പുതിയ സിനിമയിലേക്ക് നായകനെ തിരഞ്ഞുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. വെളുത്ത നായകന്‍ എന്ന പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ബാബു.
ഇതു ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ആ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങള്‍ വേഷമിടുന്നുണ്ട്. ഈ കഥാപാത്രത്തിന് പുറമേ മറ്റ് 24 ആളുകളെയും ആവശ്യമുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിംഗ് കോളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. വിജയ്ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
What is happening as absolutely ridiculous This is a Charactor in a movie which I am producing There are more than 25…
Posted by Vijay Babu on Wednesday, 23 May 2018
നമ്മുടെ സമൂഹത്തില്‍ ഇനിയും മാറ്റം വരാതെ നിലനില്‍ക്കുന്ന വര്‍ണവിവേചന മനോഭാവത്തിന്റെ പ്രതിഫലനമാണ് കാസ്റ്റിംഗ് കോള്‍ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍.
നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബത്തിനാണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തമിഴ്നാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠനാണ് (25) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാവിലെ മൂന്നുദിവസത്തെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ചെലവായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയാണെന്നും മരണമടഞ്ഞാൽ മൃതദേഹം വിട്ടുനൽകാൻ തുക പൂർണമായും അടയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് പണമടയ്ക്കാൻ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാർ മുഖേന നിർബന്ധപൂർവം അവയവദാന സമ്മതപത്രത്തിൽ ബന്ധുക്കളെ കൊണ്ട് ഒപ്പിടുവിച്ചു. തുടർന്ന് ഞായറാഴ്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. സംഭവത്തിൽ പാലക്കാട് കളക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും അടുത്ത ദിവസം തന്നെ രേഖാമൂലം പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരി മേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാർ സേലത്തിന് സമീപം കള്ളിക്കുറിശിയിൽ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റതും സ്ഥലപരിചയമില്ലാത്തതും മൂലം നിർദ്ദേശം അനുസരിക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ലെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു.
തൂത്തുക്കുടി : തൂത്തുക്കുടിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മലിനീകരണശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും. അതിനിടെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.
വേദാന്ത കമ്പനിയ്ക്ക് എതിരെ നടക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം ദിനംപ്രതി കൂടിവരുന്നത് മുന്നില്‍ കണ്ടാണ് ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടുള്ള ഈ നടപടി. ചെമ്പു ശുദ്ധീകരണശാലയ്ക്ക് എതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വെടിവെപ്പില്‍ 13 പേരാണ് ഇതിനോടകം മരിച്ചത്.
മലിനീകരണവും വന്‍ പാരിസ്ഥീതിക പ്രശ്‌നവുമുണ്ടാക്കുന്ന സെ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്രേ്ടറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്‌റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്‌ഛേദിച്ചിട്ടുണ്ട്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട്: നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്‍കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി.
നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. പത്തു മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ നിപ വൈറസ് എന്ന പ്രചരണം തട്ടിപ്പാണെന്നും മരുന്നു കമ്പനികളുടെ പ്രചരണം മാത്രമാണെന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാലുകള്‍ ഭാഗികമായി കഴിച്ച ഫലങ്ങള്‍ തിന്നാല്‍ വൈറസ്ബാധ ഉണ്ടാകില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തില്‍ വികല പ്രചരണം നടത്തുന്നത് കൂടുതല്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുമെന്നു കാണിച്ച് കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘമാണ് പരാതി നല്‍കിയത്.
കോഴിക്കോട്: നിപ്പ ബാധയില്‍ ഒരു മരണം കൂടി. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. ഇദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂസയുടെ അനുജന്റെ ഭാര്യ മറിയം നേരത്തെ നിപ്പ ബാധ മൂലം മരിച്ചിരുന്നു. ഇവരാണ് സാബിത്തിനെയും സാലിഹിനെയും പരിചരിച്ചത്.
അതിനിടെ കോഴിക്കോട് ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിപ്പ ബാധിത മേഖലകളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.
നിപ്പ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാട്ടുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’ എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.
സലാല തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഉള്ളതെന്ന് അധികൃതര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരുന്നു നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് യോഗം. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മേഖലയില്‍ ഭക്ഷവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗവര്‍ണറേറ്റുകളിലെ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ വാഹനങ്ങള്‍ ദോഫാര്‍ മേഖലയിലേക്ക് നീങ്ങുന്നു
സാങ്കേതിക തകരാറിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. 151 യാത്രക്കാരുമായി മദീനയില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ അടിയന്തരമായി ഇറക്കിയത്. മുൻവശത്തെ ടയറുകൾ പ്രവർത്തിക്കാതെയാണ് വിമാനം ലാൻഡ് ചെയ്ത്. ഇതെതുടർന്ന് വിമാനത്തിന്റെ മുൻടയറുകൾക്ക് തീപിടിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചിരുന്നു. തുടർന്ന് മൂന്നാം തവണ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇടിച്ചിറക്കിയ വിമാനം മൂക്കുകുത്തിയാണ് നിന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Saudia Airbus A330-200 leased from Onur Air (TC-OCH) made an emergency landing at Jeddah Airport without its nosegear resulting in damage when nose sank to the ground. Flight #SV3818 made emergency evacuation via slides on the runway. https://t.co/1jmQ6Endfi pic.twitter.com/3wCtM3Dyck
— JACDEC (@JacdecNew) May 21, 2018
ചാലക്കുടി മനപ്പടിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് സംശയിക്കുന്നു.
ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജുവിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലൈജുവും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പക്ഷേ, കുറച്ചുനാളായി ജോലിക്കു പോകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷാദ രോഗമുണ്ടായിരുന്നതായാണ് സംശയം.
പകല്‍മുഴുവന്‍ വാതിലില്‍ തട്ടി മകന്‍ വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അതുവരെ മകന്‍ പട്ടിണിയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തിയേറ്ററുകളിൽ തരംഗമായ ദുൽഖർ ചിത്രം മഹാനടി കാണുന്നതിനിടെ താൻ അപമാനിക്കപ്പെട്ടുവെന്ന് ടെലിവിഷൻ അവതാരകയും നടിയുമായ ഹരിതേജയുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിലൂടെയാണ് താരം തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹരിതേജ താൻ നേരിട്ട കയ്പേറിയ അനുഭവം വിവരിച്ചത്.
സിനിമ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഹരിതേജയുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ സംഭവം നടന്നത്. സിനിമാ കാണാനെത്തിയ സ്ത്രീയിൽ നിന്നാണ് തനിക്ക് അപമാനമേറ്റത്. സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഇത് തന്‍റെ അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി പറയുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അനുഭവമെന്നും തന്റെ മുൻപിൽ വച്ചു കുടുംബം ഒന്നാകെ അപമാനിക്കപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഹരിതേജ ഫെയ്സ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
ഇത്തരത്തിൽ സിനിമാതാരങ്ങളെ കൈകാര്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മാന്യമായ പെരുമാറ്റം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഹരിതേജ പറഞ്ഞു. കുച്ചിപ്പുഡി നർത്തകിയായ ഹരി ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. തുടർന്ന് ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു.
തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.
തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്
സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.
നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.
എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം
തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.
ആഭ്യന്തരം കൂടി കൈയിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.
സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.