ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കര്‍ണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയുടേതായിരുന്നു….
“എട്ടു വയസ്സായിരുന്നു എനിക്കന്ന്. ഒരുപാട് കുസൃതികള്‍ കാണിച്ചു നടന്നിരുന്ന പ്രായം. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഏകാന്തതയെ അത്രയേറെ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാവരും പുറത്തുപോകുമ്പോള്‍ ഞാനെന്റെ തല തോര്‍ത്ത് കൊണ്ട് പൊതിയും. പിന്നെ അമ്മയുടെ കണ്‍മഷിയും ലിപ്സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും.
അമ്മയുടെ ബ്രായും സാരിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു പെണ്ണിനെ പോലെയാകും. എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് ഞാന്‍ എന്നോടു തന്നെ പറയും. വീട്ടില്‍ ഞാനൊരു പെണ്ണാണെന്ന് മനസിലാക്കിയത് ആ കണ്ണാടി മാത്രമായിരുന്നു. അന്നെല്ലാം എന്റെയുള്ളിലെ പെണ്ണ് ഏറെ വേദനിച്ചിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് പേടിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു ഭൂകമ്പം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാനാ വീട്ടില്‍ കഴിഞ്ഞത്. എന്റെ യാഥാസ്ഥിതിക കുടുംബത്തിന് ഞാനൊരു അധികപ്പറ്റാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.
അക്കാലത്ത് എന്റെ ഏക ആശ്വാസം സ്‌കൂള്‍ നാടകങ്ങളായിരുന്നു. നാടകങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് പെണ്‍വേഷങ്ങളായിരുന്നു. അതെന്നോട് തന്നെ ഞാന്‍ കാണിച്ച നീതിയായിരുന്നു. ജഗദീഷെന്ന എന്നെ ഒരു പെണ്ണായി നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പെണ്‍വേഷത്തിന്റെ പേരില്‍ എന്റെ സഹപാഠികള്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുമായിരുന്നു.
പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളര്‍ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുര്‍ബലമായ ശരീരപ്രകൃതിയുളള ഞാന്‍ തിരിച്ചടിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒരിക്കല്‍ നിനക്ക് എന്താണ് ഉളളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാന്‍.
എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാന്‍ അനുഭവിച്ചത് കടുത്ത അപമാനവും പരിഹാസവും മാത്രമായിരുന്നു. എന്നെ ഓര്‍ത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. അവര്‍ക്ക് എന്നെപ്പറ്റി പറയുന്നത് തന്നെ ലജ്ജയായിരുന്നു. ഒരുപക്ഷെ, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെയുള്ളിലെ സ്ത്രീത്വം മാറാന്‍ തിളച്ച വെളളം കാലില്‍ ഒഴിച്ചാല്‍ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തില്‍ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛന്‍ അത് അക്ഷരംപ്രതി അനുസരിച്ചു.
പിന്നീടുള്ള മൂന്നു മാസക്കാലം കഠിനമായ യാതനകളുടെതായിരുന്നു. കടുത്ത വേദന കാരണം എനിക്ക് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, അതിനും മനസ് അനുവദിച്ചില്ല. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തില്‍ ഞാന്‍ സ്വയം ഉപദ്രവിക്കുന്നത് നിര്‍ത്തി. പിന്നീടാണ് ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളില്‍ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാന്‍ ജീവിച്ചത്.
നാലു വര്‍ഷത്തോളം 20 രൂപ നിരക്കില്‍ ഓറല്‍ സെക്‌സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാന്‍ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു. 2004ല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു സംഘടനയില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഓണ്‍ഡേഡേ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്.
എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. നേട്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കര്‍ണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുന്‍പ് 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധികേട്ട് ഞാന്‍ കരഞ്ഞുപോയി. കാരണം, ഇപ്പോള്‍ ഞങ്ങള്‍ക്കും ശ്വസിക്കാമെന്നായിരിക്കുന്നു.
അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് കെ.പി.എസി ലളിത മനസ്സു തുറന്നിരിക്കുന്നത്.
ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്.
അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര്‍ സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. ഭാസി ചേട്ടന്‍ പറയുന്നതിന് അപ്പുറത്തേക്ക് വേറൊന്നുമില്ല അന്ന്. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമൊന്നുമില്ല.
അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു, ശര്‍ദ്ദിച്ച് കുളമാക്കി കൂടെ തെറി വിളിയും. പുലര്‍ച്ചെയായിട്ടും അവിടുന്ന് പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ വീട്ടില്‍ ചെന്നു. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമാകെ വീര്‍ത്തിരിക്കുകയാണ്. ബഹദൂര്‍ക്ക ഞങ്ങളുടെ കൂടെ വന്നു. ഇങ്ങേരെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി വിട്ടു. വീടൊക്കെ അടിച്ചു തെളിച്ചാണ് ഞങ്ങള്‍ക്കവിടെ കേറാന്‍ പറ്റിയത്.
അന്ന് ഇങ്ങനത്തെ അസോസിയേഷനൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും നടക്കില്ല. അന്നുണ്ടായിരുന്നു ഒരു ചലചിത്ര പരിഷത് എന്ന അസോസിയേഷന്‍. ഉമ്മറിക്കയായിരുന്നു സെക്രട്ടറി. ഈ സംഭവം കഴിഞ്ഞ് കുറേ പടത്തില്‍ നിന്നും എന്നെ ഒഴിവാക്കി. മെയ്ക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്ന് പോകാന്‍ വയ്യെന്ന് കാണിച്ച് ഹരന്‍ സാറും മറ്റും ഒപ്പിട്ടു തന്ന എന്റെ പരാതി ഞാന്‍ പരിഷത്തില്‍ കൊണ്ട് കൊടുത്തു. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ചു.
‘നിനക്കിതിന്റെ വല്ല ആവ്യവുമുണ്ടോ അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ചു. ‘സഹിക്കാന്‍ വയ്യാതായോണ്ട് ചെയ്തതാണ് നടപടിയെടുക്കാന്‍ പറ്റുമോ ഇല്ലയോ’ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മറിക്ക പറഞ്ഞു ‘പറ്റില്ല’എന്ന്..ഞാന്‍ പറഞ്ഞു ‘നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം എന്ന്’. അന്ന് അത്രയും പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. എന്റൊപ്പം ഹരന്‍ സാറൊക്കെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. ആശുപത്രിയില്‍ കിടന്ന സമയത്തു കാണാന്‍ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണ്.
കൊടുംവനം.ഊട്ടി ചുരം റോഡിൽ ഗൂഡല്ലൂർ,മസിനഗുഡിയിൽ കല്ലടിച്ചുരത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ കാറിൽ യാത്രക്കാരായുണ്ടായിരുന്നത് ഏഴുപേർ. ഹൃദയം ഒരുമിച്ച് കോർത്ത ഉറ്റസുഹൃത്തുക്കൾ. ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ വാഹനം പതിയുമ്പോൾ റോഡ് വിജനമായിരുന്നു. ആരുമറിഞ്ഞില്ല വീഴ്ചയിൽ അഞ്ചുപേർ മരിച്ചത്. മാരകമായി മുറിവേറ്റ രണ്ടുപേർ കാറിനുള്ളിൽ ഡോർ തുറക്കാനാകാതെ കുടുങ്ങിക്കിടക്കുന്നു. രണ്ട് ദിവസം പുറം ലോകമറിയാതെപോയ ആ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞറിയ്ക്കുന്നതിനേക്കാൾ ഭീകരമായിരുന്നു.
ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ എത്തിയതോടെ കൊടുവനത്തിലെ 200 അടി താഴ്ചയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.
ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നതോടെ ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നരയോടെ കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂഡ്(30) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.
കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി ഗുരുതര പരുക്കുകളോടെ അരുൺ(35), രാമരാജേഷും(32) ഡോർ ലോക്കായി രണ്ടുദിവസം മൃതദേഹങ്ങൾക്കൊപ്പം കുടുങ്ങി. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.
രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അക്ഷരാർത്ഥത്തിൽ മോഹൻലാൽ ചിത്രം നീരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന അപകട ദുരന്തം. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ശ്രുതി മധുരമായ ജീവിതം പകുതിയിൽ അവസാനിപ്പിച്ച് ബാലഭാസ്കർ വിടപറഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാൻ സുഹൃത്തുകൾക്കും ബന്ധുകൾക്കും സാധിച്ചിട്ടില്ല. ചിതയുടെ കനലെരിയുന്നതിന് മുമ്പേ ബാലഭാസ്കറിന് പകരക്കാരനായി ജീവിതമിത്രയേ ഒള്ളൂ എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ വൈറലാകുന്നു. ഒക്ടോബർ ഏഴാം തീയതി ബംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്താണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ;
എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്.
മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാൽ സംഘാടകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല. – ശബരീഷ് പറയുന്നു.
വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ബന്ധുക്കളായ മൂന്നു പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് മദ്യം കഴിച്ച തിഗിനായി ബുധനാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ തിഗിനായി മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.
തിഗിനായിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം രാത്രി പത്തരയോടെ അടുക്കളയില്‍ കണ്ട മദ്യം മകനായ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിച്ചു. കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.
പോലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. തിഗിനായി കുട്ടികളുടെ രോഗത്തിനും മറ്റും ചരടുകെട്ടിക്കൊടുക്കാറുണ്ടായിരുന്നു. ഇതിനായി എത്തിയവര്‍ നല്‍കിയ തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് കരുതുന്നത്.
കണ്ണൂര്‍: ശബരിമല വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരന്‍. ആര്‍ത്തവം അശുദ്ധി തന്നെയാണ് എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ഭരണഘടന എഴുതും മുന്‍പുള്ള വിശ്വാസമാണിതെന്നും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
ജെല്ലിക്കെട്ട് നിരോധന വിധി വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. വിധി നടപ്പാക്കാനുള്ള ധൃതിയിലാണ് സര്‍ക്കാര്‍ പതിനെട്ടാം പടിയില്‍ വരെ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പുനഃപരിശോധനാ ഹര്‍ജി കൊടുക്കുകയോ, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ വേണം. അവിശ്വാസികളുടെ ഭരണത്തില്‍ കേരളത്തില്‍ ഒരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ബിജെപി നിലപാട് മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ മുതലെടുക്കുകയാണ്. അവസരവാദികള്‍ക്കു മുതലെടുപ്പിനുള്ള അവസരം നല്‍കണോ എന്നു സര്‍ക്കാര്‍ ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളെ കയ്യിലെടുത്ത് അമ്മാനമാടി വിധി പ്രസ്താവിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമുള്ള ചില ആചാരങ്ങളും നാട്ടിലുണ്ട്. ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുരുഷന്‍മാര്‍ക്കു കഴിയുമോ? ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയും കലാപവുമുണ്ടാകും. നാടു ചുടലക്കളമാകും. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകില്ല. ട്രക്കിങ് താല്‍പര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവര്‍ പോകുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ കാര്യങ്ങള്‍ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതില്‍ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയശേഷം പറയും. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണു അദ്ദേഹം പ്രതികരണം നടത്തിയത്.
ന്യൂഡല്‍ഹി: ഇന്തോനേഷ്യയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്ത്. വലിയ രീതിയിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് സുനാമിയിലും ഭൂകമ്പത്തിലും തകര്‍ന്ന ഇന്തോനേഷ്യയില്‍ ഇന്ത്യ നടത്തുന്നത്. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും ഇതു സംബന്ധിച്ച് ടെലിഫോണില്‍ സംസാരിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ, സി17 എന്നീ വിമാനങ്ങളാണ് വിവിധ വസ്തുക്കളുമായി ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചത്. പുറത്ത് സജ്ജീകരിക്കാവുന്ന തരത്തിലുള്ള ആശുപത്രികള്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്നതിനു ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ഇതോടൊപ്പമുണ്ട്. സി17 എയര്‍ക്രാഫ്റ്റിലാണ് താല്‍ക്കാലിക കൂടാരങ്ങള്‍ പണിയുന്നതിനാവശ്യമായ സാധനങ്ങളും മരുന്നുകളും ജനറേറ്റര്‍ അടക്കമുള്ള അത്യാവശ്യ സാധനങ്ങളും കൊണ്ടു പോകുന്നത്
നാവിക സേനയുടെ ഐഎന്‍എസ് ടിര്‍, ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാര്‍ദുള്‍ എന്നിവയുടെ സേവനവും ഇന്ത്യ നല്‍കുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വിദഗ്ധരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മധ്യ സുലാവെശി പ്രവിശ്യയില്‍ ആറാം തീയതിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് വന്നു ചേര്‍ന്ന ദു:ഖത്തില്‍ പങ്കു ചേരുന്നതായും കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്.
ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ “എന്താടാ നീ കാണിച്ചത്?” എന്നു ചോദിച്ച് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു.
എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. “അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല” ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു. ഇനി തിരിച്ചു വന്നാല്‍ വിജിറ്റേറ്റീവ് ആയ അവസ്ഥയില്‍ ആയിരിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ഏറ്റവും കുറഞ്ഞത് താങ്കള്‍ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.!!
അവയവ ദാനത്തിലൂടെ!!
പ്രിയ ബാലഭാസ്‌കര്‍, ആദരാഞ്ജലികള്‍!!! .
പാട്ട് പാടാന്‍ തീരെ അറിയില്ലെങ്കിലും ഞാന്‍ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകള്‍ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.
ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍, കാറോടിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ടുകാരന്‍ ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍,അത് ഉറക്കെ പാടണം എന്ന് താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
താങ്കള്‍ക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും നിരന്തരം വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാല്‍ തന്നെ തീര്‍ത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങള്‍ വ്യസന സമേതം മനസിലാക്കിയിരുന്നു.
താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിര്‍ത്തി കൊണ്ട് തന്നെ താങ്കള്‍ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ അവയവങ്ങള്‍ മരണാന്തരം അഞ്ച് ജീവനുകളില്‍ തുടിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാല്‍ താങ്കളുടെ അവയവങ്ങള്‍ അവരിലെത്തിക്കാന്‍ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.
താങ്കളുടെ അവയവങ്ങള്‍ക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീര്‍ണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല താങ്കള്‍ എങ്കിലും, ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കില്‍ അത് കേരളത്തിലെ രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം ഉണ്ടാക്കുമെന്നും ഞങ്ങള്‍ കരുതി. അവയവ ദാനത്തിനെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന തെറ്റിദ്ധാരണകള്‍ മാറാന്‍ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി.
മസ്തിഷ്‌ക മരണം സ്റ്റിരീകരിക്കുവാന്‍ ലോകത്തു നിലവിലുള്ള നിയമങ്ങളില്‍ ഏറ്റവും സംങ്കീര്‍ണമായ നിയമമാണ് കേരളത്തില്‍ നിലവിലുള്ളത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ ഭയക്കുന്ന, കേസുകളില്‍ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവില്‍ ഉള്ളത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ അവയവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത്, താങ്കള്‍ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. അവയവങ്ങള്‍ ലഭിക്കുന്നവര്‍ താങ്കളെ പോലെ വയലിന്‍ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കല്‍ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
അവരിലൂടെ ജീവിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു. ഇല്ല താങ്കല്‍ ഞങ്ങളുടെ മനസില്‍ നിന്നും മരിക്കില്ല.
എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതില്‍ കൂടി ഞങ്ങള്‍ക്ക് ദുഖമുണ്ട്.
പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികള്‍…
ഡോ.സുല്‍ഫി നൂഹു.
തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ് (കുഞ്ഞൻ ഗ്രഹം) ഭൂമിക്കു നേരെ വരുന്നു. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ഗ്രഹം ഭൂമിയിൽ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും.
‘ഹാലോവീൻ ഡെത്ത് ആസ്റ്ററോയ്ഡ്’ എന്നാണ് ഈ ചെറുഗ്രഹത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന കുട്ടിഗ്രഹത്തെ മൂന്നു വർഷം മുൻപാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബർ അവസാനം ഹാലോവീൻ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തിൽ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേർന്ന പേരിട്ടതും.
തലയോട്ടി ഗ്രഹത്തെ അടുത്തുകാണാൻ പ്രത്യേക ടെലസ്കോപ്പുകളും മറ്റും ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. 2017ലും ഈ ഗ്രഹം ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. ഇത്തവണ അത്രയും അടുത്ത് എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
Dead comet that will safely zip by Earth on Oct 31 looks eerie like a skull: https://t.co/8bq4UBrFO9 #HappyHalloween pic.twitter.com/gICZTSLcZr
— NASA (@NASA) October 30, 2015