മുംബൈ ഇന്ത്യന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് മിന്നും ജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നില്‍ക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 39 പന്തില്‍ 52 റണ്‍സ് എടുത്താണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയ ഉണര്‍വ് നല്‍കി കളിയുടെ ഗതി ഒരു ഘട്ടംകൊണ്ട് മാറ്റിമറിച്ചത്.
മത്സരത്തോടെ സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാന്‍ സഞ്ജുവിനായി. ജോഫ്രോ ആര്‍ച്ചറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഗൗതമിന്റെ വെടിക്കെട്ടും(11 പന്തില്‍ 33) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി. മുംബൈയുടെ സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ പിഴച്ചു. സ്‌കോര്‍ 33 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍മാരായ ത്രിപാദിയേയും രഹാനെയും നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സഞ്ജു-സ്‌റ്റോക്‌സ് സഖ്യം രാജസ്ഥാന് വിജയത്തിലേക്കുള്ള തിരിച്ചുവരവ് സമ്മാനിക്കുകയായിരുന്നു. പതിനാലാം ഓവറിലെ ആദ്യ പന്തില്‍ 27 പന്തില്‍ 40 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ കരുതലോടെ കളിച്ച സഞ്ജു ഇതിനിടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയതോടെ ഒരിക്കല്‍ കൂടി മലയാളി താരം രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ സഞ്ജുവിനെയും(39 പന്തില്‍ 52), ആറ് റണ്‍സെടുത്ത ബട്ട്ലറെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബൂംമ്ര രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. മുസ്താഫിസര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി ക്ലാസനും പുറത്തായി. ഇതോടെ രാജസ്ഥാന്‍ ആറ് വിക്കറ്റിന് 125. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ബൂംമ്ര എറിഞ്ഞ 19-ാം ഓവറില്‍ ഗൗതവും ആര്‍ച്ചറും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 17 റണ്‍സ്. അവസാന ഓവറില്‍ രാജസ്ഥാന് മുന്നില്‍ 10 റണ്‍സ് വിജയലക്ഷ്യം. ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഓവറില്‍ ആദ്യ പന്തില്‍ ആര്‍ച്ചര്‍ പുറത്തായെങ്കിലും സിക്സും ബൗണ്ടറിയുടമായി ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. ആദ്യ പന്തില്‍ തന്നെ എല്‍വിന്‍ ലൂയിസിനെ(0) നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈയ്ക്കായി വന്‍ സ്‌കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില്‍ 129 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 14 ഓവറില്‍ അടിച്ചെടുത്തത്. 47 പന്തില്‍ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 42 പന്തില്‍ 58 റണ്‍സെടുത്തു. 20 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന പൊള്ളാര്‍ഡാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. രാജസ്ഥാനായി അരങ്ങേറിയ ജെഫ്രേ ആര്‍ച്ചര്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവറിലായിരുന്നു ആര്‍ച്ചറുടെ മൂന്ന് വിക്കറ്റുകളും. രാജസ്ഥാനായി ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റെടുത്തു.
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്ചിരുന്നു. ചെമ്മീന്‍ അലര്‍ജിയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ചിലര്‍ക്ക് ചില ഭക്ഷണപദാര്‍ഥങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ടെന്ന് അനാമികയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടംചെയ്ത എറണാകുളം ജനറലാശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. ബിജുജനെസ് പറഞ്ഞു. ചുരുക്കം ആളുകള്‍ക്കാണ് ഇത് സംഭവിക്കാറുള്ളത്.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സകൂളിന് പിറകില്‍ഭൂമികയില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. സദാശിവന്റെ കൈയൊപ്പ എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അപകടം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചു.
ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ഹോട്ടലിലായിരുന്നു താമസം.
