തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലയെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടൂവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരും ലഹരിസംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു.
ഇവരെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഒമ്പത് മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് വിദേശ വനിതയെ ശാരീരികമായി ആക്രമിച്ചു. അതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് പ്രതികളിലൊരാളായ ഉദയന്റേതാണെന്നും പൊലീസ് അറിയിച്ചു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം പലതവണ പ്രതികള്‍ ഇവിടെയെത്തിയിരുന്നൂവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും ഇവരുടേതെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. മാധ്യമപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു. മാധ്യമ സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിനം കൂടിയാണിന്ന്.
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. മാധ്യസ്വാതന്ത്രത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്‍റെ സന്ദേശം.
സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാര്മിപ്പിച്ചും, 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്ഷികമായുമാണ് ദിനാചരണം. എന്നാല്‍, ഒാരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കപെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് ജയിലിലടക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒൻപതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഈ ദിനത്തില്‍ പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ലോകത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനു യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം നൽകുന്നു. ഈ പ്രവാശ്യം അസര്‍ബൈജാനില്‍ നിന്നുള്ള എയ്നുള്ള ഫത്തൂലിവ് എന്ന ജേര്‍ണലിസ്റ്റാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സുകാരനായ എയ്നുള്ള ഫത്തൂലിവ് റിയല്‍ അസര്‍ബൈജന്‍,അസര്‍ബൈജന്‍ ഡെയ്ലി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 2007ല്‍ ജയിലില്‍ അടക്കപ്പെട്ടു. തുടര്‍ന്ന് ബഹുജനരോക്ഷത്തെ തുടര്‍ന്ന് 2011ല്‍ ജയില്‍ മോചിതനായ ഇദ്ദേഹം ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്റ്റോറികള്‍ ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണി നേരിട്ടത്. ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണ്.
വൈത്തിരി പൊഴുതന പാറത്തോട് മുട്ടപ്പള്ളി രാജേഷിന്റെ ഭാര്യ ടിന്റുമോള്‍(24) മകള്‍ അബ്രിയാന(4) എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമവും എങ്ങുമെത്തുന്നില്ല. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഈ കേസില്‍ ഉള്ളത്. ചൊവ്വാഴ്ച മുക്കം അഗസ്ത്യന്മുഴി ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ അബ്രിയാനക്ക് ചികില്‍സ തേടിയതായി കണ്ടെത്തി. ഇവിടെ നിന്ന് ആരുടെയൊ ബൈക്കില്‍ കയറി പോകുന്നതായാണു സിസിടിവി ദൃശ്യത്തിലുള്ളത്. പിന്നീട് യാതൊരു വിവരവുമില്ല.
ടിന്റു മോളേയും മകളേയും തിങ്കളാഴ്ച മുതലാണ് കാണാതായത്. മകള്‍ക്കു മരുന്നു വാങ്ങാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കു പോയതായിരുന്നു. അതിന് ശേഷം തിരികെ എത്തിയില്ലെന്നു ടിന്റുമോളുടെ പിതാവ് വക്കച്ചന്‍ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മണൽകാറ്റിൽ 22 പേർ മരിച്ചു. 100 ലേറെ പേർക്ക് പരിക്കേറ്റു. ഭാരത് പൂർ, ആൾവാർ, ദോർപൂർ ജില്ലകളിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി. 1000 ലേറെ പോസ്റ്റുകളാണ് തകർന്നത്.
ആൾവാർ നഗരം പൂർണമായും ഇരുട്ടിലായി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ഭാരത് പൂർ ; ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മണൽക്കാറ്റ് അതിശക്തമായി വീശിയടിച്ചത്.
തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (95.98 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി; മുൻ വർഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.
വിദ്യാഭ്യാസ ജില്ലകളിൽ എറണാകുളമാണു മുന്നിൽ– 99.12 ശതമാനം. പിന്നിൽ വയനാട്– 93.87 ശതമാനം. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർഥികൾ വിജയിച്ചു. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ടിഎച്ച്എസ്എൽസിയിൽ 3279 പേർ പരീക്ഷ എഴുതിയപ്പോൾ 3234 വിദ്യാർഥികൾ വിജയം കരസ്ഥമാക്കി– 98.6%.
റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതൽ 25 വരെ നടക്കും. പ്ലസ് വൺ പ്രവേശനം 9 മുതൽ തുടങ്ങും. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു.
പരീക്ഷാഫലം അറിയാം:
http://keralapareekshabhavan.in,
http://results.kerala.nic.in,
keralaresults.nic.in,
www.kerala.gov.in,
www.prd.kerala.gov.in,
http://results.itschool.gov.in
PRD Live
എന്നീ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.
