കോഴിക്കോട്: നിപ്പ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ചവരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രോഗം കേരളത്തിലെത്തിയതിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
പാലാഴിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന എബിന് എന്ന യുവാവിനെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നിപ്പ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലുമായി ഇവര്‍ പ്രവര്‍ത്തിക്കും.
ഇതുവരെ നിപ്പ ബാധിച്ചതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് 18 പേരിലാണ്. ഇതില്‍ 17പേരും കോഴിക്കോട് സ്വദേശികളാണ്. വൈറസ് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. രോഗബാധയേറ്റ് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ശൈലജ വ്യക്താമാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
കുറിഞ്ഞിപൂക്കുന്ന വേളയിൽ മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് കാമറകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി 45 കാമറകളാണ് മൂന്നാറിൽ മിഴിതുറന്നത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജിഎച്ച് റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി കാമറകൾ സ്ഥാപിച്ചത്.
ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതു സഹായകമാകുമെന്നു ഡിവൈഎസ്പി എസ്. അഭിലാഷ് പറഞ്ഞു. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം അടുത്തദിവസം ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ നിർവഹിക്കും.
കസ്റ്റഡിയിലിരിക്കെ, പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ഇന്നു സർക്കാർ ജോലിയിൽ പ്രവേശിക്കും. രാവിലെ 9.30ന് പറവൂർ താലൂക്ക് ഓഫീസിൽ എത്തി തഹസിൽദാർ മുന്‍പാകെ രേഖകൾ കൈമാറിയാണ് അഖില ജോലിയിൽ പ്രവേശിക്കുക.
കഴിഞ്ഞദിവസമാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള അഖിലയ്ക്ക് നിയമന ഉത്തരവ് കൈമാറിയത്. 15 ദിവസത്തിനകം സർട്ടിഫിക്കറ്റുമായി ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു നിർദേശം. പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക്/ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. സർക്കാർ നിർദേശിച്ചിരുന്ന സർട്ടിഫിക്കറ്റുകളെല്ലാം ലഭിച്ചതോടെയാണ് ഇന്നു ജോലിയിൽ പ്രവേശിക്കാൻ അഖിലയും വീട്ടുകാരും തീരുമാനമെടുത്തത്.
നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലിന് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലായിരുന്നു അന്ത്യം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് മാനേജറും നടനുമൊക്കെയായി സിനിമാ മേഖലയിൽ സജീവമായിരുന്നു വിജയൻ.
ദേവാസുരം, ഒപ്പം തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഐവി ശശിയും ബാലചന്ദ്രമേനോനും ഉൾപ്പെടെയുള്ളവരോടൊന്നിച്ച് നിരവധി സിനിമകളുടെ നിർമ്മാണത്തിലും കഴിവ് തെളിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
സ്കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്ക് പോവുകയും പിന്നീട് യാതൊരു വിവരവും ലഭ്യമാവാതെ വരികയും ചെയ്ത 15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.
മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്ന് ഭയന്നാണ് അഭിമന്യു ഒളിച്ചോടിയത് എന്ന് കരുതി തെരച്ചില്‍ നടക്കുകയായിരുന്നു. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന് ഇന്‍ഡിപെന്‍ഡന്റ് സ്കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോയ അഭിമന്യു വിനെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ബിപി ഗാരേജിന്റെ സിസി ടിവിയില്‍ അഭിമന്യു നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് പിതാവ് വീരേന്ദര്‍ ചൗഹാന്. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിമന്യുവിനെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്നും തിരികെ വീട്ടില്‍ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടി സുരക്ഷിതനാണെന്ന വിവരം ലഭിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.
നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗം പിടിപെട്ട് മരണപെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ലിനിയുടെ കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ‘ലിനി ജനങ്ങള്‍ക്ക് സേവനം ചെയ്യുകയായിരുന്നു, സേവനത്തിനിടെ അവര്‍ വിട്ട് പിരിഞ്ഞത് വേദനാജനകമാണ്. അവരുടെ കുടുംബത്തെ സഹായിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും’, മാധ്യമ പ്രവര്‍ത്തകരോട് ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍.
നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയ കുടുംബത്തെ നഴ്സ് ലിനിയായിരുന്നു പരിചരിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഓഫീസിലെ ജീവനക്കാരൊയായിരുന്നു ലിനി. ബഹറിനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സതീഷും, രണ്ട് മക്കളുമാണ് അടങ്ങുന്നതാണ് ലിനിയുടെ കുടുംബം. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന സാധിക്കുകയുള്ളു.
ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാക ജലത്തില്‍ അമിത അളവില്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തി. ജലത്തില്‍ നിറവ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളും തടാകത്തില്‍ കണ്ടെത്തി. ശാസ്താംകോട്ട തടാകത്തില്‍ നിറവ്യത്യാസം കാണുകയും പാട രൂപപ്പെടുകയും ചെയ്തതോടെയാണ് ജലവിഭവ വകുപ്പ് തടാകജലം പരിശോധിച്ചത്. 0.6 മുതല്‍ .07 വരെ അയണ്‍ ബാക്ടീരിയയുടെ അളവാണ് തടാകജലത്തില്‍ കണ്ടെത്തിയത്.
കുടിവെള്ളത്തില്‍ 0.3 ശതമാനം മാത്രമേ അയണ്‍ ബാക്ടീരിയ അളവ് ഉണ്ടാകാവു എന്നാണ് കണക്ക്. അളവില്കൂടുതല് അയണ്‍ ബാക്ടീരിയ കണ്ടെത്തിയതോടെ വിദഗ്ദ്ധ പരിശോധന ഫലം വരുന്നത് വരെ പമ്പിംഗ് നിര്‍ത്തിവെച്ചു. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളുടെ സാന്നിധ്യവും തടാകജലത്തില്‍ കണ്ടെത്തി. മുള്ളന്‍ പായല്‍ തടാകത്തിന്റെ ആവാസ വ്യവസ്ഥ തകിടം മറിക്കുമെന്നാണ് ആശങ്ക. അതേസമയം, അയണ്‍ ബാക്ടീരിയയുടെ അളവ് കൂടിയതിനും മുള്ളന്‍ പായലുകള്‍ പടരുന്നതിനും വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വാകത്താനം: മീൻവെട്ടി കഴിഞ്ഞപ്പോൾ യുവതിയുടെ സ്വർണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വർണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം.
ആറ് വര്‍ഷമായി യുവതി ഉപയോഗിക്കുന്ന സ്വര്‍ണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം. പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്സുമായ ജെസിയുടെ രണ്ടു മോതിരത്തിന്റെ നിറമാണ് മങ്ങിയത്. ആറ് വര്‍ഷം മുന്‍പ് തന്റെ കൈവിരലില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.
ഞായറാഴ്ച രാവിലെ സൈക്കിളില്‍ കൊണ്ടുവന്ന മത്തിയില്‍ ഒരു കിലോ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുന്‍പേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോള്‍ തന്റെ വിവാഹ മോതിരവും അടുത്ത വിരലില്‍ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിക്കുന്നു.
ആരോഗ്യ വകുപ്പിലും വാകത്താനം പോലീസിലും വിവരം അറിയി്ച്ചു. ആരോഗ്യവകുപ്പ് ഇന്നു പരിശോധിക്കാനെത്തുമെന്നു കരുതി വെട്ടിയ മത്തി അതേപടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു നിജസ്ഥിതിയറിയാന്‍ കാത്തിരിക്കുകയാണ് ജസിയും കുടുംബവും.
ആലപ്പുഴ ബീച്ചിൽ ശക്തമായ തിരമാലയും ചുഴലിക്കാറ്റും വിശ്രമിക്കാനെത്തിയവർ പരിഭ്രാന്തരായി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ബിച്ചിനു വടക്കുഭാഗത്തായിട്ടാണ് ചുഴലിക്കാട്ട് രൂപപ്പെട്ടത്. കടലിൽ നിന്ന് കരയിലേക്ക് അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ കടപ്പുറത്തെ മണൽ മുകളിലേക്ക് ഉയർന്നു പറഞ്ഞു.
15 മിന്നിറ്റോളം നിന്ന ചുഴലിക്കാറ്റ് കടപ്പുറത്ത് വിശ്രമിക്കാനെത്തിയവരെയും ഭയപ്പെടുത്തി. കടൽത്തീരത്തുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം കരയിലേക്ക് ഒാടി. കാറ്റ് ശമിച്ചതിനുശേഷമാണ് പിന്നീട് ആൾക്കാർ കടപ്പുറത്തെത്തിയത്. സംഭവമറിച്ച് സൗത്ത് സി.എെയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
ബെംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്കെതിരായ ഒരു സഖ്യവും സാധ്യമാവുകയില്ലെന്ന് ദേവഗൗഡ രാജ്യത്തേറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കോണ്‍ഗ്രസില്‍ ചിത്രത്തിലുണ്ടാവും. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ജയിക്കാനായാല്‍ സ്വാഭാവികമായും ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാവുമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് കര്‍ണാടക രാഷ്ട്രീയത്തെ കുറിച്ചും ബി.ജെ.പി വിരുദ്ധസഖ്യത്തെ കുറിച്ചും ദേവഗൗഡ സംസാരിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത് 2019ലെ ബി.ജെ.പി വിരുദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്നും ദേവഗൗഡ പറഞ്ഞു. പാര്‍ട്ടികളില്‍ ചിലത് കോണ്‍ഗ്രസിനോട് എതിര്‍പ്പുള്ളതും ഇല്ലാത്തതുമുണ്ട്, പക്ഷെ എല്ലാവരുടെയും കേന്ദ്ര അജണ്ട ബി.ജെ.പിയെ എതിര്‍ക്കുകയെന്നുള്ളതാണ്. ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഈ രണ്ട് വിഭാഗങ്ങളെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ സ്വഭാവം സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്നും ഈ പ്ലാറ്റ്ഫോം പുതിയ മുന്നണിയുടെ സൂചനയാകുമെന്നും ഗൗഡ പറഞ്ഞു. കര്‍ണാടകയിലേത് ജുഡീഷ്യറിയുടെ വിജയമാണെന്നും കുതിരക്കച്ചവടം തടഞ്ഞതിലൂടെ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങള്‍ വേദനിപ്പിച്ചു, പ്രതിപക്ഷത്തിരിക്കാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനം, പക്ഷെ രാജ്യത്തിന്റെ വിശാലതാത്പര്യം മുന്‍നിര്‍ത്തി തനിക്കും പാര്‍ട്ടിക്കുമേറ്റ അപമാനം ക്ഷമിച്ചെന്നും ഗൗഡ പറഞ്ഞു.
പക്ഷെ ഇത് പഴയ മുറിവുകള്‍ പരിശോധിക്കേണ്ട സമയമല്ല, കോണ്‍ഗ്രസിന്റെയും ഞങ്ങളുടെയും ഭാഗത്ത് നിന്ന് പണ്ട് സംഭവിച്ച തെറ്റുകള്‍ ചികയാന്‍ ഞാനോ എന്റെ മകന് കുമാരസ്വാമിയോ താത്പര്യപ്പെടുന്നില്ല. മതേതരത്വത്തിന് വേണ്ടി നിലകൊണ്ട പഴയ പ്രധാനമന്ത്രിയെന്ന പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ട സമയമാണിത്. ഇത് രാജ്യത്തിന്റെ വിളി കേള്‍ക്കേണ്ട സമയമാണ്. ദേവഗൗഡ പറഞ്ഞു.