മെൽബൺ : മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് കടകളിലും ഹോട്ടലുകളിലും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ദുരുപയോഗം ചെയ്തതിന് പ്രവാസി കേരളാ കോൺഗ്രസ് നേതാവും ഓസ്ട്രേലിയ ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റുമായ റെജി മാത്യു പാറയ്ക്കനെ നാലായിരം ഡോളര്‍ പിഴ അടക്കാനും ഒരു വർഷത്തെ നല്ല നടപ്പിനും റിംഗ് വുഡ് കോടതി ശിക്ഷിച്ചു. ഒരു ഓസ്ട്രേലിയാക്കാരൻ കടയില്‍ മറന്നു വച്ച ക്രെഡിറ്റ് കാർഡ് പേപാസ്സ് എന്ന ആനുകൂല്യം പറ്റി നൂറുഡോളറിന് താഴെ പല കടകളിലും ഹംഗറിജാക്സ്, മാക്കേഴ്സ്, മറ്റ് ഹോട്ടലുകൾ എന്നിവിടങ്ങളിലും ഉപയോഗിച്ചതിനാണ് കോടതി ശിക്ഷിച്ചത്..
പരാതിക്കാരൻ റോവിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെജി പാറയ്ക്കന്‍ കുടുങ്ങിയത്. ക്രെഡിറ്റ് കാർഡ് പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കൃത്യമായ തെളിവ് സഹിതമാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് റോവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയും റിംഗ് വുഡ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്.

കോടതി പ്രതിയ്ക്കെതിരെ മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്. വിധി പകർപ്പിൽ ബെർവിക്കിലും ഡാൻഡിനോംഗിലും പല സ്ഥലങ്ങളിൽ ഈ മോഷ്ടിച്ച കാർഡുപയോഗിച്ചതായി പറയുന്നുണ്ട്. ധാരാളം മലയാളികളുള്ള ഓസ്ട്രേലിയായിൽ മലയാളികൾക്കാകെ അപമാനം വരുത്തിവച്ച ഈ നടപടി മലയാളികൾക്ക് നാണക്കേടായി മാറി.
ഇന്ത്യയില്‍ കാണാതായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്‍ തിരിച്ചു പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് കോടി പ്രതിഫലം. കാണാതായ 438.318 ബിറ്റ്‌കോയിനുകള്‍ കണ്ടെത്തുന്നതിനായാണ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്ന കോയിന്‍ സെക്യുര്‍ വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചത്. ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കപ്പെട്ടതായാണ് വിലയിരുത്തല്‍.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈമാറ്റ കേന്ദത്തില്‍ നിന്നും ഏപ്രില്‍ 8 നാണ് 20 കോടിക്കു മുകളില്‍ വിലമതിക്കുന്ന 438 ബിറ്റ് കോയിനുകള്‍ നഷ്ടമായത്. ഏക്‌സ്‌ചേഞ്ചിന്റെ വാലറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
നഷ്ടപ്പെട്ട തുക തിരികെ കണ്ടെത്തുന്നതിന് ഇതിന്റെ 10 ശതമാനം പ്രതിഫലമായി നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് കോയിന്‍ സെക്യുര്‍ പ്രസ്ഥാവന ഇറക്കിയത്.
ഹാക്ക് ചെയ്യപ്പെട്ടു എന്നു വ്യക്തമാക്കി ഏകദേശം 11000 ത്തോളം ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സി രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ മോഷണമായി കണക്കാക്കപ്പെട്ട സംഭവത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ ബിറ്റ് കോയിന്റെ ഇന്ത്യയിലെ എക്സേഞ്ചായ കോയിന്‍ സെക്യുര്‍ മേധാവി മോഹിത് കല്‍റ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹി ആസ്ഥാനത്തു നിന്നും ബിറ്റ്‌കോയിന്‍ മോഷണം പോയെന്ന് വ്യക്തമാക്കി കഴിഞ്ഞ 10ന് കമ്പനി ഡല്‍ഹി സൈബര്‍ ക്രൈം ഡിപാര്‍ട്ട്‌മെന്‍റിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പോലിസ് അന്വേഷിച്ചു വരികയാണ്.
ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ.
ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും.
14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നത്.
വർഗീയ പരാമർശം ട്വിറ്ററിൽ വിവാദം സൃഷ്ടിച്ചതോടെ പ്രതികരണവുമായി ഒല രംഗത്തെത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെപോലെ, തങ്ങളുടെ സർവീസും മതേതരമാണെന്നും ഉപഭോക്താക്കളെ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഒല വ്യക്തമാക്കി.
തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എതിരഭിപ്രായങ്ങളുമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വൈസ് ചെയർമാൻ അൻവർ സാദത്ത് രംഗത്തെത്തിയത്.
കേവലം ഒരു ‘വേദി’ ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്– അൻവർ സാദത്ത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ രൂപം:
‘വാട്സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തിൽ പറയുന്നത്’ എന്ന തരത്തിലുള്ള വാർത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റിൽ വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ ‘intermediaries’ (മധ്യവർത്തികൾ / ഇടനിലക്കാർ) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്സ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.
ഐടി ആക്ടിന്റെ 79–ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവർത്തികൾക്ക് ഇല്ല. അതായത് അഡ്മിന്‍മാർക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല
∙ ആ വിവരം തയ്യാറാക്കുന്നത് (source) അവരല്ലെങ്കിൽ
∙ അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ
∙ അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ
അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.
ഇത്തരം വിവരങ്ങൾ ‘like’ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ അവ ‘Foreward / Share’ ചെയ്യുമ്പോൾ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.
പിൻകുറിപ്പ് :
79–ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബർ 17ന് ആണ് ഇന്ത്യയിൽ ‘ഐടി ആക്ട് 2000’ എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ഡൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85, 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു.
നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79–ാം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്നു ‘തെളിയിക്കേണ്ട ബാധ്യതയും’ അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.
ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം (Exemption from liability of intermediariy in certain cases) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.
തിരുവനന്തപുരം∙ കോവളത്തു കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും ഇലീസ് പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.
വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.
അതേസമയം ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ഇദ്ദേഹം ഇലീസിനെ സന്ദർശിക്കുകയും ചെയ്തു.
നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.
ജയ്പൂർ∙ രാജസ്ഥാനിൽ വിദേശ കമ്പനിയുടെ മരുന്നു പരീക്ഷണത്തെ തുടർന്ന് ആരോഗ്യ നില വഷളായ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരു ഗ്രാമത്തിലാണു മനുഷ്യരില്‍ നിയമവിരുദ്ധമായി മരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് കമ്പനി ഓരോരുത്തർക്കും 500 രൂപ ‘കൂലി’ നല്‍കിയതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
മാർച്ച് 19നാണു മനുഷ്യരുടെ ദേഹത്തു മരുന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കലി കദം ശരഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം പുതിയ മരുന്നിന്റെ പരീക്ഷണം ആദ്യം മൃഗങ്ങളിലാണു നടത്തേണ്ടത്. ഇതിനു പുറമെ മനുഷ്യരില്‍ മരുന്നുകൾ ഉപയോഗിക്കുമ്പോള്‍ ഒൻപതു പേരടങ്ങിയ ക്ലിനിക്കൽ എത്തിക്കൽ കമ്മിറ്റിയുടെ അനുമതിയും വേണം. മാത്രമല്ല എന്തു രോഗത്തിനുള്ള മരുന്നാണോ, ആ രോഗം ഉള്ള ആളില്‍ മാത്രമേ ഉപയോഗിക്കാനും പാടുള്ളു. ഇതിനു പുറമെ മരുന്നിനെ ക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കമ്പനി രോഗിക്കു കൈമാറുകയും വേണമെന്നാണു ചട്ടം.
മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലായി. നിലമ്പൂര്‍ മുതീരി കൂളിക്കുന്ന് കോളനിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മേനയില്‍ കവിത (37) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10.30 ഓടെ ഒച്ചത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് കിടന്ന കവിതയെയാണ്.
സീരിയല്‍ താരമായ ഇവര്‍ അടുത്തിടെയാണ് ഇവിടെ താമസത്തിന് എത്തിയതെന്നാണ് സൂചന. മലയളത്തിലെ ചില ഹിറ്റ് സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷ് ബംഗളൂരുവിലാണ്. ഏഴുവയസുള്ള അഗ്‌ന മകളാണ്. ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. നിലമ്പൂര്‍ എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ട് പോയി. വിജയന്‍, മാതാവ് : കാര്‍ത്ത്യായനി, സഹോദരി- സഹോദരങ്ങള്‍ : സ്മിത, ദേവദാസ്, ധന്യ.
