ഇറാഖില്‍, ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി.
വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്‌നയിലും കോല്‍ക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.
ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
ഇവര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
കുവൈറ്റില്‍ വേലക്കാരിയെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ഡനീല ഡെമാഫില്‍സിനെ കൊലപ്പെടുത്തിയാണ് ദമ്പതികള്‍ വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചത്.സംഭവത്തില്‍ ദമ്പതികളായ ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവരെ കുവൈറ്റ് കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
2016ലാണ് ഇവരുടെ താമസസ്ഥലത്തു ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. കുവൈറ്റ് വിടുന്നതിന് രണ്ട് ദിവസം മുമ്പ് ഇവര്‍ വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു.പരാതിയില്‍ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സിറിയയില്‍ പിടിയിലായ ഇവരില്‍, ഭര്‍ത്താവിനെ ലെബനന് കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്.
രണ്ട് പേരെയും കുവൈറ്റിന് കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി.അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്ന് ലെബനന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ യുവാവും പാലായിലെ ഒരു സഹകരണ ബാങ്കില്‍നിന്ന് അമ്പത് ലക്ഷം രൂപതട്ടിയ കേസില്‍ ഈ യുവാവിന്റെ അമ്മയെയും പോലീസ് പിടികൂടി. ഫെഡറല്‍ ബാങ്ക് പാലാ ശാഖയിലെ പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റ്യയന്‍ (29) സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന അമ്മ മറിയാമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി. പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ് ളാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്.
അരുണ്‍ പാലായിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുവരികയായിരുന്നു. 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്ത് ബാങ്കിന്റെ സി.ഡി.എം. മെഷിനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിക്കുകയായിരുന്നു. അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പഴയ സി.ഡി.എം. മെഷീനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും.
പാലായില്‍ സി.ഡി.എം. കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്.
മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ തിരിമറി നടത്താന്‍ ഇടയായതെന്ന് ജീവനക്കാരിയായ മറിയാമ്മ പോലീസിന് മൊഴി നല്‍കി.ചെത്തിമറ്റത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകക്ക് നല്‍കിയശേഷം നഗരത്തിലെ ഒരു സ്വകാര്യ ഫ് ളാറ്റിലായിരുന്നു മറിയാമയും മകന്‍ അരുണും താമസിച്ചിരുന്നത്. ഇതിനു പുറമെയാണ് മകളെ എറണാകുളത്ത് ഫ് ളാറ്റ് വാടകക്ക് എടുത്ത് താമസിപ്പിച്ചത്. അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ഇടപാടുകളും നടത്തിയിരുന്നു. മറിയാമ്മയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കില്‍നിന്ന് വായ്പ എടുത്ത ഇനത്തില്‍ 25 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്.
സിഎ കോഴ്‌സ് കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ അനിത ജോലി ലഭിക്കാതെ തിരികെ എത്തി എറണാകുളത്ത് ഫ് ളാറ്റ് എടുത്ത് താമസിച്ച് സിവില്‍സര്‍വീസ് പരിശീലനം നടത്തുകയായിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു. ഭര്‍ത്താവിന്റെ ചികിത്സക്കായും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അടക്കം വായ്പഎടുത്ത വകയില്‍ അരുണിന് ഒരുകോടിയോളം രൂപയുടെ കടബാധ്യതയുണ്ട്. മകന്റെ കട ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ജോലി ചെയ്യുന്ന ബാങ്കില്‍നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. പണം എടുത്തത് താനാണെന്ന് മറിയാമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോഴാണ് പണം എടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. പൊലീസ് പറഞ്ഞപ്പോഴാണ് അമ്മ പണംതട്ടിയ കാര്യം മകള്‍ അറിഞ്ഞതത്രെ ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്കിയിരുന്നു.
കള്ളനോട്ടു കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു.
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി മേലാല്‍ മുക്ക് ടെറുകോട് മിത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. തൊട്ടില്‍പാലം കുണ്ടുതോട്ടിലുള്ള ചെറിയച്ഛന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശിയ വിബീഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.
വിജീഷ് 45,000ത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫിങ്ങിനായി എടുത്തത് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏഴുമാസം മുമ്പ് തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് സംഭവം പുറത്തായത്.
വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ വിവാഹങ്ങളാണ് കൂടുതലും ഇവര്‍ ഷൂട്ട് ചെയ്തത്. നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നാണ് വിവരം. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. പ്രദേശത്തെ നാട്ടുകാരാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയത്. ഇത് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി.
സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റുഡിയോ ഉടമയുടെ മലോല്‍മുക്കിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ബഹുജനകണ്‍വെന്‍ഷനിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നാണ് പൊലീസ് ഉടമകളെ പിടികൂടിയത്.
ഹൈദരാബാദ്: സല്‍ക്കാര ചടങ്ങുകള്‍ക്കിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി വൈകിയാരംഭിച്ച വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതാണ് സംഭവത്തിന്റെ തുടക്കം. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നുംഅതിഥികളില്‍ ചിലര്‍ ആരോപിച്ചു.
സല്‍ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പിന്നീട് തിരിച്ചു വരികയും സല്‍ക്കാരം നടത്തിയ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ടുരച്ചു. ദേഹമാസകലം മുറിവ് പറ്റിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചത്.
ഒന്നര വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്ത കാലംമുതല്‍ക്കെ കുട്ടിയുടെ നിറം സുധ തിവാരിക്ക് ഇഷ്ടമായിരുന്നില്ല. കുട്ടിയെ വെളുപ്പിക്കുന്നതിനായി പലതരത്തിലുള്ള ശ്രമങ്ങള്‍ സുധ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ കുട്ടിയുടെ ദേഹത്ത് കറുത്ത കല്ലുകള്‍ കൊണ്ടുരച്ചത്.
കുട്ടിയെ ശാരീരികമായ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവായ ശോഭനാ ശര്‍മ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അഞ്ച് വയസ് തികഞ്ഞിട്ടും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സുധ തയ്യാറായിട്ടില്ലെന്ന് ശോഭന ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ തോളിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ മൂന്നും രാജ്സ്ഥാനില്‍ ഒരാളും അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലും മധ്യപ്രദേശിലും കെട്ടിടങ്ങള്‍ള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അക്രമത്തിന് പ്രേരിപ്പിക്കരുതെന്നും സമാധാനം പാലിക്കണമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സംഘടനകളോടും അഭ്യര്‍ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
#WATCH #BharatBandh over SC/ST protection act:Shots fired during protests in Madhya Pradesh’s Gwalior pic.twitter.com/p8mW36qL0s
— ANI (@ANI) April 2, 2018
മലയാളത്തിലെ യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയായ ദീപ്തിയാണ് വധു. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് നീരജ് മാധവ്. ഡാന്‍സര്‍ കൂടിയായ നീരവ് അടുത്തിടെ പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1983, അപ്പോത്തിക്കിരി, ഒരു വടക്കന്‍ സെല്‍ഫി, ദൃശ്യം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ കാണാം.
Photo credit: Magsman stories
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബഞ്ചിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തേ ഈ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണെന്ന് 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമേ യുഎപിഎ ചുമത്തുമ്പോള്‍ ഉണ്ടായിരുന്നുള്ളു.
ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.
ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.