വയനാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ മഠത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഉച്ചയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ബീഹാര്‍ സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്തെ സീലിങിന് കുറുകെയുള്ള കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മഠത്തില്‍ താമസിക്കുന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശ്വേത അന്‍സിതയാണ് മരിച്ചത്. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അടുക്കളപ്പണിക്കും മറ്റുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ കമ്പളക്കാട് പൊലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. മരിച്ച യുവതിയുടെ ബന്ധുക്കളെ ഇന്നലെതന്നെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കള്‍ നാളെ കോഴിക്കോടെത്തും.
കൊച്ചി ഉദയംപേരൂരില്‍ യുവാവിന്‍റെ മൃതദേഹം വീടിനുളളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. അരീക്കോട് സ്വദേശിയായ യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ മരണ കാരണം വ്യക്തമല്ല.
ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിനടുത്തുളള ഇരുനില വീടിന്‍റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . വീടിനുളളില്‍ നിന്നും ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ അനീഷ് മൂന്നു മാസം മുമ്പാണ് ഉടമയില്‍ നിന്ന് വീട് വാടകയ്ക്ക് എടുത്തത്. രണ്ട് യുവാക്കളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവരെ കുറിച്ചുളള വിശദാംശങ്ങള്‍ ആര്‍ക്കും അറിയില്ല. വീട്ടില്‍ താമസിച്ചിരുന്ന കോഴിക്കോട് അരീക്കോട് സ്വദേശിയായ യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു കുപ്പിയും വെളളവും കിട്ടിയിട്ടുണ്ട്. കുപ്പിയിലുളള ദ്രാവകം മദ്യമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദ്രാവകം വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു .ഉദയംപേരൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അതുകൊണ്ട് തന്നെ ഡ്രൈവറുടെ ഉറക്കമല്ല മരണകാരണമെന്നാണ് പൊലീസും നല്‍കുന്ന സൂചന.
അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. അമിത വേഗതയാണ് വില്ലനായതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘം ആഹാരം കഴിച്ച ശേഷം വീണ്ടും പുറപ്പെടാന്‍ ബസ് എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ബസ് സാവധാനമായിരുന്നു വന്നതെന്നും വിമാനത്താവളത്തില്‍ സമയത്ത് ചെക്കിന്‍ ചെയ്യേണ്ടതുള്ളതിനാല്‍ അത് ലക്ഷ്യമിട്ട് ഡ്രൈവര്‍ കാര്‍ അമിത വേഗത്തില്‍ ഓടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വലിയ വളവും എതിര്‍വശത്തു നിന്നും വരുന്ന വാഹനം കാണാന്‍ കഴിയാത്തതും അപകടകാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടകാരണം കാറിന്‍റെ അമിതവേഗമെന്ന് പ്രാഥിമിക നിഗമനം. കാര്‍ അമിതവേഗത്തില്‍വന്ന് ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍വെളിവാക്കുന്നു . മൃതദേഹങ്ങൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു….
കടപ്പാട് ; മനോരമ ന്യൂസ്
പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമവൃത്തത്തിലായത്. പാറയ്ക്കൽ കടവിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്.
പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്ത് മെംബർ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ കുടുംബത്തെ സഹായിക്കാൻ പള്ളി പരീഷ് ഹാളിനു മുന്നിൽ ഇടമൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലൻസ് പള്ളിപ്പരിസരത്ത് എത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി കൊല്ലാട് വഴി വിവരം അറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി. ഒരു ഹൈന്ദവസഹോദരന്റെ മൃതദേഹം വയ്ക്കാൻ ഇടംനൽകിയ കടുവാക്കുളം പള്ളി വികാരിയെയും പള്ളിക്കമ്മിറ്റിയെയും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണിന്‍റെ ശിപാർശയിൽ മുട്ടന്പലം വൈദ്യുതശ്മശാനത്തിൽ വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. ബിജെപി പ്രവർത്തകരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
പി.സി.ജോർജ് എംഎൽഎയെ തടഞ്ഞുവച്ചതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട്ട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎൽഎയെ ടോൾ കൊടുക്കാതെ കടത്തിവിടില്ലെന്ന് പറഞ്ഞാണ് ടോൾപ്ലാസ ജീവനക്കാർ തടഞ്ഞുവച്ചത്. ഇതോടെ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവരും ജീവനക്കാരും തമ്മിൽ തർക്കമായി. പിന്നാലെ കാറിൽ നിന്നിറങ്ങിയ എംഎൽഎ സഹായികളെ കൂട്ടി ടോൾ ബൂത്തിലെ സ്റ്റോപ്പ് ക്രോസ് ബാർ തകർത്ത് കാറുമായി പോവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ടോൾ പിരിക്കുന്നതിനായി ടോൾ ബൂത്തുകളിൽ നിയോഗിച്ചിരിക്കുന്നത്. ഇതുമൂലം വാഹനം ജനപ്രതിനിധിയുടേതെന്ന് തിരിച്ചറിയാൻ വൈകുകയായിരുന്നുവെന്ന് പറയുന്നു. ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി.
