ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.
യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.
42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാരിയായ ഇൗ മുത്തശ്ശി ബ്രിസ്ബണിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. അമ്പരപ്പും പിന്നിട് കൗതുകവും ആയി മാറിയ കഥ ഇങ്ങനെ. മുത്തശ്ശിയുടെ ബാഗില്‍ എഴുതിയ വാക്കുകളാണ് യാത്രക്കാരെയും എയർപോർട്ട് ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. ‘ബോംബ് ടു ബ്രിസ്ബേന്‍’ എന്നെഴുതിയ ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ ബാഗാണ് അമ്പരപ്പുണ്ടാക്കിയത്. പിന്നീട് എയർപോർട്ട് അധികൃതരും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി തിരച്ചിലായി. ബാഗിന്റെ ഉടമയായ മുത്തശ്ശിയെ കണ്ടെത്തി കാര്യം തിരക്കിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മുംബൈയില്‍നിന്നുള്ള മുത്തശ്ശി ബോംബെ എന്നെഴുതിയത് ബോംബ് എന്നായിപ്പോയതാണ് ഇക്കണ്ട പ്രശ്നങ്ങൾക്കെല്ലാം കാരണം.
അറുപത്തിയഞ്ച് വയസുകാരിയായ വെങ്കട ലക്ഷ്മിയ്ക്കാണ് ബോംബെയ്ക്ക് ബോംബ് എന്ന് തെറ്റി ബാഗിലെഴുതിയത്. മുംബൈയില്‍നിന്ന് ബ്രിസ്ബണിലെത്തിയ വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ആണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം.
എന്തിനാണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളിലെന്നും പൊലീസ് പല ആവർത്തി ചോദിച്ചെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് എന്നതിന് പകരം ബോംബ് എന്നെഴുതിയതിപോയത്. എന്നാല്‍ ഇൗ പ്രശ്നങ്ങളൊക്കെ ഉണ്ടായശേഷമാണ് പിശക് മുത്തശ്ശിയും അറിയുന്നതെന്നാണ് കൗതുകം.
പാലക്കാട് വാളയാറില്‍ ലൈംഗിക ചൂഷണത്തിനിരയായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വീടുമായി അടുപ്പമുണ്ടായിരുന്ന രണ്ടു പേരും പെണ്‍കുട്ടിയുടെ കാമുകനുമാണ് അറസ്റ്റിലായത്. മൂന്നു പേരും പെണ്‍കുട്ടിയെ ൈലംഗീകചൂഷണത്തിനിരയാക്കിയിരുന്നു.
കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് , ഒാട്ടോ ഡ്രൈവറായ വെട്ടിക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി , മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയതിന് മൂന്നുപേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളായ ജയപ്രകാശും മുഹമ്മദലിയും അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അമ്മയുമായി അടുപ്പമായി. പലപ്പോഴായി വീട്ടില്‍ വന്നുപോകുന്ന ഇരുവരും പെണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു.
പെൺകുട്ടിയുടെ മരണ സമയത്തും അതിനു മുൻപും ജയപ്രകാശ് ഇവരുടെ കുടുംബത്തോടപ്പമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കാമുകനുമായ വിപിനുമായുളള അടുപ്പം വീടുമായി അടുപ്പമുളളവര്‍ അറിഞ്ഞിരുന്നതായും ഇത് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്നുമാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലപാതകകേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍. നാല് പേരെ മൂന്നാറിന് സമീപത്തെ മാങ്കുളത്ത് നിന്നും ഒരാളെ കായംകുളത്ത് നിന്നുമാണ് പിടികൂടിയത്. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ സഹായിച്ചതായി കണ്ടതോടെയാണ് കസ്റ്റഡിയിലെടുത്തത്. ആയുധങ്ങള്‍ ഒരുക്കി നല്‍കിയത് ഇവരാണെന്നും സംശയിക്കുന്നുണ്ട്. മാങ്കുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നാല് പേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്വട്ടേഷന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി സനുവാണ് കഴിഞ്ഞദിവസം ആദ്യം അറസ്റ്റിലായത്. രാജേഷിനെ കൊല്ലാനുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതും സനുവിന്റെ വീട്ടിലെന്നും പൊലീസ് പറഞ്ഞു.
രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തിന് എല്ലാ സഹായവും നല്‍കി കൂടെ നിന്നയാളാണ് സനുവെന്നാണ് പൊലീസിന്റെ നിലപാട്. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് സ്വദേശിയാണ് സ്വകാര്യ ബസ് തൊഴിലാളിയായ സനു. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയുമെല്ലാം കൊലയ്ക്ക് മുന്‍പ് താമസിച്ചത് സനുവിന്റെ കൊല്ലത്തെ വീട്ടിലാണ്.
കൊലപ്പെടുത്തിയ ശേഷം ആദ്യമെത്തിയതും ഈ വീട്ടിലേക്ക് തന്നെ. ഇവിടെ നിന്ന് രാജേഷിനെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളുകളും കണ്ടെടുത്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനുവും ക്വട്ടേഷന്‍ സംഘത്തിലെ ചിലരുമെല്ലാം സാത്താന്‍ ചങ്ക്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇതിന്റെ ഒത്തുചേരല്‍ എന്ന പേരിലാണ് കൊലയ്ക്ക് മുന്‍പ് ക്വട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചത്. ഇതിന് ശേഷം മടവൂരിലെത്തി രാജേഷിന്റെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിച്ച് കൊല്ലപ്പെടാനുള്ള അവസാനവട്ട പദ്ധതി തയാറാക്കിയെന്നും ഈ ഗൂഢാലോചനയില്‍ സനുവിനും പങ്കെന്നും പൊലീസ് പറയുന്നു.
27ന് പുലര്‍ച്ചെയാണ് രാജേഷിനെ വെട്ടിക്കൊന്നത്. പത്ത് ദിവസം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ്. എന്നാല്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലെ ആരെയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും കിളിമാനൂര്‍ സി.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫി. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങളില്‍ ചിലത് സംപ്രേഷണം ചെയ്തിരുന്നു. ഒരേ സമയത്ത് രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു മത്സരം മാത്രമായിരുന്നു എഫ്ബിയില്‍ ലൈവ് ആയി കാണിച്ചിരുന്നത്.
കേരളം ഫൈനലില്‍ ബംഗാളുമായി ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിലുളള നിരാശ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ടൂര്‍ണമെന്റ് ജേതാവായ കേരള ടീമില്‍ നിന്നുമുള്ള അഫ്ദല്‍ മുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പേജു വഴി മത്സരം കാണിച്ചത് അതില്‍ നിന്നുള്ള വരുമാനം ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അഫ്ദല്‍ പറഞ്ഞു. മാത്രമല്ല പേജിനെ ആളുകള്‍ക്കിടയില്‍ മാര്‍ക്കറ്റു ചെയ്യാനുള്ള നീക്കം കൂടി അതില്‍ ഉണ്ടായിരുന്നുവെന്നും മലപ്പുറം സ്വദേശിയായ താരം മാധ്യമങ്ങളോടു പറഞ്ഞു.
ഏതാണ്ട് നാല്‍പതിനായിരത്തില്‍ അധികം പേരാണ് സന്തോഷ് ട്രോഫി മത്സരം ഫേസ്ബുക്ക് ലൈവ് വഴി കണ്ടത്. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിനാല്‍ സാധാരക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.അടുത്ത പ്രാവശ്യം മുതല്‍ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാവണമെന്ന് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു കേരളം ജേതാക്കളായത്.
ഒനീഡയുടെ ചെകുത്താന്‍ പരസ്യം ഓര്‍മ്മകളില്‍ നിന്ന് ചുവടു പറിഞ്ഞിട്ട് കാലമേറെയായി. 90 കളുടെ ആദ്യകാലത്തെ ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്‍മ്മകളിലൊന്നായിരിക്കും ഇന്ത്യന്‍ ബ്രാന്റായ ഒനീഡയുടെ ചെകുത്താന്‍ പരസ്യം. കൊമ്പുകളും തേറ്റപ്പല്ലുകളുമായി പരസ്യത്തില്‍ എത്തിയ ചെകുത്താന്‍ രൂപം പരസ്യ ചരിത്രത്തില്‍ തന്നെ ഒരു സുപ്രധാന സ്ഥാനത്തുണ്ട്.
ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആ ചെകുത്താന്‍ പരസ്യം വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന്‍ പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും തമാശയും കലര്‍ന്ന രീതിയിലാണ് ഈ പരസ്യത്തിന്റെ അവതരണം.
