കൊല്‍ക്കത്ത: ബംഗാളില്‍ മോമൊ ഗെയിം ചലഞ്ച് കളിച്ച് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി സൂചന. ഡാര്‍ജീലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നിന്നുള്ള മനീഷ് സര്‍കി (18) ഓഗസ്റ്റ് 20നും അഥിതി ഗോയല്‍ (26) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ മോമൊ ഗെയിം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ബ്ലു വെയിലിനേക്കാളും അപകടകാരിയാണ് മോമൊയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നിലവില്‍ വാട്സാപ്പ് ലിങ്കുകള്‍ വഴിയാണ് മോമൊ പ്രചരിക്കുന്നത്. ഗെയിം കളിക്കാന്‍ ആരംഭിച്ചാല്‍ നമ്മള്‍ അതില്‍ അഡിക്ടഡാവുകയും ആത്മഹത്യാ തലത്തിലേക്ക് അത് വളരുകയും ചെയ്യും. പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജല്‍പൈഗുരി, കുര്‍സിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളിലാണ് ഗെയിം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗെയിം പ്രചരിക്കുന്നതായി വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും മോമൊ ചലഞ്ച് പടരുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.