#WATCH: Kerala Independent MLA PC George create ruckus at toll plaza in Thrissur, over payment of toll fee, and vandalises the barricade. A complaint has been filed. (Source: CCTV footage) (17.07.2018) pic.twitter.com/gNY2UWCvSb
— ANI (@ANI) July 18, 2018
എംഎൽഎ ഹോസ്റ്റലിലെ കാന്‍റീൻ ജീവനക്കാരനെ മർദ്ദിച്ച കേസിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മ്യൂസിയം പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി 27-നായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കൊണ്ടുവരാൻ താമസിച്ചതിന് ജോർജ് എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ കാന്‍റീൻ ജീവനക്കാരനായ മനുവിനെ മർദ്ദിച്ചുവെന്നായിരുന്നു കേസ്. മുഖത്ത് മർദ്ദനമേറ്റ മനു പിന്നീട് ചികിത്സ തേടുകയും നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകുകയുമായിരുന്നു. എന്നാൽ താൻ ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ഭക്ഷണം കൊണ്ടുവരാൻ വൈകിയപ്പോൾ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ജോർജിന്‍റെ വാദം.
ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. എരിയാൽ വെള്ളീരിലെ നസീമയാണ് മകൾ ഷംനയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽക്കാരാണ് ഷംന കുഞ്ഞിനെ കിണറ്റിലെറിയുന്നത് കണ്ടത്. ഇവർ ബഹളംകൂട്ടിയതോടെ ബന്ധുക്കളും നാട്ടുകാരും കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. നേരത്തെയും ഷംന കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പറയുന്നു
ജനിച്ചു ഏഴാം ദിവസം കുഞ്ഞിന്റെ ആരോഗ്യനില വഷളായി. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പാണ് കുഞ്ഞിന്റെ ജനനം. ഏഴാം മാസത്തില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. റോഡു മാര്‍ഗമുള്ള യാത്ര സാഹസമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
പക്ഷേ, എസ്.എ.ടി. ആശുപത്രിയില്‍ എത്തി ചികില്‍സ കിട്ടിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുടുംബം പ്രതീക്ഷിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് തരപ്പെടുത്തി. പക്ഷേ, എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ പ്രശ്നമാകും. ലൈഫ് സേവ് മിഷന്റെ ആംബുലന്‍സ് ടീ ഉത്തരവാദിത്വത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു.
പത്തനംതിട്ട സ്വദേശിയായ വി.ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ഒരു വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നുണ്ട്. വെന്റിലേറ്ററിന്റേയും മറ്റും സാങ്കേതിക വിദഗ്ധരായി ഇടുക്കി സ്വദേശി റെജി മാത്യുവും പത്തനംതിട്ട സ്വദേശി സനൂപ് സോമനും. ഇവര്‍ക്ക് വഴിയൊരുക്കാന്‍ കേരള പൊലീസ് മനസലിവുകാട്ടി. ഇതിനു പുറമെ, ആയിരത്തോളം പേര്‍ വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വഴിയരികില്‍ കാത്തുനിന്നു.
കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് വഴിയൊരുക്കിയത്. രാത്രി 8.30ന് ആംബുലന്‍സ് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തി. 284 കിലോമീറ്റര്‍ പിന്നിട്ടത് 3.15 മണിക്കൂറുകൊണ്ടാണ്. അതും, കനത്ത മഴയില്‍. ഈ കൂട്ടായ്മ സമാനമായി അന്‍പതു തവണ ഇങ്ങനെ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞ് എത്രയും വേഗം സുഖപ്പെടട്ടേയെന്നാണ് ഇവരുടെ പ്രാര്‍ഥന. ട്രാഫിക് സിനിമയില്‍ രോഗിയെ കൊണ്ടുപോകാന്‍ പൊലീസ് വഴിയൊരുക്കിയ കഥയ്ക്കു സമാനമാണ് ഈ സംഭവവും
കനത്ത മഴയിലും വെള്ളക്കെട്ടിലും മുങ്ങി കുട്ടനാട് മേഖല. നാലുദിവസമായി തുടരുന്ന മഴക്കെടുതിമൂലം കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽ കൃഷി നാശവും രൂക്ഷമാണ്.