തൃശൂര്‍: കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപം വാഹനാപകടത്തില്‍ നടന്‍ അനീഷ് ജി. മേനോന് പരിക്കേറ്റു. ദൃശ്യം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അനീഷ്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാലടിത്തറയ്ക്കും കാളച്ചാലിനും ഇടയിലാണ് അപകടം. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലില്‍ വീട്ടില്‍നിന്ന് എറണാകുളത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യാന്‍ പോകുമ്പോഴാണ് അപകടം. അനീഷ് ജി. മേനോന്‍ സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന് എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.
കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി .ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ദൃശ്യം, അഡാര്‍ ലൗ, സുഡാനി ഫ്രം നൈജീരിയ, ക്യൂന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഓടിയന്‍ സിനിമയില്‍ അഭിനയിക്കുകയാണ് അനീഷ്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാവിലെ എടപ്പാള്‍ ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു ‘ആക്‌സിഡന്റ്’ല്‍ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് ‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്‌കൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു ‘കാര്‍ ടോട്ടല്‍ ലോസ്’ ആയി. ‘സീറ്റ് ബെല്‍റ്റും എയര്‍ബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ ‘u turn’ ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല!
പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു ‘സൂപ്പര്‍ ബൈക്ക്’ യാത്രികര്‍. നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
*വേഗത കുറക്കുക.
*ഹെല്‍മെറ്റ് /സീറ്റ്‌ബെല്‍റ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം..
എടപ്പാള്‍ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും. ആന്‍സര്‍, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ഓരോ ജീവനും വലുതാണ്’ അനീഷ് ജി മേനോന്‍.
ഫേസ്ബുക്കില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതായി വ്യക്തമായിരുന്നു. ഡേറ്റ സംരക്ഷണം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഈ സംഭവത്തില്‍ ഫേസ്ബുക്കിന് വിപണിയിലുള്‍പ്പെടെ തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു.
ഫേസ്ബുക്കില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ മൂലം തങ്ങളുടെ ഇടപാടുകാര്‍ നഷ്ടമായെന്നും ബിസിനസ് മുന്നോട്ടു കൊണ്ടാപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്നും പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അമേരിക്കയിലും യുകെയിലും കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുകെയിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും ഫേസ്ബുക്ക് ഡേറ്റ ഇവര്‍ ദുര്‍വിനിയോഗം ചെയ്യുകയും ഇവ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ വിഭാവനം ചെയ്യുകയും ചെയ്തതയാണ് വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വെളിപ്പെടുത്തലിനു പിന്നാലെ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ സെനറ്റ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച കൊളീജിയം യോഗം അവസാനിച്ചു. നിയമനം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതി ഇന്ന് സിറ്റിങ് നടത്തിയിരുന്നില്ല. ഇന്നത്തെ കൊളീജിയത്തില്‍ പങ്കെടുക്കാന്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസ് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ജോസഫിന്റെ നിയമനത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തിരിച്ചയച്ച കേന്ദ്ര നടപടിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് കൊളജീയം ശിപാര്‍ശ വീണ്ടും പരിഗണിക്കാന്‍ യോഗം ചേര്‍ന്നത്. 2016-ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്നാണ് ജഡ്ജിമാര്‍ക്കിടെയിലെ പൊതുവികാരം. അതിനാല്‍ ശുപാര്‍ശ വീണ്ടും അയക്കുമെന്നു തന്നെയാണ് സൂചനകള്‍. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്വഴക്കവും ചൂണ്ടിക്കാട്ടി കൊളീജിയം കേന്ദ്രത്തെ അറിയിക്കും.
രാജ്യത്തെ മികച്ച ജഡ്ജിമാരിലൊരാളായ കെ.എം.ജോസഫിനെ തന്നെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജോസഫിന്റെ നിയമനം അംഗീകരിക്കുന്നതുവരെ പുതിയ നിയമന ശുപാര്‍ശകള്‍ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചേക്കും.
മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.
ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.
എന്നാൽ അപകടത്തിനിടയിൽ മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.
ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച് ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.
വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക് വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റ് സിറ്റി : ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് കത്തിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗ്സ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് സംഭവം. യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ളാറ്റിന് തീ ഇടുകയും ചെയ്തുവെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഒരു പാക്കിസ്ഥാൻ സ്‌കൂളിന് സമീപമുള്ള ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം ഉണ്ടാകുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുടയുമായിരുന്നു.
തീ പിടുത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തീ പിടുത്തം നടന്നതിന് മൂന്നു ദിവസം മുന്‍പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളിലേയ്ക്ക് എത്തിച്ചത്. ഒരു രീതിയിലും ഉള്ള കരുണ ഇവർ അർഹിക്കുന്നില്ല എന്നും അതുകൊണ്ട് ഒരു രീതിയിലും പരോൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു.