Latest News

തിരൂര്‍: സോഷ്യല്‍ മീഡിയയിലെ ഏറെ വിമര്‍ശത്തിനിടയാക്കിയ ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് കോളജിലെ വിദ്യാര്‍ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പാട്ടിന് ചുവട് വെച്ചത്. എന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.

എന്നാല്‍ പിന്നീട് നാട്ടുകാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി വീണ്ടുമെത്തി ഇവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര്‍ ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്.

2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. 15 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ലഘു വിഡിയോകള്‍ രസകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തമാശയുടെ പരിധിവിട്ട് സാഹസികതയിലേക്ക് ചിലര്‍ നീങ്ങുന്നതാണ് അപകടകരമാകുന്നത്.

എവിടെയെങ്കിലും വിഡിയോ ചിത്രീകരണത്തിന് വഴിതടയുന്ന സംഭവങ്ങളുണ്ടായതായി പരാതി കിട്ടുകയോ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്, ബീഫ് കൈവശംവെച്ചാന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദാദ്രിയിലെ അഖ്‌ലാഖ് കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എ.ഡി.ജി.പി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ഇന്ന് ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു. വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ചിഗ്രാവതി പൊലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു.

പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.

സുബോധിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

ലക്നൗ∙ ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്.

മരിച്ച മറ്റൊരാൾ പ്രദേശവാസിയാണ്. ഒരു പൊലീസ് കോൺസ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ‌ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിക്കുന്നവരെ മാറ്റാനെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി.

 

ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ‘അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ’ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചുവെന്നും ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാസിയെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ഷീലയും രംഗത്ത് വന്നിരിക്കുന്നു.

ന്യൂസ് 18 കേരളവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്‌ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ഷീല പറഞ്ഞു.

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഇന്നലെ നടന്നു. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ വെള്ളിയാഴ്ചയോടെ തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക സംഗീത് ചടങ്ങുകള്‍ക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികള്‍ക്കു വേണ്ടി പെര്‍ഫോം ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.

Nick Jonas having gala time with friends and family at the mehendi ceremony. (Image: Instagram)

അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാനിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഖോസ്‌ല, മിക്കി കോണ്‍ട്രാക്ടര്‍, അര്‍പ്പിത ഖാന്‍, ജാസ്മിന്‍ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്‌സ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Priyanka Chopra with her friends and family at her mehendi ceremony. (Image: Instagram)

Priyanka Chopra at her mehendi ceremony. (Image: Instagram)

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നതിന് സാക്ഷിയാകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉണ്ടാകില്ല. പ്രളയാനന്തര കേരളത്തിൽ നടക്കുന്ന ഏറ്റെവും വലിയ ആഘോഷ പരിപാടിയിലെ വേദിയിലേക്ക് ഉമ്മൻചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാൽ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി., എംഎൽഎ, രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ എന്നിവർക്കാണ് വേദിയിൽ സ്ഥാനം.

ഉമ്മൻചാണ്ടിയെ ക്ഷണിച്ചാൽ മുൻ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാൽ പറയുന്നു. കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസിൽ പേരില്ല. അതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയാലും വേദിയിൽ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. മാത്യു ടി.തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും നോട്ടീസിൽ മന്ത്രിപദവി ഉണ്ട്. കാരണം നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു രാജിവയ്ക്കൽ.

എന്നാല്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് ഉമ്മൻചാണ്ടി  പറഞ്ഞു. 2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റൺവേ പൂർണ സജ്ജമാക്കിയശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് റൺവേയുടെ നീളം ഇതുവരെ ഒരിഞ്ച് വർധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിമാനത്താവള പദ്ധതി സുപ്രധാനമായ നാഴികക്കല്ലുകളെല്ലാം താണ്ടിയത്.

ഇതുവരെ ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും സിനിമകളിലും എഴുത്തിലൂടെയുമെല്ലാം വര്‍ണിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പഠനം. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയും വെളുത്ത വര്‍ണവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരാണെന്നുമാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഫൊറന്‍സിക് വിഭാഗം വിദ്ഗ്ധന്‍ റിച്ചാര്‍ഡ് നീവ് വ്യക്തമാക്കുന്നത്. പുരാവസ്തു ശാസ്ത്രവും ഫൊറന്‍സിക് പഠനരീതികളുടേയും അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിയാണ് റിച്ചാര്‍ഡിന്റെ കണ്ടെത്തല്‍. ഏറെക്കാലത്തെ പഠന ശേഷമാണ് യേശുക്രിസ്തുവിന്റെ മുഖത്തിന്റെ ഘടന റിച്ചാര്‍ഡ് നീവ് തയ്യാറാക്കിയത്.

Related image

കാലങ്ങളായി വിവരിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപഘടനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ രൂപമെന്നതാണ് വസ്തുത. ഇരുണ്ട നിറമുള്ള ആരോഗ്യമുള്ള ശരീരമുള്ള ക്രിസ്തുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണെന്നും നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നുമാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. ക്രിസ്തുവിന്റെ ചിത്രങ്ങള്‍ തയ്യാറാക്കിയവര്‍ ആദ്യ കാലങ്ങളില്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെ ചുറ്റിപ്പറ്റി തയ്യാറാക്കിയതാണ് നിലവിലെ ക്രിസ്തുവിന്റെ രൂപമെന്നുമാണ് റിച്ചാര്‍ഡ് വിശദമാക്കുന്നത്.

ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയിരിക്കുന്നത്. പുരാവസ്തു ഗവേഷകരുടെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പ്രാഥമിക രൂപഘടന തയ്യാറാക്കുന്നതില്‍ ബൈബിളില്‍ നിന്ന് തന്നെയാണ് സൂചനകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. തലയോട്ടിയുടെ രൂപവും ആകാരവും ഇപ്രകാരം തയ്യാറാക്കിയെങ്കിലും ക്രിസ്തുവിന്റെ നിറം കൃത്യമായി കണ്ടെത്താന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഫോറന്‍സിക്, പുരാവസ്തു ശാസ്ത്രം എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനഫലമാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ സഹായകരമായതെന്നാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടിലെ ഭക്ഷണരീതികളും ജീവിത ശൈലികളും ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കിയെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. നിലവിലെ ക്രിസ്തുവിന്റെ രൂപം തയ്യാറാക്കിയതിന്റെ പിന്നില്‍ റോമാക്കാരുടെ പ്രചാരണവുമുണ്ടെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ ബൈബിളിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുവിന്റെ രൂപത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് റിച്ചാര്‍ഡിന്റെ അവകാശവാദം.

ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കൊച്ചിയില്‍ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകന്‍ ഈ ഗെറ്റപ്പില്‍ എത്തിയത്. വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ഒടിയന്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ കരിമ്പടം പുതച്ചെത്തുന്ന ഒടിയന്‍ മാണിക്യം സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു. അതിനു സമാനമായ ഗെറ്റപ്പിലായിരുന്നു ശ്രീകുമാര്‍ മേനോനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

സംവിധായകന്‍ കരിമ്പടം പുതച്ചു വരാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ല് പൊട്ടിയിരിക്കുന്നതു കൊണ്ട് മുഖം ചുറ്റി ഫ്‌ലാസ്റ്ററിട്ടിരിക്കുകയാണ്. അതിനാലാണ് തലമൂടി ഓടിയന്‍ ലുക്കില്‍ എത്തിയത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിയ്ക്ക് പറ്റിയ അപകടം ഒരു രീതിയില്‍ പോലും സിനിമയുടെ ബാക്കി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17 നായിരുന്നു മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയിലും ചെന്നൈയിലും പുരോഗമിക്കുകയായിരുന്നു. ചിത്രം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം റെസ്റ്റ് എടുത്തത്. പരിക്ക് അവഗണിച്ചും ചിത്രത്തിന്റെ അവസാന പരിപരാടികളില്‍ ശ്രീകുമാര്‍ മേനോന്‍ സജീവമാകുന്നുണ്ട്.

ഒടിയന്റെ മൊബൈല്‍ ആപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ സിം കാര്‍ഡിലും ഒടിയന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിം കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് ഒടിയന്‍ മാണിക്യന്റെ വേഷത്തില്‍ കരിമ്പടം പുതച്ച് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. ഇതാദ്യമായിട്ടാണ് മലയാള സിനിമയില്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ പരിപാടി നടക്കുന്നത്.

ലെസ്റ്ററിലെ ആബെ പാര്‍ക്കിലുള്ള കനാലിലാണ് മൃതദേഹം കിടന്നിരുന്നത്. നവംബര്‍ 10ന് കാണാതായ പരേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തെരച്ചിലില്‍ സഹായിച്ച എല്ലാ ആളുകള്‍ക്കും പട്ടേലിന്റെ കുടുംബം നന്ദി അറിയിച്ചു. ‘ഞങ്ങളുടെ പ്രിയപ്പെട്ട മകനും, ഭര്‍ത്താവും, പിതാവും, സഹോദരനും, ബന്ധുവും, സുഹൃത്തുമായിരുന്ന പരേഷ് ഞങ്ങളെ വിട്ടകന്നു. ഈ നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’, സഹോദരന്‍ നിതിന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഭര്‍ത്താവിനോട് വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല്‍പ്പന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാവരും ആശങ്കയിലാണ്. നമ്മുടെ മക്കള്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മെസേജ് അയയ്ക്കാനും വിളിക്കാനും ശ്രമിക്കുന്നു, അമ്മ കരഞ്ഞ് കൊണ്ടിരിക്കുകയാണ്. അവരോടെല്ലാം എന്ത് പറയണമെന്നറിയില്ല’, കല്‍പ്പന പറഞ്ഞു. ‘ഡാഡി വീട്ടിലേക്ക് തിരിച്ചുവരൂ’ എന്ന ബാനറുമായി മക്കളായ കിയാനും (12), ഹര്‍ഷലവും (9) പിതാവിനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കാളികളായത് ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.

ഇന്ത്യന്‍ വംശജര്‍ ഏറെ പാര്‍ക്കുന്ന ബ്രിട്ടനിലെ നഗരമാണ് ലെസ്റ്റര്‍. ഇവിടുത്തെ സാമ്പത്തിക പുരോഗതിക്കും, സംസ്‌കാരത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved