Latest News

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കാശ്മീരി കടയുടമയുടെ കട അടപ്പിച്ചു. സ്ഥലത്തെ മറ്റ് വ്യാപാരികളുള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.

തേക്കടിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികള്‍ ഇസ്രയേലില്‍ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയില്‍ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തുകയും കേന്ദ്ര ഏജന്‍സികള്‍ വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരികളും കശ്മീരി കടയുടമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കട അടച്ചു പൂട്ടുകയായിരുന്നു.

കാശ്മീരി കടയുടമ കടയിലെത്തുന്നവരുടെ രാജ്യവും പൗരത്വവുമെല്ലാം ചോദിച്ച് മുന്‍പും വിവാദത്തിലായ ആളാണെന്നും പറയുന്നു. ഇയാളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. സംഭവം ഇസ്രയേല്‍ എംബസിയുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയര്‍ലണ്ടിലെ നീനയില്‍ മലയാളി നഴ്സ് നിര്യാതയായി . നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമാ മാത്യു (45 വയസ് )ആണ് നിര്യാതയായത് .തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്.

മൂന്ന് മക്കളാണ് ജെയ്സണ്‍ -സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്‍ , ജുവല്‍ , ജെറോം .

വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയുടെ കുടുംബം നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു . തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്. മകളുടെ രോഗവിവരം അറിഞ്ഞു മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.

സീമാ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

റോമി കുര്യാക്കോസ്

കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്‌.

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിങ്ങ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അർപ്പിച്ചു.

വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചർച്ചയിൽ, യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കാളികളായി. ഇരു പ്രഭാഷകരുടേയും മുപ്പത് മിനിറ്റ് വീതമുള്ള ക്ലാസുകക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോദാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.

ഒരിക്കല്‍ നെഹ്റു സ്വയം മുസ്ലീമായി ജനിക്കേണ്ടത് ആയിരുന്നു എന്നതടക്കം സംഘപരിവാറുകാർ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പെരുംനുണകളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞ ജയശങ്കര്‍, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും അടിവരയിട്ടു.

ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്‌റു ആര്‍ജ്ജിച്ച പൊതു ബോധവും ബ്രിട്ടന്‍ മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്ന വസ്തുതയും ജയശങ്കർ ഉയർത്തിക്കാട്ടി.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശത്രുക്കള്‍ എന്ന് നെഹ്റു അടക്കമുള്ളവരുടെ ചിന്താധാരകളും ചർച്ചാവിഷയമായി. ഒരു മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ എങ്കിലും ഇന്ത്യയിൽ വേണമെന്ന നെഹ്‌റു ഉയർത്തിപിടിച്ച മതേതരമൂല്യത്തിന്റെ മകുടോദാഹരണമാണ് മുസ്ലിം ഭൂരിപക്ഷ താഴ്‌വരയായ കശ്‍മീരിനെ ഇന്ത്യയോട് ചേർത്തത്. ഇത്തരത്തിലുള്ള മൂല്യബോധം നെഹ്‌റുവിനെ പോലെയുള്ള തികഞ്ഞ മതേതരവാദികളിലെ കാണുവാൻ സാധിക്കൂ എന്നും ജയശങ്കർ പറഞ്ഞു.

നെഹ്‌റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തസങ്ങളാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും, അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തിൽ ആശങ്കയറിയിച്ച ശ്രോതാക്കൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.

പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ്‌ റെസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ‘ഇവന്റ്സ് മീഡിയ’ ചർച്ചയുടെ ലൈവ് സ്ട്രീമിങ്ങും പ്രക്ഷേപണം ചെയ്യുകയുണ്ടായി.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്‌റഫ്‌ അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി നായർ, സി നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

സുമേഷൻ പിള്ള

അയർലണ്ട് :കെ വി സി ഡബ്ലിൻ 15-ാം വാർഷികത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് വിജയികളായി. ക്ലബ്‌ സെക്രട്ടറി ശ്രീ സാജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ശ്രീ മുരുഗരാജ് ദാമോദരൻ ഭദ്രദീപം തെളിച്ചു ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ചു.

യൂറോപ്പ് , യുകെ, മിഡിൽ ഈസ്റ്റ്‌ മേഖലയിൽ നിന്നുമുള്ള മികച്ച പത്തു ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒരു തോൽവി പോലും ഏൽക്കാതെ ആണ് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി കാർഡിഫ് ഡ്രാഗൻസ് സെമി ബെർത്ത്‌ ഉറപ്പിച്ചത്. ലിവർപൂൾ ലയൺസ് ആണ് പൂൾ എ യിൽ സെമിയിൽ എത്തിയ രണ്ടാമത്തെ ടീം. ഒരുപാട് അട്ടിമറികൾ കണ്ട പൂൾ ബി മത്സരത്തിൽ നിന്നും ആതിഥേയരായ കെ വി സി ഡബ്ലിനും കെ വി സി ബിർമിങ്ങമും സെമിയിൽ എത്തി.

ഒന്നാം സെമിയിൽ കരുത്തരിൽ കരുത്തന്മാരായ കാർഡിഫ് ഡ്രാഗൻസിന് എതിരെ ശക്തമായ മത്സരം കാഴ്ച വെക്കാൻ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചർഡ് കുര്യന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിന് സാധിച്ചു. കാർഡിഫിന്റെ പവർ ഹൗസ് ആയ ബിനീഷിന്റെ ടു സോണിൽ നിനുമുള്ള കടുത്ത പ്രഹരവും സർവീസ് മെഷീൻ അർജുൻ നടത്തിയ അക്രമണവും കാർഡിഫിന്റെ ഫൈനലിലേക് ഉള്ള വഴിയേ എളുപ്പമാക്കി. രണ്ടാം സെമിയിൽ കെ വി സി യുടെ സൂപ്പർ താരം പ്രിൻസിനെയും ഇന്ത്യൻ ആർമിയുടെ മുൻ താരമായ സുമിത്തിന്റെയും ശക്തമായ അക്രമണങ്ങളെ ഡിഫെൻസ് ഗെയിംലൂടെ ലിവർപൂലിന്റെ ദിനിഷും ഷാനുവും അവരുടെ വരുതിയിൽ കൊണ്ട് വന്നു.

ഫൈനലിൽ കാർഡിഫ് ഡ്രാഗൻസിനെ എതിരിട്ട ലിവർപൂളിനു പ്രധാന തിരിച്ചടി അവരുടെ പ്രധാന അറ്റാക്കറായ റോണിയുടെ ഇഞ്ചുറി ആയിരുന്നു. റോണിയുടെ അഭാവത്തിൽ സനിയും ജോർലിയും ഇടവേളകൾ ഇല്ലാതെ അറ്റാക്ക് ചെയ്തപ്പോൾ ബാക്ക് കോർട്ടിൽ നിന്നും തീതുപ്പുന്ന “വെയ്‌വ് “അറ്റാക്കുമായി ഷാനു കളം നിറഞ്ഞാടി. യൂറോപ്പിലെയും യുകെയിലെയും മികച്ച ബ്ലോക്കർമാരുടെ പട്ടികയിൽ ഉള്ള സിറാജ് എന്ന വന്മതിലും പൈപ്പ് അറ്റാക്കിലൂടെ ശിവത്താണ്ഡവവുമായി ശിവയും എല്ലാ സോണിലും മികച്ച പ്രകടനം നടത്തുന്ന വിഷ്ണുവും ഒത്തുചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായുള്ള അഞ്ചാംമത് കിരീടത്തിന് അയർലണ്ട് സാക്ഷിയായി.

മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ നെടുതൂൺ അർജുനും ബ്ലോക്കറായി ദുബായ് ടീമിന്റെ അരുണും സെറ്റർ ആയി ലിവർപൂളിന്റെ ബോബിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ ക്ലബ്‌ ജോയിൻ സെക്രട്ടറി ശ്രീ ജ്യോതിഷ്, പി ആർ ഒ ശ്രീ ജോമി, ശ്രീ സാംസൺ എന്നിവർ ചേർന്ന് സമ്മാനദനം നടത്തി. വിജയികൾക്ക് വേണ്ടി ഉള്ള ട്രോഫി കാർഡിഫ് ടീമിന്റെ ക്യാപ്റ്റൻ ജിനോയും ടീമിന്റെ മാനേജർ ശ്രീ ജോസ് കാവുങ്കലും ടീം പ്രസിഡന്റ്‌ ശ്രീ ഡോ മൈക്കിൾ ജോസ് എന്നിവർ ചേർന്നു സ്വികരിച്ചു.കേരളക്കരയിലെ വോളിബോൾ മാമാങ്കങ്ങളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ടൂർണമെന്റ് നടത്തിയത്. നാട്ടിലെ പോലെ തന്നെ ഇപ്പോൾ യൂറോപ്പിലും വോളി ആരവങ്ങൾ തണുത്ത രാത്രികളെ പകൽ ആക്കുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.

കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ്‌ മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

രാത്രി നാടകം കഴിഞ്ഞ്‌ കടന്നപ്പള്ളിയില്‍നിന്നു ബത്തേരിയിലേക്കു പോകുന്ന വഴി പുലര്‍ച്ചെ നാലോടെ മലയാംപടി എസ്‌ വളവിലാണ്‌ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ബസ്‌ മറിഞ്ഞത്‌. 14 പേരാണ്‌ ബസിലുണ്ടായിരുന്നത്‌. ഒമ്പതുപേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്‌, സുരേഷ്‌, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ്‌ (39), ബിന്ദു (56) സുരേഷ്‌ ( 60 ), വിജയകുമാര്‍ (52), കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ (59) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയില്‍ നിടുംപോയില്‍ വഴി ചുരം കയറിയ വാഹനം റോഡ്‌ ബ്ലോക്കാണെന്ന്‌ മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ്‌ വഴി കേളകത്തേക്കു പോകവെയാണ്‌ അപകടം.

അകലെ നിന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെയും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നത് ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ”യാണ്. ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്

ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമായി കണക്കാകുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്. ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതിക വിദ്യയും ചേർന്ന് ദേവാലയ ഉൾവശത്തിന്റെ നാല് ലക്ഷം ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്.

ത്രിമാന ദൃശ്യങ്ങൾ സൃഷ്ടിക്കത്തക്ക വിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടാഴ്ച സമയമെടുത്ത് ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പാണ് ഒരുക്കുന്നത്. തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമായ ഈ പദ്ധതിയിലൂടെ ഇന്‍റര്‍നെറ്റിലൂടെ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ ഒന്ന് മുതൽ ഇൻറർനെറ്റില്‍ ഇത് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

വത്തിക്കാനും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗത്തിന്റെയും കൂടിയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻ്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.

“ഇത് റോമിലേക്ക് വരുന്ന തീർത്ഥാടകരുടെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. വിശുദ്ധ പത്രോസിൻ്റെയും അദേഹത്തിൻ്റെ ജീവിതത്തിൻ്റെയും ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പുതിയ സംവിധാനം അവസരം ഒരുക്കിയെന്നും സ്മിത്ത് പറഞ്ഞു.

വെർച്വൽ അനുഭവം ഒരു പുതിയ വീക്ഷണം പ്രദാനം ചെയ്യുന്നു. ഡിജിറ്റൽ പ്രദർശനത്തിലൂടെ ഒരാൾക്ക് കാണാൻ കഴിയാത്ത ബസിലിക്കയുടെ ഭാഗങ്ങൾ കാണാൻ അനുവദിക്കുന്നു. സന്ദർശകർക്ക് താഴെയുള്ള റോമൻ ശവകുടീരങ്ങളും സങ്കീർണ്ണമായ കലാസൃഷ്‌ടികളും പോലെ സാധാരണയായി എത്തിച്ചേരാനാകാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും സ്മിത്ത് വിശദീകരിച്ചു. വിശ്വാസം പുരോഗമിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള വത്തിക്കാൻ്റെ സന്നദ്ധതയാണ് പദ്ധതി ഉയർത്തിക്കാട്ടുന്നതെന്നും സ്മിത്ത് പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും 1950 ലാണ് ഭൂമി വഖഫ് ആയതെന്നുമാണ് ഉമര്‍ ഫൈസിയുടെ അവകാശവാദം. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല.

അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്.

ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെ തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരു പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.

വഖഫ് ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. വഖഫ് ഭൂമി പ്രശ്നം മറ്റു തരത്തില്‍ പരിഹരിക്കാനാകില്ലെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. നിരപരാധികളായ പ്രദേശവാസികളെ സംരക്ഷിക്കണം. ആ ഭൂമിയിലെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയാണ് വേണ്ടത്.

അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അവകാശപ്പെട്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

താല്‍പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ധിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്നും എം.എല്‍.എ. ചോദിച്ചു. കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും യു.ഡി.എഫ്.നേതാക്കള്‍ പറഞ്ഞു. 19 ന് മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.

ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിയ്ക്കുമെതിരേയാണ് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേകസഹായം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ടോം ജോസ് തടിയംപാട്

ലിവർപൂളിൽ ജയശങ്കർ സാറിന് ഉജ്വല വരവേൽപ്പ് . ജവാഹർലാൽ നെഹ്‌റുവിന്റെ സംഭാവനയാണ് ഇന്ത്യയുടെ ജനാധിപത്യം ,മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കും.
വ്യാഴാഴ്ച വൈകുന്നേരം ലിവർപൂളിൽ എത്തിയ കേരളത്തിന്റെ രാഷ്ട്രീയ നിരീക്ഷകനും സത്യാന്വേഷിയുമായ അഡ്വക്കേറ്റ് എ .ജയശങ്കറിനു ഉജ്വല വരവേൽപ്പ് നൽകി ആദരിച്ചു .നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു നടന്ന പരിപാടിയിൽ നെഹ്‌റു ഇന്ത്യക്കു ചെയ്ത സേവനങ്ങളെ ജയശങ്കർ ഓരോന്നായി ഓർത്തെടുത്തു, നെഹ്‌റു ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നുകാണുന്ന ജനാധിപത്യം ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷുകാർ .ഇന്ത്യയിൽ കൊണ്ടുവന്നു നട്ടു മുളപ്പിച്ച ജനാധിപത്യം നെഹ്രുവിനെ പോലെ ഒരു സോഷ്യലിസ്റ്റിനു മാത്രമേ വളർത്തിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ അതാണ് ഇന്ത്യയിൽ വളരുന്ന ജനാധിപത്യമെന്ന് ജയശങ്കർ പറഞ്ഞു . മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കുമെന്നു൦ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയശങ്കർ സാറിനെ കാണാൻ ആളുകൾ ഇളകി എത്തുകയായിരുന്നു മാഞ്ചെസ്റ്റെർ ,ക്രൂ ,എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു .ചർച്ചയിൽ ഉടനീളം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾക്കു സരസമായ മറുപടിയിലൂടെ ജയശങ്കർ ആളുകളെ രസിപ്പിച്ചു . സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡക്സ് പള്ളി ഹാളിൽ നടന്ന പരിപാടിയിൽ ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിച്ചു ജോയി അഗസ്തി സ്വാഗതം ആശംസിച്ചു , തമ്പി ജോസ് പൊന്നാട അണിയിച്ചു സംസാരിച്ചു ആശംസകൾ അറിയിച്ചുകൊണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,എന്നിവർ സംസാരിച്ചു. സണ്ണി മണ്ണാർത്തു൦, മായ ബാബുവും ബൊക്കകൾ നൽകി ആദരിച്ചു .ഹരികുകാർ ഗോപാലൻ ,മാത്യു അലക്‌സാണ്ടർ എന്നിവർ സമ്മാനങ്ങളും നൽകി ബഹുമാനിച്ചു .

 

RECENT POSTS
Copyright © . All rights reserved