ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷനെ അതിക്ഷേപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വന്ന് വനിതാ കമ്മീഷനെ കാണാം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വന്ന് മൊഴിയെടുക്കാമെന്നും ജോര്‍ജ് പ്രതികരിച്ചു. ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പ്രസ്താവനയെ തുടര്‍ന്ന് നേരത്തെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം.
ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ യെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം പി.സി ജോര്‍ജ് ഹാജരാകില്ലെന്നാണ് സൂചന.
സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട് നിര്‍ദേശിച്ച സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും കമ്മീഷനുണ്ട്. മൊഴിയെടുക്കുന്നത് ശിക്ഷാ നടപടിയുടെ ഭാഗമല്ല. മോശം പ്രസ്താവനയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് അവസരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ ജോര്‍ജ് വരാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങും.
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം
പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും
പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും പരസ്പരം മോതിരം മാറി. പാല പുലിയൂര്‍ സ്വദേശിയാണ് അനൂപ്. രണ്ട് വര്‍ഷം മുമ്പാണ് അനൂപ വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ പിതാവിനെ സമീപിക്കുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഇരുവരുടേയും വീട്ടുകാര്‍ പരിചയക്കാരാണ്.
ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. അടുത്ത 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.
ചിക്കമഗളൂരു: കർണാടകയിൽ ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. കർണാടകത്തിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ചിക്കമഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
സതീഷും രൂപയും തമ്മിലുള്ള വിവാഹം ഒമ്പതു വർഷങ്ങൾക്കു മുമ്പാണ് നടന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്കു അവിഹതബന്ധം ഉണ്ടായിരുന്നു. നേരത്തെ സതീഷ് ഇരുവരെയും താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരിവിൽപോയ സതീഷ് മടങ്ങി വീട്ടിലെത്തുമ്പോൾ ഇരുവരെയും ഒന്നിച്ചുകണ്ടു. ഇതോടെ വാക്കുതർക്കവും സംഘർഷവുമായി.
വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രൂപയുടെ കാമുകന് വെട്ടേറ്റെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കി. പിന്നീട് 20 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി കീഴടങ്ങുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സാധാരണ ഹര്‍ത്താലുകള്‍ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയില്‍ പലയിടത്തും കടകളടപ്പിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരവും നടന്നു.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ മഹാരാഷ്ട്രയില്‍ എന്‍സിപിക്കുപുറമേ രാജ് താക്കറെയുടെ എംഎന്‍എസും പിന്തുണച്ചു. മുംബൈയിലെ ശക്തികേന്ദ്രങ്ങളില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. പ്രതിഷേധം നയിച്ച അശോക് ചവാന്‍, സഞ്ജയ് നിരുപം തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തുവിട്ടു.
ജനജീവിതം തടസപ്പെടുത്തിയില്ലെങ്കിലും തമിഴ്നാട്ടില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. വെല്ലൂരിലുള്‍പ്പെടെ ട്രെയിന്‍തടയല്‍ സമരവും സംഘടിപ്പിച്ചിരുന്നു. ബന്ദിനോടനുബന്ധിച്ച് അതിര്‍ത്തിജില്ലകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമായിരുന്നു.
ഗുജറാത്ത്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, മണിപ്പൂര്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ഡിഎ ഇതര പാര്‍ട്ടികളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലും വിശാഖപട്ടണത്തും ഇടതുപാര്‍ട്ടികള്‍ മാര്‍ച്ചുനടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല.
വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തി അലിസ്റ്റര്‍ കുക്കിന്റെ അവിസ്മരണീയ കുതിപ്പ്. ഓവല്‍ ടെസ്റ്റില്‍ കരിയറിലെ 33–ാം സെഞ്ചുറി നേടിയ കുക്ക്, അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ മല്‍സരത്തിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി മാറി. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച കുക്ക് രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. അവസാന മല്‍സരത്തില്‍ മറ്റൊരു നേട്ടവും കുക്കിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തി. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കുക്കിന്റെ പേരിലായി.
209 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ചരിത്രമെഴുതിയത്. കുക്കിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും അർധസെഞ്ചുറിയുടെയും മികവിൽ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 74 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. കുക്ക് 103 റൺസോടെയും റൂട്ട് 92 റൺസോടെയും ക്രീസിൽ. 222 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് 103 റൺസെടുത്തത്. 132 പന്തുകൾ നേരിട്ട റൂട്ട് ആകട്ടെ, 11 ബൗണ്ടറിയും ഒരു സിക്സും നേടി.
കൊല്ലം പത്തനാപുരത്ത് മൗണ്ട് താബോര്‍ മഠം വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സി.ഇ.സൂസമ്മ (55) യുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിന് ലഭിച്ച നിഗമനങ്ങൾ അനുസരിച്ച് സൂസമ്മയുടേത് മുങ്ങി മരണമാണെന്നാണ് സൂചന. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ.
ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം കിണറ്റിലെ വെള്ളം തന്നെയാണു സിസ്റ്ററുടെ ശരീരത്തിനുള്ളിലും കണ്ടെത്തിയതെന്നും സിസ്റ്ററുടെ അന്നനാളത്തിൽ നിന്നും നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ സിസ്റ്റർ സൂസമ്മയെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ മാസം 15 മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.
സിസ്റ്റർ താമസിച്ചിരുന്ന മുറി മുതൽ കിണർ വരെയുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ടായിരുന്നു. മുറിവേൽപിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മുറിക്കുള്ളിൽ നിന്നു പൊലീസ് കണ്ടെത്തി. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. രാവിലെ കുർബാനയ്ക്കു മൗണ്ട് താബോർ ദയറാ വളപ്പിലെ പള്ളിയിലോ ചാപ്പലിലോ സിസ്റ്റർ എത്താതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ ചടങ്ങിനെത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലെത്തിയത്.
രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയുടെയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. വിവാഹ നിശ്ചയം മുമ്പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വെയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളം സ്തംഭിച്ചു. പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലും ഹർത്താൽ പൂർണമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താൽ ബാധിച്ചു.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംസ്ഥാനത്ത് സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളിലേക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊച്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടി പ്രതിഷേധവും അരങ്ങേറി. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ഉപരോധിക്കാൻ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
തിരുവനന്തപുരത്ത് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാലിനെയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. ഹർത്താൽ ദിനത്തിൽ കാറിൽ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.
യുഎഇയിൽ വരുന്ന ഏതാനും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ യുഎഇയുടെ പലയിടങ്ങളിലും മഞ്ഞുമൂടിയ നിലയിലായിരുന്നു.
രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണം. ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തി. അടുത്ത നാല് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം പുറത്തിവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ച ചൂട് കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.