Latest News

കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിറങ്ങിയ ശേഷം പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ആറുപേരും മദ്യപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കള്ളു ഷാപ്പില്‍ പോയി തിരിച്ചുന്ന ഗോപിയെ അവശനിലയില്‍ വീടിനടുത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരായ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷക്കള്ള് ഷാപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

വായില്‍ നിന്ന് നുരയും പതയുമായി വഴിയില്‍ വീണു കിടക്കുകയായിരുന്ന ഗോപിയുടെ സമീപത്ത് നിന്ന് പോലീസിന് കള്ളുകുപ്പി ലഭിച്ചിരുന്നു. ഷാപ്പിലെത്തിയ എക്‌സൈസ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു.

ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ പീഡനക്കേസിലെ പ്രതികള്‍ തങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമാണെന്നാണ് പ്രതികള്‍ കോടതിയില്‍ വിശേഷിപ്പിച്ചത്‌. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദങ്ങള്‍ അടുത്ത വ്യാഴാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസ് അഭിഭാഷകനോടും പ്രതികളുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ ചെറുപ്പക്കാരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരുമാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിക്ക രാജ്യങ്ങളും വധശിക്ഷകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ കൊണ്ട് കുറ്റവാളികള്‍ കൊല്ലപ്പെടുമെങ്കിലും കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ രാജ്യത്ത് വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടിയായി പറഞ്ഞു. അതേസമയം അറസ്റ്റിലായ സമയത്ത് പ്രതികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവും എ.പി. സിങ് ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല നിര്‍ഭയ പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ തങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നതാണെന്നും ഇതെല്ലാം പരിഗണിച്ചതിന് ശേഷമാണ് 2017 മെയില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം ഡല്‍ഹിയില്‍ നടന്നത്. ഇതേതുടര്‍ന്ന് രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ മൂന്നു മലയാളികൾക്ക് ഉജ്ജ്വല വിജയം. ന്യൂഹാം  കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഹാം സെൻട്രൽ വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ തെക്കേപ്പുരയിൽ 2568 വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. കേംബ്രിഡ്ജിൽ ബൈജു തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് ലോയറായ ബൈജു തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.

സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫൻ പരാജയപ്പെട്ടു. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ന്യൂഹാമിൽ മത്സര രംഗത്തുള്ള ഓമന ഗംഗാധരന്റെ വാർഡിലെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.

അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക് . നൃത്ത പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്ക് പറ്റിയത്. ഉടനെ തന്നെ ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇനി തുടര്‍ന്നുള്ള റിഹേഴ്‌സല്‍ അതിനായി ദുല്‍ഖര്‍ അടുത്ത ദിവസം തന്നെ തിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.

പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.

ദിസ്പുര്‍: പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് യുവതിയെ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു.അസ്സമിലെ രാംടിയ പോലീസ്‌റ്റേഷനിലാണ് സംഭവം.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ബിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

‘സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്’, പോലീസ് അറിയിച്ചു.

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അസ്സാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടു.

‘പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പോലീസുകാരുടെ ഉത്തരവാദിത്വം. സംഭവം അത്യന്തം അപലപനീയമാണ്’.

പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് മുമ്പ് മനഃശാസ്ത്ര പരീക്ഷയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ ഏ7 വരെ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദില്‍ 6 പേര്‍ മരിച്ചു. തെലങ്കാനയില്‍ 2 മരണം രേഖപ്പെടുത്തി. കേരളം , പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി . രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ് മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നൽകുന്നില്ലന്നും കോടതി വാക്കാൽ പരാമർശിച്ചു .

കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും നിറവും ശരീരവും തുടങ്ങി അടയാളമെല്ലാം മകളുടേതിന് സമാനമായതിനാല്‍ അത് തങ്ങളുടെ കാണാതായ മകളുടെ മൃതദേഹം ആണെന്ന് പറഞ്ഞ് ഇരുവരും ഏറ്റെടുക്കുകയൂം ചെയ്തു. ഭര്‍ത്തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കേസ് കൊടുത്ത ശേഷമായിരുന്നു അന്ത്യകര്‍മ്മം.

ഏപ്രില്‍ 6 ന് രാവിലെ കാണാതായെന്ന് കാണിച്ചായിരുന്നു സര്‍വേശ് പരാതി നല്‍കിയത്. നീതുവിന്റെ ഭര്‍ത്താവ് രാം ലഖനെയായിരുന്നു പിതാവിന് സംശയം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നീതു രാംലഖനുമായി നീതു പിരിഞ്ഞും നില്‍ക്കുകയായിരുന്നു. പോലീസ് നീതുവിന്റെ ഭര്‍ത്തൃപിതാവ് രാം കിഷനെ കസ്റ്റഡിയില്‍ എടുത്തു. രാംലഖന്‍ മുങ്ങി. എന്നാല്‍ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടു.

നീതുവിനെ കാണാതായ ശേഷം തങ്ങളുടെ കടയില്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസ് നീതുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ പതിവായി സിഗററ്റ് വാങ്ങാന്‍ വന്നിരുന്ന പൂരന്‍ എന്ന് പേരുള്ള ഒരാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് കണ്ടെത്തി. മൂന്ന് ദിവസം കഴിഞ്ഞ് പൂരന്‍ വന്നപ്പോള്‍ നീതുവിന്റെ കുടുംബാംഗങ്ങള്‍ പിടികൂടി. പൂരനോട് ചോദിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു മറുപടി. തുടര്‍ന്ന് പൂരന്‍ ബാഗുമായി മുങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു.

ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പൂരനെ പോലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും എറ്റയില്‍ നിന്നും പിടിയിലായപ്പോഴാണ് നീതു ഇയാള്‍ക്കൊപ്പം കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തനിക്കൊപ്പം എറ്റയില്‍ നീതു ഉണ്ടെന്ന് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടയില്‍ നീതു ഭാംഗലിലേക്ക് പോകുകയും അവിടെ നിന്നും പിന്നീട് പോലീസ് പിടിച്ചു കൊണ്ടു പോരുകയും ചെയ്തു. ഏപ്രില്‍ 5 ന് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയ അന്ന് നീതു വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പതിവായി കടയില്‍ വന്നിരുന്ന പൂരനോടൊത്തു ജീവിക്കാന്‍ തീരുമാനിച്ച് വീട് വിടുകയുമായിരുന്നു. പൂരന്റെയോ മറ്റാരുടെയെങ്കിലുമോ പ്രേരണ കൊണ്ടല്ല താന്‍ വീടു വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് നീതു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ നിന്നും ഇറങ്ങിയ നീതു നേരെ പോയത് സഹോദരിയെ വിവാഹം കഴിച്ചയച്ചിട്ടുള്ള വീട്ടിലേക്കായിരുന്നു എന്നാണ് നീതു പറയുന്നത്. എന്തായാലും ആളുമാറി മൃതദേഹം സംസ്‌കരിച്ചത് പോലീസിന് തലവേദനയായിരിക്കുകയാണ്.

Copyright © . All rights reserved