കുട്ടനാട്ടിലെ കൈനകരി , കാവാലം, പുളിങ്കുന്ന്, മുട്ടാർ , അപ്പർകുട്ടനാട് മേഖലയിലെ തലവടി, എടത്വാ പഞ്ചായത്തുകളിലെല്ലാം മഴക്കെടുതി വളരെ രൂക്ഷമാണ്. വീടുകൾ പൂർണമായും ഭാഗികമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ആളുകൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും താമസം മാറ്റുകയാണ്.
ഇടറോഡുകളടക്കം വെള്ളത്തിനടിയിലായതോടെ വള്ളങ്ങൾ മാത്രമാണ് ആശ്രയം. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പാടശേഖരങ്ങളിൽ മടവീഴ്ചയും കൃഷി നാശവും തുടരുകയാണ്.
ഏഴായിരത്തിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ പുറത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട് .
പുളിങ്കുന്ന് വലിയപള്ളിയുടെ പാരിഷ് ഹാൾ പ്രളയത്തിൽ അലയുന്നവർക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഹായം വേണ്ടവർക്ക് അവിടേക്ക് വരാം എന്ന് അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വഴി പള്ളി അധികൃതരുടെ കത്ത് വൈറൽ. വാൻ പ്രളയത്തിൽ നാടും നാട്ടുകാരും നെട്ടോട്ടം ഓടുമ്പോൾ മാനവികതയുടെ പ്രതീകമായി മാറുകയാണ് പൗരാണികവും പ്രൗഢിയും നിറഞ്ഞ പുളീംകുന്നു st മേരീസ് ഫൊറോനാ പള്ളിയും

പ്രളയമുഖത്ത് കനിവിന്റെ ഇത്തിരി ഇടം….
പുളിങ്കുന്ന് വലിയപള്ളി : കുട്ടനാട് മുഴുവൻ കൊടും പ്രളയത്തിൽ അകപ്പെട്ടിരിക്കുന്നു. കുട്ടനാട് ഒറ്റപ്പെട്ടു എന്നുതന്നെ പറയാം. ഭവനങ്ങൾ വെള്ളത്തിലായി അടുക്കളയിൽ തീ പുകയാത്ത സാഹചര്യത്തോളം കാര്യങ്ങൾ എത്തിരിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പുളിങ്കുന്നിലെ നിവാസികൾക്ക് ജാതിമത ഭേദമന്യേ പുളിങ്കുന്ന് വലിയപള്ളിയുടെ കരുണയുടെ ഒരു കൈ സഹായം. പുളിങ്കുന്ന് പള്ളിയുടെ പാരിഷ് ഹാളും , പാരിഷ് ഹാളിന്റെ ഭാഗമായിട്ടുള്ള വലിയ അടുക്കളയും നിങ്ങൾക്ക് ഉപയോഗികാവുന്നതാണ്. ഭവനങ്ങൾ വെള്ളത്തിലായവർക്ക് പാരിഷ് ഹാളിൽ വന്നു താമസികാം, ഒപ്പം ഇവിടുത്തെ അടുക്കളയിൽ നിങ്ങൾക്ക് ഭക്ഷണം പാകം ചെയാം,നിങ്ങൾക്ക് ഭക്ഷണം പാകം ചെയാൻ ആവശ്യമുള്ള അരിയും, പയറും , പാത്രവും പള്ളിയിൽ നിന്ന് നിങ്ങൾക്ക് വേണ്ടി നല്കുന്നതുമായിരിക്കും .
നമ്മുക്ക് പ്രാർത്ഥികാം എത്രയും വേഗം നമ്മുടെ നാട് ഈ പ്രളയത്തിൽ നിന്ന് വിമുക്തമാകട്ടെ എന്നും , ജനജീവിതം പഴയതുപടി ആകട്ടെ എന്നും നമ്മുക്ക് പ്രാർത്ഥിക്കാം .
പ്രാർത്ഥനകളോടെ പുളിങ്കുന്ന് വലിയ പള്ളി.
കൂടുതൽ വിവരങ്ങൾക്ക്
Fr.Jison Paul Vengassery :
9495440849
st_marys_forane_church_pulincunnoo
പിച്ച വെച്ച നാൾ മുതൽക്ക് നീ… ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങൾ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ താരങ്ങൾ. ശരിക്കും പിച്ചക്കാരാണെന്ന് കരുതി ചിലരൊക്കെ ഇവർക്ക് കാശ് നൽകുന്നുമുണ്ട്.
വിഡിയോയുടെ താഴെ ആരാധകരുടെ വത രസകരമായ കമന്റുകളും. ആത്മ പ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല. ഇത്രക്ക് ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ… ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. പിഷാരടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ പങ്കുവച്ചത്.