ബ്രിട്ടീഷ് കോടതി മുറികളില്‍ ജഡ്ജുമാര്‍ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതായി ക്വീന്‍സ് കൗണ്‍സിലര്‍മാര്‍. ജഡ്ജുമാരുടെ ഭീഷണി ബാരിസ്റ്റേഴ്‌സിനെ അങ്ങേയറ്റം അപമാനിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്വീന്‍സ് കോണ്‍സലര്‍ പ്രൊഫസര്‍ ജോ ഡെലാഹോണ്ടി പറയുന്നു. തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ അപമാനിക്കുകയും, മോശം ഭാഷയില്‍ വിമര്‍ശിക്കുകയും, ശത്രുതയോടെ സമീപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില ജഡ്ജിമാര്‍ തങ്ങളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ജുഡീഷ്യല്‍ കോണ്‍ഡക്ട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്ന വാച്ച്‌ഡോഗിന് ജഡ്ജുമാരുടെ ഇത്തരം പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലും അഭിഭാഷകര്‍ക്ക് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇവര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ കേസില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനായി കോടതികള്‍ നടത്തുന്ന ഇടപെടലുകളെയല്ല താന്‍ വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജോലിസ്ഥലത്തുണ്ടാകുന്ന ഭീഷണിപ്പെടുത്തലുകളേക്കുറിച്ച് അകാസ് (അഡൈ്വസറി, കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ സര്‍വീസ്) വ്യാഖ്യാനിച്ചിരിക്കുന്നതിനു തുല്യമായ പെരുമാറ്റം ചില ജഡ്ജുമാരുടെ ഭാഗത്തു നിന്ന് അഭിഭാഷകര്‍ക്ക് നേരിടേണ്ടതായി വരുന്നുവെന്ന് ബാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയേക്കുറിച്ചാണ് പരാമര്‍ശിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. കോടതി മുറിയില്‍ ജഡ്ജുമാരുടെ ഭീഷണിക്കിരയാവുന്ന അഭിഭാഷകര്‍ക്ക് ഉണ്ടാകുന്ന അനുഭവം ലൈംഗീക പീഡനത്തിനിരയായ ഒരാളുടേതു പോലെയാണ്. ഊര്‍ജം നഷ്ടപ്പെട്ട് നിശബ്ദനായിട്ടായിരിക്കും അയാള്‍ പിന്നീട് കാണപ്പെടുകയെന്ന് ഫാമിലി ലോ ബാരിസ്റ്റര്‍ ലൂസി റീഡ് പറയുന്നു.
വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവുമാവാം ജഡ്ജുമാരുടെ ഇത്തരം സ്വഭാവങ്ങള്‍ക്ക് കാരണമെന്ന് കഴിഞ്ഞ വര്‍ഷം തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ ലൂസി റീഡ് പറയുന്നു. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് ജഡ്ജുമാര്‍ നിറവേറ്റുന്നത്. അവരും മനുഷ്യര്‍ തന്നെയാണ്. പക്ഷേ ഈ കാരണങ്ങള്‍ക്കൊന്നും ഇത്തരം പെരുമാറ്റങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും റീഡ് കുറിപ്പില്‍ പറയുന്നു. ഇത്തരം പെരുമാറ്റങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്താണ് പറയുന്നതെന്നോ അത് എങ്ങനെയാണ് തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ ബാധിക്കുന്നതെന്നോ മിക്ക ജഡ്ജുമാര്‍ക്കും അറിവില്ലെന്നും റീഡ് കൂട്ടിച്ചേര്‍ത്തു. ജഡ്ജുമാര്‍ അധിക ജോലിമൂലം തളര്‍ന്നിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ വരാനുള്ള സാധ്യതകളേറെയാണെന്നും ഹൈക്കോടതി ഫാമിലി ഡിവിഷന്‍ തലവന്‍ സര്‍ ജെയിംസ് മുന്‍ബൈ കഴിഞ്ഞ ആഴ്ച്ച് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ നിയമം ഇതിനു വേണ്ടി രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. കേന്ദ്ര വാര്‍ത്താവിനമയ മന്ത്രി സ്മൃതി ഇറാനിയാണ് പുതിയ നിയമം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ ആലോചിക്കുന്നതായി സ്മൃതി ഇറാനി പറഞ്ഞു. നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കുന്നില്ലെന്നാണ് സ്മൃതി ഇറാനിയുടെ അഭിപ്രായം.
കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ എന്തു തരം നിയമാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് സ്മൃതി ഇറാനി കൂടുതല്‍ തുറന്നു പറയാന്‍ തയ്യാറായില്ല.
ന്യൂഡല്‍ഹി: മൂന്ന് സേനാവിഭാഗങ്ങളെയും ഒരു കമാന്‍ഡിന് കീഴിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്ന് കമാന്‍ഡിനേയും ഒന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഈ ചട്ടങ്ങളാണ് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ പുതിയ കമാന്‍ഡ് നിലവില്‍ വരുന്നതോടെ ഈ നിയമത്തില്‍ മാറ്റം വരും.
മുന്ന് സേനാംഗങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സൈനിക നടപടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാവും പുതിയ ഭേദഗതി. ഇത്തരത്തില്‍ ഒരേ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കമാന്‍ഡുകളാണ് വരാന്‍ പോകുന്നത്. ഇവ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈനിക കമാന്‍ഡുകള്‍ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അയല്‍രാജ്യമായ ചൈനയ്ക്ക് അഞ്ച് ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളാണ് ഉള്ളത്.
2001 മുതല്‍ ആന്‍ഡമാനില്‍ ഇത്തരമൊരു സൈനിക സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ കമാന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. പുതിയ ഭേദഗതി ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക. ഇനി മുതല്‍ സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂര്‍ണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റര്‍ കമാന്‍ഡിന് കീഴിലാകും.
മക്കയിലെ ആരാധനാലയവും താജ്മഹലുമുള്‍പ്പെടെയുള്ള പള്ളികളെയും സ്മാരകങ്ങളെയും ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റി ഹിന്ദു മഹാസഭയുടെ കലന്‍ഡര്‍. ഹിന്ദു മഹാസഭയുടെ അലിഗഡ് യൂണിറ്റ് പുറത്തിറക്കിയ കലന്‍ഡറിലാണ് രാജ്യത്തെ പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.
മക്കയിലെ ആരാധനാലയത്തിന് മക്കേശ്വര്‍ മഹാദേവ മന്ദിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. താജ്മഹല്‍ തേജോമഹാലയ ശിവക്ഷേത്രവും മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദ് ഭോജ്ശാലയായും മാറിയിരിക്കുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയെ ‘വിശ്വനാഥ ക്ഷേത്രം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മെഹ്റൗളിയിലെ കുത്തബ് മിനാര്‍ കലണ്ടറില്‍ ‘വിഷ്ണു സ്തംഭ’വും ജൗന്‍പൂരിലെ അട്ടലാ പള്ളി ‘അത്ല ദേവി ക്ഷേത്ര’വുമാണ്. അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ‘രാമജന്മഭൂമി’ എന്ന പേരിലാണ് കലന്‍ഡറില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പണ്ട് ഭാരതത്തെ കൊള്ളയടിച്ച വിദേശശക്തികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ തട്ടിയെടുക്കുകയും അവയുടെ പേരുകള്‍ മാറ്റി പള്ളികളാക്കുകയുമായിരുന്നു. കലന്‍ഡറില്‍ പറയുന്ന യഥാര്‍ത്ഥ പേരുകളിലേക്ക് അവയെ തിരികെ കൊണ്ടുവരണമെന്നും ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു. ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡെറാഡൂണ്‍: അര്‍ബുദ ബാധയുണ്ടെന്ന് തെറ്റിധരിച്ച് യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. 2003ല്‍ ആഹൂജാസ് പത്തോളജി സെന്ററിലാണ് ചികിത്സാ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. സ്തനത്തിലുണ്ടായ വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിക്ക് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഇടത് സ്തനം ഉടന്‍ നീക്കം ചെയ്യണമെന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്തനം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയും നടന്നു. എന്നാല്‍ ഇതിനു ശേഷമാണ് യുവതിക്ക് അര്‍ബുദം ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാവുന്നത്. ഗുരുതരമായ ചികിത്സാ പിഴവിനെതിരെ യുവതിയും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയും കുടുംബവും അനുഭവിച്ച ശാരീരിക മാനസിക സംഘര്‍ഷങ്ങളും കണിക്കിലെടുത്താണ് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.
