തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് അകത്തേക്ക് ബലം പ്രയോഗിച്ച് കടന്ന തമിഴ് സൂപ്പർതാരവും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ അറസ്റ്റ് ചെയ്തു. നടികർ സംഘത്തിന്റെ അധ്യക്ഷ സ്ഥാനം വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോറോളം നിർമാതാക്കളാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നത്.

വിശാൽ ഒരുപാട് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും കൗൺസിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്തു പോകണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും നിർമാതാക്കൾ ആരോപിക്കുന്നു.

നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘം ഓഫിസ് പൂട്ടിയതോടെയാണ് സംഭവങ്ങൾ കൈവിട്ടു പോയത്. വിശാൽ പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധങ്ങൾക്കും ബഹളത്തിനും വഴിവച്ചു. വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നുമാണ് പ്രതിധേഷക്കാരുടെ ആരോപണം. അതേസമയം, കൗൺസിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിശാൽ വ്യക്തമാക്കി.