Latest News

ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘര്‍ഷത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ന് അര്‍ധരാത്രിവരെ ഇന്റര്‍നെറ്റ് സേവനകള്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നെത്തിയ തീവ്രവലതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡിലെ വിദ്യാര്‍ഥികളുമാണ് പൊലീസുമായി ഏറ്റുമുട്ടിയത്.

കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമണം സംഘടിപ്പിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച ജിന്നയുടെ ചിത്രത്തെച്ചൊല്ലി സംഘര്‍ഷത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍വകലാശാല അധികാരികളുടെ പക്ഷം.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ രണ്ടു മലയാളികൾക്ക് ഉജ്ജ്വല വിജയം. കേംബ്രിഡ്ജിൽ ബൈജു വര്‍ക്കി തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് യുകെയില്‍ ലോയറായ ബൈജു വര്‍ക്കി തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.

അതേ സമയം ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മറ്റ് രണ്ട് മലയാളികള്‍ക്ക് വിജയിക്കാനായില്ല. സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫനാണ് പരാജയപ്പെട്ട മലയാളി സ്ഥാനാര്‍ഥികളില്‍ ഒരാള്‍. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ന്യൂഹാമിൽ മത്സര രംഗത്തുള്ള ഓമന ഗംഗാധരന്റെയും സുഗതൻ തെക്കേപുരയുടെയും തെരഞ്ഞെടുപ്പ് ഫലം ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.

കാസർകോട് അഡൂർ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ നടുങ്ങിനിൽക്കുകയാണ് ഉറ്റവരും നാട്ടുകാരും. കൂട്ട മരണം നടന്ന വിവരം അറിഞ്ഞതോടെ ആളുകൾ തടിച്ചുകൂടി.

കടബാധ്യതയാണ് കൂട്ടത്തോടെ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മറ്റേതെങ്കിലും കാരണം സംഭവത്തിന് പിന്നിലുണ്ടോ എന്നും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം ആത്മഹത്യ ചെയ്യാൻ മാത്രം സാമ്പത്തിക പ്രയാസവും ഉണ്ടാകാൻ വഴിയില്ലെന്നും അയൽ വാസികൾ പറയുന്നുണ്ട്. പൊലീസ് ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്.

വീട് നിർമ്മിച്ച വകയിലും മറ്റുമായി അഡൂർ മാട്ട പികുഞ്ചിയിൽ എടപ്പറമ്പയിലെ രാധാകൃഷ്ണന്റെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രാധാകൃഷ്ണൻ (40), ഇയാളുടെ ഭാര്യ ബന്തടുക്ക സ്വദേശി പ്രസീല (30), മക്കളായ കാശിനാഥ് (5), ശബരിനാഥ് (2) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാധാകൃഷ്ണൻ അടുത്തകാലത്ത് സ്വന്തമായി നിർമ്മിച്ച വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്. ആഡൂരിലെ കുഞ്ഞിക്കണ്ണൻ മണിയാണി യശോദ ദമ്പതികളുടെ മകനാണ് മരിച്ച രാധാകൃഷ്ണൻ. ഇയാൾ കൂലിപ്പണിക്കാരനാണ്.

മെഷീൻ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണൻ ചെയ്തുവന്നിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരെ വീട്ടിൽ എല്ലാവരും നിൽക്കുന്നതും കുട്ടികൾ മുറ്റത്ത് കളിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. എന്നാൽ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചു ചെന്നപ്പോഴാണ് നാലു പേരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. രണ്ടു പിഞ്ചു കുട്ടികളുടെയും മൃതദേഹം വളരെ ഉയരത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് .

ഇന്ന് രാവിലെ മൃതദേഹങ്ങൾ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ മൊബൈൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടിനുള്ളിലും പറമ്പിലും മറ്റുമായി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും.

യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. കൊലക്കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ വധശിക്ഷയ്ക്ക് വധശിക്ഷവിധിക്കപ്പെട്ടത്. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.

എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.

കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച്‌ ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ പറയുന്നു.

വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ നീക്കങ്ങളും. പിടിതരാതെ തെന്നിയ പ്രതികളെ വലയില്‍ വീഴ്ത്തിയത് പൊലീസിന്‍റെ ക്ഷമാപൂര്‍വമുള്ള നീക്കങ്ങള്‍. പൊലീസിന്‍റെ പിടിയിലാകുന്നതിന് മുന്‍പ് പ്രതികള്‍ നാട്ടുകാരുടെ മുന്‍‌പില്‍ നടത്തിയ ഒളിച്ചുകളികളുടെ തെളിവുകളും പൊലീസ് ശേഖരിച്ചു.
വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടക്കുന്നതായി നാട്ടുകാര്‍ക്ക് സംശയം തോന്നിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തിരച്ചില്‍ തടസപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചത്. കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പോത്ത് ചത്ത് കിടക്കുന്നതാണെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്ത് രണ്ട് ആഴ്ച തികയും മുന്‍പ് പ്രതികള്‍ വലയിലായത്.

കൊല്ലപ്പെടുന്നതിന് മുൻപായി വിദേശവനിതയെ പ്രതികൾ നാല് വട്ടം മാനഭംഗപ്പെടുത്തിയതായി മൊഴി ലഭിച്ചു. എന്നാൽ, നേരം ഇരുട്ടിയതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞു നിർത്തി പിന്നിലൂടെ കഴുത്തിറുക്കി കൊലപ്പെടുത്തി.

ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും പ്രതികൾ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വനിത. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ.

കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. തല വേർപ്പെട്ടിരുന്നു.

മാര്‍ച്ച് 14ന് വൈകിട്ട് അഞ്ചരയോടെ വിദേശ വനിത കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹം കണ്ടെത്തിയത് ഏപ്രില്‍ 20ന് വൈകിട്ടും. അങ്ങിനെയെങ്കില്‍ 37 ദിവസം മൃതദേഹം ആ കാട്ടില്‍ കിടന്നു. ഈ ദിവസങ്ങള്‍ക്കിടയില്‍ തല അഴുകി വേര്‍പ്പെടുന്ന തരത്തില്‍ മൃതദേഹത്തിന് കേട് സംഭവിച്ചു. അസഹനീയമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ വമിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് പ്രതികള്‍ പറഞ്ഞത് പോത്ത് ചത്ത് കിടക്കുന്നതിന്റെ ദുര്‍ഗന്ധമെന്നാണ്. പ്രതികളായ ഉമേഷിനെയും ഉദയനെയും മറികടന്ന് ആ കാട്ടിലേക്ക് കയറാനുള്ള ഭയം മൂലം നാട്ടുകാര്‍ അത് വിശ്വസിച്ച് തിരച്ചിലിന് തയാറായില്ലെന്നാണ് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്.

കൊലപാതകമാണങ്കില്‍, കൊല നടത്തിയവര്‍ എന്തുകൊണ്ട് മൃതദേഹം മറവ് ചെയ്തില്ലെന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാല്‍ കാട്ടുവള്ളികളില്‍ തൂങ്ങിയുള്ള ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനുള്ള അതിബുദ്ധിയെന്ന രീതിയിലാണ് മൃതദേഹം മറവ് ചെയ്യാതെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ അതിബുദ്ധി തന്നെയാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാഹചര്യത്തെളിവായതും. മൃതദേഹം കണ്ട കാട് ഇവരുടെ താവളമാണെന്ന് പൊലീസ് എളുപ്പത്തില്‍ സ്ഥിരീകരിച്ചു.
കൊലനടന്ന മാര്‍ച്ച് 14നും ഇവര്‍ ഈ കാടിന്റെ ഭാഗത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയിലുള്ളതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്തുള്ള ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞ മൊഴികള്‍ കളവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ രണ്ടാം പ്രതിയായ ഉദയന്‍ കുറ്റം ഏറ്റുപറഞ്ഞ് തുടങ്ങി. കൂടാതെ കാട്ടില്‍ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങളും മുടിയിഴകളും ഇവരുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ അറസ്റ്റിനും വഴിയൊരുങ്ങി.

ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പിമാരായ ജി.ജയദേവ്, അജിത്, എ.സിപിമാരായ ദിനില്‍, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ 25 അംഗസംഘമായിരുന്നു അന്വേഷണത്തിന് പിന്നില്‍.

