മുസാഫർനഗർ∙ പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുൻപ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും – രാജ്നാഥ് സിങ് പറഞ്ഞു.
സാംബ ജില്ലയിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ നരേന്ദ്ര സിങ്ങിന്റെ മരണത്തിന് മറുപടിയായി പാക്ക് മേഖലയിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശക്തമായ സൂചന നൽകി ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടവും പരുക്കും ഏറ്റിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കിയെന്നും ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പാക്കിസ്ഥാൻ വെടിവയ്പ്പു നടത്തുമ്പോൾ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഈമാസം 18നാണ് രാജ്യാന്തര അതിർത്തിക്കു സമീപം റാംഗഡ് മേഖലയിൽ ബിഎസ്എഫ് ജവാന്മാർക്കെതിരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നരേന്ദ്ര സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയി. നെഞ്ചിൽ മൂന്നു ബുള്ളറ്റുകളും കഴുത്ത് അറുത്തനിലയിലും മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ ആവശ്യമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്താൻ ഇന്ത്യ തയാറാണെന്ന് സൈനികമേധാവി ബിപിൻ റാവത്ത് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ചാനലില്‍ മോഹന്‍ലാല്‍ അവതാരകനായി നടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാന ഘട്ടത്തിലേക്ക് കടന്നു. 16 പേരുമായി ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരാണ് ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായി മാറുകയെന്ന് നാളെ അറിയാം.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രണ്ട് പേരടക്കം മൊത്തം പതിനെട്ട് പേരാണ് ഇതുവരെ വരെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ജലി അമീര്‍, മനോജ് മേനോന്‍ എന്നിവര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. അവശേഷിച്ചവരെ ആഴ്ച്ച തോറുമുള്ള നോമിനേഷനിലൂടെയാണ് പുറത്താക്കിയത്. നോമിനേഷനില്‍ വരുന്നവര്‍ ജനങ്ങളുടെ വോട്ടെടുപ്പ് നേരിടുകയും ഇതില്‍ കുറഞ്ഞ വോട്ടു നേടുന്നവര്‍ പുറത്തു പോകുന്നതുമായിരുന്നു ഗെയിമിന്റെ രീതി.
അവസാന ആഴ്ച്ചയിലേക്ക് ബിഗ് ബോസ് എത്തുമ്പോള്‍ സാബു മോന്‍ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് കരീം, പേളി മാണി എന്നീ അഞ്ച് പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. മിഡ് വീക്ക് നോമിനേഷന്‍ വഴി അദിതിയുടെ അപ്രതീക്ഷിത എലിമിനേഷനുണ്ടായതോടെ വീട്ടിലെ ഏക വനിതയായി പേളി മാണി മാറിക്കഴിഞ്ഞു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസില്‍ നിന്നും പുറത്തു പോയ എല്ലാവരും ഇന്നും നാളെയുമായി വീട്ടില്‍ തിരിച്ചെത്തുന്നുണ്ട്. ഞായാറാഴ്ച്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലാവും ജേതാവിനെ പ്രഖ്യാപിക്കുക. മലയാളം ബിഗ് ബോസിനൊപ്പം തമിഴ്, തെലുങ്ക് ബിഗ് ബോസുകളിലും ഞായറാഴ്ച്ച ജേതാവിനെ പ്രഖ്യാപിക്കും.
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹവും ഭാര്യയും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ഇരുവരും നേരിയ തോതില്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം വിദഗ്ദ്ധ സംഘമെത്തുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. നേരത്തെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവറുടെയും നിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിക്കും പ്രധാനമായും പരിക്കേറ്റിരിക്കുന്നത് നട്ടെല്ലിനാണ്. തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 2 വയസുകാരിയായ ഇവരുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ പ്രദേശവാസികള്‍ ചെറുവള്ളത്തിലെത്തി രക്ഷിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അപകടകാരണം അന്വേഷിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.
പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ് നിയന്ത്രണം വിട്ട് കായലില്‍ പതിച്ചത്. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം അപകട കാരണം വ്യക്തമല്ല.
കൊച്ചി: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചേറായി (49) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യുഎഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗീതയാണ് ഭാര്യ. ഏക മകൻ: സായി. ചേറായിയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് സംസ്കരിക്കും.