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ കുടുംബത്തിനയച്ച കത്ത് ചര്‍ച്ചയാകുന്നു. ഗൊരഘ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ചതിന് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരിക്കുന്നത്.
ലിക്വിഡ് ഓക്‌സിജണ്‍ സപ്ലൈ നിറുത്തലാക്കിയ 2017 ഓഗസ്റ്റ് 10 രാത്രിയില്‍ കുട്ടികളെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യന് സാദ്ധ്യമായതെല്ലാം താന്‍ ചെയ്തിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ തന്റെ കത്തില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനേയും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളേയും അറിയിച്ചിരുന്നു എന്നും ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി വിളിച്ചിരുന്നു എന്ന് കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

ആംഡ് ബോര്‍ഡര്‍ ഫോഴ്‌സും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ കഫീല്‍ ഖാനെ സഹായിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച ദുരന്തം തന്നെയും തന്റെ കൂടെയുണ്ടായിരുന്നവരേയും വിഷമിപ്പിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ആഗസ്റ്റ് 13ന് രാവിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നില്ല.
എന്നാല്‍ 2017 ആഗസ്റ്റ് 13ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കി. ‘അദ്ദേഹം ചോദിച്ചു- അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ഞാന്‍ പറഞ്ഞു- അതേ സര്‍. അദ്ദേഹം ദേഷ്യപ്പെട്ടു- അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’
ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണ് എന്നതുകൊണ്ടാകാം മുഖ്യമന്ത്രി ദേഷ്യപ്പെട്ടതെന്ന് കഫീല്‍ ഖാന്‍ കരുതുന്നു. എന്നാല്‍, താന്‍ മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു’. ഇതേതുടര്‍ന്ന്, പൊലീസ് തന്നേയും തന്റെ കുടുംബത്തേയും പീഢിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കഫീല്‍ ഖാന്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതി ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിട്ടില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ ഓര്‍ക്കുന്നു. പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു താനെങ്ങനെ ഉത്തരവാദിയാവും, അദ്ദേഹം ചോദിക്കുന്നു. ‘മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും’, അദ്ദേഹം പ്രതികരിച്ചു.
പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍ എന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയതും കത്തില്‍ എടുത്തു പറയുന്നുണ്ട്.
കഫീല്‍ ഖാന്‍ എഴുതിയ കത്ത് ഡോ. നെല്‍സന്‍ ജോസഫ് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് താഴെ
ജീവൻ രക്ഷിച്ച് ഹീറോ ആകാൻ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേർന്ന് ജയിലിലടച്ച ഡോ.കഫീൽ ഖാൻ്റെ കത്തിൻ്റെ ഏകദേശ മലയാള പരിഭാഷ. (പരമാവധി പേരിലേക്കെത്തിക്കാൻ വേണ്ടിത്തന്നെയാണെഴുതുന്നത്. എട്ട് മാസമായി നീതി നിഷേധിക്കപ്പെട്ട ഒരാളുടെ ഒപ്പം നിൽക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല)
—————————————————————————————-
” ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ? ”
ഇരുമ്പഴികൾക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോൾ എൻ്റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ” ഞാൻ ശരിക്കും കുറ്റവാളിയാണോ? “. എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ നിന്ന് അതിൻ്റെ ഉത്തരം ഉയർന്നുവരും. – ഒരു വലിയ ” അല്ല ”
2017 ഓഗസ്റ്റ് 10ൻ്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു
ലിക്വിഡ് ഓക്സിജൻ്റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാൻ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു….മനുഷ്യസാദ്ധ്യമായതെല്ലാം ഞാൻ ചെയ്തു.
ഞാൻ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനെയും എൻ്റെ സഹപ്രവർത്തകരെയും BRD പ്രിൻസിപ്പലിനെയും BRD ആക്റ്റിങ്ങ് പ്രിൻസിപ്പലിനെയും ജില്ലാ മജിസ്ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത് ഗോരഖ്പൂരിനെയും CMS/SIC ഗോരഖ്പൂരിനെയും CMS/SIC BRDയെയും വിളിച്ച് പൊടുന്നനെ ഓക്സിജൻ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു. (എൻ്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)
ഞാൻ ഗ്യാസ് സപ്ലയേഴ്സിനെ – മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, BRD മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ – വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.
ഞാൻ അവർക്ക് പണം നൽകി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)
ഞാൻ ഒരു ക്യൂബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്സിജൻ സപ്ലൈ പോയിൻ്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.
ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്സിലേക്ക് ചെന്നു. അതിൻ്റെ DIG യെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് BRDയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.
അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർദ്ധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.
ജയ് ഹിന്ദ്
ഞാൻ എൻ്റെ ജൂണിയർ / സീനിയർ ഡോക്ടർമാരോട് സംസാരിച്ചു. എൻ്റെ സ്റ്റാഫിനോട് ഞാൻ സംസാരിച്ചു. ” ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. ”
ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്സിജൻ തീർന്നിരിക്കുകയാണെന്നും ഓക്സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.
ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു..ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് – അതുണ്ടാക്കിയ ദുരന്തം കണ്ട്.
13-08-2017 രാവിലെ 1:30 നു ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ ഞങ്ങൾ നിർത്തിയില്ല.
പക്ഷേ എൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം – 13-08-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു – ” അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? ”
ഞാൻ പറഞ്ഞു . ” അതേ സർ ”
അദ്ദേഹം ദേഷ്യപ്പെട്ടു. ” അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..”
യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാദ്ധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.
പൊലീസ് എൻ്റെ വീട്ടിലേക്ക് വന്നു – വേട്ടയാടി, ഭീഷണിപ്പെടുതി, എൻ്റെ കുടുംബത്തെ അവർ പീഢിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എൻ്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല
എൻ്റെ കുടുംബത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.
പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി – ആഗസ്റ്റ് 2017 തൊട്ട് ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ…അപ്പൊഴാണ് ഞങ്ങൾക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മർദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)
ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർദ്ധനഗ്നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എൻ്റെ കുടുംബത്തെ കാത്തിരിക്കുന്നു.
എനിക്ക് മാത്രമല്ല. എൻ്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു. – പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരിൽ നിന്ന് അലഹബാദിലേക്ക് – നീതി ലഭിക്കാൻ…പക്ഷേ എല്ലാം പാഴായി..
എൻ്റെ കുഞ്ഞിൻ്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ മാതാപിതാക്കളെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എൻ്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.
വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. – ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല…അല്ല
2017 ഓഗസ്റ്റ് 10 നു ഞാൻ ലീവിലായിരുന്നു (എൻ്റെ HoD അനുവദിച്ചിരുന്നത്). എന്നിട്ടും ഞാൻ എൻ്റെ കർത്തവ്യത്തിനായി ഓടിയെത്തി – അതാണോ തെറ്റ്?
അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റും BRDയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിൻ്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂണിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ NRHM ൻ്റെ നോഡൽ ഓഫീസറും പീഡിയാട്രിക്സ് ലക്ചററുമാണ്. എൻ്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല
പുഷ്പ സെയിൽസ് ഓക്സിജൻ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണ്, ഓക്സിജൻ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.
കുറ്റവാളികൾ പുഷ്പ സെയിൽസിൻ്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈൻഡറുകൾക്ക് മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ DM ഉം മെഡിക്കൽ എജ്യുക്കേഷൻ ഡിറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.
ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്നത്തിൻ്റെ ആഴം മനസിലായില്ല. അവർ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിൻ്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ
പുഷ്പ സെയിൽസിൻ്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോൾ ഞങ്ങളും നീതി ലഭിക്കുമെന്നും എൻ്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു
പക്ഷേ ഇല്ല – ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എൻ്റെ കേസ് നീതിനിഷേധത്തിൻ്റെ ഉത്തമോദ്ദാഹരണമാണ്.
ഞാൻ സ്വതന്ത്രനായി എൻ്റെ കുടുംബത്തിൻ്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാവും.
ഒരു നിസഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്
ഡോ.കഫീൽ ഖാൻ
18-04-2018