വിവാദമായ ദേശീയ ചലച്ചിത്ര പുരസ്ക്കാര സമർപ്പണ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെ.ജെ.യേശുദാസിനെതിരെയും സംവിധായകന്‍ ജയരാജിനെതിരെയും പ്രതിഷേധം ശക്തമാവുന്നു. ഇരുവരുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്നും പുതുതലമുറ കാണിച്ച ആര്‍ജവം അവര്‍ മനസിലാക്കുമെന്ന് കരുതുന്നതായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു

ദേശീയ പുരസ്ക്കാരം വിതരണം അവസാനിച്ചെങ്കിലും പ്രതിഷേധത്തിന്റെ ചൂട് കുറയുന്നില്ല . എല്ലാവരോടും ഒപ്പം നിന്നിട്ട് അവസാനം പുരസ്ക്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലാപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത്. തീരുമാനം വ്യക്തിപരമാകാമെങ്കിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്ന് കമല്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യത്തിന് വേണ്ടിയുള്ള യേശുദാസിന്റെയും ജയരാജിന്റെയും സമീപനത്തില്‍ ദുഃഖമുണ്ടെന്ന് മുന്‍പുരസ്ക്കാര ജേതാവും ചിത്രസംയോജകയുമായ ബീന പോള്‍ പറഞ്ഞു . പ്രതിഷേധം ഉണ്ടായിട്ടും അത് ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് സിനിമപ്രവര്‍ത്തകരുടെ പൊതുവികാരം.

കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയത് വലിയ ചക്ക എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെന്ന് പ്രതി. പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിയായ പൂവരണി പുറത്തേല്‍ ജോസ് അറസ്റ്റിലായിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോളാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ പുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് ചക്കയിട്ടു. ജോസ് മരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തില്‍ വലിപ്പം കൂടിയ ചക്കയെടുത്ത് ഒളിപ്പിച്ചു. മരത്തിലിരുന്ന ജോസ് ഇതുകണ്ട് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ ഒളിപ്പിച്ച ചക്ക സഖറിയ തിരികെ എത്തിച്ചു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകയും ജോസ് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സഖറിയയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ തുറന്നു കയറി ആക്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയിൽ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ പുറക്കാട് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാർ. താൻ ഗായികയാണെന്നും കരുനാഗപ്പള്ളിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുകയാണെന്നുമാണ് അറസ്റ്റിലായ അരുണിമ പൊലീസിനോട് പറ‍ഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അരുണിമയും ഭർത്താവ് ജിജിത്തും കു‍ഞ്ഞും കാറിൽ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാർ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിൽ ഉരസിയതായി കാർ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയിൽ നിന്നു കാറിനുള്ളിൽ വീണു. ബസ് പുറക്കാട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ, പിന്തുടർന്നെത്തിയ കാർ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറിൽ നിന്നിറങ്ങി ചെന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ അരുണിമയെയും കാറും തടഞ്ഞു വച്ച് അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ എം.പ്രതീഷ്കുമാറെത്തി അറസ്റ്റ് ചെയ്ത ശേഷം ഇവരെ കളർകോട് ഗ്രാമ ന്യായാലയ കോടതിയിൽ ഹാജരാക്കി. സർവീസ് മുടങ്ങിയതിനാൽ യാത്രക്കാർ മറ്റൊരു ബസിൽ യാത്ര തുടർന്നു. ഡ്രൈവറെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും ബസിന്റെ സർവീസ് മുടക്കിയതിനുമാണു അരുണിമയ്ക്കെതിരെ കേസെടുത്തത്.

ബീഹാറിലെ ഓതിഹാരിയിൽ ബസ്സിന്‌ തീപിടിച്ചു 27 പേർ മരിച്ചതായി റിപ്പോർട്ടുകൾ. എലവേറ്റഡ് ഹൈവേയിൽ നിന്നും നിയന്ത്രണം വിട്ട ബസ്സിൽ തീ ആളിപ്പിടിക്കുകയായിരുന്നു. നിരവധി കുട്ടികളും ബസ്സിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പ്രണവ് രാജ് 

ചെങ്ങന്നൂര്‍ : മോഡിയെപ്പോലെ തന്നെ പിണറായി വിജയനും ആം ആദ്മി പാര്‍ട്ടിയെയും ,  ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെയും വല്ലാതെ ഭയക്കുന്നു എന്നാണ്‌ സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് . ആം ആദ്മി പാര്‍ട്ടി വെറും ഫേസ്ബുക്ക് പാര്‍ട്ടിയാണ് , അവര്‍ക്ക് പ്രത്യേകശാസ്ത്രമില്ല , അവര്‍ക്ക് ഭരിക്കാന്‍ അറിയില്ല , അവര്‍ ഒരു പ്രതിഭാസം മാത്രമാണ് , ഒരു വര്‍ഷംകൊണ്ട് അവര്‍ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന സിപിഎം തന്നെയാണ് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും .

കെജരിവാളിനും , ആം ആദ്മി പാര്‍ട്ടിക്കും എതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പല രീതിയിലുള്ള കുപ്രചരണങ്ങള്‍  നടത്തിയിട്ടും ലക്ഷക്കണക്കിന് ജനങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി അനുദിനം മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലും വിദേശത്തും ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത രാജ്യത്തെ മുത്തശി പാര്‍ട്ടികളായ ഇടത് – വലത് – ബിജെപി മുന്നണികളുടെ നിലനില്‍പ്പിനെ തന്നെയാണ് അപകടത്തിലാക്കിയിരിക്കുന്നത് . അതുകൊണ്ട് തന്നെ അവര്‍ പരസ്പരമുള്ള ശത്രുത മറന്ന് രഹസ്യവും പരസ്യുമായ എല്ലാതരം നീക്കുപോക്കുകളും നടത്തി ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്  നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ അവര്‍ എടുത്തിരിക്കുന്ന മൌനവും .

വി വി പാറ്റ് മെഷീനുകളെപ്പറ്റി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

മോഡി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ആയിരക്കണക്കിന് ഇലക്ട്രോണിക് മെഷീനുകള്‍ ഉപയോഗിച്ച് കള്ള വോട്ടിംഗ് നടന്നതായും , അങ്ങനെയാണ് പല സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്തത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും , മുത്തശി പാര്‍ട്ടികളായ ഇക്കൂട്ടര്‍ വളരെ അപകടകരമായ മൌനമാണ് ഈ കാര്യത്തില്‍ സ്വീകരിച്ചു വരുന്നത് . അവര്‍ മോഡിയെക്കാള്‍ ഉപരി കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് പേടിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തങ്ങള്‍ പരസ്പരം നടത്തുന്ന കൂട്ട് കച്ചവടം ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം . അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വരുന്ന എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളിലും അവര്‍ ഒറ്റക്കെട്ടായി നിലപാടുകള്‍ എടുക്കുന്നതും.

അതിന്റെ ഏറ്റവും വലിയ തെളിവാണ് ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം  വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളും എണ്ണി  റിസള്‍ട്ട് പ്രഖ്യാപിക്കണം എന്ന് അവര്‍  ആവശ്യപ്പെടാത്തതും . എന്നാല്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും , ചെങ്ങന്നൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണി തിട്ടപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് കോടതിയില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ്.

ചെങ്ങന്നൂരിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ പോള്‍ ചെയ്യപ്പെടുന്ന വെറും ഒന്നര ലക്ഷത്തോളം വരുന്ന വോട്ടുകള്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകളിലും യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ പോള്‍ ചെയ്യപ്പെട്ടത് എന്ന് ഉറപ്പാക്കേണ്ടത് ഗവണ്മെന്റിന്റെ  കടമയാണ് . എന്നാല്‍ ബൂത്ത് പിടിച്ചടക്കി കള്ളവോട്ടുകള്‍ ചെയ്ത് തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറിയിട്ടുള്ള ഈ പാര്‍ട്ടികള്‍ എങ്ങനെയാണ് സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രീയയെ അംഗീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.

അതുകൊണ്ട് തന്നെ  ഈ കാര്യത്തില്‍ ധൈര്യമായി ഒരു നിലപാട് സ്വീകരിക്കാന്‍  ചെങ്ങന്നൂരിലെ ഇടത് – വലത് -ബിജെപി സ്ഥാനാര്‍ത്ഥികള്‍ തയ്യാറല്ല എന്നതാണ് സത്യം . കാരണം ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ അവരെ വല്ലാതെ ഭയപ്പെടുത്തുന്നു . മാധ്യമങ്ങള്‍ തള്ളികളഞ്ഞിട്ടും ചെങ്ങന്നൂരിലെ ജനങ്ങള്‍ രാജീവ് പള്ളത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പ്രചരണത്തില്‍ ഉടനീളം കാണുന്നതെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു . ഈ മൂന്നു മുന്നണികള്‍ക്കും എതിരായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നു വരണമെന്നാണ്‌ ചെങ്ങന്നൂരിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെടുന്നത് എന്ന് രാജീവ് പള്ളത്ത് വ്യക്തമാക്കുന്നു.

സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാല്‍ രാജീവ് പള്ളത്ത് ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവരെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ പ്രശ്നം . അതുകൊണ്ടുതന്നെ പരസ്പരം വോട്ടുകള്‍ വിറ്റുകൊണ്ടോ , ഇലക്ട്രോണിക് മെഷീനില്‍ തിരിമറി നടത്തിയോ ആണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ കേരളത്തില്‍ വളരാന്‍ അനുവദിക്കരുത് എന്നാണ്‌ അവര്‍ മൂന്നു കൂട്ടരും ആഗ്രഹിക്കുന്നത് . ഈ മാസം ഇരുപതിന് പരിഗണിക്കുന്ന കേസ്സില്‍ വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണം എന്ന് വിധി വന്നാല്‍ അത് ഏറ്റവും കൂടുതല്‍ വെട്ടിലാക്കുന്നത് കേരളത്തിലെ മുത്തശി പാര്‍ട്ടികളെ തന്നെയാണ് .

വിവിപാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിയാല്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി  നേടുന്ന വോട്ടുകള്‍ എത്രയെന്ന് കൃത്യമായി പുറത്ത് വരും . അത് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ തുറന്ന് കാട്ടും . അതോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും , വിവിപാറ്റ് മെഷീനിലെയും രേഖപ്പെടുത്തിയ വോട്ടുകളില്‍ തമ്മില്‍ വ്യത്യാസം വന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തട്ടിപ്പ് പുറത്ത് വരുകയും ചെയ്യും . അതുകൊണ്ടുതന്നെയാണ് ഈ പ്രശ്നത്തില്‍ ഈ മൂന്നു പാര്‍ട്ടികളും വ്യക്തമായ മൌനം പാലിക്കുന്നതും.

രാജ്യം ഇത്രവലിയ അപകടകരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും അതിന് കാരണമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്‌ ഈ കപട നിലപാടുകളിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഇതിനെതിരെയെല്ലാം ജനമാനസാക്ഷിക്കൊപ്പം നിന്ന് വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതുകൊണ്ടാണ്‌ രാജ്യത്താകെയുള്ള ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കി മുന്നോട്ട് വരുന്നതും .

ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ കേരളത്തിലെ ആദ്യ ആം ആദ്മി എം എല്‍ എയായി നിയമസഭയില്‍ എത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് കേരളത്തിലും ലോകം മുഴുവനിലുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍ . നൂറുകണക്കിന് പ്രവര്‍ത്തകരാണ് എല്ലാം മാറ്റിവച്ച് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത് .  ഒന്നും നേടാനും , നഷ്ടപ്പെടുവാനും ഇല്ലാത്ത അവര്‍ രാജീവ് പള്ളത്ത് എന്ന ആം ആദ്മി സ്ഥാനാര്‍ത്ഥിയിലൂടെ കേരളത്തിലെ കൂട്ട് കൃഷിക്കാരായ രാഷ്ട്രയക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടി നല്‍കണമെന്നും ആഗ്രഹിക്കുന്നു .

കോടികള്‍ ആസ്ഥിയുള്ള മുത്തശി പാര്‍ട്ടികള്‍ക്കൊപ്പം പണം മുടക്കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കഴിയുന്നില്ല എന്നതാണ് ആം ആദ്മി പാര്‍ട്ടി അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം . എന്നാല്‍ പ്രവാസി മലയാളികളില്‍ അനേകര്‍ പലവിധ സഹായങ്ങളുമായി മുന്നോട്ട് വരുന്നു എന്നതാണ് അവരുടെ ആശ്വാസം . സാമ്പത്തികമായി സഹായിക്കുവാനും , നേരിട്ടുള്ള പ്രചരണങ്ങള്‍ക്കായും , ഫോണിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥനകള്‍ക്കായും അനേകം വിദേശ മലയാളികളാണ് മുന്നോട്ട് വന്നിരിക്കുന്നത് . എന്ത് തന്നെയാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെക്കാള്‍ ഉപരി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുത്തശി പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത് . ചെങ്ങന്നൂരില്‍ രാജീവ് പള്ളത്ത് ജയിച്ചാല്‍ പിന്നെ കേരളം മുഴുവനും ആം ആദ്മി എം എല്‍ എ മാരെക്കൊണ്ട് നിറയാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും.

RECENT POSTS
Copyright © . All rights reserved