സാൻ ഫ്രാൻസിസ്ക്കോ: ഐഫോൺ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വൻ കൊള്ള. കാലിഫോർണിയയിലെ പലോ ആൾട്ടോ ആപ്പിൾ സ്റ്റോറിലാണ് സംഭവം.12 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോറിൽനിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയതായി സ്റ്റോർ അധികാരികൾ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി 7 മണിയോടെയാണ് സ്റ്റോർ ആദ്യം കൊള്ളയടിക്കുന്നത്. ഐഫോൺ XS, ഐഫോൺ XS മാക്സ് തുടങ്ങിയ വിവിധ മോഡലുകൾ ഉൾപ്പെടെ നാല് ലക്ഷം രൂപ വില മതിക്കുന്ന ഡെമോ ഐഫോൺ മോഡലുകളാണ് മോഷണം പോയത്. ആദ്യ മോഷണത്തിന് തൊട്ടു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത മോഷണവും നടന്നു. രണ്ട് മോഷണങ്ങളിൽനിന്നുമായി ഏകദേശം 77 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്റ്റോറിൽനിന്നും മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിനുശേഷം പ്രതികൾ വ്യത്യസ്ത വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.
വൈകിട്ട് 5 മണി മുതല്‍ ദുബായിലാണ് മല്‍സരം. ലോകകപ്പിന്റെ ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ എഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.
രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയം ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ.എല്‍ രാഹുലിന് വിശ്രമം കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.
മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.
മംഗളൂരു: സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തെ അനിയന്‍ തോമസിന്റെയും സൂസി തോമസിന്റെയും മകള്‍ നേഹ തോമസ് (25) ആണ് മരിച്ചത്.
സുള്ള്യ കെ വി ജി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ് നേഹ തോമസ്. ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നേഹയുടെ മൃതദേഹം വ്യാഴാഴ്ച്ചയാണ് കണ്ടെത്തിയത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്‌കാരം വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവഞ്ചൂര്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ പളളിയില്‍.
ഹൈദരാബാദ്: യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വിമാനത്തിനുള്ളില്‍ വച്ച് മരിച്ചു. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ് ആര്‍ 500ലായിരുന്നു അര്‍ണവിന്റെയും മാതാപിതാക്കളുടെയും യാത്ര. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ശബരിമലയിൽ പ്രായഭേമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും സ്ത്രീകളുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.
സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കോടതി പറഞ്ഞു. ശാരീരികാവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും കോടതിയുടെ നിരീക്ഷണ മുണ്ടായി. വിശ്വാസ്യതയിൽ തുല്യതയാണെന്ന് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഏറ്റവും സുപ്രധാനമായ വിധിയാണിതെന്ന് മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാൽ ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും അത് ബാധകമാകാം.
കേസിന്റെ വിചാരണയിൽ ചൂടേറിയ വാദപ്രതിഭാഗങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.
ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ദേവസ്വം ബോർഡ് കോടതിയിൽ ഇതിനെ എതിർത്തു. ശബരിമലയിലെ എല്ലാ പ്രായത്തിലുമുളള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ ശാരീരികമായി സ്ത്രീകൾക്ക് ആകില്ലെന്നും സ്ത്രീകൾക്ക് പോകാവുന്ന മറ്റ് നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.
ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും ഇത് ഹിന്ദു വിശ്വാസത്തിലെ അഭിഭാജ്യ ഘടകമാണെന്നുമായിരുന്നു ദേവസ്വം തന്ത്രിയുടെ വാദം. വർഷങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്നുവയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു എൻഎസ്എസ് വാദിച്ചത്.
ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
വിധിയിലേക്കുള്ള നിർണായക നിമിഷങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെ:
8.45 am: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 10.30 ന് സുപ്രീം കോടതി വിധി പറയും
8.55 am: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്
9.05 am: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാകും ഉണ്ടാവുക.
9.15 am: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
9.30 am: ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്
9.45 am: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ ദേവഹിതം കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ
10.18 am: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധി അൽപസമയത്തിനകം
10.45 am: ശഭരിമല കേസിൽ വിധി പ്രസ്താവം തുടങ്ങി
1050Am: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. നാല് ജഡ്ജിമാർക്ക് ഏകാഭിപ്രായം ഏക വനിതാ ജഡ്ജി ഇന്ദുമൽഹോത്രയ്ക്ക് ഭിന്നാഭിപ്രായം
10.55 Am: മതത്തിന്റെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്ന് കോടതി
11.00AM: വിധി നിരാശജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാംഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.
11.05AM: കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
11.06AM: വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.
11.09 AM: വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വംബോർഡ് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു.
11.11AM: രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടു ന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല. ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിതരീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു