സലിസ്‌ബെറിയിൽ മലയാളികളുടെ കൂട്ടായ്മയായ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. “ചലഞ്ചേഴ്സ് സലിസ്ബറി ക്ലബ് ഓണം 2024” വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. അതി മനോഹരമായ അത്തപ്പൂക്കളം ഒരുക്കി കേരളീയ ശൈലിയിൽ ഓണക്കോടിയുടുത്ത് ക്ളബ്ബംഗങ്ങൾ മാവേലിയെ വരവേറ്റു. കുട്ടികളും മുതിർന്നവരും പലവിധ ഓണക്കളികളിൽ ആവേശപൂർവ്വം പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വടംവലി മത്സരവും നടന്നു.
മത്സര വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനദാനം നിർവഹിച്ചു. രാത്രി ഭക്ഷണവും ഡിജെ പാർട്ടിയും ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.




ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച് കുടുംബം.
ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സർക്കാരിനും ഈശ്വർ മാല്‍പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു.അർജുന്റെ സഹോദരീഭർത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അർജുന്റെ മരണത്തില്‍ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുന് 75,000 രൂപ ശമ്ബളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ.യുമായി ചേർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജർ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അർജുന് ലഭിച്ചത്.
ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ച കുടുംബം, ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.
മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനൽ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവൻ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീൽ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു.
എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കാണാൻ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടൻ നടപടി ഉണ്ടാവും. അഭിപ്രായവും വിമർശനവും പറയും, എന്നാൽ അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ കൂട്ടിചേർത്തു.
തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ വ്യക്തമാക്കി. മീസാൻ കല്ലിൽ പേരെഴുതുംവരെ അല്ലെങ്കിൽ പാർലമെൻ്റിൽ കിടന്ന് മരിക്കണം, നിയമസഭയിൽ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവർ ഈ പാർട്ടിയിൽ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയൻ ഒന്ന് ചത്ത് കിട്ടിയാൽ മതി എന്ന് കരുതുന്നവർ മറ്റ് പാർട്ടിയിൽ ഉണ്ടെന്ന് ജലീൽ പരിഹസിച്ചു.
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന കൊല്ലം ,ശാസ്താംകോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) ലഭിച്ചതായി അറിയിക്കുന്നു ഈ പണം രണ്ടുപേർക്കുമായി വീതിച്ചു നൽകുമെന്ന് അറിയിക്കുന്നു ഇടുക്കി ചാരിറ്റി അവസാനിച്ചു എന്നറിയിക്കുന്നു .
പണം നൽകിയ മുഴുവൻ ആളുകൾക്കും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ്മെന്റ് അയക്കുന്നതാണ് ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . ഞങ്ങൾ നടത്തുന്ന ഈ എളിയ പ്രവർത്തനങ്ങൾക്കു നിസീമമായ പിന്തുണ നൽകുന്ന എല്ലാ നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു
കരിംങ്കുന്നത്തെ ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .രണ്ടുപേർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേദമന്യെയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,28 00000 (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..സാബു ഫിലിപ്പ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
ബെന്നി പെരിയപ്പുറം
കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ ‘ വയനാട് സംഗമം ‘ പതിമൂന്നാമത് വർഷവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഗ്ലോസ്റ്ററിലെ ലിഡ്നിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പോടു കൂടിയാണ് നടത്തപ്പെട്ടത്. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആവേശപൂർവ്വം നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ജോസഫ്, ലൂക്ക, സജി രാമചനാട്ട് എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷനായിരുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം തുടങ്ങിയത്. ജോൺസൺ ചാക്കോ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേരി മാത്യു ആശംസ നേർന്നു. പുതിയ യൂത്ത് കോർഡിനേറ്റർമാരായി ആൻ്റോ മാത്യു, ഷീബ സക്കറിയ , റിയ ഷിബു എന്നിവരെ തിരഞ്ഞെടുത്തു.

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുവാനായി തുടങ്ങിയ ഫണ്ട് ശേഖരണത്തിന്റെ പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുവാൻ ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു . പ്രോഗ്രാം കോർഡിനേറ്റർമാരായ ജെന്നീസ് മാത്യു സ്വാഗതവും ടിറ്റോ ഇമ്മാനുവേൽ നന്ദിയും പറഞ്ഞു.



കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായാണ് വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ അബു എബ്രഹാം ലൂക്കിനെ പതിവായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍ എം ഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് ഇവിടെ എത്തുന്നത്.
ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ നൽകിയിരുന്നു. ‘അബു പി സേവ്യര്‍’ എന്നയാളുടെ പേരിലായിരുന്നു ഈ രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം അന്വേഷിച്ചപ്പോൾ തനിക്ക് രണ്ട് പേരുണ്ടെന്നായിരുന്നു മറുപടി. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോളും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു എബ്രഹാമിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാര്‍ത്ഥ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചതും എംബിബിഎസ് പാസ്സായില്ല എന്ന് അധികൃതർക്ക് മനസ്സിലാകുന്നത്. ഇതേ തുടര്‍ന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചത്. പരീക്ഷയ്ക്കായി അവധി എടുത്ത് പോകാറുമുണ്ടായിരുന്നു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കള്‍ക്ക് ആദ്യം പരാതി ഇല്ലായിരുന്നു. പിന്നീട് ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു. മകന്റെ ഭാര്യ സഹപാഠിയായ അബു എബ്രഹാം ലൂക്കിനെ തിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഈ പെണ്‍കുട്ടിയാണ് ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കാത്ത വിവരം അറിയിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്താക്കി.
തിരുവല്ല സ്വദേശിയാണ് അബു എബ്രഹാം ലൂക്ക്. 2011ലാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിനായി എത്തുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നാണ് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സ തുടങ്ങിയത്. ഈ രജിസ്റ്റര്‍ നമ്പറിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച അബു എബ്രഹാം ലൂക്ക് പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും നേരിയതോ, ഇടത്തരമോ ആയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വിവിധ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി വിവിധ ജില്ലകളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയിരുന്നു. പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലും രാത്രി മഴ ലഭിച്ചു.
കേരള തീരത്ത് (തിരുവനന്തപുരം) ഇന്ന് രാത്രി പതിനൊന്നരവരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്ത് (കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം) ഇന്ന് രാത്രി 11:30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മല്‍സ്യബന്ധന യാനങ്ങളായ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചാല്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും തൊഴിലാളികള്‍ ഉറപ്പാക്കണം. മുന്നറിയിപ്പ് ഘട്ടങ്ങളില്‍ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
അപ്പച്ചൻ കണ്ണഞ്ചിറ
നായർ സർവീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024′ ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബർ 5 ന് ശനിയാഴ്ച്ച രാവിലെ 11:30 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷത്തിന് നാന്ദി കുറിക്കും. ഓണസദ്യക്കു ശേഷം തുടങ്ങുന്ന സാംസ്കാരിക കലാപരിപാടികളിൽ സംഗീത-നൃത്ത ഇനങ്ങൾ കോർത്തിണക്കി വിപുലമായ കലാവിരുന്നാണൊരുക്കുക.
കലാപരിപാടികൾക്ക് ആമുഖമായി കേരളീയ തനതു കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ‘സ്വാഗത നൃത്തം’ അരങ്ങേറും. തുടർന്ന് കേരളീയ സംഗീത ഉപകരണങ്ങളുടെ താളലയശ്രുതികളുടെ പിന്നണിയിൽ അരങ്ങേറുന്ന സംഗീതാർച്ചന “പാട്ടിന്റെ പാലാഴി” ഓണാഘോഷത്തിന് സംഗീത സാന്ദ്രത പകരും.
പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിർവഹിക്കുകയും, ബാലപ്രതിഭകൾ അഭിനയിക്കുകയും ചെയ്യുന്ന “ദി ഡയലോഗ് വിത്ത് ഡെത്ത്” എന്ന നാടകം എൻ.എസ്,എസ് യു.കെ യുടെ ‘പ്ലേ ഹൌസി’ന്റെ ബാന്നറിൽ തുടർന്ന് അവതരിപ്പിക്കുന്നതാണ്.
എൻഎസ്എസ് (യു കെ) യുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഗൃഹാതുര അനുസ്മരണങ്ങൾ ഉണർത്തുന്ന വിപുലവും സമ്പന്നവുമായ കലാപരിപാടികളും, അവതരണങ്ങളും ആണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Venue: Little Illford School, Rectory Road, London E12 6JB

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു.
ഇവർ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ തീയിട്ടത്. ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ ക്രൗൺ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബർ 22ന് തുടരും.
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് അക്രമത്തിൽ പരിക്കേറ്റു. മതിൽ ചാടിയെത്തിയ യുവാവ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
യുവാവ് അടുക്കള ഭാഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയിൽ കുത്തി പിടിച്ചതിനാൽ ശബ്ദമുണ്ടാക്കാൻ സാധിച്ചില്ല. ബലം പ്രയോഗിച്ച് പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തിൽ നഖക്ഷതങ്ങൾ ഏറ്റതിനെ തുടർന്ന് വനിതാ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പോലീസ് പിടികൂടിയ പ്രതി സുനിലിനെ ചോദ്യം ചെയ്തെങ്കിലും അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.