീരണിഞ്ഞു പൂക്കളുമായി വഴിയോരങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാൻ നിരന്ന ജന വികാരം സൂരജ് കൃഷ്ണൻ അനുസ്മരിച്ചപ്പോൾ സദസ്സിൽ വേദന പൊടിക്കുന്നതായി. വാറ്റ്ഫോഡിലെ സംസ്കാരിക നായകനും പെയ്തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകർത്താവും മായ കെ പി മനോജ്കുമാർ പുഷ്പാ അർച്ചനക്ക് തുടക്കം കുറിച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയിട്ടുള്ള ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മൻചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചൻ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും പൊതുപ്രവർത്തകയുമായ റാണി സുനിൽ ഉമ്മൻ ചാണ്ടി സാറിന്റെ വേർപ്പാടിലൂടെ ഉണ്ടായ നഷ്‌ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, അനഘ സുരാജ്, കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണങ്ങൾ നടത്തി.
ബിജു മാത്യുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
നിലവില്‍ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70% സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറില്‍ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂര്‍ സ്വദേശി മുളയന്‍കാവ് ബേബി ലാന്‍ഡില്‍ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍നിന്ന് പ്രതിയായ ആനന്ദ് പല തവണകളിലായി 61ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോൾ സര്‍ക്കാരില്‍നിന്ന് തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായി ഉള്ള വ്യാജ രേഖകള്‍ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയുമായിരുന്നു.
ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പൊതുമരമത്ത് മന്ത്രിക്ക് പേടിഎം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുത്തു.
തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി സമാന രീതിയില്‍ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പി. ആര്‍. മനോജ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്‍, എസ്.ഐ.മാരായ കെ. മണികണ്ഠന്‍, കെ. മധുസൂദനന്‍, എ.എസ്.ഐ. എന്‍.എസ്. മണി, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബി. വിനീത്കുമാര്‍, കെ.എം. ഷെബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്. ഹൈദരാബാദിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. വിമാനങ്ങൾ പുറപ്പെടാൻ വൈകിയതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ലോകമാകെ കോടിക്കണക്കിന് ജനങ്ങളെ തകരാർ ബാധിച്ചിട്ടുണ്ട്.
ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും തകരാർ ബാധിച്ചു. യാത്രക്കാർ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ചെക്ക് ഇൻ തകരാറിലായെങ്കിലും യാത്ര മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിങ്ങും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായിട്ട് 12 മണിക്കൂർ പിന്നിട്ടതോടെ സംഭവത്തിൽ വിശദീകരണവുമായി ക്രൗഡ്സ്ട്രൈക്ക് പ്രസിഡന്റ് ജോർജ് കുർട്സ് രംഗത്തെത്തി. തകരാർ കണ്ടെത്തിയെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും കുർട്സ് എക്സിൽ കുറിച്ചു. വിൻഡോസിലെ ചില അപ്ഡേറ്റുകളിൽ മാത്രമാണു തകരാർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മാക്, ലിനക്സ് ഉപഭോക്താക്കൾക്ക് പ്രശ്നമില്ലെന്നും കുർട്സ് അറിയിച്ചു.
വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാൽ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും, ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നൽകുന്നത്.
പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ‘ഫലസിദ്ധിയും മറുപടിയും ലഭിക്കും’ എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയിലെ എല്ലാ മിഷനുകളിൽ നിന്നും തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാത്സിങ്ങാം തീർത്ഥാടനത്തിനായി ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം. രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപറ) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, സഭാ പണ്ഡിതനും, ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്.
ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.
തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് നോർവിച്ച് ജേക്കബ്‌സ് കാറ്ററിങ്ങിൽ ബന്ധപ്പെടാവുന്നതാണ്. കൗണ്ടറിൽ കാഷ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
തീർത്ഥാടന സമയക്രമം:-
09:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഭാഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം
നോർവിച്ച് ജേക്കബ്‌സ് കേറ്ററിംഗ് – 07869212935
വാത്സിങ്ങാം ബസിലിക്കയുടെ വിലാസം.
The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL
കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ കരുത്തനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെൻ്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെൻ്റിലെ ടൺബ്രിഡ്ജ് വെൽസിലെ സെൻ്റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ വ്യാഴാഴ്ച്ച നടന്നു.
കക്ഷി രാഷ്ട്രിയതിനപ്പുറുമായി ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചു കെൻ്റിലെ സുഹൃത്തുക്കൾ ഒത്തു കൂടിയ അനുസ്മരണ യോഗത്തിൽ കെൻ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ എത്തിചേർന്നു.
ശ്രീ അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ശ്രീ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോൾ ശ്രീ ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യു.കെ നാഷണൽ സെക്രട്ടറി ശ്രീ. ജിജോ അരയത്ത്, ശ്രീ ഷിനോ ടി പോൾ, ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ മെബിൻ വറുഗീസ്, ശ്രീ. ആൽബർട്ട് ജോർജ്, ശ്രീ സുരേഷ് ജോൺ, ശ്രീ ജോഷി സിറിയക്ക്, ശ്രീ. മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ ഇമ്മാനുവേൽ ജോർജ്, ശ്രീ സതീഷ് കുമാർ, ശ്രീ സതീഷ് കമ്പ്രത്ത്, ശ്രീ ജയ്സൺ ജോസഫ്, ശ്രീ ഫെബി മാത്യു, ശ്രീ സുജിത്ത് മുരളി, ശ്രീ. സാജു മാത്യു, ശ്രീ. സിൻ്റോ ജോൺ, ശ്രീ വിജിൽ പോത്തൻ, ശ്രീ ഷിബി രാജൻ തുടങ്ങിയവർകൊപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
ഇന്ന് ഭൗതികമായി ഉമ്മൻ ചാണ്ടി നമ്മളോടൊപ്പം ഇല്ലങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമ്മകളും, ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച വികസന സ്വപ്നങ്ങളും, സാധാരണകാരനു കൈതാങ്ങായി നടത്തിയ ജനസമ്പർക്ക ജനസേവന പരിപാടികളും, കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള അദ്ദേഹത്തിൻ്റെ നയപരമായബന്ധങ്ങളും സമീപനങ്ങളും ഏകാലവും ഓർമ്മകളിൽ നിലനിൽക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ പങ്കുവെച്ചു.
അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവായി മാറിയ ഉമ്മൻ ചാണ്ടിയോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൻ്റെ നല്ല ഓർമ്മകൾ പലരും എടുത്തു പറഞ്ഞു.
വൈകുന്നേരം എട്ടുമണിയോടെ അവസാനിച്ച അനുസ്മരണ യോഗത്തിൽ ശ്രീ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.