ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.
1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.
ന്യൂസ് ഡെസ്ക്
പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.



നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.
അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്
പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.
യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.
2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.
നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.
ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കൊല്‍ക്കത്ത: ബംഗാളില്‍ മോമൊ ഗെയിം ചലഞ്ച് കളിച്ച് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി സൂചന. ഡാര്‍ജീലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നിന്നുള്ള മനീഷ് സര്‍കി (18) ഓഗസ്റ്റ് 20നും അഥിതി ഗോയല്‍ (26) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ മോമൊ ഗെയിം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ബ്ലു വെയിലിനേക്കാളും അപകടകാരിയാണ് മോമൊയെന്നാണ് പോലീസ് നല്‍കുന്ന സൂചന.
നിലവില്‍ വാട്സാപ്പ് ലിങ്കുകള്‍ വഴിയാണ് മോമൊ പ്രചരിക്കുന്നത്. ഗെയിം കളിക്കാന്‍ ആരംഭിച്ചാല്‍ നമ്മള്‍ അതില്‍ അഡിക്ടഡാവുകയും ആത്മഹത്യാ തലത്തിലേക്ക് അത് വളരുകയും ചെയ്യും. പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജല്‍പൈഗുരി, കുര്‍സിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളിലാണ് ഗെയിം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗെയിം പ്രചരിക്കുന്നതായി വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും മോമൊ ചലഞ്ച് പടരുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
പെരിന്തൽമണ്ണ: മേലാറ്റൂരിൽ പിതൃസഹോദരൻ തട്ടിക്കൊണ്ടുപോയി പുഴയിൽ തള്ളിയ ഒൻപത് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദിനെ (48) നിലന്പൂർ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദിന്റെ അനിയൻ അബ്ദുൽ സലീമിന്റെ മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീനെ കണ്ടെത്താനാണ് കടലുണ്ടി പുഴയിൽ തെരച്ചിൽ ഊർജിതമാക്കിയത്. ഇന്നലെ രാവിലെ മുതൽ പുഴയിൽ വിവിധയിടങ്ങളിലായി പോലീസും ഫയർഫോഴ്സും ട്രോമ കെയർ വോളണ്ടിയർമാരുടെ കൂടി സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഈയടുത്ത് അനിയൻ നടത്തിയ സാന്പത്തിക ഇടപാടിൽ കയ്യിൽ ധാരാളം പണമുണ്ടെന്ന ധാരണയിൽ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. പിന്നീട് നാടൊട്ടുക്ക് തെരച്ചിൽ തുടങ്ങിയതോടെ പ്രതിരോധത്തിലായ പ്രതി കുട്ടിയെ പുഴയിൽ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തി സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നൽകിയ മൊഴി. പുഴയിലെറിയും മുൻപ് കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും ഷർട്ടും വാങ്ങിനൽകുകയും ചെയ്തു. ആളെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.
ന്യൂയോർക്ക്: യുഎസ് നാടകകൃത്ത് നീൽ സൈമൺ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1960-കളിൽ ദ ഓഡ് കപ്പിൾ, ബെയർഫൂട്ട് ഇൻ ദ പാർക്ക്, ദ സൺഷൈൻ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു.
1991ൽ ”ലോസ്റ്റ് ഇൻ യോങ്കേഴ്സ്’ എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്കാരം നേടികൊടുത്തു. ടോണി പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്.
ന്യൂഡൽഹി: കേരളത്തിൽ പശുവിനെ കശാപ്പു ചെയ്യുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ബിജെപി എംഎൽഎ ബസംഗൗഡ പാട്ടിൽ യാട്നൽ. പശുക്കളെ കശാപ്പു ചെയ്യുന്നത് ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾക്ക് എതിരാണ്. ഹിന്ദുക്കളുടെ വികാരത്തെ മുറിവേൽപ്പിച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ, അവർ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നു. അതിന്റെ ഫലമാണ് കേരളത്തിൽ സംഭവിച്ചത്. നിലവിലെ സ്ഥിതിയിൽനിന്നും ഒരു വർഷമെങ്കിലും വേണം കേരളത്തിനു കരകയറാനെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സമുദായത്തിന്റെ വികാരത്തെ വേദനിപ്പിക്കുന്നവർ ഈ രീതിയിൽ ശിക്ഷിക്കപ്പെടുമെന്നും ബസംഗൗഡ പറഞ്ഞു. കർണാടകയിലെ വിജയപുരയിൽനിന്നുമുള്ള എംഎൽഎയാണ് ബസംഗൗഡ.
കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞിരുന്നു.