ചെകുത്താന്‍ പരസ്യം പിന്‍മ്മാറിയ ശേഷം പുറത്തു വന്ന ഒനീഡ പരസ്യങ്ങള്‍ കാര്യമായ ശ്രദ്ധ നേടാത്തതു കൊണ്ടാവണം ചെകുത്താനെ പിന്നെയും ഒനീഡ രംഗത്തിറക്കിയത്. 30 കോടിയോളം രൂപയാണ് ഈ പരസ്യത്തിനായി ഒനീഡ ചിലവഴിച്ചിരിക്കുന്നത്. ഐപിഎലിന് വേണ്ടി മാത്രം 20 കോടി വേറെയും ചിലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഐപിഎല്‍ സീസണിലെ മാധ്യമ ശ്രദ്ധ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.
വീട് വയക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദളിത് വനിത ഒാട്ടോ ഡ്രൈവര്‍ ചിത്രലേഖ. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് സിപിഎമ്മിനെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ.
വീടുവെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുസെന്റ് ഭൂമിനല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ കട്ടാമ്പള്ളിയില്‍ രണ്ടുവര്‍ഷം മുന്‍പാണ് ചിത്രലേഖയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വീടുവെക്കാന്‍ സ്ഥലം അനുവദിച്ചു നല്‍കിയത്. ഇതു റദ്ദ് ചെയ്തുകൊണ്ടാണ് റവന്യൂ ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കൂര്യന്‍ പുതിയ ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ചിത്രലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെയാണ് ചിത്രലേഖ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്.
‘ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി… എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്…’ എന്ന് ചിത്രലേഖ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
തനിക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന് കാട്ടിയാണ് ഭൂമിദാനം റദ്ദ് ചെയ്തിരിക്കുന്നതെന്ന് ചിത്രലേഖ തന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മയ്ക്ക് പതിച്ചിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നുണ്ട്. നേരത്തെ വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ കൂടി യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് വേണ്ടെന്നുെക്കുകയായിരുന്നു. കെ.എം ഷാജി എം.എല്‍.എയുടേയും മുസ്ലിംലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റേയും സഹായത്തോടെയാണ് ഇപ്പോള്‍ വീടുപണി പുരോഗമിച്ച് വന്നത്. പണി പൂര്‍ത്തിയാകാറായ സമയത്താണ് ഭൂമിദാനം റദ്ദാക്കിയുള്ള പുതിയ ഉത്തരവ്.
ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ശ്യാമപാദ മണ്ഡലിനെ ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബംഗാളിലെ ബാംഗുരയില്‍ അല്‍പ്പം മുമ്പാണ് സംഭവം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് നടന്ന ആക്രമണങ്ങളെ പറ്റി ജില്ലാ മജിസട്രേറ്റുമായി സംസാരിക്കാന്‍ പോകുന്ന വഴിയാണ് അക്രമം ഉണ്ടായത്. ആക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ ഇത് നിഷേധിച്ചു.
ജില്ലാ മജിസ്‌ട്രേറ്റുമായുള്ള യോഗത്തിനായി ബിജെപി സംഘം എത്തിയ വാഹനത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി അടിച്ചു തകര്‍ത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവിനെ വലിച്ചിറക്കി നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.
#WATCH Bankura: BJP State Secretary Shyamapada Mondal attacked, allegedly by TMC workers. #WestBengal pic.twitter.com/RSgwJbHYCp
— ANI (@ANI) April 6, 2018
തെലങ്കാനയിലെ നൽഗോണ്ടയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒന്പത് കർഷക തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്.
മുപ്പതോളം കർഷക തൊഴിലാളികളാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കനാലിൽ തെരച്ചിൽ നടത്തുകയാണ്.
ബ്രിസ്‌ബെയ്ന്‍: ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍’ എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്‌ട്രേലിയയിലെ ബ്രസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ ബാഗില്‍ നിന്ന് ഒന്നും സംശാസ്പദമായി ലഭിച്ചില്ല. ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ബോംബെന്ന് ബാഗിലെഴുതിയത് അക്ഷരപ്പിശക് മൂലമാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കടലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ ‘ബോംബേ ടു ബ്രിസ്‌ബെയ്ന്‍’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു.
ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കടലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സുരക്ഷ പരിശോധനയ്ക്ക് ശേഷം വെങ്കട ലക്ഷ്മിയെ പോലീസ് വിട്ടയച്ചു.