കൊച്ചി: താന്‍ എഴുതിയ കവിതകള്‍ പഠിപ്പിക്കരുതെന്നും അവ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്നതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അക്കാഡമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും തന്റ് കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു.
അബദ്ധപഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കുപോലും ഡോക്ടറേറ്റ് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവയാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചുള്ളിക്കാട് വ്യക്തമാക്കി.
ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ദിയ സന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ചിരിക്കുകയാണ് ദിയ.
ദിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മാറുതുറക്കല്‍സമരം….
പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ – ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്‌സ് ” പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .
പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ !
തൊടുപുഴ: വിശപ്പു കാരണം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാള്‍ക്ക് 500 രൂപ നല്‍കി പോലീസ്. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരുടെ മാതൃകപരമായ പ്രവര്‍ത്തനം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനായ 57കാരനാണ് തൊടുപുഴ പോലീസ് പണം നല്‍കിയത്. ഇന്നലെ പുലര്‍ച്ചെയോടെ അമ്പലത്തില്‍ തൊഴാനെത്തിയ ഭക്തനാണ് ഇയാള്‍ കാണിക്കവഞ്ചിയില്‍ നിന്ന് പണമെടുക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയുമായിരുന്നു.
സ്റ്റേഷനിലെത്തി ദേഹ പരിശോധ നടത്തിയപ്പോള്‍ വെറും ഇരുപത് രൂപ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എടുത്തതെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി. മോഷ്ടിക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ വിശന്നിട്ടായിരുന്നുവെന്ന് ഇയാള്‍ മറുപടിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് പിരിവെടുത്ത് ഇയാള്‍ക്ക് 500 രൂപ നല്‍കുകയായിരുന്നു.
കോട്ടയം മോനിപ്പള്ളി സ്വദേശിയായ അന്‍പത്തേഴുകാരന്‍ രണ്ടാഴ്ച മുന്‍പാണ് സെക്യൂരിറ്റി ജോലിക്കായി തൊടുപുഴയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ യാതൊരു പരാതിയും നിലനില്‍ക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് പോലീസിനെ അഭിനന്ദിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു.
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ട് ഇത്തവണ പുടിന്‍ നേടി. പോളിംഗ് ശതമാനവും വോട്ടു വിഹിതവും ഉയര്‍ത്താന്‍ മാത്രമാണ് പുടിന്‍ ശ്രമിച്ചത്. പുടിന്റെ വിജയം ഉറപ്പായിരുന്ന തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
പേരിനൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു റഷ്യയില്‍ നടന്നത്. സര്‍വേഫലങ്ങള്‍ ഏഴുപത് ശതമാനം വോട്ടുകള്‍ പ്രവചിച്ചപ്പോള്‍ അതിനും മുകളിലായി പുടിന്‍ 75 ശതമാനം വോട്ടുകള്‍ പുടിന്‍ നേടി. തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു മോസ്‌കോയില്‍ നടന്ന റാലിയില്‍ പുടിന്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല.
50 ശതമാനം പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിനടക്കം ഏട്ടു സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവല്‍നിക്ക് കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നവല്‍നി ആഹ്വാനം ചെയ്തിരുന്നു.
ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി നിര്‍മിച്ച 25 ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യൺ ഡവലപ്‌മെന്റ് അതോറിറ്റിക്ക് (എംഎംആര്‍ഡിഎ) കൈമാറി. ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ചിരിക്കുന്ന വാഹനത്തില്‍ ഡീസലും ഉപയോഗിക്കാനാകും.
പ്രീമിയം സൗകര്യങ്ങളില്‍ ഗ്ലോബര്‍ സ്റ്റാന്റേഡിനനുസരിച്ചുള്ളതാണ് ടാറ്റ സ്റ്റാര്‍ബസ് ശ്രേണിയില്‍പ്പെട്ട ഈ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍. കമ്പനിയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണമാണ് ബിഎസ് 4 ശ്രേണിയിലെ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.
ബസില്‍ 32 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. നഗരങ്ങളിലെ ഗതാഗതം സുഗമമാക്കാന്‍ മലിനീകരണത്തോത് കുറഞ്ഞ ഇലക്ട്രിക് ബസുകള്‍ കൂടുതലായി പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രയാണത്തില്‍ സര്‍ക്കാരും മറ്റ് റെഗുലേറ്ററി അതോറിറ്റികളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വാഗ് കൂട്ടിച്ചേര്‍ത്തു.